TopTop
Begin typing your search above and press return to search.

തമിഴ്നാട്ടിലെത്തുന്നയുടന്‍ കോവിഡ് പൊസിറ്റിവാകുന്ന മലയാളികള്‍: 'സർക്കാർ കാണാതെ പോകുന്ന വലിയ അപകട'ത്തെക്കുറിച്ച് പിസി വിഷ്ണുനാഥ്

തമിഴ്നാട്ടിലെത്തുന്നയുടന്‍ കോവിഡ് പൊസിറ്റിവാകുന്ന മലയാളികള്‍: സർക്കാർ കാണാതെ പോകുന്ന വലിയ അപകടത്തെക്കുറിച്ച് പിസി വിഷ്ണുനാഥ്

തമിഴ്നാട്ടിലെത്തിയ ഉടന്‍ കോവിഡ് പരിശോധനയില്‍ പൊസിറ്റിവാകുന്ന മലയാളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകളെ അവഗണിക്കുന്നത് അപകടകരമാകുമെന്ന് പിസി വിഷ്ണുനാഥ് വാദിക്കുന്നു, തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കെത്തുന്നവര്‍ അവിടെ ചെല്ലുന്നയുടന്‍ നടത്തുന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവായി മാറുന്ന വിവരം തമിഴ്നാട് സര്‍ക്കാര്‍ മെയ് 19 മുതല്‍ ഔദ്യോഗികമായ് പുറത്തുവിടുന്നുണ്ട്. ഇത് സംബന്ധിച്ച് 'മലയാള മനോരമ'യിൽ മനോജ് കടമ്പാടും പിന്നീട് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി'ൽ പി രാംദാസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടർന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ' മനോജ് കടമ്പാട് അദ്ദേഹത്തോട് ഈ ചോദ്യം ഉന്നയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ആ മാധ്യമപ്രവര്‍ത്തകനെ പരിഹസിക്കുകയാണ് ഉണ്ടായത്. "നിങ്ങളുടെ കയ്യില്‍ വിവരമുണ്ടെങ്കില്‍ തരൂ അന്വേഷിക്കാം" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പിറ്റേദിവസം തന്നെ മനോജ് കടമ്പാട് അദ്ദേഹത്തിന്‍റെ പക്കലുള്ളവിവരങ്ങള്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ ചെയ്തു. എന്നാല്‍ അതു സംബന്ധിച്ച് ഒരു തുടരന്വേഷണവും സര്‍ക്കാരില്‍ നിന്നുണ്ടായില്ല.

മലയാളികള്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് പോസിറ്റീവാകുന്നതിനെക്കുറിച്ച് ഇതേ മാധ്യമപ്രവര്‍ത്തകന്‍ ആരോഗ്യമന്ത്രിയോടും ചോദിച്ചു. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. കഴി‍ഞ്ഞദിവസങ്ങഴില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ഞാനും ഈ വിഷയം ഉന്നയിച്ചു.

ലഭ്യമായ ഔദ്യോഗിക ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു 'എന്‍റെ ചോദ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധികളായി പങ്കെടുത്ത ആരില്‍ നിന്നും വ്യക്തമായ ഉത്തരമുണ്ടായില്ല. തമിഴ്നാട് സർക്കാരിനോട് ചോദിച്ചെങ്കിലും വിവരം തന്നില്ലെന്നായിരുന്നു സർക്കാരിനു വേണ്ടി ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിൻ്റെ ഉത്തരം.

എന്നാൽ ഇന്നലെയാണ് വാസ്തവത്തിൽ ബഹു.മുഖ്യമന്ത്രി അത് അന്വേഷിക്കുമെന്ന് പറഞ്ഞ വാർത്ത മാധ്യമങ്ങളിൽ കാണുന്നത്. ഇന്നു വരെ തമിഴ്നാട്ടിലേക്ക് എത്തിയ 121 മലയാളികള്‍ക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട് ! അവിടെ ചെന്നയുടന്‍ നടത്തിയ പരിശോധനയിലാണ് ഇതെന്ന് പ്രത്യേകം ഓര്‍ക്കണം. തമിഴ്നാട് സര്‍ക്കാരിന്‍റെ മീഡിയ ബുള്ളറ്റിനില്‍ കാണിച്ചിരിക്കുന്ന കണക്കാണിത്. കര്‍ണാടകയില്‍ എത്തിയ പതിനഞ്ചോളം മലയാളികള്‍ക്ക് കോവിഡ് പോസിറ്റീവായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രയിലെത്തിയ മലയാളികള്‍ക്കും അതുപോലെ കേരളത്തില്‍ നിന്നും കുവൈത്തിലെത്തിയ നഴ്സുമാരില്‍ ചിലര്‍ക്കും കോവിഡ് പോസിറ്റീവായി. കേരളത്തിൽ നിന്നാണ് രോഗവാഹകരായി അവർ മറ്റ് നാടുകളിലെത്തിയത് !

അങ്ങേയറ്റം ആശങ്കയുണര്‍ത്തുന്ന വിവരമാണിത്. ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.

കേരളത്തിലെ കോവിഡ് രോഗികളില്‍ 90 ശതമാനവും പ്രവാസികളാണെന്നാണ് സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി മാധ്യമങ്ങളില്‍ സംസാരിക്കുന്നവരും അവകാശപ്പെടുന്നത്.

എന്നാല്‍ അവര്‍ പറയാത്ത മറ്റൊരു പ്രധാനകാര്യം ഇവിടെ ടെസ്റ്റ് നടക്കുന്നതില്‍ 90 ശതമാനവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരിലുമാണ് എന്നതാണ്. ടെസ്റ്റുകള്‍ കൂടുതല്‍ പ്രവാസികളില്‍ നടത്തിയാല്‍ കേസുകള്‍ കൂടുതല്‍ അവരില്‍ത്തന്നെ കണ്ടെത്തുന്നത് സ്വാഭാവികമാണ്.

എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമാകേണ്ട ശരിയായ ചില കാര്യങ്ങള്‍ താഴെപ്പറയുന്നു:

ഏപ്രില്‍ അവസാനവാരം സര്‍ക്കാര്‍ തുടങ്ങുകയും മെയ് ആദ്യവാരം അവസാനിപ്പിക്കുകയും ചെയ്ത ഓഗ്മെന്‍റഡ് ടെസ്റ്റുകളെക്കുറിച്ചാണ് ആദ്യം പറയുന്നത്. അതായത് ലോക്ഡൗണിന് ശേഷം പ്രവാസികള്‍ വന്നു തുടങ്ങുന്നതിന് മുമ്പ്; അന്ന് 3128 സംപിളുകള്‍ പരിശോധിച്ചതില്‍ നാല് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരുന്നു. ഇത് രോഗലക്ഷണമില്ലാത്ത, യാത്രാഹിസ്റ്ററി ഇല്ലാത്ത ആളുകളില്‍ ആയിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. ഐസിഎംആറിന്‍റെ സിറോ ടെസ്റ്റില്‍ 1193 സാംപിളുകളില്‍ നാല് പോസിറ്റീവ് ഉണ്ടായിരിക്കുകയാണ്.

ഇപ്പോഴും ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകളാണ് മറ്റൊന്ന്. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ നാല് കേസുകളില്‍ മൂന്നു പേരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല; കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ യാത്ര ചെയ്തെത്തുന്നവര്‍ കോവിഡ് പോസിറ്റീവാകുന്നത് - ഇതെല്ലാം എന്താണ് സൂചിപ്പിക്കുന്നത് ? സംശയമില്ല, സമൂഹത്തില്‍ കൂടുതല്‍ ടെസ്റ്റ് നടത്തണമെന്നു തന്നെ. അത് ചെയ്യാതെ കേരളത്തില്‍ കോവിഡ് ബാധിക്കുന്നത് പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും മാത്രമാണ് എന്ന തരത്തിലുള്ള ബോധപൂർവമായ പ്രചാരണമാണ് ചിലയാളുകള്‍ ഇവിടെ നടത്തുന്നത്. അത് അപകടമാണ്. തിരുവന്തപുരത്തും മലപ്പുറത്തുമെല്ലാം സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടി വരുന്നു എന്നത് അവഗണിക്കരുത്. സര്‍ക്കാര്‍ പക്വതയോടെ കാര്യങ്ങളെ സമീപിക്കേണ്ട സമയമാണിത്. സങ്കുചിത ചിന്തകൾ മാറ്റിവെച്ച്, രോഗത്തെ കീഴ്പ്പെടുത്താനുള്ള കഠിനപരിശ്രമമാണ് ഇപ്പോള്‍ വേണ്ടത്.


Next Story

Related Stories