പി പി ഈ കിറ്റ് മതി എന്ന് ഇന്ന് സർക്കാർ പറഞ്ഞപ്പോൾ മരണത്തിന്റെ വ്യാപാരികളും അവരുടെ കിങ്ങിണിക്കുട്ടന്മാരും മൊത്തം ചെണ്ടയുമായി ഇറങ്ങിയിട്ടുണ്ടല്ലോ, കണ്ടില്ലേ സർക്കാർ നിലപാട് മാറ്റിയത്, ഞങ്ങൾ അന്നേ പറഞ്ഞതല്ലേ എന്നും പറഞ്ഞു.
നിങ്ങൾ അന്നേ പറഞ്ഞിട്ടുണ്ട്. പലതും.
മീഡിയ മാനിയ ആണെന്ന് പറഞ്ഞിട്ടുണ്ട്.
നാച്ചുറൽ ഇമ്യൂണിറ്റി ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്.
27 ഡിഗ്രിയിൽ കൊറോണ വൈറസ് നശിച്ചുപോകും എന്ന് പറഞ്ഞിട്ടുണ്ട്.
ആരാധനാലയങ്ങൾ തുറക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
പാസില്ലാതെ ആളെ കടത്തിവിടണം എന്ന് പറഞ്ഞിട്ടുണ്ട്.
ആളെ കൊല്ലാനുള്ള പല വഴിയും നിങ്ങൾ പറഞ്ഞിട്ടുണ്ട്.
പക്ഷെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യവും നിങ്ങൾ പറഞ്ഞിട്ടില്ല. കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ സഹായിക്കുന്ന ഒരു നിർദ്ദേശം
പറഞ്ഞതായി പറയാമോ? ഒരെണ്ണം?
പറഞ്ഞതുമുഴുവൻ പ്രതിരോധത്തിനു എങ്ങിനെ അള്ളുവയ്ക്കാം എന്നാണ്.
നോർക്ക വകുപ്പിൽ ഇരുന്നു അപ്രായോഗികമായ തീരുമാനങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. മുഴുവൻ പ്രവാസികളും ക്വറന്റൈൻ ചെലവ് വഹിക്കണം എന്നതായിരുന്നു ആദ്യത്തേത്. അതുകഴിഞ്ഞാണ് ടെസ്റ്റ് നടത്തുന്നവർ മാത്രം വന്നാൽ മതി എന്ന് പറഞ്ഞത്. ഉദ്ദേശം നല്ലതെങ്കിലും പ്രഥമദൃഷ്ട്യാ അപ്രായോഗികമായിരുന്നു ആ നിലപാട്. അത് മനസിലായപ്പോൾ ടെസ്റ്റ് കിറ്റ് അങ്ങോട്ടയക്കാം എന്നായി. ഇപ്പോൾ അതും നടക്കില്ല എന്നായപ്പോൾ പി പി ഈ കിറ്റ് എന്നായി.
ഞങ്ങള് അന്നേ പറഞ്ഞില്ലേ എന്ന് ചെണ്ട കൊട്ടുന്നവർ ഒരു കാര്യം ഓർക്കണം: ടെസ്റ്റുമായി ബന്ധപ്പെട്ടു പറഞ്ഞ എല്ലാ സാധ്യതകളുടെയും ഉദ്ദേശം ഒന്നാണ്: വിമാനത്തിൽ വരുമ്പോൾ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക. അതിനു ഒന്നല്ലെങ്കിൽ മറ്റൊരു വഴി.
അല്ലാതെ കന്റയിൻമെൻറ് മെത്തേഡും നാച്ചുറൽ ഇമ്യൂണിറ്റിയും പോലെ ആളെ കൊല്ലാനുള്ള പരിപാടിയല്ല.
കൊറോണ ഒരു പുതിയ വൈറസാണ്; ലോകത്തെമ്പാടും ഇതുമായി നേരിട്ട് യുദ്ധം ചെയ്യുന്നവർ പല നിലപാടും പലതവണ മാറ്റിയിട്ടുണ്ട്; ലോകാരോഗ്യ സംഘടനയടക്കം. കേരളത്തിലെ മരണവ്യാപാരികളെപ്പോലെ എല്ലാ അറിവും തികഞ്ഞവരല്ലല്ലോ അവർ.
മനുഷ്യരെ നടുക്കുനിർത്തി അതിനുചുറ്റും പ്രതിരോധം ഉണ്ടാക്കുന്നവർക്കു മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ മാറ്റേണ്ടിവരും. കരയ്ക്കിരുന്നു കുത്തിത്തിരുപ്പുണ്ടാക്കുന്നവർക്കു എല്ലാം ഒരു രസമാണ്, അവരുടെ മണ്ടത്തരങ്ങളടക്കം; എന്തായാലും ലാഭം. ഇന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞപോലെ 'എങ്ങിനെയാണ് മരിച്ചവരുടെ ബന്ധുക്കളോട് സർക്കാർ വോട്ടു ചോദിക്കുക' എന്ന ഒരൊറ്റ തുറുപ്പിലാണ് അവരുടെ മൊത്തം കളി.
ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള ഒരു സർക്കാരിനും അത്തരം ഒരു കളിയ്ക്കു കൂട്ടുനിൽക്കാനാവില്ല. അത് നിർഭാഗ്യവശാൽ ചെണ്ടകൊട്ടുകാർക്കു മനസിലാവുകയുമില്ല
---
സർക്കാർ ഇനിയും നിലപട് മാറ്റേണ്ടിവരും എന്ന അഭിപ്രായം എനിക്കുണ്ട്. ഇപ്പോൾ രോഗബാധിതരായവരെ മുഴുവൻ ആശുപത്രിയിലേക്ക് മാറ്റി മുഴുവൻ ചികിത്സയും സൗജന്യമായി ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് ഇപ്പോൾ ലോകത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല. മിക്കവാറും സ്ഥലങ്ങളിൽ ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെ വീട്ടിൽത്തന്നെ തുടരാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ മാത്രം ആശുപത്രിയിലേക്ക് മാറ്റുക എന്നതാണ് രീതി. ഇന്ത്യയിൽത്തന്നെ പല സംസ്ഥാനത്തും കൊള്ള ബില്ലാണ് ആശുപത്രികൾ അടിച്ചുകൊടുക്കുന്നത്--ഒരു ദിവസം ഏഴായിരം മുതൽ എഴുപത്തയ്യായിരം വരെ പോകുന്നു, ആവശ്യങ്ങൾക്കനുസരിച്ച് ആ ബില്.
ആരോഗ്യ സുരക്ഷയ്ക്ക് സർക്കാർ പണം ചെലവാക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ നമുക്കു ഈ നിലയിൽ ഒരു ബില്ലിംഗ് വേണ്ടി വരില്ല; പക്ഷെ ബില്ലുകൊടുക്കാൻ പണമുള്ളവരിൽനിന്നു ഒരു ഭാഗം ചിലവ് വാങ്ങണം എന്നാണു എന്റെ അഭിപ്രായം. അതുപോലെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെ വീടുകളിൽ തുടരാൻ അനുവദിക്കണം എന്നും.
അങ്ങിനെ ഒരു തീരുമാനം വന്നാൽ അപ്പോഴും ഇക്കൂട്ടർ ഇറങ്ങും; ഇത്രകാലം പറഞ്ഞത് മൊത്തം തള്ളായിരുന്നു എന്നും പറഞ്ഞു. സിസ്റ്റം റൺ ചെയ്യുന്നതിൽ ഒരു സ്റ്റെയ്ക്കുമില്ലാത്ത പാർട്ടികൾക്ക് പറയാൻ അതെ ഉണ്ടാവൂ. അല്ലെങ്കിൽ വേറെ എന്തെങ്കിലും മണ്ടത്തരം. അതുവച്ച് പക്ഷെ ഒരു സർക്കാരിന് മുൻപോട്ടു പോകാൻ വയ്യല്ലോ.
ഇന്നിപ്പോൾ പീ പീ ഈ കിറ്റ് ധരിച്ചതുകൊണ്ടു പ്രത്യേകിച്ച് മെച്ചമൊന്നുമില്ല എന്ന് പറഞ്ഞു വന്നിട്ടുണ്ട്. എന്താ ചെയ്യാ! ഡോക്ടർമാരൊക്കെ കേട്ടാൽ എന്ത് വിചാരിക്കും എന്നുപോലും ആലോചിക്കുന്നില്ലല്ലോ.
മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം എന്ന് താടിക്കാരൻ പറഞ്ഞിട്ടുണ്ട്.
ഈ ചെണ്ട കൊട്ടുന്നവരുടെ ചില നേതാക്കന്മാരുടെ മണ്ടത്തരത്തിനും മാറ്റമൊന്നുമില്ല.
അപ്പോൾ കൊട്ടുനടക്കട്ടെ...
---
പി എസ്: നോർക്ക വകുപ്പിൽ മലയാളികളെ മനസിലാകുന്ന ഉദ്യോഗസ്ഥന്മാരെ ആരെയെങ്കിലും നിയമിച്ചില്ലെങ്കിൽ ഇനിയും ഇമ്മാതിരി അപ്രായോഗിക തീരുമാനങ്ങൾ ഉണ്ടാകും. ബാക്കി കാര്യങ്ങൾ പറ്റുന്നമാതിരി ചെയ്യുന്ന ഒരു സർക്കാർ അതിന്റെയൊക്കെ പൊളിറ്റിക്കൽ കോസ്റ്റ് വഹിക്കേണ്ടിവരും, ഒരാവശ്യവുമില്ലാതെ.