Top

'കാശ്മീരികൾക്കു വേണ്ടി ആര് സംസാരിച്ചാലും കയ്യടിക്കും; പാകിസ്താൻ ഭരണാധികാരി ഒഴികെ'

കാശ്മീരികൾക്കു വേണ്ടി ആര് സംസാരിച്ചാലും  കയ്യടിക്കും; പാകിസ്താൻ ഭരണാധികാരി ഒഴികെ

പാകിസ്‌ഥാൻ പ്രധാനമന്ത്രിയുടെ യു എൻ പ്രസംഗം കേൾക്കുകയായിരുന്നു.

കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ച്, സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളെ കൊള്ളയടിക്കുന്നതിനെക്കുറിച്ച്, ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഒക്കെ ഗംഭീരമായി സംസാരിച്ചതിനുശേഷമാണ് കശ്മീർ വിഷയത്തിൽ എത്തിയത്. തകർന്നുകൊണ്ടിരിക്കുന്ന തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവവസ്‌ഥയ്‌ക്ക്‌ താൻ അവിടുണ്ടാകേണ്ട അത്യാവശ്യം ഉണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവവും അടിയന്തിര സ്വഭാവവും പരിഗണിച്ചാണ് താൻ യു എന്നിലെത്തിയതെന്നും പറഞ്ഞാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയതുതന്നെ. എന്നിട്ടു കാശ്‌മീരിന്റെ കുറച്ചു ചരിത്രവും ഇപ്പോൾ സംഭവിക്കുന്നതുമെല്ലാം പറഞ്ഞു. കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്കോർമ്മവന്നത് ഒരു കാര്യമാണ്.

പ്രസംഗത്തിന്റെ ഈ പാറ്റേൺ എനിക്കറിയാം!

കുറെയേറെ സത്യങ്ങൾ പറയുക. എന്നിട്ടതിന്റെ ഇടയിലൂടെ തനിക്കാവശ്യമായ നുണകൾ തിരുകിക്കയറ്റുക. ഉദാഹരണത്തിന്, ഇപ്പോൾ കാശ്മീരിൽ ഉള്ള ദുരനുഭവങ്ങൾ മുസ്ലിങ്ങൾക്ക് മാത്രമാണെന്നും ഹിന്ദുക്കൾക്ക് അതില്ല എന്നും പറഞ്ഞു. ഏത്, പാകിസ്‌ഥാൻ ചെല്ലും ചെലവും കൊടുത്തുവളർത്തി പരിശീലിപ്പിച്ചുവിട്ട ഭീകരന്മാർ താഴ്വരയിലെ ഹിന്ദുക്കളെ കൊന്നും ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടും അവിടിപ്പോൾ പഴയ പോലെ ഹിന്ദുക്കളില്ല. ലക്ഷങ്ങൾ ഉണ്ടായിരുന്നവർ ഇപ്പോൾ ആയിരങ്ങളായി. അവർക്കു മാത്രമായി അവിടെ മൊബൈൽ ഫോണും ഇന്റർനെറ്റും സ്‌കൂളും ആശുപത്രിയും പ്രവർത്തിക്കുന്നതായി ഒരു റിപ്പോർട്ടുമില്ല.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലോ പാകിസ്‌ഥാനിലോ ചേരാതിരുന്ന ജമ്മു കശ്മീർ പിടിക്കാൻ പട്ടാളത്തിന്റെ അകമ്പടിയോടെ ഗോത്രവർഗ്ഗക്കാരെ ഇറക്കി കൊള്ളയും കൊള്ളിവയ്പ്പും ബലാൽസംഗവും നടത്തി തുടങ്ങിയതാണ് പാകിസ്‌ഥാൻ ഭരണകൂടം കാശ്‌മീരിന്റെ മേലുള്ള അതിക്രമം. ഭീകരരുടെ ലോക നഴ്‌സറി നടത്തിക്കൊണ്ടിരിക്കുന്ന ആ രാജ്യത്തിന്റെ ഭരണാധിപനാണ് അവിടെ മുസ്ലിങ്ങൾക്ക് മാത്രമാണ് പ്രശ്നം എന്ന് പറയുന്നത്. അവിടുണ്ടായിരുന്ന ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് അവിടം വിട്ടോടിപ്പോകെണ്ടി വന്നതിനു ആര് മൂലകാരണമായോ ആ ഭരണാധികാരിയാണ് അവിടെ ഹിന്ദുക്കൾക്കു പ്രശ്‌നമില്ലെന്ന് പറയുന്നത്; മാതാപിതാക്കളെ കൊന്ന പ്രതി തൻ അനാഥനാണ് എന്ന് ജഡ്ജിയോട് കരുണ യാചിക്കുന്ന അതേ നിഷ്കളങ്കതയോടെ.

ഈ പാറ്റേൺ ഒരിന്ത്യക്കാരനു സുപരിചിതമാണ്: കുറെയേറെ സത്യങ്ങൾ, സൗകര്യമനുസരിച്ച് പെറുക്കിയെടുക്കുന്ന, ആർക്കും നിഷേധിക്കാനാകാത്ത കുറച്ചു കാര്യങ്ങൾ; നേരം വെളുത്താൽ പകലാണ് എന്നൊക്കെ പറയുന്നപോലെ. ഇടയ്ക്കു വിതറുന്ന കുറച്ചു നുണകൾ. വികാരപ്രകടനം, വിതുമ്പലുകൾ. An Indian gets his daily dose. അത് നമുക്ക് പെട്ടെന്ന് മനസിലാകും.കാശ്മീരി മുസ്ലിം ഇന്നനുഭവിക്കുന്ന വേർതിരിവും ക്രൂരതയും മറന്നല്ല ഞാനിതു പറയുന്നത്. കാശ്മീരികൾക്കു വേണ്ടി ആര് സംസാരിച്ചാലും ഞാൻ കയ്യടിക്കും; പാകിസ്‌ഥാൻ ഭരണാധികാരി ഒഴികെ.

അതിപ്പോ ഇമ്രാൻ ഖാനായാലും.


Next Story

Related Stories