ശൂന്യതയില്‍ നിന്ന് കലാപങ്ങള്‍ ഉണ്ടായി വരാന്‍ പ്രയാസമാണ്. ഒരു ചെറിയ തരിയുണ്ടാകും, അതിനെ കനലാക്കി മാറ്റി ഊതിക്കത്തിച്ചതിന് മീതെ ഇന്ധനമൊഴിച്ച് പടര്‍ത്തുകയാണ്. സര്‍വ്വവും നാശമാകുന്നത് വരെ. ഉത്തരേന്ത്യയില്‍ പലയിടത്തും നമ്മളത് കണ്ടിട്ടുണ്ട്. ആലോചിച്ച് നോക്കിയാല്‍ സെയിം പാറ്റേണ്‍ ആണ് ഇന്ന് പായിപ്പാട്ട് കണ്ടത്. തീര്‍ച്ചയായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ക്ക് പ്രശ്നങ്ങളുണ്ടാകും. ഒരാഴ്ചയായി എല്ലാ ദിവസവും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപടി എടുക്കും എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അപൂര്‍വ്വമായ ഇടങ്ങളില്‍ ചിലപ്പോള്‍ അവര്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നുണ്ടാകില്ല. ഔദാര്യത്തിന്റേയും അവമതിപ്പിന്റേും ഭാഷ പ്രകടിപ്പിച്ച് കാണും ചെറുവിഭാഗം ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും. പരിചിതമായ ഭക്ഷണമായിരിക്കില്ല ചിലപ്പോള്‍ ലഭിക്കുന്നത്. തൊഴിലില്ലാതെ, പരിചിതമല്ലാത്ത ദേശത്തിരിക്കുമ്പോള്, വീടിനേയും നാടിനേയും കുറിച്ചുള്ള ഓര്‍മ്മകള്‍ കഠിനമാകും. വാര്‍ത്തകള്‍ വ്യക്തമായി അറിയാത്തതിന്റെ ഭീതി അവരെ ചൂഴ്ന്ന് നില്ക്കും. ഈ മഹാമാരി എന്നവസാനിക്കുമെന്ന് നമ്മളെ പോലെ അവര്‍ക്കും ഒരു നിശ്ചയമുണ്ടാകില്ല. ഇപ്പോള്‍ ഭക്ഷണം തരുന്ന ഈ അന്യനാട് എത്രനാളത് തുടരുമെന്ന് അവര്‍ക്കറിയില്ല. ഇത്തരം ആശങ്കകളുള്ള മനുഷ്യര്‍ക്കിടയിലേയ്ക്ക് കള്ളക്കഥകളും വാര്‍ത്തകളും പ്രചരിച്ച് കാണണം. ഭക്ഷണം കിട്ടാതെ നൂറും ഇരുന്നൂറും കിലോമീറ്റര്‍ നടക്കുന്ന ഡല്‍ഹിയിലേയോ യു.പിയിലോയോ മധ്യപ്രദേശിലേയോ തൊഴിലാളികളാരെങ്കിലും സംഘടിതമായി പ്രതിഷേധത്തിനിറങ്ങിയ വാര്‍ത്തകള്‍ നമ്മള് വായിച്ചോ? ഡല്‍ഹി സര്‍ക്കാരും യു.പി. സര്‍ക്കാരും ആയിരം ബസുകള്‍ തൊഴിലാളികളെ തിരിച്ച് നാട്ടിലേയ്ക്ക് എത്തിക്കാന്‍ തയ്യാറാക്കുന്നുവെന്നുള്ള വാര്‍ത്ത ഇന്നലെ മുതലുണ്ട്. ഇത് വരെ എത്ര ബസ് പുറപ്പെട്ടുവെന്നറിയില്ല. പക്ഷേ വാര്‍ത്തയുണ്ട്. അതിനൊപ്പം എന്തൊക്കെ വാര്‍ത്തകള്‍ ഇവര്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട് എന്നറിയില്ല. തീക്കളിയാണിത്. നാളെ കേരളം കത്താന്‍ ഇത് മതി. കേരളം മഹത്തായ മാതൃക ഒന്നുമല്ല. ഹിപോക്രസിയുടെ ആശാന്മാരാണ് നമ്മള്. പക്ഷേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താതതമ്യപ്പെടുത്തുമ്പോള് സുതാര്യമായും കണിശമായും രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടിവിടെ. അതിനെ അട്ടിമറിക്കുക ആരുടെ താത്പര്യമാണ് എന്നുള്ളത് നമുക്കറിയാത്തതുമല്ല. അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ പ്രാവീണ്യമുള്ള ആളുകളെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതുടനെ വേണം. കഴിയുമെങ്കില്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ബംഗാള്‍, യു.പി പ്രദേശങ്ങളില്‍ നിന്നുള്ള യുവ സിവില്‍ സര്‍വ്വീസുകാരെ അതിഥി സംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന പ്രദേശത്ത് അവരുമായി സംസാരിക്കാന്‍ നിയമിക്കണം. കൂടാതെ ഇതൊരു കലാപമാക്കാന്‍ നോക്കിയ ആളുകളെ, മാധ്യമങ്ങളെ നോക്കി വയ്ക്കണം. അവര്‍ക്കുള്ള മറുപടി കേരളം നല്‍കണം.
24 ന്യൂസിന് പ്രത്യേക നന്ദി. കാട്ടുതീയാകല്ല, പ്രാണവായുവാകാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്ന നിലപാടിന് സ്നേഹബഹുമാനങ്ങള്.
*ഫേസ്ബുക്ക് പോസ്റ്റ്