TopTop
Begin typing your search above and press return to search.

മുസ്ലിം സ്ത്രീ പള്ളി പ്രവേശനം; കോടതി വിധി അനുകൂലമാകുമോ? സാധ്യതകള്‍ ഇതാണ്

മുസ്ലിം സ്ത്രീ പള്ളി പ്രവേശനം; കോടതി വിധി അനുകൂലമാകുമോ? സാധ്യതകള്‍ ഇതാണ്

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു കൊണ്ട് നവംബർ പതിനാലാം തീയതി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വരികയുണ്ടായി. വിധിയിൽ ഏകോപനമുണ്ടായില്ലെന്നു മാത്രമല്ല, പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിനു അനുവദിക്കുന്നതിനെ ചോദ്യം ചെയ്തും മറ്റ് മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അതിൽ കൂട്ടിച്ചേർത്ത്, പുനഃപരിശോധനാ ഹർജികളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ മറികടന്നതിനെ എതിർത്തും, ന്യൂനപക്ഷ വിധിന്യായ വക്താക്കളായ ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും ഭൂരിപക്ഷ വിധിന്യായം വായിച്ച ചീഫ് ജസ്റ്റിസിനോട് ശക്തമായ വിയോജിപ്പുകൾ രേഖപ്പെടുത്തുകയുണ്ടായി. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും പാഴ്‌സി സ്ത്രീകളുടെ പ്രശ്‌നങ്ങളും സ്ത്രീകളുടെ ചേലാകര്‍മ്മവും അടക്കമുള്ള വിഷയങ്ങള്‍ ഈ കേസില്‍ പരാമര്‍ശിച്ച ചീഫ് ജസ്റ്റിസിന്റെ നടപടിയെയാണ് ജസ്റ്റിസ് നരിമാനും ചന്ദ്രചൂഡും എതിർത്തത്. ജസ്റ്റിസ് നരിമാൻ പുനഃപരിശോധനാ ഹർജികളുടെ അസാധുത വിശദീകരിച്ചത് 2018 സെപ്റ്റംബര്‍ 28ലെ വിധിന്യായം ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ശബരിമല ക്ഷേത്രത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്ന പ്രകാരം പ്രത്യേക മതശാഖയോ വിഭാഗമോ ആയി കണക്കാക്കാനാകില്ലെന്നും റിട്ട് പെറ്റീഷനുകളിൽ നിന്നും സത്യവാങ്മൂലങ്ങളിൽ നിന്നും അക്കാര്യം വ്യക്തമായതുകൊണ്ട് ഒരേ വാദങ്ങൾ റിവ്യൂ ഹർജിയിലും ആവര്‍ത്തിക്കുന്നത് ഒഴിവാക്കി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. ആര്‍ട്ടിക്കിള്‍ 26 പ്രകാരം പ്രത്യേക മതശാഖയോ വിഭാഗമോ ആണ് അയ്യപ്പ ക്ഷേത്രം എന്ന് തെളിയിക്കാന്‍ റിവ്യൂ ഹര്‍ജി നല്‍കിയ അയ്യപ്പ ഭക്തര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് ജസ്റ്റിസ് നരിമാനോട് യോജിച്ചുകൊണ്ട് ചന്ദ്രചൂഡും പറയുകയുണ്ടായി. ശബരിമല ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനു അനുമതി നൽകിയ കോടതി, ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പറയുന്ന വ്യക്തി സ്വാതന്ത്ര്യവും സമത്വവും പരിഗണിക്കുന്നതിലുപരിയായി അതേ ഭാഗത്തിൽ തന്നെ നിർദ്ദിഷ്ടമായ മതസ്വാതന്ത്ര്യത്തിലെ ആർട്ടിക്കിൾ 26 ൽ വിശദീകരിക്കുന്ന റിലീജിയസ് ഡിനോമിനേഷന്റെ ആനുകൂല്യം ശബരിമല ക്ഷേത്രത്തിനു നേടാനാകാത്തതാണു വിധിന്യായത്തിലെ നിർണ്ണായക മാനദണ്ഡമായി പരിഗണിച്ചത്. ഇതര മതവിഭാഗങ്ങളിലെ സ്ത്രീ പുരുഷ പ്രശ്നങ്ങൾ കൂടി ഏഴംഗ ബെഞ്ച് പരിശോധിക്കുമെന്നാണ് ഇപ്പോഴത്തെ ഭൂരിപക്ഷ വിധിന്യായത്തിൽ നിന്നു മനസ്സിലാവുന്നത്. അതിൽ വളരെ ഗൗരവമായതും ശ്രദ്ധിക്കപ്പെടുന്നതും മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനമാണ്. മുസ്ലിം സ്ത്രീ പളളി പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുസ്ലിംങ്ങൾക്കിടയിൽ തന്നെ പലതരത്തിലുള്ള ചർച്ചകൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. മുസ്ലിം ആവാന്തരവിഭാഗങ്ങൾക്കിടയിൽ ഭാഗികമായ സ്ത്രീ പ്രവേശനം അനുവദിക്കുന്ന ജമാഅത്ത് മുജാഹിദ് വിഭാഗങ്ങളിൽ തന്നെ വിധിയെച്ചൊല്ലി ആശങ്കകളുണ്ട്. എന്നാൽ പൂർണ്ണമായ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന ചേകന്നൂർ വിഭാഗവുമുണ്ട് മറുഭാഗത്ത്. ശബരിമല വിധിക്കു സമാനമാകുമോ മുസ്ലിം സ്ത്രീയുടെ പള്ളി പ്രവേശന വിധി എന്നതു യുക്തിപരമായി പരിശോധിക്കാനാവും. ശബരിമല വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ച ആർട്ടിക്കിൾ 26 ലെ റിലീജിയസ് ഡിനോമിനേഷന്റെ ആനുകൂല്യം മുസ്ലിം പള്ളികൾക്ക് അനുകൂലമാകുമോ എന്നതാണ് മുഖ്യമായും പ്രാധാന്യത്തിലെടുക്കേണ്ടത്. 1. മുസ്ലിം പള്ളിയും ക്ഷേത്രങ്ങളും ഒരേ നിലക്ക് താരതമ്യം ചെയ്യുന്നതിൽ പാളിച്ചകളുണ്ട്. ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് ആരാധനാ കേന്ദ്രവും ആചാരങ്ങളുടെ ഇടവുമാണ്. ഓരോ ക്ഷേത്രങ്ങളും ദൈവ പ്രതിഷ്ട അനുസരിച്ച് പദവിയിലും ശ്രേഷ്ഠതയിലും വ്യത്യസ്ത തട്ടിലാണ്. നേരെ മറിച്ച് മുസ്ലിം പള്ളികൾ ആരാധനയിടങ്ങൾ മാത്രമാണ്. പദവിയിൽ ലോകത്തെ മുഴുവൻ പള്ളികളും (3എണ്ണമൊഴികെ) തുല്യമാണെന്നാണ് മുസ്ലിംകളുടെ ഏകോപനപമായ വിശ്വാസം. അതായത്, അതിവിശിഷ്ടത കൽപ്പിക്കപ്പെടുന്ന മൂന്ന് ആരാധനാലയങ്ങൾ ഒഴിച്ച് (മക്ക, മദീന, ഫലസ്തീൻ,) മറ്റുള്ള എല്ലാ പള്ളികൾക്കും ഭൂമിയിൽ ഇനി എവിടെ നിർമ്മിക്കുന്ന പള്ളികൾക്കും വഖഫ് ചെയ്യപ്പെട്ടാൽ ഒരേ ശ്രേഷ്ഠതയാണ് മുസ്ലിംങ്ങൾ കൽപിക്കുന്നത്. 2. ഹിന്ദു മത വിശ്വാസ പ്രകാരം ശ്രേഷ്ഠതയിൽ ഉന്നത പദവിയുണ്ട് ശബരിമല ക്ഷേത്രത്തിന്. അതൊരു പുണ്യ ഗേഹവും തീർഥാടന കേന്ദ്രവുമാണ്. കാരണം ശബരിമലയിലെ ദൈവ പ്രതിഷ്ട ഹിന്ദു വിശ്വാസികൾക്ക് വളരെ മഹോന്നതമാണ്.പക്ഷേ അവിടെ സ്ത്രീകളെ വിലക്കുമ്പോൾ അത് പ്രശ്നവൽക്കരിക്കേണ്ടി വരുന്നു. കാരണം ദൈവമെന്നത് മതത്തിൽ ഒരു പൊതു ഇടമാണ് (പബ്ലിക് പ്ലേസാണ്). എന്നു വെച്ചാൽ ദൈവത്തെ വിശ്വസിക്കുന്ന ആർക്കും ആ ദൈവത്തെ തൊഴാനും പ്രതിഷ്ഠ നടത്താനും അവകാശമുണ്ടായിരിക്കണം. ഇത് മുസ്ലിം പള്ളികൾക്ക് ബാധകമാകുന്നില്ല, കാരണം പള്ളികൾ, ക്ഷേത്രങ്ങൾ പോലെ ദൈവസാന്നിധ്യ ഇടമായോ പ്രതിഷ്ടാ കേന്ദ്രങ്ങളായോ വിശ്വസിക്കപ്പെടുന്നില്ല. മറിച്ച് ആരാധനാ സ്ഥലങ്ങൾ മാത്രമാണ്. അതിനാൽ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്ലിംകൾക്ക് പള്ളി പ്രൈവറ്റ് ഇടമാണ്. ഏതൊരാൾക്കും തങ്ങളുടെ ഇഷ്ടപ്രകാരം പള്ളി നിർമ്മിച്ച് അതിൽ ആരാധന നടത്താം. 3. സ്ത്രീ പളളി പ്രവേശനവുമായ് ബന്ധപ്പെട്ട് മുസ്ലിം ആവാന്തരവിഭാഗങ്ങൾക്കിടയിലും അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. മുജാഹിദ്, ജമാഅത്തുകാർ വെള്ളിയാഴ്ച്ചകളിലെ നിസ്ക്കാരത്തിന് സ്ത്രീകൾക്ക് പള്ളിയിൽ പ്രത്യേക സജ്ജീകരണം നടത്തുമ്പോൾ അതിനെ മുച്ചൂടം എതിർക്കുന്ന സുന്നി വിഭാഗം നമസ്ക്കാരമല്ലാത്ത മറ്റു മതപ്രഭാഷണം, നേർച്ച, ഉറൂസ് പോലുള്ള ആവശ്യങ്ങൾക്ക് സ്ത്രീകളെ പള്ളി മുറ്റത്തേക്ക് ആനയിക്കുന്നുമുണ്ട്. പുറമെ യാത്രക്കാരായ സ്ത്രീകൾക്ക് പ്രത്യേക നമസ്ക്കാര സ്ഥലവും ഒരുക്കുന്നു. ഓരോ വിഭാഗത്തിനും അവരവരുടെ നിയമങ്ങൾ തങ്ങളുടെ പള്ളികളിൽ നടപ്പിലാക്കാം എന്നതുകൊണ്ട് പരസ്പരം പോരടിക്കേണ്ട ആവശ്യം വരുന്നില്ല. 4. മുസ്ലിംങ്ങൾക്കിടയിലും (ക്ഷേത്രങ്ങൾ പോലെ) പ്രത്യേകമായ ശ്രേഷ്ഠതകൾ കൽപിക്കുന്ന ആരാധനാ ഇടങ്ങൾ ഉണ്ട്. അതായത് സാത്വികരായ പൂർവ്വികരുടെ ഖബർ ഇടങ്ങളിൽ ആരാധന നടത്തലും ആചാരങ്ങൾ കഴിക്കലും സുന്നി മുസ്ലിംങ്ങൾക്കിടയിൽ പതിവാണ്. എന്നാൽ അത്തരം ഇടങ്ങളിൽ എല്ലാ സ്ത്രീകൾക്കും (മറ്റു മതക്കാർക്കും) പ്രായഭേദമന്യേ പ്രവേശനം നൽകുന്നുണ്ട്. കേരളത്തിൽ സുപരിചിതമായ മമ്പുറം, മടവൂർ, തളങ്കര മലിക് ദീനാർ, വെളിയങ്കോട് ഉമർ ഖാളി മഖാം എന്നിവയൊക്കെ അത്തരം പൊതു ഇടങ്ങളാണ്. സ്ത്രീകൾക്കും അവിടെ ആരാധനാ സൗകര്യങ്ങളുമുണ്ട്. (പൊതു ഇടമായി നിലകൊള്ളേണ്ടതും എന്നാൽ സൂഫീവര്യന്റെ പേരിൽ ചിലർ ചാർത്തിയ ചില നിഷ്ഠകൾ കാരണം സ്ത്രീകൾക്ക് പ്രവേശനം ഒരിക്കൽ വിലക്കപ്പെട്ടിരുന്നതുമായ മുംബൈയിലെ ഹാജി അലി ദർഗയിൽ സുപ്രധാനമായ വിധിയിൽ കൂടി സ്ത്രീകൾ പ്രവേശനം നേടിയത് ഇവിടെ ശ്രദ്ധേയമാണ്.) ചുരുക്കിപ്പറഞ്ഞാൽ സ്ത്രീപള്ളി പ്രവേശനം മുസ്ലിം ആവാന്തരവിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത വിശ്വാസങ്ങളായി നിലനിൽക്കുന്നതിനാലും എല്ലാ പള്ളികളും ആര് നിർമിച്ചാലും ഒരേ ശ്രേഷ്ഠത മാത്രം അർഹിക്കുന്നതിനാൽ പള്ളി ഒരു സ്വകാര്യ ഇടമാണെന്നതിനാലും Article 26 പ്രകാരം Religious denominations ന്റെ അവകാശങ്ങൾ വകവെച്ചു നൽകുന്നതിലായിരിക്കും മുസ്ലിം സ്ത്രീ പളളി പ്രവേശനത്തിൽ സുപ്രീംകോടതി വിധി എത്തിച്ചേരുക. അതായത് സുന്നികൾക്ക് സുന്നീ വിശ്വാസ പ്രകാരവും മുജാഹിദ് ജമാഅത്തുകാർക്ക് തങ്ങളുടെ നിലപാട് പ്രകാരവും ചേകന്നൂർ വിഭാഗത്തിന് അവരുടെ ഇഷ്ടപ്രകാരവും പള്ളി പരിപാലനത്തിനും കർമ്മങ്ങൾ അനുഷ്ടിക്കുന്നതിനും അവകാശമുണ്ടായിരിക്കും. സ്ത്രീ പുരുഷന്മാർ ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം അവകാശപ്പെടുന്നവർക്ക്, സ്വന്തമായി പള്ളി നിർമിച്ച് തങ്ങളുദ്ദേശിക്കും വിധം ആരാധിക്കാനുള്ള ആരാധനാ സ്വാതന്ത്ര്യവും ഇതു പ്രകാരം ഉണ്ടായിരിക്കും. കേരളത്തിൽ അങ്ങനെ ചെയ്ത് ശ്രദ്ധ നേടിയവരാണ് ചേകന്നൂർ വിഭാഗം നേതാവ് ജാമിദ ടീച്ചർ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories