TopTop
Begin typing your search above and press return to search.

വലിയ കവിയായിരുന്നു, പക്ഷേ ചെറിയ സംഘിയായി പോയി എന്ന് പറഞ്ഞാല്‍ തീര്‍ന്നു

വലിയ കവിയായിരുന്നു, പക്ഷേ ചെറിയ സംഘിയായി പോയി എന്ന് പറഞ്ഞാല്‍ തീര്‍ന്നു

2001-ല്‍ ആണ് വി.എസ് നയ്പോളിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. നയ്പോള്‍ നോബലിന് അര്‍ഹനാണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഘോരഘോരമായി നടന്നിരുന്നു. എനിക്ക് അന്നത്തെ പരിമിതമായ, ഇരുപതുകളുടെ ആദ്യ പകുതിയില്‍ നില്‍ക്കുന്ന ആളുടെ, വായനാനുഭവത്തില്‍ ഒരു കാരണവശാലും നയ്പോള്‍ നോബല്‍ എന്ന ബഹുമതി അര്‍ഹിക്കുന്നില്ല എന്നായിരുന്നു ധാരണ. പിന്നീട് നയ്പോളിനെ വായിക്കാത്തത് കൊണ്ട് അഭിപ്രായത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല. മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല താനും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ താലിബാന്‍-അല്‍ഖൈയ്ദ എന്നീ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുകയും അമേരിക്ക കേന്ദ്രീകരിച്ച് ലോകം മാധ്യമങ്ങളിലൂടെയൂടെയും ഡിപ്ലോമാറ്റിക്ക് നൊഗോഷിയേഷന്‍സിലൂടെയും ഇസ്ലാമിക് റ്റെററിസം എന്ന വാക്ക് പ്രചുരപ്രചാരത്തിലാക്കുന്ന തത്രപാടിലായിരുന്നു. ആ കാലത്ത് അറിയപ്പെടുന്ന മുസ്ലീം വിരുദ്ധനായ വി.എസ് നയ്പോളിന് സാഹിത്യത്തിന് നോബല്‍ സമ്മാനം കിട്ടിയത് സ്വഭാവികമെന്നതായിരുന്നു എല്ലാവരും കരുതിയത്.

നോബലും ജ്ഞാനപീഠവുമൊക്കെ ഏതെങ്കിലും വ്യവസ്ഥാപിത ഭരണകൂടമോ ജനപ്രതിനിധികളോ കൈകാര്യം ചെയ്യുന്ന സമിതികളല്ല. തികച്ചും സ്വകാര്യ സംവിധാനങ്ങളാണ്. പലതരത്തിലും പോപുലര്‍ അഭിരുചികളെ പിന്തുടര്‍ന്ന് മാത്രമേ പുരസ്‌കാരങ്ങള്‍ നോബല്‍ അക്കാദമിയും ജ്ഞാനപീഠ അക്കാദമിയുമൊക്കെ തീരുമാനിക്കാറുള്ളൂ. അതൊന്നും അബ്സൊല്യൂട്ട് മെറിറ്റിന്റെ ഘോഷണവുമില്ല.

ആദ്യത്തെ ജ്ഞാനപീഠം ലഭിക്കുന്നത് ജി. ശങ്കരകുറുപ്പിനാണ്; 1965-ല്‍. 1950-ല്‍ എഴുതിയ ഓടക്കുഴലിന്. വൈലോപ്പിള്ളിയും ഇടശ്ശേരിയും കുഞ്ഞിരാമന്‍ നായരും കവിതയെഴുതുന്ന കാലമാണ്. ഇന്ന് തിരിഞ്ഞ് നോക്കിയാല്‍ ശങ്കരക്കുറുപ്പിനേക്കാള്‍ വലിയ കവികളാണ് ഇവരെല്ലാവരും. പക്ഷേ അവാര്‍ഡ് കിട്ടയത് ശങ്കരക്കുറുപ്പിനാണ്. ഏതോ ടാഗോറിയന്‍ ലെഗസി ശങ്കരക്കുറുപ്പ് പിന്തുടരുന്നതായി അന്ന് പുരസ്‌കാര സമിതി കണ്ടെത്തിക്കാണും. വൈക്കം മുഹമ്മദ് ബഷീര്‍, വി.കെ.എന്‍, ഓ.വി വിജയന്‍, കമലസുരയ്യ, എന്നിങ്ങനെയുള്ള മലയാളത്തിലെ വലിയ എഴുത്തുകാര്‍ക്കാര്‍ക്കും ജ്ഞാനപീഠം ലഭിച്ചിട്ടില്ല. പക്ഷേ ലഭിച്ചവരാകട്ടെ മോശക്കാരുമല്ല. തീര്‍ച്ചയായും അക്കിത്തം അച്യുതന്‍ നമ്പൂതിരി ഏത് കവിത പുരസ്‌കാത്തിനും യോഗ്യനാണ്.

അക്കിത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ യോഗ്യതയുണ്ടോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തമാശയാണ്. എഴുപതുകളില്‍ തന്നെ അക്കിത്തം അതിനര്‍ഹനാണ്. അദ്ദേഹം എഴുതാനുള്ളതൊക്കെ അക്കാലത്തിലുള്ളില്‍ എഴുതിതീര്‍ത്തു. വലിയ കവിയാണ്. ഒരു കാലത്ത് പുരോഗമ വാദിയുമായിരുന്നു.

കേരള നവോത്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സണ്ണി എം. കപിക്കാട് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. പൊതുവേ നവോത്ഥാനത്തെ കുറിച്ച് പറയുമ്പോ എല്ലാവരും ഇതെന്തോ കീഴാള-പിന്നാക്ക സമൂഹത്തിനെ ഉദ്ധരിക്കാന്‍ നടത്തിയ കാര്യമായാണ് പറയുന്നത്. പക്ഷേ, യഥാര്‍ത്ഥത്തില്‍ കേരള നവോത്ഥാനം കൊണ്ട് ഇരുപതാം നൂറ്റാണ്ടില്‍ ഗുണം ലഭിച്ചത് സവര്‍ണ്ണസമൂഹത്തിനാണ്. പ്രാകൃത ജീവിതം നയിച്ചിരുന്ന- സ്വന്തം മക്കളെ തൊടാന്‍ സാധിക്കാത്ത നമ്പൂതിരി പുരുഷന്മാരെയും ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ പറ്റാത്ത നായര്‍ സ്ത്രീകളേയും മറക്കുടയെന്ന നകരത്തില്‍ പൊലിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെയും ഒക്കെ മനുഷ്യരാക്കുന്ന പ്രക്രിയായായിരുന്നു നവോത്ഥാനം. അവരാണ് മനുഷ്യരായി ഈ പ്രക്രിയിലൂടെ പരുവപ്പെട്ടത് എന്ന്. ആ മൂവ്മെന്റിന്റെ ഭാഗമായിരുന്നു അക്കിത്തമൊക്കെ. നമ്പൂതിരി ലേശം മനുഷ്യനായി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, പിന്നീട് സംഘിയായി. (അതില്‍ സംശയിക്കരുത്, ആത്മീയതയുടെ മറ്റേ ആവരണവുമായി വരരുത്. അക്കിത്തം, ആര്‍.എസ്.എസ് ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന ആളാണ്. അതിനെയൊക്കെ ഓ.വി.വിജയന്‍ മോഡല്‍ സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെടുത്തതരുത്. വിജയനൊക്കെ ഫാഷിസം എന്നതിനെ, അബ്സൊല്യൂട്ട് പവര്‍ എന്നതിനെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നോര്‍ക്കണം. കമ്മ്യൂണിസത്തോടുപോലും വിജയനുള്ള എതിര്‍പ്പ് രൂപപ്പെടുന്നത് അതിലല്ലേ? ഇത് ആ അബ്സൊല്യൂട്ട് അധീശത്വത്തെ അംഗീകരിക്കുന്ന സംഘനിലപാടാണ്. സുവ്യക്തമായുള്ളത്)

വി.വിശ്വനാഥമേനോനെ കുറിച്ചും ലീലമേനോനെ കുറിച്ചുമൊക്കെ മുമ്പ് എഴുതിയിരുന്നപ്പോള്‍ പറഞ്ഞ കാര്യമാണ്. വ്യക്തികളുടെ ഭൂതകാലം കൊണ്ട് മാത്രം അവരെ ആലോചിക്കാവില്ല. അവരുടെ വര്‍ത്തമാനകാലമാണ്, ഒരു സമൂഹത്തിന്റെ നിര്‍ണ്ണായക വര്‍ത്തമാന സന്ധികളില്‍ അവരെങ്ങനെ പ്രതികരിച്ചു, അവരുടെ രാഷ്ട്രീയമെന്തായിരുന്നു എന്നൊക്കെയാണ് കണ്‍സേണ്‍ ആയി വരിക. വലിയ കവിയായിരുന്നു, പക്ഷേ ചെറിയ സംഘിയായി പോയി എന്ന് പറഞ്ഞാ തീര്‍ന്നു. ഇന്ത്യയില്‍ അതില്‍ കൂടുതല്‍ ദുരന്തമുണ്ടാകാനില്ല. ശുഭം.


Next Story

Related Stories