TopTop
Begin typing your search above and press return to search.

കൊറോണ കാലത്തെ സോഷ്യൽ ഡിസ്റ്റന്‍സിംഗ് മനുസ്മൃതിക്ക് സാധൂകരണമാക്കി തൊട്ടുകൂടായ്മയും അയിത്തവും വിളിച്ചു കൂവുന്ന പു ക സ എന്ന പ്രതിലോമ സംഘം

കൊറോണ കാലത്തെ സോഷ്യൽ ഡിസ്റ്റന്‍സിംഗ് മനുസ്മൃതിക്ക് സാധൂകരണമാക്കി തൊട്ടുകൂടായ്മയും അയിത്തവും വിളിച്ചു കൂവുന്ന പു ക സ എന്ന പ്രതിലോമ സംഘം

ഇപ്പോൾ പു ക സ എന്ന പേര് കേൾക്കുമ്പോൾ ചരിത്രത്തിലെ ദേവദാസി സാമ്പ്രദായങ്ങളൊക്കെ ഓർക്കുമ്പോൾ പുകയുന്ന ഒരു തരം വൈകാരിക കലിപ്പാണ് മനസ്സിൽ നീറി വരുന്നത്. തൃശ്ശുർ ജില്ല പു ക സ കമ്മിറ്റി നിർമിച്ച കൊറോണ പ്രതിരോധ വീഡിയോ എന്തുമാത്രം പ്രതിലോമകരവും കീഴാള വിരുദ്ധവുമാണ്.

കലയും സാഹിത്യവും പേറി നടക്കുന്നവരൊക്കെ ഭയങ്കര പുരോഗമനന്മാരാണെന്ന മിഥ്യാധാരണയുണ്ട് നമ്മുടെ സമൂഹത്തിന്. അത് ചരിത്ര ബോധത്തിൻ്റെ ദാരിദ്ര്യം കൊണ്ടും സമൂഹത്തിലെ ചില വിഗ്രഹവത്ക്കരണ ഫലമായും ഉണ്ടായതാണ്. ഭാവനയും ഭാഷയും ഇണക്കിച്ചേർക്കാവുന്ന ആർക്കും സാഹിത്യ സൃഷ്ടികൾ നടത്തി കാളിദാസന്മാരാകാം. അതുകൊണ്ട് സാഹിത്യകാരന്മാരൊക്കെ മാനവികവാദികളാണെന്ന ധാരണ മാറ്റിവെക്കാം. ജന്മസിദ്ധമായ കഴിവുകൾ പുറത്തെടുത്ത് പ്രകടനം കാഴ്ച്ചവെക്കുന്നവർ സമൂഹത്തിൽ കലാകാരന്മാരായും തീരുന്നു. അങ്ങനെയാണ് എസ്രാ പൗണ്ടും ബങ്കിം ചന്ദ്ര ചാറ്റർജിയുമൊക്കെ ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

വൈയക്തികമോ ജന്മസിദ്ധമോ ആയ കഴിവുകളുടെ പ്രകടനങ്ങളാണെന്നതും മനുഷ്യ മനസ്സിൻ്റെ വൈകാരിക പ്രകാശനങ്ങളായി നിലകൊള്ളുന്നതിനാലും കലയും സാഹിത്യവും മനുഷ്യൻ്റെ സൗന്ദര്യാനുഭൂതി ലോകത്തെ പ്രധാന വിഭവങ്ങളാണ്. അതിന് ഇന്ദ്രജാലം സൃഷ്ടിക്കാനാവും, വാക്കുകളുടെ മാസ്മരികതയാൽ മനുഷ്യനെ മയക്കിയെടുക്കാനുമാവും. എന്നാൽ ഈ കലയും സാഹിത്യവും രാഷ്ട്രീയ പ്രഹരശേഷിയുള്ള ആയുധങ്ങൾ കൂടിയാണ്. അതുകൊണ്ടാണ് സമൂഹത്തിൻ്റെ ബൗദ്ധികമണ്ഡലങ്ങളിൽ ഇവ പ്രതിഷ്ഠിക്കപ്പെടുന്നത്.

കലാ സാഹിത്യത്തിൻ്റെ രാഷ്ട്രീയം എന്നത് സമൂഹത്തിൽ അതിൻ്റെ ഇടപെടലാണ്. നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുകയോ വാർപ്പു മാതൃകകളെ തകർക്കുകയോ പൊതുബോധങ്ങളെ ചോദ്യം ചെയ്യുകയോ നടപ്പു രീതികൾക്ക് നേരെ വിമർശശരങ്ങൾ അഴിച്ചുവിടുകയോ ചെയ്യലാണ് കലാ സാഹിത്യത്തിൻ്റെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നത്. അത്തരം സൃഷ്ടികൾ ക്ലാസിക്കുകളായി മാറിയേക്കാം. വിപ്ലവ സൃഷ്ടികളായി ചരിത്രത്തിൽ ഇടം പിടിച്ചേക്കാം.

ഇങ്ങനെ സമൂഹത്തിൽ ഇടപെടൽ നടത്തുന്ന സൃഷ്ടികൾ സമൂഹത്തിൻ്റെ പരിഷ്കരണത്തിനും നവോത്ഥാനപരമായ മുന്നേറ്റത്തിനും കാരണമാണ്. ഈ ഇടപെടൽ പ്രോത്സാഹിപ്പിക്കാനാണ് പുരോഗമന കലാസാഹിത്യ സംഘമെന്ന പേരിൽ കേരളത്തിലെ സാഹിത്യകാരന്മാരും കലാകാരന്മാരും ഒത്തുചേർന്നത്. തൂലികകൾ വിപ്ലവ ചിന്തകളാൽ നിരതമായ ഇരുപതാം നൂറ്റാണ്ടിൽ ബുദ്ധിജീവികൾ ഇടതുപക്ഷ പാർട്ടികൾക്ക് വേണ്ടി അണിനിരക്കുന്നത് അന്നത്തെ സ്വാഭാവികതയായിരുന്നു. പുരോഗമന സാഹിത്യ സംഘാംഗങ്ങളൊക്കെ ചെങ്കൊടിയുടെ കാവൽക്കാരായിരുന്നു. പിന്നീട് വിപ്ലവകാലങ്ങൾക്ക് തിരശ്ശീല വീണു. ചെങ്കൊടിയേന്തിയ പ്രസ്ഥാനം പൂർണ്ണ സംഘടനാ സ്വഭാവത്തോടെ ഒരു വ്യവസ്ഥാപിത പാർട്ടിയായിവളർന്നു. പാർട്ടിയുടെ നയങ്ങൾ അനുസരിക്കുന്നവർ പാർട്ടിക്ക് വേണ്ടപ്പെട്ടവരായി. മാറ്റങ്ങളെ കൊതിക്കുന്ന വിപ്ലവ ചിന്തകൾ നെഞ്ചിലേറ്റിയവർ മുഖ്യധാരയിൽ നിന്ന് പിറകിലേക്ക് വലിഞ്ഞു ( വലിയേണ്ടിവന്നു). പാർട്ടിയുടെ ആശിസ്സോടെ മുഖ്യധാരയിൽ കലാ സഹിത്യ സംഘടന വളർത്തുന്ന വർഗവും ഇതേ കാലത്ത് രൂപപ്പെട്ടു. അവർ പാർട്ടിയുടെ കുഴലൂത്തുകാരാവുകയും ശീതീകരിച്ച മുറിയിലിരുന്ന് മുകളിലെ ഉത്തരവുകൾ മാനിച്ച് രചനകളിൽ ഏർപ്പെടുകയും ചെയ്തു. അങ്ങനെയാണ് ചിലർ മാത്രം പു ക സയുടെ തലപ്പത്തിരിക്കാൻ വിധിക്കപ്പെട്ടതും ആസ്ഥാന സാഹിത്യ കുലപതികളായി മാറിയതും.

ഇത്രയുമാണ് ആമുഖം. പറയാൻ പോകുന്ന കാര്യത്തേക്കാൾ നീണ്ട ആമുഖം. പു ക സ എന്ന പുരോഗമന കലാസാഹിത്യ സംഘം ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണല്ലോ. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ 'ഒരു തീണ്ടാപ്പാടകലെ' എന്ന കൊറോണ പ്രതിരോധ വീഡിയോ പു ക സയുടെ ഉൾത്തലം കീറി പുറത്തെടുത്തിരിക്കുകയാണ്. പേരിൽ പുരോഗമനമിരിക്കുന്ന ഒരു സംഘം ബ്രാഹ്മണിക്കൽ പ്രതിലോമ കാഴ്ച്ചപ്പാടുകളുടെ മൊത്ത കച്ചവടക്കാരായിരിക്കുകയാണ്. അതിൻ്റെ സാംഗത്യമാണ് മുകളിലെ ആമുഖത്തിൽ സൂചിപ്പിച്ചത്.

ബ്രാഹ്മണിക്കലാണ് നമ്മുടെ പൊതുബോധം. പ്രത്യക്ഷത്തിൽ ജാതി അധികാരങ്ങളുടെ ദ്രംഷ്ടകൾ നീണ്ടകാലത്തെ നവോത്ഥാന സാമൂഹിക പരിഷ്കരണ പ്രവർത്തന ഫലമായി നീക്കം ചെയ്യപ്പെട്ടെങ്കിലും അതിൻ്റെ അദൃശ്യ വേരുകൾ ബോധതലങ്ങളിൽ നിന്ന് മുറിഞ്ഞ് പോയിട്ടില്ല. ഈ ബോധങ്ങളെ മാറ്റിത്തീർക്കാൻ ഏറ്റവും പ്രാപ്തരാണ് സാഹിത്യകാരന്മാരും കലാകാരന്മാരും. കാരണം സമൂഹത്തിൽ അവരുടെ ഇടപെടൽ ധൈഷണികമാണ്. പക്ഷേ രാഷ്ട്രീയമുള്ള സൃഷ്ടികൾക്കേ അത്തരം ധൈഷണിക, ബൗദ്ധിക പ്രവർത്തനങ്ങളുടെ ആയുധമാകാൻ കഴിയുള്ളൂ. കലയുടെ രാഷ്ട്രീയമെന്നത് നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുന്ന സാമൂഹിക ഇടപെടലാണ്.

പുകസയുടെ കൊറോണ പ്രതിരോധ വീഡിയോ ചെയ്തത് എന്ത് രാഷ്ട്രീയമാണ്? ബ്രാഹ്മണിക്കൽ ചിഹ്നങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകി അവയ്ക്ക് സാധൂകരണം നൽകുന്നു. ജാത്യാധികാരങ്ങളെ ഉറപ്പിക്കുന്ന പ്രതീകങ്ങളോടും ഭാഷാപ്രയോഗങ്ങളോടും ബിംബാത്മക നിർമ്മിതികളോടും നിഷേധാത്മകത മാത്രം പുലർത്തി നിരന്തര കലഹത്തിലേർപ്പെടുകയും അവയുടെ അധികാര മണ്ഡലങ്ങളിൽ പ്രതിസ്വരം ഉയർത്തുകയും ചെയ്യേണ്ട സംഘം എത്ര നിസ്സാരമായാണ് ഈ അധികാര ചിഹ്നങ്ങളോട് കൂറ് പുലർത്തിയത്.

അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് 'കൗസല്യ'യുടെ പശ്ചാത്തല സംഗീതത്തോടെ രംഗ പ്രവേശനം ചെയ്യുന്ന പൂജാരി. വെറും പൂജാരിയല്ല, പൂണൂലിട്ട പൂജാരി. കൂടെ തിരുമേനിയെന്ന നിഷ്കളങ്ക വിളിയോടെ 'പുലയനയ്യപ്പനും'. ഡോക്യുമെൻ്ററിയുടെ പേര് 'ഒരു തീണ്ടാപ്പടകലെ'. സോഷ്യൽ ഡിസ്റ്റൻസിങ്ങിന് പുരോഗമന പുങ്കവന്മാർ നൽകിയ മലയാള നാമധേയം. ചിത്രീകരണം നടക്കുന്നത് അമ്പല പരിസരത്തും. കേരളീയ മതേതരത്വത്തിൻ്റെ ഭാഗമാണല്ലോ അമ്പല പരിസരങ്ങളും വെജിറ്റേറിയൻ സദ്യയും. പളളിക്കും ചർച്ചുകൾക്കുമില്ലാത്ത പ്രത്യേക പ്രിവിലിജാണത്.

എത്ര ഭാവനാദരിദ്ര്യവും ബുദ്ധിശൂന്യവുമാണ് ഈ 'കലാ നിർമിതി (?)'. ഇത് പുകസയുടെ ഒരു അസ്വാഭാവിക വീഴ്ച്ചയായി കാണാൻ കഴിയില്ല. കൊറോണ കാലത്തെ സോഷ്യൽ ഡിസ്റ്റന്‍സിംഗ് മനുസ്മൃതിയുടെ ആർഷഭാരത സംസ്കാരത്തിന് സാധൂകരണമാക്കി സാമൂഹിക മാധ്യമങ്ങളിൽ തൊട്ടുകൂടായ്മയും അയിത്തവും ഒരു നെറിയുമില്ലാതെ വിളിച്ചു കൂവുന്ന ജാതി ഭ്രാന്തന്മാരുടെ പൊതുബോധങ്ങൾ പങ്ക് വെക്കുന്ന സാഹിത്യ കലാകാരന്മാരുടെ സാമാന്യ മനോഭാവത്തിൻ്റെ ഒരു ഉത്പ്പന്നമാണത്. അയിത്തവും തീണ്ടിക്കൂടായ്മയും നിർമ്മാർജ്ജനം ചെയ്യേണ്ട പൊതുബോധങ്ങളിൽ അവയുടെ പ്രതീകങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകി പതിപ്പിക്കുകയും അതിനോടുള്ള ശക്തമായ പ്രതിഷേധം അവതരിപ്പിക്കുന്നതിന് പകരം ഇത് കൊറോണയുടെ പേരിലുള്ള തീണ്ടലാണെന്ന നമ്പൂതിരിയുടെ മറുപടി നൽകി അവയെ പൊതുബോധത്തിൽ ഫ്രീസ് ചെയ്യുകയും ചെയ്യുന്ന എത്ര കുത്സിതമായ നീക്കമാണ് ഈ വീഡിയോ മുന്നോട്ട് വെക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories