TopTop
Begin typing your search above and press return to search.

'ഈ ഫെമിനിസ്റ്റുകൾ എപ്പോഴും ഡിവോഴ്സ് ആകും അല്ലേ ചേച്ചീ?'

ഈ ഫെമിനിസ്റ്റുകൾ എപ്പോഴും ഡിവോഴ്സ് ആകും അല്ലേ ചേച്ചീ?

ഫെമിനിസ്റ്റുകൾ എപ്പോഴും ഡിവോഴ്സ് ആകും അല്ലേ ചേച്ചീ?

പ്രിയപ്പെട്ട ഒരു മെയില്‍ സ്റ്റുഡന്റ് ചോദിച്ചത്.

അവനോട് ഞാൻ ചോദിച്ചു: "നീ ഈ പറഞ്ഞതിൽ പുരുഷന്മാരായ ഫെമിനിസ്റ്റുകൾ എത്ര പേർ ഉണ്ട്"

ചെക്കന്റെ കിളി അല്പസമയത്തേക്ക് പോയത് തിരിച്ചു വന്നപ്പോൾ അവൻ പറഞ്ഞു.

അല്ല ചേച്ചീ. നമ്മൾ സാദാ കാണുന്ന ഫെമിനിസ്റ്റുകൾ ഇല്ലേ? അവർ.

ഞാൻ: യു മീൻ എന്നേപ്പോലെ? (ഇത് തള്ളായി തോന്നുന്ന ആളുകൾ ക്ഷമിക്കുമല്ലോ)

സ്റ്റുഡന്റ്: ഹാ! അത് തന്നെ. ചേച്ചിയും ഒരൂസം ഡിവോഴ്സ് ആകുമെന്നാ തോന്നണേ

ഞാ: തമ്പുരാനേ. നാക്ക് കാണിച്ചേ ചക്കരേ.

സ്റ്റു: പറ. ഇതുപോലെ മിക്ക ഫെമിനിസ്റ്റുകളും ഡിവോഴ്സ് ആകാറുണ്ട്. പിന്നെ കാണാറുള്ളത് സിൽമാനടികളാ. അവർ പക്ഷേ വേറെരീതി ജീവിതമല്ലേ?

ഇപ്രാവശ്യം അത്യാവശ്യം ചൊറിഞ്ഞുതുടുത്തു.

ഈ വേറെരീതി ജീവിതം എന്തുവാ മക്കളേ.

വളരെ ചെറുപ്പം ആയിരിക്കുമ്പോ സിനിമയിൽ വരുന്നു. സ്വന്തമായി കാശുണ്ടാക്കുന്നു. സ്വന്തമായി കാശ് വരുമ്പോ മിക്കവാറും കാര്യങ്ങളിൽ സ്വയം തീരുമാനം ആകാം എന്ന തിരിച്ചറിവുണ്ടാകുന്നു. പതിയെ ആളുകൾ കുറ്റപ്പെടുത്താൻ തുടങ്ങുന്നു. നാട്ടുകാർ കഴിഞ്ഞു വീട്ടുകാർ തുടങ്ങുമ്പോ സമാധാനം കണ്ടെത്താൻ ആരേലുമായി അടുക്കുന്നു. ഇങ്ങനെയുള്ള സ്ട്രെസ് ഒന്നുമില്ലാത്തവരും ഇമോഷണൽ ലൈഫിന്റെ തൃപ്തിക്ക് വേണ്ടി ഇണയെ കണ്ടെത്തുന്നു. അത് മിക്കപ്പോഴും വിവാഹത്തിലെത്തുന്നു. ശുഭം എന്ന് സിനിമയിൽ കാണിക്കും.

"മോൾ അനാട്ടമി/ഫിസിയോളജി/അദര്‍ നോൺ ക്ലിനിക് പിജി എടുത്താ മതി, അപ്പോ കുട്ടികളെ നോക്കാൻ സമയം ഉണ്ടല്ലോ. ഞാൻ വല്ല സർജറിയോ മെഡിസിനോ എടുത്തോളാം. എന്റെ തിരക്കിലും കുടുംബം നോക്കാൻ നീ ഉണ്ടല്ലോ?" എന്നൊക്കെപ്പറഞ്ഞു ത്യാഗജീവിതം നയിക്കുന്ന യുവപുരുഷഡോക്ടർമാരെപ്പോലെ ഗർജനം സാധ്യമല്ലാത്ത ഏരിയ ആണല്ലോ സിൽമാ!

സോ, അവന്മാർ/അവന്മാരുടെ കുടുംബം + അവളുമാരുടെ കുടുംബം + നാട്ടുകാർ; അവളുമാരെ ജോലിക്കു വിടില്ലാ എന്ന് മുൻകൂട്ടി കണ്ടോ അല്ലാതെയോ അവളുമാർ ജോലി നിർത്തും. ഇനി വർഷങ്ങൾക്ക് ശേഷം (മൂന്ന്-പത്തു വർഷത്തിന് ശേഷം) തിരിച്ചു വന്നാലും വല്ല അമ്മ വേഷവും കിട്ടും. അങ്ങനെ തിരിച്ചുവന്ന ഒരു സ്ത്രീയുടെ നായകനാകാൻ തയ്യാറായതിനു കുഞ്ചാക്കോ ബോബനു കിട്ടിയ അഭിനന്ദനങ്ങൾ വരെ എവിടൊക്കെയോ കേട്ടിട്ടുണ്ട്. നേരെ മറിച്ച്, ഏതേലും ചെറുപ്പക്കാരി നായിക ഏതേലും ഏട്ടന്റെ നായിക ആയാൽ അപ്പൊ ചോദ്യം വരും, "ഹോ എന്തൊരു ഭാഗ്യാ അല്ലേ ഏട്ടന്റെ കൂടെ". ഇവനെയൊക്കെ നിത്യജീവിതത്തിൽ അങ്കിൾ എന്ന് വിളിച്ചാലും ക്യാമറയുടെ മുന്നിൽ പ്രത്യേകഭാവത്തിൽ ഏട്ടൻ എന്ന് വിളിക്കേണ്ടി വരുന്ന അവസ്ഥ വേറെ. മാസ്കിന്റെയൊക്കെ ആവശ്യം അവിടെയാണ് എന്നോർത്തുപോകും.

ഇല്ലെങ്കിൽ ഏട്ടനുപോലും നിയന്ത്രിക്കാൻ ആവാത്ത ഫാനൊലികൾ വേറെ അലയടിക്കും. ഇതിനൊരവപവാദമായി പറയാൻ ഉള്ളത് നസ്രിയയെ ആണ്. കൂടിൽ അനിയത്തിയായും ട്രാൻസിൽ ഒരു ചാരയായും പിന്നീട് ചില്ലുപൊളിച്ചു ചാടുന്ന കാമുകിയായും പ്രധാനകഥാപാത്രം ചെയ്യാൻ പറ്റിയല്ലോ.

വിഷയം മാറി. സോറി.

അങ്ങനെ,

'കുടുംബത്തിൽ' ജീവിച്ചു തുടങ്ങുന്ന പെണ്ണ് വൈകാതെ തന്റെ ജീവിതത്തെ മടുത്തുതുടങ്ങും. മടുക്കും എന്ന് തന്നെയാണ് പറയാൻ ഉള്ളത്. മക്കളോട് ഏറ്റവും സ്നേഹമുള്ളതു കൊണ്ട് കുറച്ച് നാളുകളിലേക്ക് ജോലിയിൽ നിന്ന് മാറി നിൽക്കേണ്ടിവരുന്ന അമ്മമാർ പോലും ആ അവസ്ഥ നേരിടും. സർക്കാർ ജോലി ആണെങ്കിൽ മാത്രം കുറേനാൾ അവധി എടുക്കില്ല. മറിച്ച്, പ്രൈവറ്റ് ആണേലും ഗവണ്മെന്റ് ആണേലും പുരുഷൻ ഒരിക്കലും ഈ നീണ്ടകാല അവധി എടുക്കുകയുമില്ല.

എന്തായാലും വീട്ടിനുള്ളിലെ ജീവിതം മടുപ്പിച്ച വിഷയങ്ങൾ വ്യക്തിജീവിതത്തിലും വിള്ളലുകൾ ഉണ്ടാക്കും. ചിലർ മക്കൾക്ക് കാര്യപ്രാപ്തി എത്തും വരെ കാത്തിരിക്കും. വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ് അത്. മറ്റൊരു കല്യാണം കഴിക്കാൻ വേണ്ടി മാത്രം, കാര്യങ്ങൾ മനസിലാക്കാൻ പോലും ആയിട്ടില്ലാത്ത പ്രായത്തിലുള്ള മക്കളുള്ളവർ, കെട്ടിച്ചമച്ച പലകാരണങ്ങൾ പറഞ്ഞു ഡിവോഴ്സ്ന് വേണ്ടി നടക്കുന്നത് കണ്ടിട്ടുണ്ട്. ആരുടേയും ജീവിതം ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നറിയുമ്പോഴും കുട്ടികളുടെ അവസ്ഥ ഓർക്കേണ്ടത് അത്യാവശ്യമാണ് എന്ന അഭിപ്രായമുണ്ട്.

പുരുഷഫെമിനിസ്റ്റുകൾ ഡിവോഴ്സ് ചെയ്യാത്തത് (താരതമ്യേന!) അവരുടെ പുരുഷനെന്ന പ്രിവിലേജ് കൊണ്ട്കൂടെയാണ് എന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ട് ആളുകൾക്ക്. എങ്ങനെ പറഞ്ഞുമനസിലാക്കും?

സ്ത്രീകളായ ഫെമിനിസ്റ്റുകളുടെ വർധിച്ച തോതിലുള്ള ഡിവോഴ്സ്നെ പറ്റി ഓർക്കുന്നവർ അവരുടെ വിവാഹത്തെ സാധ്യമാക്കാതെ ഇരിക്കുന്ന കലിപ്പന്മാരെ ഓർക്കാത്തത് എന്തുകൊണ്ടാണോ ആവോ?

സ്ത്രീ ആണെങ്കിൽ

1) ഉറക്കെ ചിരിക്കുന്നത്

2) ആൺസുഹൃത്തുക്കൾ ഉണ്ടാകുന്നത്

3) അവരുമായി ഫോണിൽ സംസാരിക്കുന്നത്

4) അവരുടെ കൂടെ ചായ കുടിക്കുന്നത് (അത് ആൺസുഹൃത്തിന്റെ ചായക്കട ആണെന്നേ പലർക്കും മനസിലാകൂ)

5) ലൈംഗികതയിൽ സുഖം കിട്ടുന്നില്ല കേട്ടോ എന്ന് തുറന്ന് പറയുന്നത്

6) premature ejaculation പ്രോബ്ലം ഉള്ള ഭർത്താവിനോട് ചികിത്സിക്കണം എന്ന് പറയുന്നത്

7) വിവാഹശേഷം ജീൻസ് ഇടുന്നത്

8) ഭർത്താവ് തന്റെ വീട്ടിൽ വന്നാൽ പാത്രം കഴുകണം എന്നാവശ്യപ്പെടുന്നത് (ഭർത്താവിന്റെ വീട്ടിൽ ഭാര്യ കഴുകുമ്പോൾ ഭാര്യവീട്ടിൽ ഭർത്താവിന് ആയിക്കൂടെ. കാർണോർക്ക് അടുപ്പിൽ?)

അങ്ങനെ എത്രയെത്ര കാരണങ്ങൾ സ്ത്രീകൾക്ക് പറയാനുണ്ട്? വിവാഹം എന്നത് നിയമപരമായ കോൺട്രാക്ട് ആണ്. അത് എങ്ങനെ ഉരുട്ടും എന്നത് അതിന്റെ ഉള്ളിൽ നിൽക്കുന്നവർക്ക് മാത്രം അറിയുന്ന കാര്യമാണ്. പുറത്ത് നിന്നുള്ളവർക്ക് ഒരിക്കലും പിടികിട്ടാത്ത, പുറത്തുനിന്നുള്ളവർ ഒരിക്കലും അഭിപ്രായം പറയാൻ പാടില്ലാത്തത്രയും സങ്കീർണമാണ്. പക്ഷേ കേട്ടിരിക്കുന്നത് മുഖ്യം ബിഗിലേ! എന്തൊക്കെ ശ്രദ്ധിക്കണം എന്നത് അപ്പൊ മനസിലാകും.

നന്ദി.

സ്റ്റു: ചേച്ചീ ഞാൻ കല്യാണം കഴിഞ്ഞാൽ എന്തായാലും ഡിവോഴ്സ് ആകുമെന്നാ തോന്നണേ. കാരണം പലപ്പോഴും കലിപ്പന്മാരെ ന്യായീകരിക്കാൻ തോന്നാറുണ്ട്.

ഞാ: ന്റെ തങ്കക്കുടം... ഫെമിനിസ്റ്റുകൾ ഡിവോഴ്സ് ആകുന്നത് എന്തുകൊണ്ട് എന്ന പാഠം താങ്കൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു. വേഗം ദക്ഷിണവെയ്!

(ഡോ. വീണ ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories