TopTop
Begin typing your search above and press return to search.

നോ സൈലൻസ്, നോ വയലൻസ്; സംഘപരിവാരത്തിന്റെ കണക്ക് തെറ്റിച്ച് മനുഷ്യർ തെരുവിൽ സംഘടിക്കുന്നു

നോ സൈലൻസ്, നോ വയലൻസ്; സംഘപരിവാരത്തിന്റെ കണക്ക് തെറ്റിച്ച് മനുഷ്യർ തെരുവിൽ സംഘടിക്കുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന് രണ്ടു സുന്ദര മുഖങ്ങളുണ്ട്.

ഒന്ന്: ഈ ബിൽ വേവിക്കുമ്പോൾ സംഘ പരിവാരത്തിന്റെ അടുക്കളയിലുണ്ടായിരുന്നവരുടെ മുഖത്തെ ചിരി ഇപ്പോഴില്ല. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകും എന്ന കാര്യം അവർക്കറിയാമായിരുന്നു; പക്ഷെ ആ പ്രതിഷേധം ഈ ബില്ലിന്റെ ഇരകളാകും എന്നവർ പ്രതീക്ഷിച്ച സമുദായത്തിന്റേതു മാത്രമാകും എന്നും അവർ പ്രതീക്ഷിച്ചു . അത് മുന്പുകണ്ടിട്ടില്ലാത്തവിധം സമൂഹത്തിൽ വേര്തിരിവുണ്ടാക്കുമെന്നും അതോടെ ദയനീയമായ ഭരണപരാജയങ്ങളുടെയും വാഗ്ദാന ലംഘനങ്ങളുടെയും കഥ ജനങ്ങൾ മറക്കും എന്നും അവർ കണക്കുകൂട്ടി. ഒരു ഹിന്ദുത്വ അജണ്ടയിൽനിന്നു അടുത്തതിലേക്ക് കടക്കാനുള്ള ഇടവേളയായി അതിനെ ഉപയോഗിക്കാമെന്നും അവർ കണക്കുകൂട്ടി. ഇവിടെ പക്ഷെ അവരുടെ കണക്കു തെറ്റി. എല്ലാ മനുഷ്യർക്കും ജീവിക്കാനും അവസരങ്ങൾ തേടാനും വഴിയൊരുക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിവാരം പൊളിക്കാനുള്ള നീക്കമാണ് ഇതെന്ന് മനുഷ്യർ തിരിച്ചറിഞ്ഞു. സമുദായ ധ്രുവീകരണം എന്ന അജണ്ട പൊളിഞ്ഞു; ചെറുപ്പക്കാർ പ്രതിഷേധം ഏറ്റെടുത്തു. അതോടെ ഇന്ത്യ ഒരു വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വോട്സ്ആപ്പിൽ വൻ വിശദീകരണങ്ങൾ മലവെള്ളം പോലെ ഒഴുകുമ്പോഴും ആളുകൾ തെരുവിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നു; നുണകൾക്ക് മറുപടി പറയുന്നു. ഈ സമരം എവിടെയെത്തിയാലും ധ്രുവീകരണ അജണ്ട മുന്നോട്ടുവച്ചാൽ അതിൽ ഇന്ത്യക്കാർ അത്ര എളുപ്പത്തിൽ കൊത്തില്ല എന്ന് ഭരിക്കുന്നവർക്കു അവർ കാണിച്ചു കൊടുത്തു. രണ്ട്: ബി ജെ പി ഭരിക്കുന്ന സ്‌ഥലങ്ങളില്ലാതെ എല്ലായിടത്തും സമരങ്ങൾ തികച്ചും സമാധാനപൂർണ്ണമാണ്. ഇന്നലെ മുംബയിൽ നടന്ന പതിനായിരങ്ങളുടെ പ്രകടനം അതിനുദാഹരണമാണ്. മുംബൈയിൽ മാത്രമല്ല ഇന്ത്യയിലങ്ങോളമിങ്ങോളം മനുഷ്യർ തെരുവിൽ സംഘടിക്കുന്നു; സർക്കാരിനോട് വിയോജിപ്പ് അറിയിക്കുന്നു. ഡൽഹി പോലീസിനോട് തങ്ങൾക്കൊപ്പം വരാൻ അവർ ക്ഷണിക്കുന്നു. എന്നാൽ എന്താണ് സർക്കാരിന്റെ പ്രതികരണം? ഇന്റർനെറ്റ് കട്ട് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും സർക്കാർ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നോക്കുന്നു. വേഷം കണ്ടാൽ അക്രമിയെ തിരിച്ചറിയാം എന്ന സംസ്കാരശൂന്യമായ, അക്രമ ചുവയുള്ള ആഹ്വാനംകൊണ്ടു പ്രധാനമന്ത്രിതന്നെ അതിനു വഴിമരുന്നിടുന്നു. അതുസംബന്ധിച്ച വാർത്തകൾ അവിടന്നും ഇവിടന്നും വന്നുതുടങ്ങിയിട്ടുമുണ്ട്. അങ്ങേയറ്റം പ്രകോപനപരമായ രീതിയിൽ സമരങ്ങളെ അക്രമത്തിലേക്ക് കൊണ്ടുകെട്ടാനുള്ള ശ്രമം ഇക്കൂട്ടർ നടത്തുന്നുണ്ടോ എന്ന് സംശയിക്കണം. ഈ സമരം തോൽക്കണമെങ്കിൽ അതിനു ഒരൊറ്റ വഴിയേ ഉള്ളൂ: അക്രമം. അപ്പോൾ ബഹുജനാഭിപ്രായം എതിരാകും. അതെല്ലെങ്കിൽ പരിവാരം ഉരുട്ടിക്കൊണ്ടുവരുന്ന വർഗീയതയുടെയും ധ്രുവീകരണത്തിന്ററെയും ഭീകരയന്ത്രത്തിനു ഈ സമരം ബ്രെയ്ക്കിടും. ചിത്രത്തിൽ കാണുന്നത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര-ഗവേഷണ സ്‌ഥാപനങ്ങളിൽ ഒന്നായ ബാങ്കളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിന്റെ നൂറ്റാണ്ടു കഴിഞ്ഞ പ്രൗഢമായ അങ്കണത്തിൽ ശാസ്ത്രകാരന്മാരും ഗവേഷകരും വിദ്യാർത്ഥികളും ഇന്നലെ രാത്രി ഒന്നുചേർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നതാണ്. സമരത്തിന്റെ രൂപം എങ്ങിനെ ആയിരിക്കണം എന്നതിന്, എതിരാളികളെ നിഷ്പ്രഭരാക്കുന്ന അഹിംസയുടെ പ്രഹരശേഷി എന്തെന്ന് ഭരണകൂടത്തെ മനസിലാക്കേണ്ടത് ഇത്തരം പരിപാടികളിലൂടെ ആയിരിക്കണം എന്നാണ് എന്റെ നിലപാട്.

നോ സൈലൻസ്, നോ വയലൻസ്.


Next Story

Related Stories