TopTop
Begin typing your search above and press return to search.

തോക്കും കമാണ്ടോകളും ഭയവും റാഡിക്കൽ ആയ മാറ്റങ്ങൾ അല്ല, എല്ലാ എതിർ ശബ്ദങ്ങളും കുത്തിത്തിരിപ്പുകൾ അല്ല

തോക്കും കമാണ്ടോകളും ഭയവും റാഡിക്കൽ ആയ മാറ്റങ്ങൾ അല്ല, എല്ലാ എതിർ ശബ്ദങ്ങളും കുത്തിത്തിരിപ്പുകൾ അല്ല

ഇനിയും നിയന്ത്രണവിധേയമാകാത്ത ഒരു മഹാമാരിയും അതുണ്ടാക്കുന്ന കടുത്ത സാമ്പത്തീക-സാമൂഹിക-അസ്ഥിത്വ പ്രതിസന്ധികളും ഉലച്ചു കളയാത്ത മനുഷ്യർ ആരെങ്കിലും നമുക്കിടയിൽ ഉണ്ടെങ്കിൽ അവർ പരമ്പരാഗത സ്വർണ്ണം കള്ളക്കടത്തുകാരോ അവരുടെ സിൽബന്ധികളോ ആയിരിക്കും.

എത്ര ആട്ടിയകറ്റാൻ ശ്രമിച്ചാലും ഉള്ളിന്റെയുള്ളിൽ വലിയൊരു അരക്ഷിതാവസ്ഥ നമ്മളിൽ എല്ലാം ഉണ്ട്. കുറേ നാളത്തേക്കുള്ള ആഹാരസാധനങ്ങൾ മുൻകൂട്ടി വാങ്ങിച്ചു വയ്ക്കാനോ അവിചാരിതമായി എന്തെങ്കിലും രോഗം വന്നുപെട്ടാൽ ആശുപത്രിയിൽ പോകാനോ പണമോ മറ്റു നീക്കിയിരിപ്പുകളോ ഒന്നുമില്ലാത്തവരാണ് മഹാഭൂരിപക്ഷവും.

ഓരോ ദിവസവും കൂലികിട്ടിയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയാത്തവർ. കൃത്യമായ മാസ ശമ്പളവും ഇതര വരുമാനങ്ങളും ഉള്ളവർക്ക് ആ അവസ്ഥയിലുള്ളവരെ പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല. നമ്മൾ നേരിട്ട് അനുഭവിക്കാത്തിടത്തോളം കാലം പട്ടിണിയും ദാരിദ്രവും വറുതിയും സ്റ്റാർ ഹോട്ടലിൽ നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയങ്ങളിലെ പ്രബന്ധങ്ങളാണ്.

കേരളത്തിൽ എന്നല്ല ഇന്ത്യയുടെ മൊത്തം തീരദേശങ്ങളിലെ ജനങ്ങൾക്ക് നമ്മൾ മുഖ്യധാരയിലെ ആളുകളെ തരിമ്പും വിശ്വാസം ഇല്ല എന്നത് സത്യമാണ്. മലയോരങ്ങളിലെ ആദിമ നിവാസികൾക്കും അങ്ങനെ തന്നെ. തലമുറകളായി മുഖ്യധാരയും അവരുടെ ഭരണാധികാര സ്ഥാപനങ്ങളും ചൂഷണം ചെയ്തതാണ് അവരെ. കടലും തീരവും മലകളും പുഴകളും എല്ലാം വികസനം എന്ന പേരിൽ കയ്യേറ്റം ചെയ്യപ്പെട്ടപ്പോൾ സ്വപ്‌നങ്ങൾ കടൽ എടുത്തു പോയവരാണിവർ. തീരദേശങ്ങളിൽ കൊട്ടിഘോഷിച്ച വികസനങ്ങൾ അവരെ മാത്രം സ്പർശിക്കാതെ കടന്നു പോകുന്നു.

വിഴിഞ്ഞം പോലുള്ള പദ്ധതികൾ അവരുടെ കുഞ്ഞു വീടുകളും വലകൾ ഉണങ്ങുന്ന ഇടങ്ങളും പോലും കടൽ വിഴുങ്ങുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. നൂറ്റാണ്ടുകളിലൂടെ തലമുറ കൈമാറി അവർക്കു പകർന്നു കിട്ടിയതാണ് പിന്നോക്കാവസ്ഥയും മുഖ്യധാരയുടെ ചൂഷണങ്ങളും.പെട്ടെന്നൊരു ദിവസം അവരോടോ അവരുടെ നേതാക്കളോടോ മത പുരോഹിതരോടോ പോലും ആലോചിക്കാതെ പ്രദേശം അടച്ചു പൂട്ടുകയും തോക്കേന്തിയ കമാൻഡോകൾ റോന്ത് ചുറ്റുകയും ചെയ്യുമ്പോൾ അവർ അശാന്തരാകുന്നത് ഈയൊരു സാമൂഹിക പശ്ചാത്തലത്തിൽ വേണം കാണാൻ.

അന്നന്ന് ജോലിക്കു പോയില്ലെങ്കിൽ പട്ടിണിയാകുന്ന കുടുംബങ്ങൾ. ആഹാരമില്ല. വെള്ളമില്ല. മരുന്നില്ല. രോഗബാധിതരായവരെ പിടിച്ചുകൊണ്ടുപോയി ഇടുന്ന ക്യാമ്പുകളിൽ ഭക്ഷണോ വൃത്തിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. മനുഷ്യർക്ക് ഭ്രാന്തെടുക്കും. അത് തീരദേശത്തായാലും മറ്റെവിടെ ആയാലും. സ്വാഭാവികമായും അത് അപ്പോൾ ഭരിക്കുന്ന സർക്കാരിന് എതിരെ തിരിയും. തങ്ങൾ ഭരിച്ചിരുന്ന കാലത്തെ കുഴപ്പം മറച്ചുവച്ചുകൊണ്ട് പ്രതിപക്ഷം അതിൽ നിന്നും മുതലെടുക്കുന്നതും സ്വാഭാവികം. പൂന്തുറയിൽ പ്രതിഷേധിച്ചവരിൽ ഭരണപക്ഷക്കാരും ഉണ്ടായിരുന്നു എന്നാണ് വിവരം.

ഇതിലെ കക്ഷി രാഷ്ട്രീയം മാറ്റി നിർത്തിയാൽ ഇങ്ങനെ സംഗ്രഹിക്കാം: അരക്ഷിതരായ തീരദേശ ജനത ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച അടച്ചുപൂട്ടലിനെ പ്രതിരോധിച്ചു. ദരിദ്രരുടെ പ്രതിഷേധം. നിസ്സഹായരുടെ പ്രതിഷേധം. പട്ടിണിക്കാരുടെ പ്രതിഷേധം. അല്പം വിവേകത്തോടെ മുൻകൂട്ടി അവിടുത്തെ നേതാക്കളെയും പുരോഹിതരെയും വിളിച്ചു ചർച്ച ചെയ്തും ആശ്വാസ നടപടികൾ മുൻ‌കൂർ പ്രഖ്യാപിച്ചും അടച്ചു പൂട്ടിയിരുന്നെങ്കിൽ പ്രതിഷേധം നടക്കില്ലായിരുന്നു.

ആർക്കെല്ലാമോ വീഴ്ച പറ്റി. തോക്കു പിടിച്ച കമാൻഡോകൾ നൽകിയത് തെറ്റായ സന്ദേശമാണ്. അതിനെ ഉത്തരവാദിത്വപ്പെട്ട ചുമതലയിൽ ഉള്ള ഉദ്യോഗസ്ഥൻ ന്യായീകരിച്ചത്‌ അവിശ്വാസം കൂട്ടി.എന്ത് തന്നെ ആയാലും ഉദ്യോഗസ്ഥരെക്കാൾ ഇത്തരം സന്ദർഭങ്ങളിൽ ക്രൈസിസ് മാനേജ്‌മെന്റ് അറിയുക രാഷ്ട്രീയക്കാർക്കാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻകൈ എടുത്തു നാട്ടുകാരുടെ പ്രതിനിധികളോട് സംസാരിച്ചപ്പോൾ സംഘർഷം അയഞ്ഞു. മെല്ലെ അത് ഇല്ലാതായി. അതും വളരെ ചെറിയ ചില ഉറപ്പുകളുടെയും ഇളവുകളുടെയും ബലത്തിൽ.

സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകരുടെ വാഹനത്തിനുള്ളിൽ പ്രദേശത്തുകാരിൽ ചിലർ തുപ്പിയത് അപലപിക്കേണ്ടതും വേദനയുണ്ടാക്കുന്നതുമായ സംഭവമാണ്. അതിവൈകാരികതയിലും മാനസീക സംഘർഷത്തിലും ചെയ്തുപോയതാകാം. വിദ്യാഭ്യാസവും ലോകപരിചയവും മനുഷ്യനന്മകളിൽ വിശ്വാസവും ഉള്ള ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും അത് മനഃപൂർവം ക്ഷമിക്കണം. അത് ചെയ്തവരോട് പൊറുത്തും തങ്ങൾ ആ ജനതയുടെ കൂടെ ഉണ്ടെന്നു പറഞ്ഞും വരുമ്പോൾ ചെയ്തവർക്ക് കുറ്റബോധം ഉണ്ടാകും. തീരദേശ ജനത കുറ്റബോധവും പശ്ചാത്താപവും കാണിക്കേണ്ട സമയത്ത് കാണിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയവും അതിവൈകാരികതകളും മാറ്റി വച്ച് പറഞ്ഞാൽ പൂന്തുറ നമുക്കൊരു പാഠമാണ്.

കാര്യങ്ങളെ കുറേക്കൂടി വിനീതമായും ജനാധിപത്യപരമായും കാണാൻ. ജനങ്ങളോട് സർക്കാരിനുള്ള കരുതൽ അവരെ ബോധ്യപ്പെടുത്തി കാര്യങ്ങൾ നിർവഹിക്കുന്നതിൽ. ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടും കൂടിയാലോചനയിലൂടെയും കടുത്ത നടപടികൾ ഉറപ്പാക്കുന്നതിൽ. ജനകളുടെ സ്വാഭാവികമായ പ്രതിഷേധങ്ങളെ മാനിക്കുന്നതിൽ... എല്ലാ എതിർ ശബ്ദങ്ങളും കുത്തിത്തിരിപ്പുകൾ അല്ല എന്ന് മനസ്സിലാക്കുന്നതിൽ. തോക്കും കമാണ്ടോകളും ഭയവും റാഡിക്കൽ ആയ മാറ്റങ്ങൾ അല്ല എന്ന കാര്യത്തിൽ. ഒരു ജനതയെക്കുറിച്ചു വിമർശനവും ആക്ഷേപവും സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ സൂക്ഷിക്കണം എന്ന കാര്യത്തിൽ.... ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതിനിടയിലെ കൈവിട്ട ഒരു വാക്കോ പ്രവർത്തിയോ ഉത്തരവാദിത്തപ്പെട്ട ആളുകളിൽ നിന്നും വരാതിരിക്കുന്നതിൽ.......

സോഷ്യൽ മീഡിയയിലെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രചാരകരെ നിയന്ത്രിക്കുന്നതിൽ.

പൂന്തുറയുമായി ബന്ധപ്പെട്ട് ഡോക്ടർ അഷീൽ പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല എന്ന് പറഞ്ഞാൽ അത് ആ വിഷയത്തിലാണ്. കോറോണയുടെയും മുൻപ് നിപ്പയുടെയും വെല്ലുവിളികളെ സമർപ്പിതമായി നേരിടുകയും എൻഡോസൾഫാൻ ഇരകളുടെയും സാമൂഹിക സുരക്ഷ വേണ്ട അനേകായിരങ്ങളുടെയും അതിജീവനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അഷീലിനോട് ബഹുമാനം ഉണ്ട്. അത് തുടരും.

അഷീലും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവരും കുറേക്കൂടി ജനാധിപത്യ മര്യാദയും എതിർപ്പുകളോട് സഹിഷ്ണുതയും അകന്നു നിൽക്കുന്നവരോട് അടുപ്പവും കാണിക്കണം എന്ന് പറയുന്നത് ഏറ്റവും ആദരവോടും സ്നേഹത്തോടും കരുതലോടും കൂടി മാത്രമാണ്.


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories