TopTop
Begin typing your search above and press return to search.

ആരോടാണ് മോദി മാപ്പ് പറഞ്ഞത്, തന്നോളം ഭാരമുള്ള ബാഗ് തലയിലേറ്റി കാതങ്ങള്‍ താണ്ടുന്ന ഈ കുഞ്ഞിനോടോ?

ആരോടാണ് മോദി മാപ്പ് പറഞ്ഞത്, തന്നോളം ഭാരമുള്ള ബാഗ് തലയിലേറ്റി കാതങ്ങള്‍ താണ്ടുന്ന ഈ കുഞ്ഞിനോടോ?

കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗൺ ആറ് ദിവസം പിന്നിട്ടിരിക്കുന്നു. ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സർക്കാരും എല്ലാ സംസ്ഥാന സർക്കാരുകളും. ഇതിനിടെ മറ്റൊരു പരക്കം പാച്ചിൽ കൂടി നമ്മുടെ തെരുവുകളിൽ നടക്കുന്നു. സ്വാന്തന്ത്ര്യത്തിന് മുമ്പും പിന്നീടും ഒട്ടനവധി പലായനങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ന് നമ്മുടെ തെരുവുകളിൽ നടക്കുന്ന പലായനം കണ്ണീരോടെയും ഹൃദയ വേദനയോടെയും മാത്രമേ കാണാനാകൂ. കാരണം പിഞ്ചു കുഞ്ഞുങ്ങൾ പോലും ഉള്ളത് തലയിലാക്കി കിലോമീറ്ററുകൾ താണ്ടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. അതിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം ലഭിച്ചപ്പോൾ ഇവിടെ നിലനിൽക്കുന്ന ഭീകരാന്തരീക്ഷം എല്ലാവർക്കും മനസിലാകുകയും ചെയ്തു. കൊറോണ വൈറസിനെതിരായ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിലാളികളായ ഇതര സംസ്ഥാനക്കാർ ഡൽഹിയിൽ നിന്നും കൂട്ടത്തോടെ പലായനം ചെയ്തതാണ് നമ്മൾ കണ്ടത്. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഈ മനുഷ്യർ ദിവസങ്ങളായി അനുഭവിക്കുന്ന പട്ടിണിയിൽ നിന്ന് രക്ഷ തേടിയാണ് കിലോമീറ്ററുകളോളം കൈക്കുഞ്ഞുങ്ങളുമായി നടക്കാൻ തീരുമാനിച്ചത്. ജനങ്ങൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് ചോദിച്ചെന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാർത്ത. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തി ലൂടെ അറിയിച്ചത്. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ലെന്നും നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നേരത്തെ നോട്ട് നിരോധനത്തിന് ശേഷം ജനം വലഞ്ഞപ്പോഴും താൽക്കാലികമായ ബുദ്ധിമുട്ടിൽ പ്രധാനമന്ത്രി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ താൽക്കാലികമെന്ന് മോദി വിശേഷിപ്പിച്ച ബുദ്ധിമുട്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലം മൂന്ന് വർഷത്തിനിപ്പുറം ഇന്നും ഈ സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ പറഞ്ഞ കള്ളപ്പണം എവിടെയെന്നതിന് കേന്ദ്ര സർക്കാരിന് ഇപ്പോഴും ഉത്തരമില്ല. നോട്ട് ക്ഷാമത്തിൽ ജനങ്ങൾ കുറെക്കാലം പൊരി വെയിലത്ത് എടിഎം കൗണ്ടറുകൾക്കും ബാങ്കുകൾക്കും മുന്നിൽ ക്യൂ നിന്നതും തളർന്ന് വീണ് മരിച്ചതും വിപണിയിൽ ഇന്നും തുടരുന്ന മാന്ദ്യവും തകർന്ന ഒരു സമ്പദ് വ്യവസ്ഥയും മാത്രം ബാക്കി. ഇപ്പോൾ പലായനം ചെയ്യുന്നവരെക്കുറിച്ച് ആലോചിക്കാം. അവരാരും കൊറോണയെയോ അതുവഴി ഉണ്ടായേക്കാവുന്ന മരണത്തെയോ ഭയമില്ലാത്തവരല്ല. പക്ഷെ ആ ഭയത്തേക്കാൾ അവർക്ക് സഹിക്കാനാകാത്തത് വയറിന്റെ കത്തലാണ്. അതിനാലാണ് കിലോമീറ്ററുകളോളം നടന്നാണെങ്കിലും സ്വദേശത്തേക്ക് മടങ്ങാൻ അവരൊരുങ്ങിയത്. കൃഷി ആത്മഹത്യയിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ഇതേ വയറുകളുടെ നിലവിളിയാണ് അവരെ നഗരത്തിലെത്തിച്ചത്. എന്നാൽ കൊറോണ ഭീതിയിൽ രാജ്യമടച്ചപ്പോൾ ഒരു രേഖകളിലും ഇല്ലാത്ത ഇവർ വീണ്ടും പട്ടിണിയിലായി. സ്വന്തം മണ്ണിൽ ഒരു ദിവസം നേരത്തെയെങ്കിലും എത്താനാണ് അവർ കൂട്ടപ്പലായനം നടത്തിയത്. വിശപ്പിന്റെ വിളി മുന്നിൽ നിൽക്കുന്ന അവരെ സുരക്ഷയുടെ പേരിൽ തടയാനാകില്ല. ആ മരണ വെപ്രാളമാണ് നാമിന്നലെ ഡെൽഹിയിലെ തെരുവുകളിൽ കണ്ടത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആരും പറഞ്ഞു കേട്ടില്ല. ഇത് സംബന്ധിച്ച വാർത്തകളെ പലരും കണ്ടില്ലെന്നു നടിക്കുകയാണ്. മോദി തന്നെ മാപ്പ് ചോദിച്ചതിൽ ഇവരെ പരാമർശിക്കുന്നില്ല. ഫ്ലാറ്റുകളിലും വീടുകളിലും തടവിലാക്കപ്പെട്ടവരെപ്പോലെ കഴിയുന്നവരോടാണ് അദ്ദേഹത്തിന്റെ മാപ്പപേക്ഷ. ഒരുനേരത്തെ ആഹാരമോ കിടക്കാനിടമോ ഇല്ലാതെ തെരുവിലിഴയുന്ന ജീവിതങ്ങളെ പ്രധാന മന്ത്രി കാണുന്നില്ല. കാരണം അവരിൽ പലരും ഔദ്യോഗിക രേഖകളും വോട്ടവകാശം പോലുമില്ലാത്തവരാണല്ലോ? അവരുടെ രാഷ്ട്രീയമാണ് ഈ പലായനത്തിൽ തെളിഞ്ഞ് കാണുന്നത്. വിശപ്പിന്റെ രാഷ്ട്രീയം.

തുടക്കത്തിലേ കരുതലുകൾ എടുക്കുകയും കഴിയുന്നിടത്തോളം ടെസ്റ്റുകൾ ചെയ്യുകയും ചെയ്ത കേരളത്തിൽ എന്ത് കൊണ്ട് കൊറോണ പോസിറ്റീവ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതിന് ഉത്തരം മുന്നും പിന്നും നോക്കാതെ ഉത്തരവുകൾ ഇടുകയും രാജ്യം അടച്ചു പൂട്ടി താക്കോൽ കീശയിൽ വെക്കുകയും ചെയ്തവർ പറയില്ല. കൂട്ട പലായനവും ലോക്ക് ഡൗണെന്ന പ്രഹസനവും കഴിയുമ്പോൾ ഈ പാവപ്പെട്ടവരിൽ പാവപ്പെട്ട മനുഷ്യർ മരിച്ചു വീഴുന്നത് റിപ്പോർട്ട് ചെയ്യപ്പെടുക പോലുമില്ല. കാരണം ഇവർ മരിച്ചു വീഴാൻ പോകുന്നത് പട്ടിണിയാലാണ്. ഇവർക്ക് കൊറോണ ടെസ്റ്റുകളുണ്ടാകില്ല, തെരുവിൽ മരിച്ചു വീഴുമ്പോൾ പോസ്റ്റുമോർട്ടങ്ങളും. നരേന്ദ്ര മോദിയോ മന്ത്രിമാരോ ഇത് കാണില്ല. കാരണം അവർ സ്വീകരണ മുറികളിൽ രാമായണം സീരിയൽ കാണുന്നതിന്റെ തിരക്കിലാണ്. ജനങ്ങളെല്ലാം രാമായണം കാണുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ മാത്രമാണ് അവരുടെ ആശങ്ക. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരോട്ടം നൽകിയ ഈ സീരിയൽ ഇനിയും തങ്ങൾക്ക് നൽകാവുന്ന രാഷ്ട്രീയ നേട്ടത്തിൽ മാത്രമാണ് അവരുടെ നോട്ടം. മധ്യപ്രദേശിലെ കോൺഗ്രസ് എം എൽ എമാരെ വിലയ്ക്കെടുത്തതിന് ശേഷം ആഭ്യന്തരമന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ നിശബ്ദനായിരിക്കുന്നതും ശ്രദ്ധേയമാണ്. ലോകത്തും രാജ്യത്തും കൊറോണ വൈറസ് വ്യാപിച്ചതും പട്ടിണി മൂലം പതിനായിരങ്ങൾ രാജ്യ തലസ്ഥാനത്തു നിന്നും പലായനം ചെയ്തതും അദ്ദേഹം അറിഞ്ഞില്ലെന്ന് തോന്നുന്നു. എന്തായാലും പ്രധാനമന്ത്രിയുടെ മാപ്പ് കളയാതെ സൂക്ഷിച്ചു വയ്ക്കാം. പട്ടിണി കൊണ്ട് നെട്ടോട്ടമോടുന്നവർ മരിച്ചു വീഴാറാകുമ്പോഴെങ്കിലും അവർക്ക് പുഴുങ്ങിക്കൊടുക്കാം.Also Read: കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories