TopTop
Begin typing your search above and press return to search.

'സദാ പ്രണയം നിറഞ്ഞ മുഖവും, സ്‌ത്രൈണത നിറഞ്ഞ ശബ്ദവും; സൗമിത്രയെ ഓര്‍മ്മിക്കുമ്പോള്‍

സദാ പ്രണയം നിറഞ്ഞ മുഖവും, സ്‌ത്രൈണത നിറഞ്ഞ ശബ്ദവും; സൗമിത്രയെ ഓര്‍മ്മിക്കുമ്പോള്‍

സൗമിത്ര ജനിച്ചത് നിറയെ നാടകങ്ങള്‍ നടന്നിരുന്ന കൃഷ്ണ നഗര്‍ എന്ന പഴയൊരു ബംഗാള്‍ ഗ്രാമത്തിലായിരുന്നു. നാടകം കളിച്ചു നടന്നിരുന്ന മുത്തച്ഛനും അഭിഭാഷകനെങ്കിലും നാടക പ്രവര്‍ത്തനങ്ങളുമായി നടന്ന അച്ഛനും കുട്ടിയായ സൗമിത്രയില്‍ അഭിനയമെന്ന അത്ഭുതം പ്രവര്‍ത്തിപ്പിച്ചിരിക്കണം. അപുന്‍ സന്‍സാര്‍(അപുവിന്റെ ലോകം) പുറത്തിറങ്ങിയ കാലം മുതല്‍ കൊല്‍ക്കത്ത നഗരത്തിലെ തിരക്കേറിയ ഒരു ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങും വരെ സൗമിത്ര ആ നില തുടര്‍ന്നു.

അയാളുടെ സൗമ്യ സാന്നിധ്യം ഇനി ഇല്ല എന്ന് ബംഗാള്‍ തിരിച്ചറിയുന്നത് വേദനയോടെയാകും. ബംഗാള്‍ എപ്പോഴും കലയെ സ്‌നേഹിച്ചു. പഴയതും പുതിയതുമായ എല്ലാ കാലങ്ങളിലും രബീന്ദ്ര സംഗീതം തെരുവുകളില്‍ അലയടിച്ചു. വിപ്ലവവും,രാഷ്ട്രീയവും,കവിതയും ,സിനിമയും അധ്യാത്മികതയും അവിടെ എപ്പോഴും സംവദിച്ചു കൊണ്ടിരുന്നു.

ബംഗാള്‍ വളര്‍ന്നത് ഭൗതികമായല്ല അതിനുമപ്പുറം ആ പ്രദേശം മുന്നോട്ടു വച്ച ദര്‍ശനം സാര്‍വലൗകിക പ്രതിസന്ധികളും പ്രതിവിധികലുമായിരുന്നു .ടാഗോറിനു ശേഷം സത്യജിത്ത് റായിയും, ഋതിക് ഘട്ടക്കും മൃണാള്‍ സെന്നും നന്ദലാല്‍ ബോസും രാം കിങ്കറും നടന്ന വഴിയിലൂടെ ഇരുപതും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മഹാ നടനായി സൌമിത്ര ചാറ്റര്‍ജി നിറഞ്ഞു നിന്നു .

വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയില്‍ ജന്മമെടുത്ത ഇതിഹാസ കഥാപാത്രങ്ങള്‍ അതിന്റെ യാത്ര പൂര്‍ത്തിയാക്കിയത് നാണം കുണുങ്ങിയായിരുന്ന വായനയും കവിത ചൊല്ലലുമായി കൊല്‍ക്കത്തയിലെ പ്രാചീന തെരുവുകളില്‍ ഒന്നില്‍ ഒരപ്പാര്‍ട്ട് മെന്റില്‍ താമസമാക്കിയിരുന്ന ആ വിദ്യാര്‍ഥിയിലാണ്. പിന്നീട് ബംഗാളിന്റെ ഖ്യാതി ലോകമെങ്ങുമെത്തിച്ച അതുല്യ പ്രതിഭയായി അയാള്‍ മാറി.

സൗമിത്ര ചാറ്റര്‍ജി ജനിച്ചതു തന്നെ കലക്ക് വേണ്ടിയായിരുന്നു. എണ്‍പത്തി നാലു വര്‍ഷം നീണ്ട ആ ജീവിതത്തില്‍ കവിതയും നാടകവും സിനിമയും നിറഞ്ഞു നിന്നു. ഓരോ വര്‍ഷവും പുതിയ വേഷങ്ങളുമായി അദ്ദേഹം നിറഞ്ഞാടി.

പത്താം തരം പരീക്ഷ കഴിഞ്ഞ് രണ്ടുമാസം കിട്ടുന്ന വേനലവധിക്കാലത്ത് അത്തവണ വായനശാലയില്‍ കൂടുതല്‍ ചിലവഴിക്കാന്‍ ഒരവസരം കിട്ടി .ആ കാലത്ത് മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ബംഗാളി സാഹിത്യം എന്നെയും പിടികൂടി. താരാ ശങ്കര്‍ ബാനര്‍ജി യും ,മഹേശ്വെത ദേവിയും ,സുനില്‍ ഗംഗോപാധ്യായയും ,രബീന്ദ്ര നാഥ ടാഗോറും നിറഞ്ഞ ആ വേദിയില്‍ വിഭൂതി ഭൂഷണ്‍ കയറി വന്നു .

കേരളത്തില്‍ നിന്നും എത്രയോ മൈല്‍ അകലെ ബംഗാളിലെ പ്രാന്ത പ്രദേശത്ത് എങ്ങോ ഒഴുകുന്ന ഇശ്ചാമതി അതിന്റെ ചിര പുരാതനമായ കെട്ടു കഥകള്‍ കാട്ടി അത്ഭുതപ്പെടുത്തി , അതിനിടയില്‍ അപു വന്നു ദുര്‍ഗ എന്ന പെണ്‍കുട്ടി വന്നു . കൊള്ളക്കാരും ഭീഷ്മ പിതാമഹനും ജീവിച്ച നിശ്ചിന്ദ പുരമെന്ന ലോകം വന്നു. നോവല്‍ സിനിമയായി മാറിയപ്പോള്‍ അപുവിനെ സത്യജിത്ത് റായ് സൌമിത്രയിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു .പിന്നീട് ആ യാത്ര അനേകം കഥാപാത്രങ്ങളിലൂടെ സൗമിത്ര ചാറ്റര്‍ജി എന്ന നടന്റെ ജീവിതമായി മാറി ..

സൗമിത്ര കവിത ചൊല്ലാന്‍ ആഗ്രഹിച്ചു അയാള്‍ക്ക് നാടകം കളിക്കാതെ സാഹിത്യം ചര്‍ച്ച ചെയ്യാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല .പ്രായാധിക്യംകൊണ്ട് വലയുമ്പോഴും ഓരോ വര്‍ഷവും പുതിയ ചിത്രങ്ങള്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി തന്നെ സൗമിത്രയുടെതായി പുറത്തു വന്നു. അതുകൊണ്ടുതന്നെ സൗമിത്രബി ദാ ടാഗോറിനു ശേഷമുള്ള ബംഗാളിന്റെ സ്‌നേഹം മുഴുവന്‍ അനുഭവിച്ചുകൊണ്ടിരുന്നു .തന്റെ മുന്നിലും പിന്നിലും കടന്നു പോകുകയും വരികയും ചെയ്ത മനുഷ്യര്‍ക്ക് അയാള്‍ പ്രിയപ്പെട്ടവനായി.

ഒരുവേള റായി തന്നെ സൗമിത്രയുടെ സ്വതസിദ്ധമായ നാണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പരുഷമായ ശബ്ദമോ ശരീര ഘടനയോ ആയിരുന്നില്ല അയാള്‍ക്ക്. പതിഞ്ഞ സ്‌ത്രൈണത തുളുമ്പുന്ന ശബ്ദവും നോട്ടവും അയഞ്ഞ ആകാര ചലനവും സദാ മുഖം നിറഞ്ഞ പ്രേമവും പരിഭവവും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥായീ ഭാവം. എണ്‍പത്തി നാലു വര്‍ഷവും അതേ രീതിയില്‍ സൗമിത്ര തുടര്‍ന്നു. സുഹൃത്തുക്കള്‍ നിറഞ്ഞ സദസ്സുകളില്‍ കവിത വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടാകണം എപ്പോഴും അയാള്‍ക്കൊപ്പം ബംഗാളി സാഹിത്യവും സഞ്ചരിച്ചു.

അപരാജിതോയിലെ യൗവനയുക്തനായ അപു മകനെ വിളിക്കുന്ന ഒരു രംഗമുണ്ട്. ഇന്ത്യന്‍ കാല്‍പനിക യുക്തി മുഴുവന്‍ ചേര്‍ന്ന ഒരച്ഛനായി അയാള്‍ കാജലിനെ കൊല്‍ക്കത്തയിലേക്ക് ക്ഷണിക്കുന്നു. താടിയും മുടിയും വളര്‍ന്ന് ചുമലില്‍ ഷാള്‍ പുതച്ചു നില്‍ക്കുന്ന ആ വിഷാദവാനില്‍ സൗന്ദര്യവും പ്രേമവും കണ്ടെത്തിയ ഒരു തലമുറ സൗമിത്രയ്ക്ക് ഒപ്പമൊഴുകി. തന്റെ ജീവിതത്തില്‍ നേടാവുന്ന എല്ലാ പരമോന്നത ബഹുമതികളും നേടിയാണ് സൗമിത്ര ചാറ്റര്‍ജിയുടെ യാത്ര. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരു തീരാ നഷ്ടമാണ്. പക്ഷെ ഇനിയും എത്രയോ നൂറ്റാണ്ടുകള്‍ ആ മഹാ നടന്‍ അവശേഷിപ്പിച്ചു പോയ പ്രതിഭയുടെ അശം ബംഗാളിനെയും ഇന്ത്യയേയും ലോക സിനിമയേയും സ്വാധീനിച്ചു കൊണ്ടിരിക്കും.


Next Story

Related Stories