TopTop

കൊറോണ കാലത്തെ പ്രതിപക്ഷ രാഷ്ട്രീയം, തിരുത്തപ്പെടേണ്ട ദുഷ്പ്രവണതകള്‍

കൊറോണ കാലത്തെ പ്രതിപക്ഷ രാഷ്ട്രീയം, തിരുത്തപ്പെടേണ്ട ദുഷ്പ്രവണതകള്‍

സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് ഈ കൊറോണാ കാലത്ത് ലോകം മുന്നോട്ടു പോകുന്നത്. കൊറോണാ കാലത്തെ ഭരണകൂട ഇടപെടലുകൾ, ശരിതെറ്റുകൾ ഉൾപ്പെടെ വിലയിരുത്തപ്പെടും പഠനവിധേയമാക്കപ്പെടുകയും ചെയ്യപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്. അങ്ങനെ മാത്രമാണ് ഭാവിയിലേക്ക് ഒരു 'കൊറോണാ പ്രോട്ടോക്കോൾ' രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ഒരു ജനാധിപത്യ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഭരണപക്ഷ പ്രവർത്തനങ്ങൾക്ക് തുല്യമായി തന്നെ വിലയിരുത്തപ്പെടേണ്ടതാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെയും. കൊറോണാ കാലത്ത് കേരളത്തിലെ പ്രതിപക്ഷം നടത്തിയ/ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കൊറോണാ കാലത്തെ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവർത്തനമായി കണ്ട് പഠിക്കുകയും വരാനിരിക്കുന്ന കാലത്തെ പഠിപ്പിക്കുകയും വേണ്ടതുണ്ട്.

കൊറോണ കാലത്തെ പ്രതിപക്ഷ രാഷ്ട്രീയം

കൊറോണ പോലുള്ള ഒരു സാഹചര്യം രാജ്യം നേരിടുമ്പോൾ അതിനെക്കുറിച്ച് കൃത്യമായി പഠിക്കാനോ പ്രതികരിക്കാനോ ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സിന് സാധിച്ചിട്ടില്ല. മധ്യപ്രദേശിലെ കൂറുമാറ്റവും അധികാരനഷ്ടവും സൃഷ്ടിച്ച ആധികൾക്കപ്പുറത്ത് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് വ്യാധിയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. തികച്ചും അശാസ്ത്രീയവും പ്രാകൃതവുമായ രീതിയിൽ രാജ്യത്തെ ബിജെപി ഗവൺമെന്റുകൾ കൊറോണയെ നേരിടാൻ ഒരുങ്ങുമ്പോൾ ഏതാനും ട്വീറ്റുകൾക്കപ്പുറത്ത് രാഹുലിനും ഒരു ഇടപെടലും നടത്താൻ പോലും സാധിച്ചിട്ടില്ല.

എകെ ആന്റണിയെന്ന ദേശീയ നേതാവ് കേരളത്തിലെ ബീവറേജ് ചില്ലറ വില്പന ശാലകൾ പൂട്ടാത്തതാണ് പ്രശ്നം എന്ന് മാത്രമാണ് കൊറോണയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന. ഈ വിഷയത്തിൽ ഊന്നിക്കൊണ്ടാണ് അദ്ദേഹത്തിന്റെ മകൻ നേതൃത്വം നൽകുന്ന കേരളത്തിലെ കോൺഗ്രസ്സ് സൈബർ സെൽ പ്രവർത്തിക്കുന്നത്. കൃത്യമായ ഒരു രാഷ്ട്രീയ പദ്ധതിയും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കോൺഗ്രസ്സിന് രൂപീകരിക്കാൻ സാധിച്ചിട്ടില്ല. ഇതേ പ്രശ്നമാണ് കോൺഗ്രസ്സിന്റെ കൂട്ടുകക്ഷികളും അനുഭവിക്കുന്നത്.

പല ഘട്ടങ്ങളിലും കോൺഗ്രസ്സ് പാർട്ടിക്കകത്തും നിയമസഭയിലും പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ശാസ്ത്രബോധം പ്രകടിപ്പിക്കുകയും ചെയ്തുവന്ന യുവ എംഎൽഎമാരും നേതാക്കളും കൂടി നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. സാമൂഹ്യമാധ്യമങ്ങളിൽ കൂടി ശക്തമായ പിന്തുണയുള്ള ഇവരും കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യമായ പങ്കൊന്നും വഹിച്ചില്ല. യുവനേതാക്കളിൽ ശ്രദ്ധേയനായ ഷാഫി പറമ്പിൽ എംഎൽഎ യൂത്ത് കോൺഗ്രസ്സിന്റെ തലപ്പത്ത് വന്നതിനു പിന്നാലെ തിരുവനന്തപുരത്ത് വലിയ സ്വീകരണ പരിപാടിയാണ് ഒരുക്കിയത്. സംസ്ഥാനത്ത് കൊറോണ ജാഗ്രതാ നിർദേശം കർശനമായി നിലവിൽ വന്നതിനു പിന്നാലെ മാർച്ച് പത്താം തീയതി മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ഭാരവാഹികളെ തലസ്ഥാനത്ത് എത്തിച്ചാണ് നിരുത്തരവാദപരമായി സ്വീകരണപരിപാടി സംഘടിപ്പിച്ചത്.

'പ്രതിപക്ഷ ശാസ്ത്രം' സൃഷ്ടിക്കുന്ന ദുരന്തം

മാരകമായ കൊറോണാ വൈറസ് ബാധയെ ഏതു രീതിയിൽ നേരിടണമെന്നത് സംബന്ധിച്ച് വ്യക്തമായ ഒരു നടപടിക്രമങ്ങൾ പോലും ഇല്ലാതെ ലോകം പകച്ചു നിൽക്കുമ്പോൾ, ഇതിന്റെ ഗൗരവത്തെ കുറച്ചു കാണിക്കുക എന്ന അപകടകരമായ ദൗത്യമാണ് കേരളത്തിലെ പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. വലിയൊരു ശതമാനം ആളുകൾക്കിടയിലെങ്കിലും കൊറോണയെ അലസതയോടെ കാണാൻ പ്രതിപക്ഷകക്ഷി നേതാക്കളുടെ പ്രസ്താവനകൾ കാരണമായി. സർക്കാർ പ്രശക്തിക്കു വേണ്ടി കൊറോണയെ പർവ്വതീകരിക്കുകയാണെന്നുള്ളതായിരുന്നു പ്രധാന ആരോപണം. പ്രശസ്തിക്കുവേണ്ടി ആരോഗ്യമന്ത്രി സാഹചര്യങ്ങളെ ഉപയോഗിക്കുകയാണെന്നും കൊറോണയ്ക്ക് കേരളത്തിൽ യാതൊരു അപകടസാധ്യതയും ഇല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ പറഞ്ഞു കൊണ്ടിരുന്നത്.

കേരളത്തിലെ കാലാവസ്ഥ, അന്തരീക്ഷ ഊഷ്മാവ്, ഇന്ത്യക്കാർക്ക് സ്വന്തമായുള്ള 'രോഗപ്രതിരോധ സംവിധാനം' എന്നിവ കാരണം അസുഖം പടരില്ലെന്ന വ്യാജ ശാസ്ത്ര പ്രചാരണങ്ങൾക്കും പ്രതിപക്ഷം നേതൃത്വം നൽകി. വ്യാജസന്ദേശങ്ങൾ എന്നുപറഞ്ഞു കൊണ്ട് ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞ കാര്യങ്ങൾ പോലും നിയമസഭയിലടക്കം പ്രതിപക്ഷ നേതാക്കൾ ഉപയോഗിച്ചു. ഭരണപക്ഷത്തിനെതിരെ രാഷ്ട്രീയ പ്രചാരണ ആയുധങ്ങൾ എന്ന നിലയിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഉപയോഗിച്ചു കൊണ്ടിരുന്നത് ഈ വ്യാജ ശാസ്ത്ര പ്രഖ്യാപനങ്ങളെയാണ്. കുറഞ്ഞത് ആ പാർട്ടി അണികളെങ്കിലും അവയിൽ വിശ്വസിക്കുകയും കൊറോണയെ ലഘുവായി കാണുകയും ചെയ്തു എന്നുള്ളതാണ്.

മുസ്ലിം ലീഗ് അനുഭാവിയും കൊറോണാ ബാധിതനുമായ കാസർഗോഡ് സ്വദേശി വിദേശത്ത് നിന്നും നാട്ടിലെത്തിയിട്ട് നടത്തിയ അപകടകരമായ ഊരു ചുറ്റലിന് കാരണമായ സാഹചര്യം സൃഷ്ടിച്ചതും ഇവ തന്നെയെന്ന് നിസംശയം പറയാം. ലീഗ് നേതാവും സർവോപരി ഡോക്റ്ററും കൂടിയായ എംകെ മുനീർ നിയമസഭയിൽ നടത്തിയ പ്രസംഗം മാത്രം മതി ഒരു പാർട്ടി അനുഭാവിയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ. കൊറോണ ബാധയിൽ ഇന്ത്യയിലെ മരണനിരക്ക് കുറയാൻ കാരണം ഇന്ത്യക്കാർക്ക് സ്വന്തമായി രോഗപ്രതിരോധ സംവിധാനം ഉള്ളതുകൊണ്ടാണെന്നതായിരുന്നു അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് എംകെ മുനീർ നിയമസഭയിൽ നടത്തിയ പ്രസ്താവന!

മികച്ച കേഡർ സംവിധാനവും ഏകോപനവുമുള്ള കെഎംസിസി പോലുള്ള പ്രവാസി സംഘട വഴി കൃത്യമായ കൊറോണ പ്രതിരോധ പ്രവർത്തനം നടത്താൻ സാധിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. പ്രധാന ഭരണകക്ഷിയായ സിപിഎമ്മിനെക്കാൾ ഒരു പടി മികച്ച രീതിയിൽ മലബാറിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ പ്രവർത്തിക്കാൻ ലീഗിന് സാധിക്കുമായിരുന്നു.

ആറ്റുകാൽ പൊങ്കാല - പ്രതിപക്ഷം നിർബന്ധിച്ച് ചെയ്യിച്ച വീഴ്ച!

ഈ കൊറോണ കാലത്ത് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വീഴ്ച ആറ്റുകാൽ പൊങ്കാലയ്ക്ക് വന്നുകൂടിയ ജനസഞ്ചയം തന്നെയാണ്. പൊങ്കാലക്കാലത്ത് അപകടം ഒന്നും ഉണ്ടായില്ലല്ലോ എന്ന് വാദിക്കാമെങ്കിലും ഈ പൊങ്കാല സെറ്റ് ചെയ്ത മാതൃകയിലാണ് കേരളമൊട്ടുക്കും പൂരവും ഭരണിയും ഉത്സവങ്ങളും നടക്കുന്നത്. സർക്കാർ പൊങ്കാലയ്ക്ക് അനുമതി നൽകുന്ന സാഹചര്യമുണ്ടായാൽ അതിനെ കൃത്യമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കടമയാണ് പ്രതിപക്ഷം നിർവഹിക്കേണ്ടിയിരുന്നത്. എന്നാൽ ഭരണകൂടത്തെ പൊങ്കാലയ്ക്ക് അനുമതി നൽകുക എന്ന സാഹചര്യത്തിലേക്ക് നിർബന്ധിച്ച് എത്തിച്ചത് പ്രതിപക്ഷമാണ് എന്നതാണ് അപകടകരമായ വസ്തുത.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയം കൊയ്യാൻ പാർട്ടിക്ക് സാധിച്ചത് ശബരിമല സ്ത്രീപ്രവേശന വിഷയം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ബഹുഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കളും കരുതുന്നത്. ദേശീയ രാഷ്ട്രീയവും ന്യൂനപക്ഷ വോട്ടുകളും രാഹുൽ ഫാക്റ്ററും ഒന്നും ഇവർ പരിഗണിക്കുന്നത് പോലും ഇല്ല. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പൊങ്കാല നിർത്തിവെക്കുന്നതിനു ഏതെങ്കിലും നിലയിൽ നീക്കമുണ്ടായാൽ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ തന്നെയായിരുന്നു കോൺഗ്രസ്സ് നേതൃത്വത്തിന്റെ നീക്കം.

ആൾക്കൂട്ടത്തെ പൂർണമായി പൊങ്കാലയിൽ നിന്നും ഒഴിവാക്കാനായി സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്വം യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു. 'വിശ്വാസ സംരക്ഷണ' നീക്കങ്ങളുമായി സംഘപരിവാർ, ബിജെപി ശക്തികൾ എത്തിയിരുന്നെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള നേതൃത്വവും കോൺഗ്രസ്സിന് വഹിക്കാൻ സാധിക്കണമായിരുന്നു. എന്നാൽ കോൺഗ്രസ്സ് സ്വീകരിച്ച സമീപനം അപകടകരമായ ഒന്നായിരുന്നു. ഒഴിവാക്കാനോ മാസ്കുകൾ പോലുള്ള പ്രാഥമിക സുരക്ഷാ ഉപകരണങ്ങൾ പോലും ഉപയോഗിക്കാതെ സംസ്ഥാനത്തെ മുതിർന്ന വനിതാ കോൺഗ്രസ്സ് നേതാവ് ബിന്ദുകൃഷ്ണ പൊങ്കാലയിൽ പങ്കെടുത്ത് സമൂഹമാധ്യമങ്ങളിലടക്കം പരമാവധി പ്രചാരണം നൽകുകയാണ് ഉണ്ടായത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ജിബിൻ പുലിയാങ്കോടൻ

ജിബിൻ പുലിയാങ്കോടൻ

മാധ്യമപ്രവർത്തകൻ, ഡൽഹി

Next Story

Related Stories