TopTop
Begin typing your search above and press return to search.

ധന മന്ത്രി ട്രസ്റ്റിമാരിലൊരാള്‍, പക്ഷേ മന്ത്രാലയവുമായി ബന്ധമില്ല; പി എം കെയര്‍ സംബന്ധിച്ച് രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഉത്തരം നൽകാതെ മടക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനം

ധന മന്ത്രി ട്രസ്റ്റിമാരിലൊരാള്‍, പക്ഷേ മന്ത്രാലയവുമായി ബന്ധമില്ല; പി എം കെയര്‍ സംബന്ധിച്ച് രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഉത്തരം നൽകാതെ മടക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനം


പിഎം കെയർ ഫണ്ട് സംബന്ധിച്ച് രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ഉത്തരം നൽകാതെ മടക്കിയ നടപടി, ചട്ടവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. പ്രസ്തുതനടപടിയിൽ ശക്തമായി പ്രതിഷേധിക്കുകയും ഫണ്ടിന്റെ സുതാര്യമായ നടത്തിപ്പിനായുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.

കേന്ദ്ര ധനകാര്യ മന്ത്രാലയം മറുപടി നൽകാനായി രാജ്യസഭയിൽ സമർപ്പിച്ച ചോദ്യങ്ങൾ, പി എം കെയറുമായി ധനകാര്യ മന്ത്രാലയത്തിനു ഒരു ബന്ധവും ഇല്ല എന്ന മുടന്തൻ ന്യായം പറഞ്ഞാണ് കേന്ദ്രം നിരസിച്ചത്. എന്നാൽ കേന്ദ്ര ധനകാര്യമന്ത്രി പി എം കെയർ ഫണ്ടിന്റെ ട്രസ്റ്റിമാരിലൊരാളാണ്. പ്രധാനമന്ത്രിയും കേന്ദ്ര പ്രതിരോധ-ആഭ്യന്തര മന്ത്രിമാരുമാണ് പി എം കെയർ ഫണ്ടിന്റെ മറ്റു മൂന്നു ട്രസ്റ്റികൾ. ഫണ്ട് വെബ്‌സൈറ്റിൽ നിന്ന് ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ചു രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾ ചട്ടങ്ങൾ ദുർവ്യാഖ്യാനം ചെയ്തു തള്ളിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണ് എന്നതിൽ സംശയമില്ല.

സാധാരണ രാജ്യരക്ഷാ സംബന്ധമായ കാര്യങ്ങൾ മാത്രമേ ഇത്തരുണത്തിൽ രഹസ്യമാക്കിവെക്കാറുള്ളൂ. 'കോവിഡ് മഹാവ്യാധി പോലുള്ള ഏറ്റവും അടിയന്തിരമായ സാഹചര്യങ്ങളിൽ ആശ്വാസ നടപടികൾക്കായി രൂപീകരിച്ചതെന്നാണ്' പി എം കെയർ ഫണ്ടിന്റെ വെബ്‌സൈറ്റ് പറയുന്നത്. ഇത്തരമൊരു ഫണ്ടിന്റെ വിവരങ്ങൾ പാർലമെൻറിൽ നിന്നുപോലും മറച്ചുപിടിച്ചതെന്തിന്? കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിൽനിന്ന് കോടിക്കണക്കിനുരൂപയാണ് കേന്ദ്രം നിർബന്ധിതമായി പി എം കെയർ ഫണ്ടിലേക്ക് 'സംഭാവന' ചെയ്യിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടന്നിരുന്ന അനവധി വികസന പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികളും ഇതുമൂലം പാതി വഴിയിൽ നിലച്ചിരിക്കുന്നു.

പ്രാദേശിക-ജില്ലാ-സംസ്ഥാന ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ തികച്ചും സുതാര്യമായാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടുപയോഗിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നാളിതുവരെ നടന്നിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭമെന്നാൽ ദേശത്തിന്റെ സ്വത്താണ്. ലാഭത്തിൽനിന്നു സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിനായി നീക്കി വച്ച തുകയും യഥാർത്ഥത്തിൽ ദേശത്തിന്റെ സ്വത്താണ്. കോവിഡ് മഹാമാരിയുടെ മറവിൽ നിഗൂഡമായരീതിയിൽ ധൃതി പിടിച്ചു തട്ടിക്കൂട്ടിയ പിഎം കെയർ പോലൊരു ഫണ്ടിലേക്കു പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിനായി നീക്കി വച്ച തുക കേന്ദ്രം കയ്യിട്ടുവാരി വക മാറ്റിയത് പകൽക്കൊള്ളയല്ലാതെ മറ്റൊന്നല്ല.

പി എം കെയർ ഫണ്ടിലേക്കുള്ള സംഭാവനകളുടെ സ്രോതസ്സ്, ചിലവാക്കുന്ന പദ്ധതികൾ, ഇവ തിരഞ്ഞെടുക്കുന്ന രീതി, തെരഞ്ഞെടുക്കുന്ന മാനദന്ധം, ചിലവാക്കുന്ന തുകയുടെ കണക്ക് എന്നിവയും നിഗൂഢമാണ്! വിദേശ സംഭാവനകളും അനുവദനീയമായ ഈ ഫണ്ടിന്റെ ഓഡിറ്റിംഗ്, മോണിറ്ററിങ് എന്നിവയെപ്പറ്റിയും ആർക്കും അറിയില്ല. മാത്രമല്ല, നിലവിലുള്ള സർക്കാർ നിബന്ധനകളൊന്നും ഇതിനു ബാധകവുമല്ല! സദുദ്ദേശ്യപരമായ, മാനുഷിക പരിഗണനയർഹിക്കുന്ന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും സാമ്പത്തിക വിവരങ്ങളും സുതാര്യമാകുന്നത് കൊണ്ട് എന്താണ് കുഴപ്പം?

പാർലമെന്റിനുപോലും വിവരങ്ങൾ നിഷേധിച്ച്, സർക്കാരിന്റെ ഓഡിറ്റിംഗ് സംവിധാനത്തിനു പുറത്തു പ്രതിഷ്ഠിച്ച്, കോർപറേറ്റ് സംഭാവനകൾക്കും വിദേശസഹായത്തിനും വാതിൽ തുറന്നിട്ട് തട്ടിക്കൂട്ടിയ ഈ ഫണ്ട്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപകരണമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ എങ്ങിനെയാണ് കഴിയുക? ഈ ഫണ്ടിന്റെ ഗോപ്യമായ നേട്ടങ്ങളും ഈ നേട്ടങ്ങളുടെ ഗുണഭോക്താക്കളും ആരാണ്? കേന്ദ്രം ഉത്തരം പറയേണ്ട ചോദ്യങ്ങൾ നീളുകയാണ്.

ഈ ഫണ്ടിന്റെ സുതാര്യമായ നടത്തിപ്പിലേയ്ക്കായി ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുടെ പരിഗണയ്ക്കായി സമർപ്പിച്ചു: 1) പി എം കെയർ ഫണ്ട് സംബന്ധിച്ച നാളിതുവരെയുള്ള സകല വിവരങ്ങളും (സംഭാവനകളുടെ സ്രോതസ്സും, ധനസഹായം നൽകിയ പദ്ധതികളുടെ വിവരങ്ങളുമടക്കം) പാർലമെൻറിൽ വെയ്ക്കുക. 2) ഈ ഫണ്ടിനെ, മറ്റേതു സർക്കാർ ഫണ്ടുകളെയും പോലെ സർക്കാർ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ഓഡിറ്റിംഗിന് വിധേയമാക്കുക. 3) ഈ ഫണ്ടിലേക്ക് സംഭാവന തരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തുക. 4) പദ്ധതിയിൽ നിന്നും നൽകുന്ന സഹായങ്ങൾ സംബന്ധിച്ച വിവരങ്ങളും, സഹായത്തിനായി പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകളും പരസ്യപ്പെടുത്തുക.






കെ കെ രാഗേഷ്

കെ കെ രാഗേഷ്

രാജ്യസഭ എം പി, സി പി എം നേതാവ്

Next Story

Related Stories