TopTop
Begin typing your search above and press return to search.

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇയാളെ മറക്കാന്‍ പറ്റില്ലല്ലോ എന്ന് അന്നേ മനസിലാക്കേണ്ടതായിരുന്നു', എന്ന് സ്നേഹ, ബഹുമാനങ്ങളോടെ ഒരു മമ്മൂട്ടി ഫാന്‍

പ്രിയ മോഹന്‍ലാല്‍,

ഒരു കാലത്തും താങ്കളുടെ ഫാന്‍ അല്ലായിരുന്നു. കടുത്ത മമ്മൂട്ടി ഫാനായിരുന്നു താനും.

പക്ഷേ മോഹിതനായി ഇരുന്നിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ് മെയ്‌ലിലെ ടോണി കുരിശിങ്കലിനെ കണ്ടാല്‍ കണ്ണിമ ചിമ്മാതെ, വാ പിളര്‍ന്ന് ചിരിച്ച് കൊണ്ട് നോക്കി നില്‍ക്കും; ഇപ്പോഴും. മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊന്നുമല്ല, ഗോപിയുടെയും സംഗീത നായ്ക്കിന്റെയും വളര്‍ത്തു മകളായ മാമാട്ടിക്കുട്ടിയമ്മയെ തിരികെ വിളിച്ച് കൊണ്ടുപോകാന്‍ വരുന്ന നിസഹായനായ മനുഷ്യന്റെ രൂപത്തിലാണ് ആദ്യം മനസില്‍ പതിഞ്ഞത്. ഇയാളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറക്കാന്‍ പറ്റില്ലല്ലോ എന്ന് അന്നേ മനസിലാക്കേണ്ടതായിരുന്നു.

ഞങ്ങളുടെ സ്കൂളിനൊപ്പമാണ് നിങ്ങള്‍ വളര്‍ന്നത്. കിരീടത്തിന്റേയും നാടോടിക്കാറ്റിന്റേയും ചിത്രത്തിന്റേയും കിലുക്കത്തിന്റേയുമൊക്കെ പരസ്യങ്ങള്‍ക്കൊപ്പം ഞങ്ങളും വളര്‍ന്നു. വെള്ളാനകളുടെ നാടും ടി.പി.ബാലഗോപാലന്‍ എം.എയും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും കാണാപ്പാഠമായി. രാജാവിന്റെ മകന്റെ ഡയലോഗുകള്‍ എണ്‍പതുകളിലെ മറ്റേത് കുട്ടിയപ്പോലെയും അടിമുടി കാണാതെ പഠിച്ചു. 'മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബ്ള്‍ റ്റു ഡബ്ള്‍ ഫൈവ്' എന്ന് പറഞ്ഞ് ഞങ്ങളെല്ലാം ഒരു തോള്‍ ചരിച്ച് നടന്നു.

ഓര്‍ത്ത് നോക്കിയാല്‍ മലയാളിയുടെ ഒരു രൂപവുമില്ല നിങ്ങള്‍ക്ക്. പേര് പോലും അതുവരെ മലയാളിക്ക് സുപരിചിതമല്ലായിരുന്നു. വലിയ ഉയരമില്ല. തടിയനാണ്. പ്രണയം പാപമായിരുന്ന മലയാളിക്ക് മുന്നില്‍ കുടുംബസ്ഥനായിരുന്നില്ല, പ്രണയകുമാരനായിരുന്നു. ഗൗരവപ്പെട്ടേയില്ല, ചിരിച്ച് മറിഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യമൊന്നും ഒരു മലയാളി ആണുങ്ങളും ഡാന്‍സൊന്നും കളിച്ചിരുന്നില്ല. പക്ഷേ നിങ്ങള്‍ ആടുകയും ചാടുകയും വില്ലന്മാരെ പറന്ന് തല്ലുകയും ചെയ്തു. ഇതെല്ലാം ചേര്‍ന്ന്, ഒരുപക്ഷേ, മലയാളമേറ്റവും സ്‌നേഹിച്ച നടനായി.

വാഴ്ത്തപ്പെട്ട സിനിമകളൊന്നുമല്ല; പേഴ്‌സണല്‍ ഫേവറിറ്റ്‌സ് ഉയരങ്ങളിലും പാദമുദ്രയും ഉത്സവപ്പിറ്റേന്നും താഴ്‌വാരവും സീസണും ഇരുവറുമാണ്. രണ്ടായിരത്തിന് ശേഷമുള്ള റോളുകളില്‍ ഛോട്ടാമുംബൈയും. മൊത്തമാലോചിച്ചാല്‍ ഇഷ്ടമില്ലായ്മകള്‍ നിറയെ ഉണ്ട്. പക്ഷേ, ഇക്കാലത്ത് ജീവിച്ചിരുന്ന വളരെയധികം മലയാളികളുടേതുപോലെ തന്നെ, എന്റെ ജീവിതത്തെ മനോഹരമാക്കിയ ആഹ്ലാദങ്ങളില്‍ നിങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നിങ്ങളുടെ സിനിമകള്‍ക്കൊപ്പം വളരാന്‍ കഴിഞ്ഞ് വലിയ സന്തോഷമാണ്. സച്ചിന്‍ തെണ്ടുല്‍ക്കറും എ.ആര്‍ റഹ്മാനും അവരുടെ കരിയറുമെന്നത് പോലെതന്നെ ഞങ്ങളുടെ ജീവിത കാലത്തിന്റെ അഭിമാനം തന്നെയാണ് താങ്കളും.

എന്ന് സ്‌നേഹ-ബഹുമാനങ്ങളോടെ ഒരു മമ്മൂട്ടി ഫാന്‍

(ശ്രീജിത് ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories