TopTop
Begin typing your search above and press return to search.

ചെ ഗുവേരയും നെല്‍സണ്‍ മണ്ഡേലയും അറാഫത്തും ഭരണകൂടത്തിന് ഭീകരവാദികളായിരുന്നു

ചെ ഗുവേരയും നെല്‍സണ്‍ മണ്ഡേലയും അറാഫത്തും ഭരണകൂടത്തിന് ഭീകരവാദികളായിരുന്നു

മതത്തെ വര്‍ഗീയമാക്കിയതും തീവ്രവാദമോ ഭീകരവാദമോ ആക്കിയതും രാഷ്ട്രീയമായ ഇടപെടലുകളാണ്. ജനാധിപത്യ സ്ഫോടനത്തില്‍ സ്വാഭാവികമായി മാഞ്ഞു പോകുമായിരുന്ന വേര്‍തിരിവുകളെ നിലനിര്‍ത്തി മതങ്ങളെ യുദ്ധസജ്ജമാക്കിയ താല്‍പ്പര്യം സാമ്രാജ്യത്വ ആശയ സാമ്പത്തിക സൈനിക അധിനിവേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മതരാഷ്ട്രീയമായും വംശീയരാഷ്ട്രീയമായും അതു വര്‍ത്തമാനത്തെ ചുട്ടുപൊള്ളിക്കുന്നു.

നമ്മുടെ നാട്ടില്‍ വര്‍ഗീയത വളര്‍ന്ന വഴികള്‍ നോക്കൂ. രാഷ്ട്രീയ കൂട്ടുകെട്ടുകളിലൂടെയോ വിലപേശലുകളിലൂടെയോ നേടിയ പദവികളും പൊതുഇടങ്ങളുമാണ് സമുദായസംഘടനകളുടെ പ്രലോഭനം. ഒരു മതേതര ജനാധിപത്യ രാജ്യത്ത് മത(സമുദായ) നാമത്തിലുള്ള ഒരു കക്ഷിക്കും പൊതുമണ്ഡലത്തില്‍ ഇരിപ്പിടം അനുവദിക്കേണ്ട കാര്യമില്ല. മതത്തിന് മതത്തിന്റേയും രാഷ്ട്രീയത്തിന് രാഷ്ട്രീയത്തിന്റെയും ഇടങ്ങളും പദ്ധതികളുമാണുള്ളത്. അവകൂട്ടിക്കുഴച്ച മുന്നണി താല്‍പ്പര്യങ്ങളാണ് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തിയത്. അധികാരത്തിലേക്കു നീളുന്ന മതത്തിന്റെ നോട്ടമാണ് വര്‍ഗീയതയ്ക്കും ഭീകരവാദത്തിനും ഹേതു.

താന്‍ / തങ്ങള്‍ നട്ടുവളര്‍ത്തിയ മരം തനിക്കു/ തങ്ങള്‍ക്കു ഭീഷണിയാകുന്നുവെന്ന് ഒരാള്‍ക്കോ ഒരു രാഷ്ട്രീയ കക്ഷിക്കോ തോന്നുന്നുവെങ്കില്‍ സ്വയം വിമര്‍ശനം നടത്തി തിരുത്തണം. ആ രക്തത്തില്‍ പങ്കില്ലെന്ന് അഭിനയിച്ചു തിമര്‍ക്കരുത്. മതങ്ങളെ വര്‍ഗീയവും തീവ്രവാദപരവുമായ വഴികളിലേക്കു വളര്‍ത്തിയ സാമ്പത്തിക രാഷ്ട്രീയ താല്‍പ്പര്യങ്ങളോടു ഏറ്റുമുട്ടാതെ കേവല തീവ്രവാദ വിമര്‍ശനംകൊണ്ട് ആരും ശുദ്ധരാവുകയില്ല.

ഭീകരവാദത്തിനെതിരായ വിമര്‍ശനം സാമ്രാജ്യത്വ വിമര്‍ശനമാവണം. വര്‍ഗീയതയ്ക്കെതിരായ വിമര്‍ശനം മുതലാളിത്ത വലതു രാഷ്ട്രീയത്തിന്റെ വിമര്‍ശനവുമാകണം. അല്ലാത്തപക്ഷം അതു മതവേര്‍തിരിവുകളും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുകയേയുള്ളു. നിലവില്‍ മതഭീകരവാദം ഒരൊറ്റ മതത്തെ ലക്ഷ്യമാക്കുന്ന പദപ്രയോഗമായി അംഗീകാരം സ്ഥാപിച്ചിട്ടുണ്ട്. സാമ്രാജ്യത്വം, മതഭീകരവാദം = ഇസ്ലാമിക ഭീകരവാദം എന്ന സമവാക്യം സൃഷ്ടിച്ചിരിക്കുന്നു. അതു തൊണ്ണൂറുകളോടെയാണ്. എന്നാല്‍ എഴുപതുകളിലും എണ്‍പതുകളിലും ശീതയുദ്ധ അജണ്ടയിലും സാമ്പത്തിക സൈനിക പദ്ധതികളിലും ഉള്‍പ്പെടുത്തി താലിബാനുകളെ സൃഷ്ടിച്ച രാഷ്ട്രീയ അജണ്ട സോഷ്യലിസ്റ്റു വിരുദ്ധത മാത്രമായിരുന്നു. ബിന്‍ലാദനെ പെറ്റവര്‍ക്കു ബിന്‍ലാദനെ തിന്നേണ്ടിയും വന്നു.

എണ്‍പതുകള്‍വരെ ഭീകരവാദം ഇത്രമേല്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. ലോകത്തെങ്ങും അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ ആയുധമണിഞ്ഞ നൂറ്റാണ്ടാണ് കടന്നുപോയത്. ഒരു ജനതയുടെ സ്വാതന്ത്ര്യ പ്രക്ഷോഭം ഒരു ഘട്ടത്തിലും ഭീകര പ്രവര്‍ത്തനമല്ല. അതിന്റെ സ്ഫോടനങ്ങളെ നിശ്ചയിച്ചത് ഭരണകൂട അടിച്ചമര്‍ത്തലുകളുടെ ഭീകരതയാണ്.

തീവ്രവാദം എന്നതിനു സാമ്രാജ്യത്വവും വലതുപക്ഷ ഭരണകൂടങ്ങളും മുമ്പ് നല്‍കിയ അര്‍ത്ഥം സ്വാതന്ത്ര്യകാംഷികളുടെയും കമ്യൂണിസ്റ്റുകാരുടെയും സായുധ മുന്നേറ്റം എന്നായിരുന്നു. ക്യൂബയില്‍ കാസ്ട്രോയും ചെ ഗുവേരയും ഭരണകൂടത്തിന് ഭീകരപ്രവര്‍ത്തകരായിരുന്നു. അധികാരം പിടിച്ചതോടെ അവര്‍ രാഷ്ട്രനായകരായി. വിമോചിക്കപ്പെടാത്ത ബൊളീവിയയില്‍ ഗുവേര കമ്യൂണിസ്റ്റ് ഭീകരവാദിയായി. അറാഫത്തും നെല്‍സണ്‍ മണ്ഡേലയും ഭീകരവാദികളായിരുന്നു! ഭരണകൂടത്തിന് എതിരായ സമരങ്ങളെല്ലാം അട്ടിമറി ശ്രമങ്ങളാണ്! അത് ദേശവിരുദ്ധമാണെന്നത് ഭരണകൂട വ്യാഖ്യാനമാണ്. രാഷ്ട്രീയ വിമോചന സമരങ്ങളില്‍ മതങ്ങള്‍ക്ക് കാര്യമില്ല. പക്ഷെ, മതങ്ങള്‍ക്ക് ആശയവും ആയുധവും നല്‍കി തൊണ്ണൂറുകളില്‍ സാമ്രാജ്യത്വം ആരംഭിച്ച തീക്കളി ഇപ്പോള്‍ എല്ലാ രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു. അതു ജനങ്ങളുടെ വിമോചനപ്പോരാട്ടങ്ങളല്ല. അത് സാമ്രാജ്യത്വ അധിനിവേശ താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്.

മാവോയിസ്റ്റുകള്‍ പഴയ സായുധ വിപ്ലവ പാതയില്‍ തുടരുന്ന കമ്യൂണിസ്റ്റുകാരാണ്. ഭീകരവാദികളെന്ന് നേരത്തേ ആക്ഷേപിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനത്തിന്റെ പിന്മുറക്കാര്‍. ലോകം ജനാധിപത്യ സാധ്യതകള്‍ തുറന്നിടുമ്പോഴും അതിന്റെ 'ബൂര്‍ഷ്വാ കെണി'കളെ സംശയിക്കുന്നവര്‍. അവരെ ജനാധിപത്യ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരണം. അതു സാധ്യമാണെന്നതിനു തെളിവാണ് നേപ്പാള്‍. എന്നാല്‍ മതങ്ങളെ രാഷ്ട്രീയത്തിലേയ്ക്ക് ആനയിച്ച് മതഭീകരവാദം ഇല്ലാതാക്കാനാവില്ല. അവയുടെ ആശയ സാമ്പത്തിക സൈനിക ഉറവിടം തുറന്നുകാട്ടി എതിര്‍ക്കുകയേ വഴിയുള്ളു.

ഫാഷിസമായി ഭീമാകാരം പ്രാപിച്ച വംശീയ ഭീകരവാദം നമ്മെ ഭീകരവാദത്തിന്റെ നിര്‍വ്വചനം പഠിപ്പിക്കേണ്ടതില്ല. രാജ്യത്തിന്റെ ഭരണഘടനയെയും നിയമ വ്യവസ്ഥയെയും നോക്കുകുത്തിയാക്കുന്നവര്‍ മറ്റാരെയും ഭീകരരെന്നു ചൂണ്ടാന്‍ അര്‍ഹതയുള്ളവരല്ല. അവരെക്കാള്‍ രാജ്യത്തെ അട്ടിമറിക്കുന്ന ഭീകര പ്രവര്‍ത്തനം നടത്തുന്ന മറ്റാരുമില്ല. ഹിന്ദുത്വ ഭീകരവാദത്തെ ഇസ്ലാമിക ഭീകരവാദംകൊണ്ടു നേരിടാം എന്ന സാമ്രാജ്യത്വ പരിഹാരം ജനാധിപത്യ വാദികളെ ഭ്രമിപ്പിക്കുകയില്ല. ഇരുകൂട്ടരോടും വിട്ടുവീഴ്ച്ചയുമില്ല. സാമ്രാജ്യത്വം പെറ്റ ഇരട്ടകളാണവ.

ദേശരാഷ്ട്രങ്ങളിലേയ്ക്കു കടന്നു കയറാനും അവയുടെ സമ്പദ്ഘടനയില്‍ അധികാരം സ്ഥാപിക്കാനും ബാഹ്യശക്തികള്‍ ആദ്യം ചെയ്യുന്നത് അവിടെ ആഭ്യന്തര സംഘര്‍ഷങ്ങളുണ്ടാക്കുകയാണ്. ഏറ്റുമുട്ടല്‍ ശേഷിയുള്ള വിപരീത തീവ്രവാദി സംഘങ്ങള്‍ക്ക് ധനവും ആയുധവും നല്‍കും. ഭൂരിപക്ഷ - ന്യൂനപക്ഷ മതഭീകരവാദികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും അതു കിട്ടുന്നുണ്ടാവാം. അത്തരം ഒഴുക്കുകള്‍ അടക്കാനാണ് ദേശ ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ബാഹ്യനിയന്ത്രിതമായ ഒരു വായ്പാധിഷ്ഠിത സമ്പദ്ഘടനയിലേക്കു കൂപ്പു കുത്തുന്ന രാജ്യത്തിന് അത് എളുപ്പമാവില്ല. സ്വന്തം കാലില്‍ നില്‍ക്കാനാവുംവിധം രാജ്യത്തെ എഴുന്നേല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ സമൂഹത്തിനു കഴിയണം. തീവ്രവാദങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരു വഴി ഭീമമായ അസമത്വങ്ങളില്ലാതാക്കലാണ്.

ആസാദ്

22 നവംബര്‍ 2019 (ഫേസ്ബുക്ക് പോസ്റ്റ്)


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories