TopTop
Begin typing your search above and press return to search.

'തങ്ങള്‍ കൂടി വോട്ടുചെയ്ത പാസ്സാക്കിയ എന്‍ഐഎ നിയമത്തെക്കുറിച്ചാണ് സിപിഎം ഇപ്പോള്‍ പറയുന്നത്, ഇരട്ടത്താപ്പുമായി അധികം മുന്നോട്ടുപോകാനാകില്ല'

തങ്ങള്‍ കൂടി വോട്ടുചെയ്ത പാസ്സാക്കിയ എന്‍ഐഎ നിയമത്തെക്കുറിച്ചാണ് സിപിഎം ഇപ്പോള്‍ പറയുന്നത്, ഇരട്ടത്താപ്പുമായി അധികം മുന്നോട്ടുപോകാനാകില്ല

'താഹാ - അലൻ' യു എ പി എ കേസ് എൻഐഎയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന പരിഹാസ്യമാണ്. എൻ ഐ എ നിയമം പാസാക്കാൻ വോട്ട് ചെയ്തവരാണ് ഇപ്പൊൾ ഫെഡറൽ സംവിധാനം ദുർബലപ്പെടുമെന്ന് വ്യാകുലപ്പെടുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎം പയറ്റി കൊണ്ടിരിക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെയും അതിലൂടെ ആ പാർട്ടി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെയും തുറന്നുകാണിക്കുന്നതാണ് ഈ പ്രസ്താവന.

2008 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് എൻഐഎ നിയമം പാസാക്കപ്പെടുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തി ലാണ്‌ അന്നത്തെ ആഭ്യന്തരമന്ത്രി P. ചിദംബരം എൻഐഎ നിയമം അവതരിപ്പിക്കുന്നത്. ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഒഴിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും എൻഐഎ എന്ന ഫെഡറൽ അന്വേഷണ ഏജൻസിക്ക്‌ അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സിപിഎം അംഗമായ ബസുദേവ് ആചാര്യ എൻഐഎ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.തുടക്കത്തിൽ ഇത്തരം കേന്ദ്ര അന്വേഷണ ഏജൻസി കൾക്ക് ഞങ്ങൾ എതിരായിരുന്നു.പക്ഷേ ഇപ്പൊൾ നടക്കുന്നത് പോലുള്ള ഭീകരാക്രമണങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാണ് അതുകൊണ്ട് ഞങ്ങൾ ഇത് പോലൊരു ഏജൻസിയെ പിന്തുണക്കുന്നു എന്നാണ് ബസു ദേവ് ആചാര്യ ലോക്സഭയിൽ പ്രസംഗിച്ചത്. എന്തായാലും ചർച്ചക്കൊടുവിൽ സിപിഎം എൻഐഎ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്.

രാജ്യസഭയിൽ സീതാറാം യെച്ചൂരി തന്നെ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങെളെ കുറിച്ച് വാചാലനായ ശേഷം അദേഹം ദേശീയ തലത്തിൽ ഒരു അന്വേഷണ ഏജൻസിയെ അംഗീകരിക്കുകയാണ് ചെയ്തത്. രാജ്യം നേരിടുന്ന ഭീകരാക്രമണങ്ങളിലെ കണ്ണികൾ പലപ്പോഴും സംസ്ഥാന അതിർത്തികളും ചിലപ്പോൾ അന്താരാഷ്ട്ര അതിർത്തികളും കടന്നു പോകുന്നവയാണെന്നും അതിനാൽ നമുക്ക് ഒരു ഫെഡറൽ അന്വേഷണ ഏജൻസി ആവശ്യമാണെന്നും അതുകൊണ്ട് എൻഐഎ രൂപീകരിക്കാനുള്ള നിർദേശത്തെ ഞങ്ങൾ അംഗീകരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ അതോടൊപ്പം ഒരു നിർദ്ദേശം കൂടി മുന്നോട്ടു വച്ചിരുന്നു. എൻഐഎ നിയമത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആണ് എൻഐഎ അന്വേഷിക്കേണ്ടത്. അതുപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയ യു എ പി എ നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യത്തിനെതിരായ കുറ്റങ്ങൾ എന്നിവയുടെ അന്വേഷണത്തിൽ സംസ്ഥാന പോലീസിനെ കൂടി നിർബന്ധമായും യോജിപ്പിച്ച് അന്വേഷണം നടത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

സിപിഎം ഉന്നയിച്ച രണ്ടു നിർദ്ദേശങ്ങൾ, അതായത് ബില്ല് സ്റ്റാൻഡിംഗ് കമ്മറ്റിക്കു വിടണമെന്നതും, എൻ ഐ എ നിയമത്തിലെ പട്ടികയിൽ പറയുന്ന യു എ പി എ , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയുടെ അന്വേഷണത്തിൽ സംസ്ഥാനങ്ങളെ കൂടി സഹകരിപ്പിക്കണമെന്നതും, രണ്ടും അംഗീകരിക്കപ്പെട്ടില്ലെങ്കിലും എൻ ഐ എ നിയമത്തെ അനുകൂലിക്കുകയാണ് സി പി എം ചെയ്തത്. സി പി എം അന്ന് എൻ ഐ എ നിയമ ചർച്ചയിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമായിരുന്നില്ല. അവ തീർത്തും ദുർബ്ബലമായിരുന്നു താനും. അപ്രകാരം യു എ പി എ നിയമം പാസാക്കാൻ അനുകൂലിച്ചവരാണ് ഇപ്പോൾ ഫെഡറൽ സംവിധാനത്തെ കുറിച്ച് ആകുലപ്പെടുന്നത്.

സി പി എം ഉൾപ്പടെ ചേർന്ന് പാസാക്കിയ എൻ.ഐ.എ നിയമത്തിലെ ആറാം വകുപ്പനുസരിച്ച് യു എ പി എ പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്താൽ ഉടനടി തന്നെ ആ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജ് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് അയക്കണം. ആ റിപ്പോർട്ട് കിട്ടിയാലുടൻ സംസ്ഥാന സർക്കാർ എത്രയും വേഗം കേന്ദ്ര സർക്കാറിന് അത് അയച്ചു കൊടുക്കണം. കേന്ദ്ര സർക്കാർ റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം കേസിന്റെ ഗൗരവവും മറ്റ് പ്രസക്ത ഘടകങ്ങളും പരിശോധിച്ച് ഈ കേസ് എൻ ഐ എ അന്വേഷിക്കത്തക്കതാണൊ എന്ന് തീരുമാനിക്കണം. എൻ ഐ എ അന്വേഷിക്കത്തക്കതാണെന്ന് കണ്ടാൽ കേന്ദ്ര സർക്കാർ എൻഐഎ അന്വേഷണത്തിന് ഉത്തരവിടാം . ഇത് കൂടാതെ എൻഐഎ നിയമപ്രകാരം അന്വേഷിക്കേണ്ട ഒരു കുറ്റകൃത്യം നടന്നുവെന്ന് കേന്ദ്ര സർക്കാറിന് അഭിപ്രായമുണ്ടെങ്കിൽ സ്വമേധയാ തന്നെ എൻ ഐ എ യോട് അന്വേഷിക്കാൻ നിർദേശം നൽകാം. അതായത് യു എ പി എ പ്രകാരമുള്ള ഒരു കേസ് എൻ. ഐ.എ. അന്വേഷണത്തിന് വിടാൻ കേന്ദ്ര സർക്കാറിന് സംസ്ഥാന സർക്കാറുകളോട് ആലോചിക്കേണ്ട കാര്യമില്ല എന്നർത്ഥം. ഈ വകുപ്പ് ഉൾപ്പെടുന്ന എൻ ഐ എ നിയമം പാസാക്കാൻ അനുകൂലിച്ചവരാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ എൻ ഐ എ അന്വേഷണത്തിന് വിട്ടത് ശരിയായില്ലെന്നും ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും ഇപ്പോൾ പ്രതിഷേധിക്കുന്നത്.

തുടർച്ചയായി വ്യാജ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുകയും, താഹയേയും, അലനെയും അറസ്റ്റു ചെയ്യുകയും ചെയ്ത പോളിറ്റ് ബ്യൂറോ അംഗത്തിന് കീഴിലെ പോലീസിന്റെ നടപടിയെ ന്യായീകരിക്കാൻ സി പി എം സംഘടനാ സംവിധാനം മുഴുവനും ഉപയോഗിച്ച് ഉയർത്തിയ മാവോയിസ്റ്റ് - ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ കൂട്ടുകെട്ടെന്ന പ്രചരണം കേന്ദ്ര സർക്കാർ ഇടപെടലിന് സഹായകമായി എന്നതാണ് വാസ്തവം. താഹയുടെയും അലന്റെയും അറസ്റ്റിനെ പിന്തുണച്ചു കൊണ്ടും കോഴിക്കോട് ഇസ്ലാമിസ്റ്റ് ഭീകരസംഘടനയുമായി ചേർന്ന് മാവോയിസ്റ്റ് പ്രവർത്തനം ശക്തിപ്പെടുന്നുവെന്ന സി പി എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടും അനുമോദിച്ചു കൊണ്ടും സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നതും താഹ - അലൻ കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടതും നമ്മുടെ മുന്നിലുണ്ട്. കേവലം അവസരവാദം മാത്രം മുൻനിറുത്തി സിപിഎം നടത്തിയ ഇത്തരം രാഷ്ട്രീയ നീക്കങ്ങളുടെ ഇരകളാണ് വാസ്തവത്തിൽ താഹയും അലനും. എന്നിട്ട് തങ്ങളുടെ പങ്ക് മറച്ചു വെക്കാനായി രാഷ്ട്രീയ സത്യസന്ധതയില്ലാതെ പ്രതിഷേധക്കുറിപ്പെന്ന നെറികേടും ഉയർത്തിപ്പിടിച്ചു വരികയാണ്. നവ ഉദാരവാദ വ്യവസ്ഥക്കകത്ത് സി പി എമ്മിന്റെ അവസരവാദ രാഷ്ട്രീയം എത്തി ചേർന്നിരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദുത്വഫാസിസ്റ്റ് വിരുദ്ധവും നവ ഉദാരവാദ ബദലിന്റേതുമായ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നുവെന്ന് വീമ്പിളക്കുന്ന സി പി എം എത്ര നിസാരമായാണ് ബി ജെ പി ഒരുക്കിയ കെണിയിൽ വീണുപോയത്.

സി പി എമ്മിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് താഹയേയും അലനെയും ബലിയാടുകളാക്കിയിരിക്കുന്നത്. ഭരണകൂടത്തെ ഉപയോഗിച്ച് ചെറുപ്പക്കാരുടെ രാഷ്ട്രീയാന്വേഷണങ്ങളെയും, ജിജ്ഞാസയേയും തടഞ്ഞു നിറുത്താമെന്നും വ്യാമോഹിച്ചു. എന്തായാലും ഇരയോടും വേട്ടക്കാരനോടുമൊപ്പം ഓടുക എന്ന നയം ഇനി അധികാലം തുടരാനാക്കില്ല.

ഫേസ്ബുക്ക് പോസ്റ്റ്.


Next Story

Related Stories