TopTop
Begin typing your search above and press return to search.

പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണലിസമൊക്കെ നടക്കട്ടെ, ഒരു കാര്യം പറയാം, ഒരു കൊച്ചുകുഞ്ഞുണ്ട് അപ്പുറത്ത്-ഒരു ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണലിസമൊക്കെ നടക്കട്ടെ, ഒരു കാര്യം പറയാം, ഒരു കൊച്ചുകുഞ്ഞുണ്ട് അപ്പുറത്ത്-ഒരു ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

' ഡോക്ടര്‍, അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അപ്പോ ആ കുട്ടിയേ ആരെങ്കിലും അടിച്ച് കൊന്നിട്ട് അവിടെ കൊണ്ടിട്ടതായിക്കൂടെ? '

കഴിഞ്ഞ ദിവസം കുറത്തികാടിനടുത്ത് ഒരു സ്‌കൂളില്‍ കുട്ടികള്‍ കളിച്ച് കൊണ്ടിരുന്നപ്പോ അപകടം പറ്റി മരിച്ച് പോയ ഒരു കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നതിന് മുന്‍പും, കഴിഞ്ഞതിന് ശേഷവും, എന്നോട് ഒരുപാട് പേര് ഫോണിലും അല്ലാതെയും സംസാരിച്ചിരുന്നു. സംശയങ്ങള്‍ ചോദിച്ചിരുന്നു.

അതില്‍ എന്നെ ഏറ്റവും ഭയപ്പെടുത്തിയ ചോദ്യം ചോദിച്ചത് ഒരു പത്രപ്രവര്‍ത്തകയായിരുന്നു. ആ ചോദ്യമാണ് മേലെ പറഞ്ഞിരിക്കുന്നത്.

ആധുനികാലത്തെ ജേണലിസത്തിന്റെ കോള്‍ഡ് പ്രോഫഷണലിസമാണോ, അതോ വാര്‍ത്ത അന്വേഷണത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന രക്തദാഹത്തിന്റെ പച്ചയ്ക്കുള്ള ക്രൂരതയോ... എനിക്ക് നിശ്ചയമില്ല.

ഞാനെന്തായാലും ഒരു നിമിഷത്തേക്ക് പേടിച്ച് ഫ്രോസണായി പോയി. ഭയത്തിന്റെ തണുപ്പിലും അന്നേരം എന്റെ ഹൃദയം ആഞ്ഞാഞ്ഞ് മിടിച്ചു. മറുപടിയായി തമാശ പോലെ എന്തോ പറഞ്ഞോപ്പിച്ചിട്ട് സ്‌കൂട്ടായി.

ഏതാണ്ട് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തില്‍ ഞാനേറ്റവും ഭയപ്പെട്ട് പോയ, കരയാന്‍ പോലും പറ്റാത്തയത്രയും ഭയന്ന് വിറച്ച്, കുറ്റബോധവും പേടിയും, കൊടും വള്‍ണറബിലിറ്റി കൊണ്ടും വിളറി വിറങ്ങലിച്ച് പോയ ഒരു സന്ധ്യയിലേക്കും രാത്രിയിലേക്കും ആ സ്ത്രീയുടെ ചോദ്യം എന്നേ കൊണ്ട് പോയി.

അവിടുന്ന് പിന്നെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ജീജനിലേക്കും .

ജീജന്‍ ജേക്കബിലേക്കും, സര്‍വോദയ സ്‌കൂളിലെ എന്റെ ബോര്‍ഡിങ്ങ് ജീവിതത്തിലേക്കും.

തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ സര്‍വോദയ സ്‌കൂളിലെ ബോര്‍ഡിങ്ങില്‍ വച്ചാണ് 1982ല്‍ ആദ്യമായി ടിവി എന്ന സാധനം കാണുന്നത്. Keltronന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി. ആ വര്‍ഷം ഡിസംബറില്‍ നടത്തിയ ഏഷ്യാഡിന്റെ ഹോക്കി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് അതി ദയനീയമായി 7-1ന് തോല്‍ക്കുന്നത് ലൈവായിട്ട് കണ്ടതിന്റെ നിരാശ. എന്നിട്ട് അടുത്ത വര്‍ഷം '83 ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍്ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പ്രുഡന്‍ഷ്യല്‍ കപ്പ് എടുക്കുന്നതും, 1984ലെ ഒളിമ്പിക്‌സില്‍ കാള്‍ ലൂയിസ് നാല് സ്വര്‍ണ്ണമെഡല്‍ നേടുന്നതും,' 85ല്‍ ഇന്ത്യ ഓസ്‌ട്രേലിയില്‍ വച്ച് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റ് കപ്പ് ജയിക്കുന്നതും ബോറിസ് ബെക്കര്‍ ആദ്യ വിംബിള്‍ഡണ്‍ ജയിക്കുന്നതും, '86ല്‍ മറഡോണ വേള്‍ഡ് കപ്പ് പൊക്കുന്നതും കണ്ടത് ആ കെല്‍ട്രോണ്‍ ടിവിയിലായിരുന്നു.

അന്ന് ഞങ്ങള്‍ ബോര്‍ഡിങ്ങില്‍ താമസിക്കു്ന്നവര്‍ക്കിടയിലെ ഒരു ടൈംപാസ് ഐറ്റമായിരുന്നു ബുക്ക് ക്രിക്കറ്റും പിന്നെ ഈ ലൈവായി കണ്ടാസ്വദിച്ച സ്‌പോര്‍്ട്‌സ് സീനുകളൊക്കെ അനുകരിച്ചുള്ള പ്ലേയാക്ടിങ്ങുകളും.

83 ലോകകപ്പിലെ ഫൈനലില്‍ റിച്ചാഡ്‌സിനെ ഔട്ടാക്കാന്‍ കപിലിന്റെ ക്യാച്ചും, പിന്നെ ഗ്രീനിഡ്ജിനെ ക്ലീന്‍ ബൗള്‍ഡാക്കിയ സാന്ധുവിന്റെ ഇന്‍സ്വിങ്ങറുമൊക്കെ അങ്ങനെ എത്ര തവണ റീഇനാക്ട് ചെയ്യപ്പെട്ടിരുന്നു. അഭിനയ ആക്ഷന്‍ റീപ്ലേകള്‍.

ക്രിക്കറ്റ് ഹരം കയറുന്നതും 83 ക്ക് ശേഷമായിരുന്നു. ക്രിക്കറ്റ് കിറ്റിനൊക്കെ വളരെ ദാരിദ്രമാണ്. ബാറ്റുമതെ ബോളുമതെ. അന്നതിനുള്ള പരിഹാരമായിരുന്നു ഡോര്‍മിറ്ററിയിലെ കട്ടിലുകളുടെ അറ്റങ്ങളില്‍ കൊതുകുവല ഫിറ്റ് ചെയ്യാന്‍

പിടിപ്പിച്ചിരുന്ന T ആകൃതിയിലുള്ള തടി പട്ടിക ഒടിച്ചെടുത്ത് ഉപയോഗിച്ചായിരുന്ന ബാറ്റ്. പേപ്പര്‍ അമക്കി ചുരുട്ടിക്കൂട്ടി ചുരുട്ടിക്കൂട്ടി ഉണ്ടപോലാക്കിയിട്ട് അതിന്മേല്‍ സെലോടേപ്പ് ഒട്ടിച്ചുള്ളതായിരുന്നു പന്ത്.

വരാന്തകളിലും ഇടുങ്ങിയ ക്ലാസ്മുറികളിലും പിന്നെ ബോര്‍ഡിങ്ങിന്റെ terraceലുമായിരുന്നു ഈ കുട്ടി ക്രിക്കറ്റ്. ശരിക്കുള്ള ക്രിക്കറ്റ് ബോളും ബാറ്റും വച്ചൊക്കെയുള്ള കളിയൊക്കെ കുറേക്കൂടി വളര്‍ന്നവര്‍ക്കായിരുന്നു. ആറിലും ഏഴിലുമൊക്കെ അധികവും ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യലായിരുന്നു.

ഒറിജിനലിന്റെ അത്രതന്നെ ത്രില്ല് തരുന്ന സിമുലേഷന്‍.

'82ലെ ഡല്‍ഹി ഏഷ്യാഡിനായിരുന്നോ അതോ' 84ലെ ലോസാഞ്ജലസ് ഒളിമ്പിക്‌സിലായിരുന്നുവോന്ന് ഇപ്പോ വ്യക്തമായിട്ടും ഓര്‍മ്മയില്ല, ആള്‍ക്കാര് കറങ്ങി തിരിഞ്ഞ് ഡിസ്‌കസ് ത്രോ നടത്തുന്നത് ടിവിയില്‍ ആദ്യമായിട്ട് ഞാന്‍ കാണുന്നത്. അത് പക്ഷെ എന്റെ ജീവിതത്തില്‍ അത്യാഗാധമായ ഇഫക്ടുണ്ടാക്കിയ ഒരു കാര്യമായിരുന്നു.

കറങ്ങി തിരിഞ്ഞുള്ള ഡിസ്‌കസ് ത്രോ.

ആറിലോ ഏഴിലോ പഠിക്കുന്ന കാലത്താണ് സര്‍വോദയ സ്‌കൂളിന് ആകെയുള്ള രണ്ട് സ്‌കൂള്‍ ബസ്സുകളും, ഞങ്ങളുടെ സ്‌കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ തിയോഫിലസ് ട്രെയിനിങ്ങ് കോളേജിന്റെയുമൊക്കെ ബസ്സും ഇട്ടിരുന്ന ഷെഡ് പൊളിച്ച് വേറേ പണിയുകയോ മറ്റോ ചെയ്യുന്നത്.

ഞങ്ങളുടെ കുളിമുറികളൊക്കെ അതിനോട് തൊട്ട് ചേര്‍ന്നിട്ടാണുണ്ടായിരുന്നത്. കുളിയ്‌ക്കൊക്കെ waiting list ഉള്ളതാണ്. ബാത്ത്‌റൂമിന്റെ ഡോറില്‍ കൊട്ടുമ്പോ അകത്തിരിക്കുന്നയാള് പറയും ആരാ അകത്തെന്ന്. അപ്പോ നമ്മള് പറയണം, 'ഇത് കിണ്ണനാ... ആഫ്റ്റര്‍ യൂ ' എന്ന്. അപ്പോ ഇതിന് മുന്‍പ് ആരെങ്കിലും ആഫ്റ്റര്‍ യൂ പറഞ്ഞിട്ടുണ്ടെങ്കില്‍ അകത്തുള്ളയാള് ആ പേര് പറയും. അന്നേരം നമ്മള്‍ ആ ആളേ പോയി കണ്ടിട്ട് അയാളോട് ആഫ്റ്റര്‍ യു എന്ന് പറഞ്ഞ് നമ്മുടെ ചാന്‍്‌സ് ബുക്ക് ചെയ്യണം. വല്യ ക്യൂ ആണെങ്കി നമ്മള് അടുത്ത ബാത്ത്‌റൂമില്‍ കൊട്ടും. അല്ലെങ്കില്‍ പിന്നെ നമ്മുടെ ഫേവറിറ്റ് ബാത്ത്‌റൂമായിരിക്കണം. കുളിക്കാനുള്ള ഈ വെയിറ്റിങ് സമയത്താണ് കുറെ അധികം സ്‌പോട്‌സ് രംഗങ്ങളുടെയൊക്കെ പ്ലേയാക്ടിങ്ങ്.

തലേന്ന് ടിവിയില്‍ കണ്ട Olympics highlightസില്‍ ഡിസ്‌കസ് ത്രോ ഉണ്ടായിരുന്നു.

ഇങ്ങനെ പൊളിച്ചിട്ടിരുന്ന കോണ്ക്രീറ്റ് വേസ്റ്റിന്റെ പരന്ന കഷ്ണങ്ങള്‍ എടുത്ത് ഞങ്ങളോരോരുത്തര് ഡിസ്‌കസ് ത്രോ നടത്തുകയായിരുന്നു. പ്രതലം പരന്നതും എന്നാല്‍ നിരപ്പല്ലാത്തതുമായ വശങ്ങളുള്ള ചീളുകളില്‍ ചിലതിലൊക്കെ തള്ളി നിന്നിരുന്ന കമ്പികഷ്ണങ്ങളും കാണുമായിരുന്നു.

'ഡിസ്‌കസ്സ്' ഏറ്റവും ദൂരത്ത് എത്തിക്കുന്നതിന് bet ഒക്കെയുണ്ട്. വൈകുന്നേരം ചായയുടെ കൂടെ കിട്ടുന്ന ഏത്തയ്ക്കയപ്പം, രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പമുള്ള പുഴുങ്ങിയ മുട്ട ഇതൊക്കെയാണ് സാധാരണ ബെറ്റിങ്ങ് ഐറ്റംസ്.

മത്സരം മുറുകുന്നു. മിക്കവരും നേരേ നിന്ന് എറിഞ്ഞപ്പോ ഞാനിത്തിരീങ്കൂടി പ്രോഫഷനലായി. എല്ലാരേം പോലെ നേരേ നിന്ന് എറിയുന്നത് പകരം ഞാന്‍ ഒറിജിനല്‍ അത്‌ലെറ്റ്‌സുകള്‍ ചെയ്യുന്ന മാതിരി നിന്ന നില്‍പ്പില്‍ നിന്നും രണ്ട് കറക്കമൊക്കെ കറങ്ങി എറിയാന്‍ തുടങ്ങി. എല്ലാവര്‍ക്കും അതങ്ങ് ബോധിച്ചു. എനിക്കും.

റ്റില്‍,

ഒരു ഏറ്.

കറങ്ങി എറിഞ്ഞ എന്റെ കൈയ്യില്‍ നിന്നും ഞാനറിയാതെ ഞാന്‍ ഉദ്ദേശിക്കാത്ത ദിശയിലേക്ക് ഈ കോണ്‍്ക്രീറ്റ് ചീള് പോയത്. യഥാര്‍ത്ഥത്തില്‍ പോകേണ്ടിയിരുന്ന ദിശയ്ക്ക് ഏതാണ്ട് എതിര്‍ ദിശയിലേക്ക് ഞാന്‍ നിന്നതിന്റെ പിറകിലേക്ക് ഈ കളിയിലൊന്നും പങ്കെടുക്കാതെ ദൂരെ മാറി നിന്ന അഞ്ചാം ക്ലാസുകാരനായ ജീജന്റെ മുഖത്ത് ചെന്ന് വീഴുന്നത്. ഏതാണ്ട് അരക്കിലോയുടെ അടുത്ത് ഭാരമുള്ള ഒരു കോണ്‍ക്രീറ്റ് കഷ്ണം ഒരു പത്ത് പതിനൊന്ന് വയസ്സുകാരന്റെ താടിക്ക് വന്ന് വല്യ ശക്തിയോടെ...

ചോര ശക്തിയായി ചീറ്റുന്നതും, അയ്യോന്ന് വിളിച്ച് ജീജന്‍ മുഖം പൊത്തി നിലത്തേക്ക് വീഴുന്നതും കണ്ട് ഞാന്‍ ഭയന്ന് പോയി. അവന്റെ അടുത്ത് നിന്നവര്‍ അവനെ താങ്ങിയെടുത്ത് അടുത്തുള്ള ഒരു ടാപ്പിന്റെ അടുത്തേക്ക് കൊണ്ട് പോയി. ആരോ അവന് വാ കഴുകാന്‍ വെള്ളം കൊടുത്തു. വായില്‍ കൊണ്ട വെള്ളം കവിളിലെ മുറിവുണ്ടാക്കിയ ദ്വാരത്തിലൂടെ പുറത്തേക്ക്. കൂടെ രക്തവും.

പെട്ടെന്ന് ഞാനങ്ങ് ഒറ്റയ്ക്കായിപ്പോയി.

ശരിക്കും പേടിച്ച് പോയി. നീ വേഗം പോയി കുളിക്ക് എന്നാരോ പറയുന്നത് കേട്ടു. എല്ലാവരും കൂടി ജീജനെ താങ്ങിയെടുത്ത് അടുത്തുള്ള ഒരു തറയില്‍ കിടത്തിയിട്ട് ബോര്‍ഡിങ്ങ് വാര്‍ഡനെ വിളിക്കാന്‍ പോയി. ജീജനുടുത്തിരുന്ന വെളുത്ത തോര്‍ത്തിന് അപ്പോള്‍ അവന്റെ ചോരയുടെ നിറമായിക്കഴിഞ്ഞിരുന്നു.

സന്ധ്യയോടെ സ്റ്റഡി ടൈം തുടങ്ങി. ജീജനെ ആദ്യം കൊണ്ട് പൊയ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെന്ന് ആരോ പറഞ്ഞു. സ്റ്റഡിഹാളില്‍ എന്റെ പേര് ഇപ്പോ വിളിക്കുമെന്ന് ഭയന്ന് ഞാനിരുന്നു. ജീജന്‍ മരിച്ച് പോകുമായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത്രയ്ക്കും രക്തം അവന്റെ മുറിവീന്ന് പോകുന്നുണ്ടായിരുന്നു. ഒരു പന്ത്രണ്ട് വയസ്സ്‌കാരന് അത്രയും വിവരമേകാണൂ.

എന്നെ ഒരു പാട് അടിക്കുമായിരിക്കും, ബോര്‍ഡിങ്ങില്‍ നിന്നും സ്‌കൂളീന്നും പറഞ്ഞ് വിടുമായിരിക്കും, പോലീസ് പിടിച്ച് ജീപ്പില്‍ കയറ്റി കൊണ്ട് പോയി ഒരുപാട് തല്ലുമായിരിക്കും, ജയിലില്‍ ഇടുമായിരിക്കും... അമ്മയേ ഇനി ഒരിക്കലും കാണാന്‍ പറ്റില്ലായിരിക്കും...

ജീവിതത്തില്‍ അത്രയും ഭയന്ന് പോയ ഒറ്റയ്ക്കായിപ്പോയ വേറെയൊരു ദിവസം ഇന്നും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. നിസ്സാഹവസ്ഥയും ഭയവും.

നെവര്‍ ഫെല്‍റ്റ് സോ ഹോപ്ലസ്സ്‌ലി വൊള്‍ണറെബിള്‍.

രാത്രി ഏറെ വൈകി ഏതാണ്ട് പത്ത് പത്തരയോടെ ജീജനെ ബോര്‍ഡിങ്ങിലേക്ക് ആരൊക്കെയോ ചേര്‍ന്ന് തിരികെ കൊണ്ട് വന്നു.അവന്റെ ഒപ്പം, മുതിര്‍ന്നവരുള്‍പ്പടെ, ഒരുപാട് പേരുണ്ടായിരുന്നു.

പക്ഷെ ആരും എന്നേ നോക്കുന്നില്ലായിരുന്നു.

ഞാനൊരു സംസാരവിഷയമായതുമില്ല.

ജീജന് വളരെ പാട് പെട്ട് മാത്രമേ സംസാരിക്കാന്‍ പറ്റുമായിരുന്നൊള്ളു. അവന്റെ മുഖമാകെ തുന്നിക്കെട്ടി നീര് വന്നിരിക്കയായിരുന്നു.

കുളിക്കാന്‍ പോയപ്പോ ഒരു ബക്കറ്റ് നിറയേ വെള്ളം പിടിച്ച് നടന്നപ്പോ ഏതോ കല്ലില്‍ ചവിട്ടി ബാലന്‍്‌സ് പോയപ്പോ മുഖമിടിച്ച് വിണെന്നും, വീണത് നിലത്ത് നിന്നും ഉന്തി നിന്ന ഏതോ പാറക്കഷണത്തിലേക്കായിരുന്നുവെന്നും അങ്ങനെ പറ്റിയ മുറിവാണെന്നുമാണ് ജീജന്‍ അവനെ ചികിത്സിച്ച ഡോക്ടര്‍മാരോടും എല്ലാരോടും പറഞ്ഞിരുന്നത്.

അങ്ങനെയാവാന്‍ ഒരു സാധ്യതയുമില്ലെന്ന് എല്ലാവര്‍ക്കും തോന്നാന്‍ വേറേ കാരണമെന്നും വേണ്ടായിരുന്നു. ജീജന് ആകെ ഉണ്ടായിരുന്ന ഏക പരിക്ക് അവന്റെ താടി എല്ലിനോട് ചേര്‍ന്ന് അവന്റെ കവിള് തുളച്ച് വായുടെ ഉള്ളിലേക്ക് വരെയെത്തിയ ഈയൊരു മുറിവായിരുന്നു. ഉരുണ്ട് വീഴുന്നയാള്‍ക്ക് വേറെ പരിക്കുകള്‍ കാണില്ലേ...? ഒരു ചെറിയ ഉരവെങ്കിലും?

ജീജനന്ന് പത്ത് അല്ലെങ്കില്‍ പതിനൊന്ന് വയസ്സ്. എനിക്ക് പതിനൊന്നല്ലെങ്കില്‍ പന്ത്രണ്ട്. അവനാണ് പറയുന്നത് വീണിട്ടുണ്ടായ പരിക്കാണെന്ന്. നിശ്ചയദാര്‍ഢ്യത്തോടെ. ആരും പറഞ്ഞ് പഠിപ്പിച്ചതൊന്നുമല്ല. അവനങ്ങനെ പറയാനങ്ങ് തീരുമാനിച്ചു. എന്നെ അവന്‍ കളവ് പറഞ്ഞ് രക്ഷിച്ചു.

He showed mercy on me.

എന്നോട് കരുണ കാട്ടി.

ദയ. കരുതല്‍. സ്‌നേഹം.

കുറത്തികാട് കേസ്സുള്‍പ്പടെ അന്നത്തെ പോസ്റ്റ്മോര്‍ട്ടം പരിശോധനകളൊക്കെ കഴിഞ്ഞ് വൈകിട്ട് ഞാന്‍ വീട്ടിലെത്തി. ഓടി ചെന്ന് അമ്മയേ ഉമ്മ വച്ചു. ഈ കഥയൊക്കെ പറഞ്ഞു.

'ആ മോന്റെ പേരെന്തായിരുന്നു' ...അമ്മ ഒന്നൂടി ചോദിച്ചു.

'ജീജന്‍ ജയിംസ് എന്നാണെന്നാണേര്‍മ്മ'

'ഓര്‍മയോ...' എന്ന് ചോദിച്ച് അമ്മ നിര്‍ത്തി. ഒരു പക്ഷെ ഞാന്‍ അന്ന് അനുഭവിച്ചത് ഓര്‍ത്തിട്ടാവണം പിന്നീട് വേറൊന്നും ചോദിക്കാതെ നിര്‍ത്തിയത്. അല്ലെങ്കിലും മോര്‍ച്ചറി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോ അമ്മ എനിക്ക് പതിവില്‍ കവിഞ്ഞ സ്‌നേഹം തരാറുണ്ട്.

കരുണ. കരുതല്‍. ദയ. വാത്സല്യം.

അമ്മയാവുമ്പോ അതിനെല്ലാം കൂടി ഒറ്റവാക്ക്.

അമ്മസ്‌നേഹം.

എന്നാലും അന്ന് വൈകിട്ട് ഞാന്‍ സജിമോനെ വിളിച്ചു. അവന്‍ ദുബായിലാണ്. Boardiങ്ങില്‍ കൂടെ ഉണ്ടായിരുന്നവനാ. ചങ്കാണ്. സ്‌കൂളില്‍ പഠിച്ചവരേ പറ്റിയും, പ്രത്യേകിച്ച് ബോര്‍ഡിങ്ങിലുണ്ടായിരുന്നവരേക്കുറിച്ചും എന്‍്‌സൈക്ലോപീടിക്ക് അറിവും ഓര്‍മ്മയുമാണ് അവന്. അവന് അറിയാതത്തായി ആരും കാണില്ല ഈ ലോകത്ത്. അവനോട് ജീജനേ കുറിച്ച് തിരക്കാമെന്ന് വച്ച് വിളിച്ചു.

അവനാണ് ജീജന്‍ ജേക്കബ് എന്ന് പേര് ഓര്‍മ്മപ്പെടുത്തിയത്.

സജിമോന്‍ :എന്താ അളിയാ ഇപ്പോ അവന്റെ കാര്യം ചോദിച്ചത്?

ഞാന്‍ : ഒരു കാര്യം ഉണ്ടായിരുന്നു അളിയാ.

സജിമോന്‍ : അവനിവിടുണ്ട്. ദുബായില്‍. അങ്ങനെ എല്ലാരോടും വല്യ കോന്‍ണ്‍ടാക്ട് ഒന്നുമില്ല.

ഞാന്‍ : മ്. നീ ഓര്‍ക്കുന്നുണ്ടോ പണ്ട് അവന്റെ കവിളോക്കെ മുറിഞ്ഞ ഒരു സംഭവം..

സജിമോന്‍ : കവിളല്ലെടാ... താടി...അവന്റെ താടിയല്ലായിരുന്നോ മുറിഞ്ഞത്... അവന്റെ മുഖത്ത് ആ പാടൊക്കെയുണ്ട്...

ഞാന്‍: ...

സജിമോന്‍ : എന്താടാ... എന്താടാ നീയൊന്നും മിണ്ടാത്തത്?

ഞാന്‍ : നിനക്കറിയില്ലേ?

സജിമോന്‍ : എന്ത്?

ഞാന്‍ :അളിയാ അന്ന് ഞാന്‍ കല്ലെറിഞ്ഞിട്ടാണ് അവന് ആ മുറിവേറ്റത്..

സജിമോന്‍ : അളിയാ....

പിന്നെ ഞങ്ങള് കുറച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിട്ട് നിര്‍ത്തി.

അമ്മയോട് ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു..

'അമ്മാ...അമ്മ അറിഞ്ഞതിലും ബ്രൂട്ടലായിരുന്നു ബോര്‍ഡിങ്ങ്. ഞാനുള്‍പ്പടെ മിക്കവരും യഥാര്‍ഥത്തില്‍ അത് അതിജീവിച്ച സര്‍വൈവേഴ്‌സാണ്. It actually didnt matter who threw the stone. ആരായിരുന്നാലും ഞങ്ങളിലാരും മറ്റൊരുത്തത്തനെ തല്ല് കൊള്ളിക്കില്ലായിരുന്നു. അച്ഛനമ്മമാരെ പിരിഞ്ഞ് ജീവിച്ചവരായിരുന്നു ഞങ്ങളോരോരുത്തരും. അതിന്റെ ദുഖം ഞങ്ങള്‍ കൂട്ടായിട്ടാണ് അനൂഭവിച്ചിരുന്നത്. അത് കൊണ്ട് ജീജന്റെ സ്ഥാനത്ത് ആരായിരുന്നേലും ഇത് തന്നെ ചെയ്‌തേനേ... ഇത് തന്നെ പറഞ്ഞേനെ.

കവിളും താടിയും കീറി ചോരയോലിപ്പിച്ച് ആശുപത്രി കിടക്കയില്‍ കിടന്ന ജീജനന്നേരം അവനേക്കാളും ഒന്നോ രണ്ടോ വയസ് മാത്രം മൂത്ത എന്നേ കുറിച്ച് ഓര്‍ത്തിരുന്നിരിക്കും. ഞാനെത്ര ഭയന്ന് പേടിച്ചരണ്ടിരിക്കയായിരിക്കും എന്ന് അവന്‍ ആലോചിച്ചിരുന്നിരിക്കണം, എനിക്കുറപ്പാണ്.

അന്നത്തെ പതിനൊന്ന് വയസ്സുകാരന്‍ ഞാനിന്ന് ഒരു ഫോറെന്‍സിക്ക് സര്‍ജനാണ്. പോലിസ് സര്‍ജ്ജന്‍.

ഞാനിന്ന് ആ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെഴുതുന്നു. കണ്ട കാര്യങ്ങളെല്ലാം ഫോട്ടോയെടുത്ത് വേരിഫൈയബിളാക്കുന്നു.

കുട്ടിക്കൊലയാളിയാകുമെന്ന് പേടിച്ച്, ഭയന്ന് ഒരു ദിവസം മാത്രമാണ് ഞാനിരുന്നത്. അതിന്റെ വേദനയും ഭീകരതയും ഞാന്‍ ഇന്നും ഇന്നലെ പൊലെ അനുഭവിക്കുന്നു. ഒരു പോസ്റ്റ്മോര്‍ട്ടം ചെയ്തതിലൂടെ ഒരു പത്രക്കാരിടെ ചോദ്യത്തിലൂടെ 35 വര്‍ഷമാണ് ഒറ്റയടിക്ക് പിറകോട്ട് പോയത്. .

ഞാന്‍ ഭാഗ്യവാനാണ്.

ജീജനേ ചികിത്സിച്ച ഡംക്ടര്‍മാരും, മുറിവ് ഉണ്ടായതെങ്ങനെയെന്ന് ചോദിച്ചപ്പോഴവന്‍ പറഞ്ഞ നുണകള്‍ വിശ്വസിച്ചതായി ഭാവിച്ചവരെല്ലാവരും, എന്നോട് അന്ന് കരുണ കാട്ടി.

കുറത്തികാട്ടെ ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിലെ കുഞ്ഞ് ആരെന്ന് ആരും തിരക്കരുത്. ഒരു കൊച്ചു കുഞ്ഞായിരിക്കും അവന്‍.

തിരക്കരുത്... കാരണം, അവന്‍ ഞാനാണ്.

അവനെ കരുതണം.

ഇന്നത്തെ പോലീസ് സര്‍ജ്ജന്‍ അന്ന് ഒരു പന്ത്രണ്ട്കാരനായി ജൂവനൈല്‍ ഹോമിലെത്താതെ പോയത് കഷ്ടിച്ച് ഒരിഞ്ചില്‍ താഴെയുള്ള ദുരത്തിലാണ്. പിന്നെ ഒരു പത്ത് പതിനൊന്ന് വയസ്സുകാരന്റെ കരുണയിലും. ഒരു തികഞ്ഞ നാസ്തികനാണെങ്കിലും പറയാം...

എന്റെ അമ്മയുടെ കരുതല്‍ കൊണ്ടും.

അത് കൊണ്ടാണ് പറയുന്നത്.

പത്രപ്രവര്‍ത്തകയുടെ പ്രോഫഷണലിസം ഒക്കെ നടക്കട്ടെ... പക്ഷെ ഒരു രസത്തിനാണെങ്കിലും മറ്റെന്ത് കാരണത്താലാണെങ്കിലും ഒരു കാര്യം പറയാം...

ഒരു കൊച്ച് കുഞ്ഞുണ്ട് അപ്പുറത്ത്.

ആകെ പകച്ച് പോയിക്കാണും ആ പാവം. അതൊന്നും താങ്ങാന്‍ ഒരുമാതിരിപ്പെട്ടവര്‍ക്കാവില്ല.

അത് കൊണ്ട്,

അവനോട് അത് കാണിക്കണം.

കരുണ.

ഒരു ചെറിയ വല്യ വാക്കാണത്.

ഇനിയും അത് മനസ്സിലായില്ലേന്നുണ്ടോ?

You ask me..


Next Story

Related Stories