TopTop
Begin typing your search above and press return to search.

പൂന്തുറയില്‍ കാര്യങ്ങള്‍ അത്ര സിംപിളല്ല-സാമൂഹ്യ വ്യാപന ഭീഷണിയെ തുടര്‍ന്ന് കമാന്‍ഡോകള്‍ റൂട്ട് മാര്‍ച്ച് നടത്തിയ സാഹചര്യത്തെ കുറിച്ച് ഒരു കുറിപ്പ്

പൂന്തുറയില്‍ കാര്യങ്ങള്‍ അത്ര സിംപിളല്ല-സാമൂഹ്യ വ്യാപന ഭീഷണിയെ തുടര്‍ന്ന് കമാന്‍ഡോകള്‍ റൂട്ട് മാര്‍ച്ച് നടത്തിയ സാഹചര്യത്തെ കുറിച്ച് ഒരു കുറിപ്പ്

തീരപ്രദേശത്ത് കമാൻ്റോകളെ ഇറക്കിയതിനെതിരെ ഒരുപാട് സുഹൃത്തുക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു കണ്ടിരുന്നു. ആ വിമർശനങ്ങളുടെ ഉദ്ധേശ ശുദ്ധി മനസിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, മറ്റ് സ്ഥലങ്ങളിലേതു പോലെ (നിങ്ങളുടെ നാട് പോലെ, നിങ്ങൾക്ക് പരിചയമുള്ള സ്ഥലങ്ങൾ) പൊലീസ് ആളുകളോട് വീട്ടിലിരിക്കാൻ പറയുന്നു, മിക്കവരും അതനുസരിക്കുന്നു, അനുസരിക്കാത്ത ചിലരെ മാത്രം കൈകാര്യം ചെയ്യാൻ പൊലീസിന് അധികാരത്തിൻ്റെ ഭാഷ ഉപയോഗിക്കേണ്ടി വരുന്നു എന്ന തരത്തിൽ അത്ര സിംപിളല്ല തീരദേശത്തെ കാര്യങ്ങൾ.I should say it's complicated. ഒന്നാമതായി നിങ്ങളിൽ പലർക്കും സങ്കല്പിക്കാവുന്നതിലുമേറെ ജനസാന്ദ്രത ഈ മേഖലയിലുണ്ട്. പരമാവധി രണ്ട് മുറികളുള്ള ചെറിയ വീടുകളാണ്. ടിവിയും സ്മാർട്ഫോണും പിടിച്ച് യുവാക്കൾ വൈകുന്നേരം വരെ വീട്ടിലിരുന്നേക്കും. പക്ഷേ വൈകുന്നേരം അവരെ കാണണമെങ്കിൽ നിങ്ങൾ കടപ്പുറത്തേക്ക് പോവേണ്ടി വരും. പന്തുകളിയാണ് മെയിൻ. കടലിൽ പണിക്ക് പോവുന്ന ആണുങ്ങൾ ഉച്ച വരെ ഉറക്കവും ഭക്ഷണവുമൊക്കെയായി വീട്ടിലുണ്ടായേക്കും. അവരെ കാണാനും ഉച്ച കഴിഞ്ഞാൽ നിങ്ങൾ കടപ്പുറത്തെ വാടിയിലോ (കടപ്പുറത്തെ ഓലമേഞ്ഞ പണിയിടങ്ങൾ) ഷെഡ്ഡിലോ (കടപ്പുറത്തെ ഫിഷ്ലാൻ്റിങ് സെൻ്ററുകൾ)പോവേണ്ടി വരും. വൈകിട്ടായാൽ സ്ത്രീകളെയും നിങ്ങൾക്ക് കാണാനാവും, കൂടിയിരുന്ന് വർത്താനം പറയാനും കല്ല് കളിക്കാനും അവരും കടപ്പുറത്തെത്തും. ഈ നേരം മുഴുവൻ കുട്ടികൾ പരക്കെ കളിച്ചു നടപ്പുണ്ടാവും.ഇത് ആവശ്യം പോലെ കടപ്പുറമുള്ള അടിമലത്തുറ മുതൽ പൂവാർ വരെയുള്ള പ്രദേശങ്ങളിലെ കാഴ്ച്ചയാണ്. പൂന്തുറയിൽ ഇതല്ല സ്ഥിതി. കൊട്ടിഘോഷിച്ച് ഉണ്ടാക്കുന്ന വിഴിഞ്ഞം പോർട്ടിന് വേണ്ടി കല്ലിട്ടും കടലടിച്ചും കൊണ്ടുപോയതിലേറെയും പൂന്തുറക്കാരുടെ തീരമാണ്. കടപ്പുറം പോലും ഇല്ലാതായതോടെ അവിടുത്തെ ആളുകൾക്ക് വൈകുന്നേരങ്ങളിലെ ഈ ലെഷർ ടൈം ഇല്ലാതാവുകയാണ്. അവർക്ക് ഇറങ്ങി നടക്കാനും അപ്പുറത്തെ വീട്ടിൽ പോവാനും ഉള്ള ഇടത്തൊക്കെ കൂട്ടം കൂടാനുമുള്ള പ്രവണത കൂടുതലായേക്കും. ഇതുവായിക്കുന്ന പലർക്കും തോന്നിയേക്കാം, ഞങ്ങളും വീട്ടിലിരിക്കുവാണല്ലോ, ഞങ്ങൾക്കൊന്നുമില്ലാത്ത എന്ത് Outdoor obsession ആണ് ഈ തീരദേശത്തുള്ളവർക്കെന്ന്! തീരദേശക്കാർ മാത്രമല്ല, ഒരു തദ്ധേശീയ ജനതകൂടിയാണവർ. മുറുക്കി തുപ്പുന്നത് അത്ര നല്ല പരിപാടിയല്ലെന്ന് പറഞ്ഞാലും അവർക്ക് അത് ചെയ്യാതിരിക്കാനാവില്ല, കള്ളുകുടിച്ച് ചീത്ത വിളിക്കുന്നത് ബാക്കിയെല്ലാവർക്കും 'അപരിഷ്കൃത'മാണെന്ന് തോന്നിയാലും കടപ്പുറത്തുള്ളവർക്ക് അത് വളരെ നോർമ്മലാണ്. ഈ പറഞ്ഞതൊന്നും കൂട്ടത്തിലുള്ളവർക്കല്ലാതെ, പുറത്തുള്ള ആരെയും കാര്യമായി ബാധിക്കാത്ത കാര്യങ്ങളായതു കൊണ്ട് പ്രശ്നമില്ലെന്നു തന്നെ വയ്ക്കാം.പക്ഷേ പൂന്തുറയിലെ ഇപ്പൊഴത്തെ അവസ്ഥ അതല്ല, ഈ വൈറസിൻ്റെ പ്രകൃതം വെച്ച് ആരുടെ ഭാഗത്തു നിന്നും സംഭവിക്കാവുന്ന പിഴവിൻ്റെ പേരിലും അപകടത്തിലാകുന്നത് ഒരുപാട് പേരാണ്. നേരത്തെ പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിലിരിക്കാൻ പ്രയാസമുള്ള ജനങ്ങളെ ഏതെങ്കിലും വിധത്തിൽ വീട്ടിലിരുത്താനാവും കമോൻ്റോസിനെ ഇറക്കിയിട്ടുണ്ടാവുക. പട്ടാളവും പൊലീസും പോലുള്ള ബിംബങ്ങൾ ഉണ്ടാക്കുന്ന അധികാരത്തിൻ്റെ അപകടം മനസിലാവാഞ്ഞിട്ടല്ല, നേരത്തെ പറഞ്ഞല്ലോ ഇത് സങ്കീർണമായൊരു സംഗതിയാണ്.Epidemic Prevention act തരുന്ന അധികാരങ്ങളുപയോഗിച്ച് നിങ്ങൾ ഒരു വര വരച്ചു തുടങ്ങിയതിൽ ഞാൻ തെറ്റൊന്നും പറയുന്നില്ല. പക്ഷേ ആ വരയുടെ അറ്റം എവിടം വരെ പോവുമെന്നത് എന്നെയും ഞാനുൾപ്പെടുന്ന ജനതയെയും തീർച്ചയായും ആശങ്കപ്പെടുത്തുന്നുണ്ട്!

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories