പാലത്തായി പീഡനക്കേസിലെ പ്രതി കുനിയില്‍ പത്മരാജന് ജാമ്യം ലഭിച്ച ദിവസം, കേവിഡ് അവലോകനത്തിനിടയില്‍ ഒരു മാധ്യമ പ്രവര്ത്തകന് മുഖ്യ മന്ത്രിയോട് ഇതിനെക്കുറിച്ച് ചോദിച്ചു കണ്ടു. ' പാലത്തായി കേസിന്റെ അന്വേഷണം നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. അതേക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ലല്ലോ'. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇത്. സ്കൂളില്‍ വെച്ച് അധ്യാപകനാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട ഒന്പതുവയസ്സുകാരിക്ക് നീതി നല്കാന് കഴിയാതെ കേരളം എത്ര മുന്നോട്ടു പോയി എന്നു പറഞ്ഞിട്ടും എന്ത് കാര്യമാണുള്ളത്. ഇനി നാം ആര്‍ക്കു വേണ്ടി എന്തിന് വേണ്ടിയാണ് മുന്നോട്ടു പോകുന്നത്.
ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍, കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്റെ ജില്ലയില്‍, എന്നിട്ടും എന്ത് പ്രതികരണങ്ങളാണ് ഇവര്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുളളത്. ഇന്ന് കേരളത്തില്‍ സ്ത്രീകളുടെ അഭിമാനമായി കണക്കാക്കുന്നത് ശൈലജ ടീച്ചറെയാണ്, ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതും അവരാണ്. കോടതി വിധിയോടും മന്ത്രിയും പ്രതികരിച്ചു കണ്ടില്ല. കോവിഡിന്റെ തിരക്കിനിടയിലും മന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയം തന്നെയായിരുന്നു അത്. ഒന്‍പത് വയസുള്ള പെണ്‍കുട്ടിയ്ക്ക് നിയമത്തിന്റെ സംരക്ഷണം നല്കാന് അവര്‍ക്ക് തെല്ലും ഉത്തരവാദിത്വം മന്ത്രിയ്ക്കുമുണ്ടല്ലോ. ഇവിടെ എല്ലാം ചോദ്യങ്ങളായി മാത്രം അവസാനിക്കുകയാണ്.
പ്രതിയെ പിടിക്കാന്‍ കേരള പോലീസെടുത്ത സമയം ഒരു മാസമായിരുന്നു. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 14 വരെയുള്ള 27 ദിവസം കേരളത്തില്‍ പാലത്തായി വലിയ ചര്‍ച്ചപോലുമായില്ല. പ്രതിയെ പിടിച്ചു കഴിഞ്ഞപ്പോഴോ, പോക്സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് മാത്രമാണ് ചാര്‍ത്തിയത്. ഇന്ത്യയില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി കൊണ്ടുവന്ന നിയമമാണ് പോക്സോ. പോക്സോ നിയമ പ്രകാരം 18 വയസിന് താഴെയുള്ളവരെല്ലാം കുട്ടികളുമാണ്. എന്നിട്ടും എന്ത് കൊണ്ട് ഒന്‍പത് വയസ് മാത്രം പ്രായമുള്ള കുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമം പോക്സോയുടെ പരിധിയില്‍ വരുന്നില്ല. ആദിവാസികള്‍ അവരുടെ ഗോത്ര ആചരങ്ങളുടെ ഭാഗമായി വിവാഹം കഴിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ ചുമത്തുന്ന നാടാണ് ഇത്. എന്തിന് സ്വന്തം മകന് അവന്റെ അമ്മയുടെ ശരീരത്തില്‍ ചിത്രം വരച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ ചുമത്തിയതും പോക്സോ വകുപ്പ് തന്നെ. ഒരു പെണ്‍കുട്ടിയെ പീഡീപ്പിച്ചതിന് പോക്സോ ചുമത്താന്‍ മാത്രമുള്ള തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.
ഇനി പ്രതിയിലേക്കു വരാം. അധ്യാപകന് എന്നതിന്റെ അപ്പുറത്ത് ബി ജെ പി നേതാവ് കൂടിയാണ് പത്മരാജന്. എന്നിട്ടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണമെന്തായിരുന്നു. എന്ത് കൊണ്ട് വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നില്ല. പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട് എന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിലായി 90 ദിവസത്തിന് ശേഷം ജൂലൈ 16 നാണ് പത്മരാജന് ജാമ്യം നല്‍കിയത്. പോക്സോ ഉള്‍പ്പെടുത്താതെയുള്ള ഭാഗിക കുറ്റപത്രം അതിന് രണ്ട് ദിവസം മുന്‍പാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. നീതിയെന്നത് തങ്ങളുടെ കക്ഷി രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിന് ഉതകുന്നതാണെങ്കില് മാത്രം പ്രതികരിക്കുന്ന കൂട്ടങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇടത് വലതു കൂട്ടങ്ങള്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു
പാലത്തായിക്ക് മുന്‍പ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിട്ടു പോലും ഒരു നടപടിയുമില്ലാതെപോയ കേസാണ് വളയാറിലെ ദളിത് സഹോദരിമാരുടെത്. വാളയാറിലേക്കു വരികയാണെങ്കില്‍ 52 ദിവസത്തെ ഇടവേളയില്‍ പതിമൂന്നും ഒന്‍പതും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യത്തെ കുട്ടി പീഡനത്തിനിരയായി മരണപ്പെട്ടിട്ടും അതിനെതിരെ കേസെടുക്കാനും അന്വേഷണം ആരംഭിക്കാനും രണ്ടാമത്തെ കുട്ടിയുടെ മരണം വേണ്ടിവന്നു. രണ്ടാമത്തെ കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ശേഷം സംഭവം വിവാദമായതോടെയാണ് അന്വേഷണം പോലും ഉണ്ടായത്. കുട്ടികള്‍ ഉഭയസമ്മതപ്രകാരമാണ് പ്രതികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നു പറഞ്ഞ പോലീസുദ്യോഗസ്ഥന് ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നു.
എടപ്പാളില്‍ തിയറ്ററിനുള്ളില്‍ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസും എവിടെയും എത്തിയിരുന്നില്ല. പാലത്തായിയും വാളയാറും, എടപ്പാളും മാത്രമല്ല നമ്മള് കാണാത്ത, അറിയാത്ത ഒരുപാട് കുഞ്ഞുങ്ങള്‍ നിരന്തരം പീഡനത്തിരയാകുന്നുണ്ട്. പാലത്തായിയും വാളയാറുമെല്ലാം ആ പെണ്‍കുട്ടികളോട് എന്താണ് പറയുന്നത്. നിങ്ങളെ സംരക്ഷിക്കാന്‍ നിയമത്തിനാകില്ല എന്നു കേട്ടല്ലേ ആ കുട്ടികള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. ഭരണാധികാരിയുടെ കരുതലിനെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ചുള്ള പിആര്‍ എക്സസൈസുകള്ക്ക് പെണ്‍കുട്ടികളുടെ ജീവിത ദുരന്തങ്ങള്‍ മറച്ചുപിടിക്കാന്‍ കഴിയില്ല.