TopTop
Begin typing your search above and press return to search.

"മാപ്പ് എഴുതണ്ട", ഒരു തുടക്കക്കാരന് മണി സാര്‍ നല്‍കിയ ഉപദേശം

"മാപ്പ് എഴുതണ്ട", ഒരു തുടക്കക്കാരന് മണി സാര്‍ നല്‍കിയ ഉപദേശം

ആദ്യം കേരള കൗമുദിയിലും പിന്നീട് കലാകൗമുദിയിലും ജോലിക്ക് കയറിയപ്പോഴാണ് പഠനകാലത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരിനൊപ്പം കേട്ടിട്ടുള്ള എംഎസ് മണിയെ അടുത്ത് അറിയാന്‍ അവസരം കിട്ടുന്നത്. രണ്ട് മാസംകൊണ്ട് തന്നെ കേരള കൗമുദിയിലെ എന്റെ ആദ്യ കാലഘട്ടം അവസാനിച്ചു. പിന്നീട് കലാകൗമുദിയിലെത്തി. അന്ന് മണി സര്‍ കലാകൗമുദിയുടെ മുഖ്യപത്രാധിപര്‍ സ്ഥാനം ഏറ്റെടുത്തിട്ടില്ല. സഹോദരനുമായുള്ള നിയമയുദ്ധം നടക്കുന്നുവെങ്കിലും അദ്ദേഹം കേരളകൗമുദിയുടെ മുഖ്യപത്രാധിപ സ്ഥാനത്ത് തന്നെ വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നു.ഒ എന്‍ വി കുറുപ്പിന് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിന്റെ സമര്‍പ്പണ ചടങ്ങ് തിരുവനന്തപുരത്താണ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. എന്നാല്‍ ഒഎന്‍വിക്ക് ഈ ചടങ്ങ് ഡല്‍ഹിയില്‍ തന്നെ നടത്താനായിരുന്നു താല്‍പര്യമെന്നും അവിടെയാണെങ്കില്‍ ചടങ്ങിന് അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുമെന്നും അദ്ദേഹത്തിന്റെ മകളുടെ അടുത്തയൊരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി. വാര്‍ത്തയാക്കുമ്പോള്‍ പേര് വെളിപ്പെടുത്തരുതെന്ന് ആ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇന്നും ആ പേര് വെളിപ്പെടുത്തുന്നില്ല. ഞാന്‍ ഈ വിവരം കലാകൗമുദിയുടെ മധ്യാഹ്ന ദിനപ്പത്രമായിരുന്ന ബിഗ് ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് ഒ എന്‍ വി ഓഫീസില്‍ വിളിച്ച് ക്ഷുഭിതനായി സംസാരിക്കുകയും ഇത് റിപ്പോര്‍ട്ട് ചെയ്തയാള്‍ മാപ്പ് എഴുതി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് മുഖ്യപത്രാധിപരായിരുന്ന സുകുമാരന്‍ മണി ഇക്കാര്യം എന്നെ വിളിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല. മാപ്പ് എഴുതില്ല വേണമെങ്കില്‍ രാജിക്കത്ത് എഴുതാമെന്ന് അന്നത്തെ അസോസിയേറ്റ് എഡിറ്റര്‍ കെ ബാലചന്ദ്രനോട് തുറന്നടിച്ച് പറയുകയും ചെയ്തു. കുറെ നേരം കഴിഞ്ഞ് ബാലചന്ദ്രന്‍ സാര്‍ എന്നെ വിളിച്ച് മണി സാറിന്റെ ഫോണിലേക്ക് ഒന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ എന്നോട് ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചു. സ്രോതസ് വെളിപ്പെടുത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടതായും പറഞ്ഞു. എന്തുകൊണ്ട് മാപ്പ് എഴുതുന്നില്ലെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് പത്രപ്രവര്‍ത്തനത്തില്‍ തുടക്കക്കാരനായ ഞാന്‍ നൂറ് ശതമാനം ഉറപ്പ് ലഭിച്ച് എഴുതിയ ഈ വാര്‍ത്തയ്ക്ക് മാപ്പ് എഴുതേണ്ടി വന്നാല്‍ ഭാവിയില്‍ അതെന്റെ ക്രെഡിബിലിറ്റിയെ ബാധിക്കും എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം അത് അംഗീകരിച്ചു. മാപ്പ് എഴുതണ്ട, പകരം വാര്‍ത്ത ഒ എന്‍ വി നിഷേധിച്ചു എന്ന് വാര്‍ത്ത കൊടുക്കൂ എന്നായിരുന്നു മണി സാറിന്റെ നിര്‍ദ്ദേശം.

കലകൗമുദിയിലെത്തുമ്പോള്‍ മണി സാറിന് പത്രം വായിക്കാന്‍ പോലും മറ്റൊരാളുടെ സഹായം ആവശ്യമായിരുന്ന കാലമായിരുന്നു. ഡസ്‌കിലെ ചെറുപ്പക്കാരായ ഞങ്ങള്‍ക്കാര്‍ക്കെങ്കിലുമായിരിക്കും പത്രം വായിച്ചുകൊടുക്കാനുള്ള ചുമതല. കുമാരപുരത്ത് കലാകൗമുദി ഓഫീസിനോട് ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ വീടിന്റെ സിറ്റ് ഔട്ടിലാണ് ഒരു മണിക്കൂര്‍ നീളുന്ന ഈ പത്രവായന നടക്കുന്നത്. അക്ഷരസ്ഫുടതയും വാര്‍ത്ത വായിക്കുന്നതിലെ വ്യക്തതയും മൂലം ഇപ്പോള്‍ ഈ ടിവി ഭാരതിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടറായ ബിനോയ് കൃഷ്ണനാണ് ഞങ്ങളുടെ സമയത്ത് ഈ ചുമതല ഏറ്റവുമധികം നിര്‍വഹിച്ചത്.കാഴ്ച പ്രശ്‌നമുണ്ടായിരുന്നെങ്കിലും എല്ലാ പത്രങ്ങളും വായിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ സഹായിയായ മണികണ്ഠന്‍ പത്രങ്ങളെല്ലാം സിറ്റ് ഔട്ടിലെ ടീപ്പോയില്‍ അടുക്കിവച്ച് ഓഫീസിലെത്തി ഞങ്ങളെ ആരെയെങ്കിലും വിളിച്ചുകൊണ്ട് പോകുകയായിരുന്നു പതിവ്. അന്ന് ഇറങ്ങിയ എല്ലാ മലയാള പത്രങ്ങളും ഏതെങ്കിലും ഒന്ന് രണ്ട് ഇംഗ്ലീഷ് പത്രങ്ങളുമായിരിക്കും വായിക്കാന്‍ തയ്യാറാക്കി വച്ചിരിക്കുക. ഫ്‌ളാഷ്, ബിഗ് ന്യൂസ് തുടങ്ങിയ മധ്യാഹ്ന പത്രങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ടാകും. ഒന്നൊന്നായി തലക്കെട്ടുകള്‍ വായിക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഓരോ പത്രങ്ങളിലെയും പ്രധാനപ്പെട്ട വാര്‍ത്തകളെല്ലാം വായിക്കണം. ഒരേ വാര്‍ത്ത ഓരോ പത്രങ്ങളും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ച് തരും. ചില വാര്‍ത്തകളുടെ തലക്കെട്ടും തുടക്കവും മാത്രം വായിച്ചാല്‍ മതിയാകും. ഓരോ പത്രങ്ങളും വാര്‍ത്തകള്‍ തുടങ്ങിയിരിക്കുന്ന രീതി വച്ച് ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാട് നമുക്ക് വിശദീകരിച്ച് തരുകയും ചെയ്യും.പത്ത് ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം സമാനമായ സാഹചര്യങ്ങളില്‍ അദ്ദേഹം ഡല്‍ഹിയിലും പിന്നീട് കേരളത്തിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് വിശദീകരിക്കും. ഏതൊരു മാധ്യമ ക്ലാസുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വലിയൊരു വാര്‍ത്താ വിശകലനവും മാധ്യമങ്ങളുടെ രാഷ്ട്രീയ നിലപാടുകളും ആ നിലപാടുകള്‍ക്കനുസരിച്ച് എങ്ങനെ വാര്‍ത്ത തയ്യാറാക്കുമെന്നതിനെയും കുറിച്ചുള്ള ക്ലാസുകളാണ് ഈ പത്രവായനയില്‍ നിന്നും തനിക്ക് ലഭിച്ചിരുന്നതെന്ന് ബിനോയ് പറയുമായിരുന്നു. കേരള കൗമുദിയിലാണെങ്കിലും കലാകൗമുദിയിലാണെങ്കിലും ജോലി ചെയ്തിട്ടുള്ളവരില്‍ അത് പ്രസില്‍ പ്ലേറ്റ് എടുക്കുന്നവര്‍ മുതല്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ ഒറ്റസ്വരത്തില്‍ പറയുന്ന ഒന്നാണ് പത്രാധിപന്മാരില്‍ ഏറ്റവും മനുഷ്യപ്പറ്റുള്ള വ്യക്തിയാണ് മണി സാര്‍ എന്ന്. ഒരു പക്ഷെ ഒരു സ്റ്റാഫ് റിപ്പോര്‍ട്ടറായി തന്നെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയതിനാലാകാം ഒരു പത്രമുതലാളിയെന്നതിനപ്പുറം ഒരു സഹപ്രവര്‍ത്തകനായാണ് അദ്ദേഹം ഇടപെട്ടിരുന്നത്. അദ്ദേഹം ചുമതല ഒഴിഞ്ഞതിന് ശേഷം അല്ലെങ്കില്‍ അദ്ദേഹത്തിന് അധികാരത്തില്‍ വലിയ പങ്കൊന്നുമില്ലായതിന് ശേഷം കേരള കൗമുദിയിലുണ്ടായ ചില സംഭവങ്ങള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നെങ്കില്‍ ഒഴിവാക്കപ്പെടുമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories