TopTop
Begin typing your search above and press return to search.

ദേവികയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ദേവികയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ആറു മുതൽ 14 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് സൗജന്യമായും സർവ്വത്രികമായും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളത് ഭരണഘടന അനുശാസിക്കുന്ന നിയമവും കുട്ടികളുടെ അടിസ്ഥാന അവകാശവും ആണ്. ഇന്നലെ തൊട്ട് കേരളം വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പരീക്ഷണത്തിലേക്ക് കടന്നു. പലരും പ്രശംസിച്ചു. ട്രോൾ സംസ്കാരം ശീലമാക്കിയ മലയാളികൾ പല രീതിയിൽ അതിൽ അശ്ലീലം കണ്ടു. ലാപ്ടോപ്പിലും ടിവിയിലും കുട്ടികൾ പഠിക്കുന്ന ചിത്രങ്ങൾ പലരും പങ്ക് വെച്ചു. എന്നാൽ ഇതിനൊന്നും കഴിയാത്ത കുട്ടികളുടെ കാര്യം ആലോചിച്ചു നോക്കിക്കേ? അവരുടെ ആകുലതകൾ എന്തായിരിക്കും. അതിന്റെ ആഴം എത്രെ കണ്ട് ഉണ്ടാവും. വിദ്യാഭ്യാസം ലഭിക്കുമോ എന്ന പേടിയുള്ളതിനാൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്ന വാർത്ത വന്നു കഴിഞ്ഞു.അത് ചെറിയൊരു ശതമാനം അല്ലെ എന്നൊക്കെ പലരും ചിന്തിക്കും. അങ്ങനെ ഒരു ചെറിയ ശതമാനം ആയതു കൊണ്ടാണ് കേരളത്തിലെ ആദിവാസി ജനത ഇന്നും മുഖ്യധാരയിലേക്ക് വരാതെ പോയത്. മാത്രമല്ല, എന്ത് തരം കണക്കുകൾ വെച്ചാണ് പലരും ചെറിയ ശതമാനം എന്ന് പറയുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്. കുറഞ്ഞത് ഒരു സർവ്വേ എങ്കിലും നടത്തിയിട്ടുണ്ടോ. ഒരു കുട്ടിയുടെ വീട്ടിൽ മൊബൈലോ ഇന്റർനെറ്റോ ഉണ്ടോ, ടി വി ഉണ്ടോ, കേബിൾ ഉണ്ടോ, കറന്റ് ബില്ല്‌ അടക്കാൻ ഉള്ള പ്രാപ്തിയുണ്ടോ, അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടോ, അവർ പോയാൽ മൊബൈലോ ഇന്റെർനെറ്റോ കുട്ടിക്ക് ലഭ്യമാവുമോ? വയസ്സായവർ ആണ് വീട്ടിൽ ഉള്ളതെങ്കിൽ അവർക്ക് സാങ്കേതിക അറിവുകൾ ഉണ്ടോ? റെസിഡന്റിൽ സ്കൂളുകളിൽ പഠിക്കുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ എന്താണ് ചെയ്യുക? ഭിന്നശേഷികരായ കാഴ്ചാപരിമിതിയൊക്കെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെ നടപ്പിലാകും? ടീച്ചർമാരുടെ വീട്ടിലെ സാഹചര്യം എന്തൊക്കെയാണ്? പെട്ടന്നുള്ള മാറ്റങ്ങൾ അവരിൽ എന്തൊക്കെ സ്ട്രെസ് ഉണ്ടാക്കുന്നുണ്ട്? അത് അധ്യാപനത്തിൽ ഏതൊക്കെ രീതിയിൽ പ്രതിഫലിക്കും? ഇതൊന്നും ലഭ്യമാക്കാൻ കഴിയാത്ത രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥകൾ എന്തൊക്കെയാണ്? ആത്യന്തികമായി നമ്മുടെ സ്വന്തം കുഞ്ഞുങ്ങളിൽ ആരെങ്കിലും പഠിക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ടോ?ചെറുപ്പത്തിൽ ഉണ്ടാവുന്ന അരക്ഷിതാവസ്ഥയും ആകുലതകളും വളർച്ചയുടെ ഘട്ടങ്ങളിലും വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നവയാണ്. വലിയവരെ പോലെ തന്നെ അഭിമാനബോധവും സ്വാശ്രയ ചിന്തകളും ഒക്കെ കുട്ടികൾക്കും ഉണ്ട്. വീടിനു പുറത്തുള്ള ആശ്രയങ്ങൾ പലപ്പോഴും അവർക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടാക്കാം. അത് പല രീതിയിൽ ഉള്ള സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നുണ്ട്.കേരളത്തിന്റെ പൊതുവിദ്യാഭ്യാസം വ്യത്യസ്തമാകുന്നത് അത് എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും പ്രാപ്യമായ ഒന്നായത് കൊണ്ടാണ്. കേരളം അഭിമാനിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നേട്ടം സമ്മാനിച്ചതും ഇത് തന്നെയാണ്. വിദ്യാഭ്യാസത്തിനൊപ്പം പോഷകാഹാരവും ഉറപ്പു വരുത്തിയിരുന്നു നമ്മുടെ പൊതു വിദ്യാലയങ്ങൾ. ഈ പ്രത്യേക സാഹചര്യത്തിൽ അതിനു പകരമായുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെങ്കിലും. ആവശ്യം വേണ്ട പോഷകാഹാരം ഉറപ്പു വരുത്താൻ സാധിക്കുന്നുണ്ടോ എന്നുള്ളതൊക്കെ നിസ്സാരമായി തോന്നാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്.മനുഷ്യന്റെ ഓട്ടങ്ങളെയും നേട്ടങ്ങളെയും ഒക്കെ പരിഹസിച്ചു കൊണ്ടാണ് ഒരു മഹാവ്യാധി കടന്ന് വന്നിരിക്കുന്നത്. അടിക്കടി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്ക് ദൃക്‌സാക്ഷികൾ ആയവരും അതിന്റെ തീവ്രതകൾ അനുഭവിച്ചവരും അതിനെ കുറിച്ചുള്ള ഭയത്തിൽ ജീവിക്കുന്നവരുമാണ് മലയോര മേഖലയിലേയും ആലപ്പുഴ പോലെ പ്രളയ സാധ്യത ഏറെ ഉള്ള ജില്ലകളിലെയും കുട്ടികൾ. ഇതെല്ലം ബാക്കിയാക്കുന്നത് മനുഷ്യർക്കിടയിലെ അന്തരങ്ങളെ ആണോ എന്ന വലിയ ചോദ്യം ആണ് മുന്നിൽ ഉള്ളത്. ആ ചോദ്യത്തിന് ഉത്തരം നൽകാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്.2030ലേയ്ക്ക് യു എൻ മുന്നോട്ട് വെയ്ക്കുന്ന വികസന നയം തന്നെ ഒരാളെ പോലും പിന്തള്ളാതെ ഇരിക്കുക എന്നുള്ളതാണ്. ആ സമവാക്യത്തിനോട് നമ്മൾ എത്രെ ശതമാനം നീതി പുലർത്തുന്നുണ്ട് എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. മാസങ്ങളായി വീടുകളിൽ വെറുതെ ഇരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെ കുറിച്ചും ചിന്തിക്കണ്ടേ എന്നൊക്കെയുള്ളത് സ്വാഭാവികമായ ചോദ്യമാണ്. ദുരന്തങ്ങൾ പുതിയ സാധ്യതകൾ കൂടെ തുറന്നു നൽകുന്നു. ഓൺലൈൻ വിദ്യാഭ്യാസം അങ്ങനെ ഒരു സാധ്യത അല്ലെ എന്നും ഒക്കെ ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ ഉള്ള ക്ലാസ്സുകൾ തന്നെ സംഘടിപ്പിക്കാൻ ഉള്ള കഷ്ടപ്പാടുകളുടെ വലിപ്പം അറിയാഞ്ഞിട്ടുമല്ല. എന്നാൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉള്ള അനൂകുല്യങ്ങൾ അവർക്ക് ലഭിക്കും. ഡി.പി.ഇ.പി സിലബസും കൂട്ടത്തിൽ കുറെ അസൈൻമെന്റുകളും വന്നപ്പോൾ പത്രം പോലും വരുത്താത്തതിനാൽ കഷ്ടപ്പെട്ടിരുന്ന പഴയ ഒരു ആറാം ക്ലാസ്സുകാരിക്ക് ഇത്രെയും പറയാമല്ലോ?


Next Story

Related Stories