TopTop
Begin typing your search above and press return to search.

'ദേശീയഗാനം ഒരു വെറും പാട്ടല്ല; അതൊരു ദുഃഖഗാനവുമല്ല, എന്നിട്ടും ഞാൻ കരഞ്ഞു': റഫീഖ് അഹമ്മദിന്റെ കുറിപ്പ്

ദേശീയഗാനം ഒരു വെറും പാട്ടല്ല; അതൊരു ദുഃഖഗാനവുമല്ല, എന്നിട്ടും ഞാൻ കരഞ്ഞു: റഫീഖ് അഹമ്മദിന്റെ കുറിപ്പ്

ഇന്ന് ഒരു പൊതുചടങ്ങിൽ സംബന്ധിക്കുകയുണ്ടായി. അതിന്റെ അവസാനത്തിൽ ദേശീയ ഗാനാലാപനം ഉണ്ടായിരുന്നു. എഴുന്നേറ്റു നിന്നു. രണ്ട് കൊച്ചുകുട്ടികൾ വന്ന് ദേശീയഗാനം ആലപിച്ചു.

ദേശീയഗാനം ഒരു വെറും പാട്ടല്ല. അർത്ഥമറിയും മുൻപേ പാടിത്തുടങ്ങിയ ആ ഗാനം നിശ്ചയമായും ഒരു ദുഃഖഗാനമല്ല. എന്നിട്ടും അതു പാടുന്ന കൊച്ചുകുട്ടികളെ നോക്കി നിന്നപ്പോൾ സങ്കടം നിറഞ്ഞ ഒരു വിരഹഗാനം കേട്ടാലെന്നതു പോലെ എന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞു. വേർപെടുന്ന ഒരു മഹാസംസ്കൃതിയെ യാത്രയാക്കുന്ന ചടങ്ങിലാണോ ഞാൻ എന്ന ഒരു വിഭ്രാന്തിയിൽ അകപ്പെട്ടു. ഗംഗാതടത്തിലൂടെ, ഹിമാലയ സാനുക്കളിലൂടെ, സിന്ധൂനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിലൂടെ, തക്ഷശിലയിലൂടെ, കുരുക്ഷേത്രത്തിലൂടെ, അയോധ്യയിലൂടെ ഞാൻ നടന്നു. ഉപനിഷദ് സൂക്തങ്ങളുണരുന്ന ബ്രാഹ്മമുഹൂർത്തങ്ങൾ, മന്ത്രദ്രഷ്ടാക്കളായ മഹർഷിമാർ. മുടന്തുന്ന ഒരു ആടിനെ കയ്യിലേന്തി യജ്ഞശാലയിലേക്ക് നടക്കുന്ന ഗൗതമൻ, ഒരു വർഷമേഘത്തെ നോക്കി നിൽക്കുന്ന കാളിദാസൻ, ബ്രഹ്മാനന്ദത്തിന്റെ സൗന്ദര്യോന്മാദത്താൽ വശംകെട്ട് നിർവസ്ത്രനായി നൃത്തം ചെയ്യുന്ന പരമഹംസൻ, അറബിക്കടൽ ഇളക്കിമറിയ്ക്കുന്ന കുഞ്ഞാലി മരയ്ക്കാർ, തെരുവിലൂടെ പാടി നടക്കുന്ന കബീർദാസ്, നിലാവുള്ള രാത്രിയിൽ പ്രിയതമയുടെ ശവകുടീരത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഷാജഹാൻ, മക്കളേ എന്നു വിളിച്ച് വെളിച്ചപ്പെടുന്ന ഒരു കോമരം, മുഗളോദ്യാനത്തിൽ പനിനീരിതളുകൾ തലോടി നിൽക്കുന്ന നൂർജഹാൻ, ജാലകത്തിലൂടെ മഴ നനഞ്ഞ കൽക്കത്താ നഗരം നോക്കി നിൽക്കുന്ന ബാലനായ ടാഗോർ, പാടിപ്പാടി മഴ പെയ്യിക്കുന്ന താൻസൻ, അരുവിക്കരയിലെ നീരൊഴുക്കിൽ നിന്ന് ഒരു ശിലാഖണ്ഡമെടുത്തു നിവരുന്ന ഗുരു, തൂക്കുകയറിലേക്ക് നടന്നടുക്കുന്ന ഭഗത്സിങ്, നവാഖലിയിലൂടെ അവശമെങ്കിലും ദൃഢമായ കാൽവെയ്പ്പുകളോടെ നടന്നുപോകുന്ന ഗാന്ധിജി, വയലാറിൽ തലപോയ തെങ്ങുകൾക്കിടയിലൂടെ മുഷ്ടി ചുരുട്ടി ഉദിച്ചുയരുന്ന സൂര്യൻ, മനുഷ്യരെ കുത്തിനിറച്ച ഒരു ചരക്കുവണ്ടി, ഭരണഘടനയുടെ അവസാന താളിൽ ഒപ്പു ചാർത്തുന്ന അംബേദ്കർ. ഇങ്ങനെ കൃത്യതയില്ലാത്ത, ഇടകലർന്ന, കുഴമറിഞ്ഞ ഒരുപാട് ചിത്രങ്ങൾ കണ്മുന്നിലൂടെ കടന്നു പോയി.

ദേശീയഗാനം തീർന്നു. കുഞ്ഞുങ്ങളുടെ കൊച്ചു ശിരസ്സുകൾക്കു മീതെ തിളയ്ക്കുന്ന അവ്യാഖ്യേയമായ ഒരു വെയിൽ വീണു കിടന്നു.


Next Story

Related Stories