TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് മോഹന്‍ലാലും സെന്‍കുമാറുമൊക്കെ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത്?

എന്തുകൊണ്ടാണ് മോഹന്‍ലാലും സെന്‍കുമാറുമൊക്കെ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത്?

കൊറോണ വൈറസിനെതിരായ പ്രതിരോധമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ഇന്ന് ജനതാ കർഫ്യൂ ആചരിക്കുകയാണ്. ഇതിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും പൊതുവേ രാജ്യമാകെ ഒരു ദിവസത്തെ അടച്ചിടലിനെ അനുകൂലിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ മാറ്റൊലികൾ സോഷ്യൽ മീഡിയയിലും കാണാം. പക്ഷെ ശാസ്ത്രീയ അടിത്തറ യാതൊന്നുമില്ലാതെ വ്യാജപ്രചരണങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ഉയരുന്നുണ്ട്. കൊറോണ സംബന്ധിച്ച് നിരുത്തരവാദപരമായ പെരുമാറ്റങ്ങളും അഭിപ്രായപ്രകടനങ്ങളും ഒഴിവാക്കണമെന്ന് സംസ്ഥാന കേന്ദ്ര സർക്കാരുകൾ ആവശ്യപ്പെട്ടിട്ടും ഇത്തരം പ്രവണതകൾക്ക് യാതൊരു കുറവുമില്ല. സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് മറ്റുള്ളവർ വിശ്വസിക്കുകയും സ്വയം വിശ്വസിപ്പിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ്.ജനത കർഫ്യൂ ഒരു മുന്നറിയിപ്പും മുന്നൊരുക്കവുമാണെന്ന് യു എൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. ജനത കർഫ്യൂവിനെ പിന്തുണയ്ക്കുന്ന നടൻ സലിംകുമാർ ആവശ്യപ്പെടുന്നത് കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണടകൾ ഊരിവച്ച് കോവിഡിനെതിരെ എല്ലാവരും അണിനിരക്കണമെന്നാണ്. വൈറസിന്റെ വ്യാപനം 14 മണിക്കൂർ ജനതാ കർഫ്യൂ മൂലം ഇല്ലാതാകുമെന്നും സ്വാഭാവികമായും ചങ്ങല മുറിയുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ നോക്കിയാൽ രോഗവ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണ് ജനതാ കർഫ്യൂ. പക്ഷെ കർഫ്യൂ പൂർണമായാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഞ്ച് മണി സമയത്തുള്ള പാത്രം അടിയെ വിമർശിക്കുന്ന തന്റെ മുഖം വച്ചുള്ള ട്രോളുകളെയും സലിംകുമാർ വിമർശിക്കുന്നു. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് കോവിഡുമായുള്ള യുദ്ധരംഗത്ത് നമുക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്, ശുചീകരണ തൊഴിലാളികൾ, മാധ്യമങ്ങൾ... ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അർപ്പിക്കുന്നതിലെന്താണ് തെറ്റെന്നും സലിംകുമാർ ചോദിക്കുന്നു.എന്നാൽ അഞ്ച് മണിയ്ക്ക് ഈ പിന്തുണയർപ്പിക്കുന്ന ചടങ്ങിനെ തെറ്റിദ്ധരിക്കുകയും ആ തെറ്റിദ്ധാരണ ജനങ്ങളിലേക്ക് പടർത്തുകയും ചെയ്യുന്നവരും കുറവല്ല. നടൻ മോഹൻലാലാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. താനും കുടുംബവും ഇന്ന് പുറത്തിറങ്ങില്ലെന്നും സാധനങ്ങൾ വാങ്ങാൻ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെ അയയ്ക്കുമെന്നും പറയുന്ന ലാൽ സോഷ്യൽ മീഡിയയിൽ വൻതോതിലുള്ള ട്രോളുകളും ക്ഷണിച്ചു വരുത്തി. മനോരമ ചാനലിന് നൽകിയ ബൈറ്റിലായിരുന്നു ലാലിന്റെ വിവാദ പരാമർശങ്ങൾ. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. എന്നാൽ കൈകൊട്ടുമ്പോൾ ബാക്ടീരിയയും വൈറസും എങ്ങനെ നശിക്കുമെന്ന് ശാസ്ത്രീയമായി വിശദീകരിക്കണമെന്നാണ് ട്രോളുകളുടെ ആവശ്യം.ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു. ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും മോഹൻലാൽ പറയുന്നു.ബി ജെ പി നേതാവും മുൻ ഡിജിപിയുമായ ടി പി സെൻകുമാറും നേരത്തെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ വാദം. കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുളള മറുപടി എന്ന വണ്ണമാണ് സെന്‍കുമാർ വ്യാജ പ്രചരണം നടത്തിയത്. സെന്‍കുമാറിന്റെ വ്യാജപ്രചാരണത്തെ ശാസ്ത്രീയത മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഡോക്ടര്‍മാരും മാധ്യമ പ്രവർത്തകരും തുറന്നുകാട്ടുകയും ചെയ്തു. കൊല്ലത്ത് നടന്ന വാർത്താ സമ്മേളനത്തിനിടെ വിദേശ ഡോക്ടറുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും സെൻകുമാർ നടത്തി. ഒരു മാധ്യമപ്രവർത്തകയാണ് ഇതിനെ പൊളിച്ചടുക്കിയത്.കൊറോണക്കാലത്ത് ലോകം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ അതിൽ രാഷ്ട്രീയം കലർത്താനുള്ള ശ്രമങ്ങൾ ഏത് ഭാഗത്തു നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് എല്ലാ വിധത്തിലും തടയപ്പെടുകയും വേണം. മറ്റ് കൊറോണ കേസുകൾ പോലെ നിയമ നടപടി തന്നെയാണ് മികച്ച പോംവഴി. കൊറോണയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതും.


Next Story

Related Stories