TopTop
Begin typing your search above and press return to search.

ക്യൂബയിലെ ഡോക്ടര്‍മാര്‍, ചെ ഗുവേരയുടെ യാത്രകളുടെ തുടര്‍ച്ച

ക്യൂബയിലെ ഡോക്ടര്‍മാര്‍, ചെ ഗുവേരയുടെ യാത്രകളുടെ തുടര്‍ച്ച

ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെല്‍ത്ത് സംവിധാനവും അതിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവിധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണ കാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ പൊതുജനാരോഗ്യ പ്രവർത്തകർ. ലോകത്ത് ജനസംഖ്യ അനുപാതത്തിനനുസരിച്ചു ഏറ്റവും കൂടുതൽ ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നു ക്യൂബയാണ്. അമേരിക്കൻ ഉപരോധത്തെ മറികടന്നു പൊതുജനാരോഗ്യത്തിനും ആരോഗ്യ ഗവേഷണത്തിനും സ്വയമായി മരുന്നുകൾ വികസിപ്പിച്ച ഒരു കൊച്ചു രാജ്യത്തിന്റെ അതിജീവനത്തിന്റയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണത്.

അതിന് കാരണം ഡോ ഏണസ്റ്റോ ചെ ഗുവേര എന്ന ഡോക്ടര്‍ വിഭാവനം ചെയ്ത പൊതുജനാരോഗ്യ യജ്ഞമായിരുന്നു. 1959 ലെ വിപ്ലവത്തിന് ശേഷം ക്യൂബ എന്ന രാജ്യത്ത് പുതിയ പബ്ലിക് പോളിസി രൂപരേഖയുണ്ടാക്കിയത് ഫിദൽ കാസ്ട്രോയോടൊപ്പം ചെ ഗുവേര ആയിരുന്നു. അവിടെ ധനകാര്യമന്ത്രിയും, വ്യവസായ മന്ത്രിയും, അന്താരാഷ്ട്ര പ്രതിനിധിയുമൊക്കെയായ ചെ ചെയ്ത രണ്ടു വിപ്ലവങ്ങൾ സാക്ഷരത യജ്ഞം-പൊതു വിദ്യാഭാസവും പൊതുജനാരോഗ്യവുമാണ്.

ചെ ഗുവേരയുടെ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും യാത്രകളിലൂടെയാണ്. യാത്ര വിപ്ലവമാക്കിയ അദ്ദേഹം ചെ എന്ന മിത്ത് ആയതിന് ഒരു കാരണം ഇരുപതാം വയസ്സ്‌ മുതൽ നടത്തിയ യാത്രകളാണ്. സ്വയം കണ്ടെത്തിയും മനുഷ്യരെ അറിഞ്ഞും മനുഷ്യരെ അറിയിച്ചുമുള്ള യാത്ര. അനീതിയില്ലാത്ത, വിവേചനം ഇല്ലാത്ത, അസമത്വങ്ങൾ ഇല്ലാത്ത, എല്ലാവരും ആയുരാരോഗ്യ സൗഖ്യങ്ങളിൽ ജീവിക്കുന്ന യുട്ടോപ്യൻ സ്വർഗ്ഗരാജ്യം തേടിയുള്ള നിരന്തരയാത്ര നടത്തിയ ഒരു മനുഷ്യൻ. യാത്രകളാണ് ചെ ജീവിച്ചിരിക്കുമ്പോൾ തന്നെ ലെജൻഡ് ആകുവാൻ ഒരു കാരണം.

ഏണസ്റ്റോ ചെ ഗുവരെ ഇരുപത്തിമൂന്നു വയസുള്ള മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് അർജന്റീനിയൻ തലസ്ഥാനമായ ബ്യുനെസ് അയേഴ്സിൽ നിന്നും യാത്ര തിരിച്ചത്. അതു തുടങ്ങിയത് 1952 ജനുവരി 4-ാം തീയതിയാണ്. കൂട്ടിന് ആൽബർട്ടോ ഗ്രനഡോയുമുണ്ടായിരുന്നു. ഇരുപത്തിയൊമ്പതുകാരനായ ഗ്രനഡോ ബയോകെമിസ്റ്റായിരുന്നു. പതിമൂന്നു കൊല്ലം പഴക്കമുള്ള 500 സി സി മോട്ടോർ സൈക്കിളിൽ ആയിരുന്നു യാത്ര.

തെക്കേ അമേരിക്ക മുഴുവൻ മോട്ടർ സൈക്കിളിൽ സഞ്ചരിച്ചു. ജനജീവിതവും ചരിത്രവും ഭൂപ്രകൃതിയുമൊക്കെ ഉള്ളു തൊട്ടറിയാനുള്ള യാത്ര. ആ യാത്ര ചെ യെ മാത്രമല്ല മാറ്റിയത്, ചരിത്രം തന്നെ മാറ്റി. ഒമ്പതു മാസം കൊണ്ട് എണ്ണായിരം കിലോ മീറ്റർ മോട്ടർ സൈക്കിളിൽ, കുതിരപ്പുറത്തും, ബോട്ടിലും ബസ്സിലുമൊക്കെ സഞ്ചരിച്ചു. ഈ യാത്രയുടെ മനോഹരമായ വിവരണമാണ് മോട്ടർ സൈക്കിൾ ഡയറി എന്ന പുസ്‌തകം. ലോകത്തു ഏറ്റവും കൂടുതൽ ചെറുപ്പക്കാർ വായിച്ച പുസ്തകങ്ങളിലൊന്ന്. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സൽസിന്റ പ്രശസ്‌തമായ സിനിമയും. എന്റെ മക്കൾക്കും അതുപോലെ കൂടെ കൂടിയ ചെറുപ്പക്കാർക്കും വായിക്കാൻ കൊടുത്ത പുസ്തകമാണത്. ബോധിഗ്രാമിലെ മിക്കവാറും യൂത്ത് ക്യാമ്പിൽ മോട്ടർ സൈക്കിൾ ഡയറീസ് കാണിക്കും. എല്ലാ ചെറുപ്പക്കാരും കണ്ടിരിക്കേണ്ട സിനിമ.

ചെയുടെ യാത്ര അര്‍ജന്‍റീന, ചിലി, പെറു, ഇക്വഡോർ, കൊളംബിയ, വെനിസ്വേല, പനാമ ഒക്കെ കഴിഞ്ഞു മിയാമിയിൽ എത്തി. ഒരുപാടു കൊല്ലം കഴിഞ്ഞു ചെയുടെ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ ഇതിൽ മിക്കവാറും രാജ്യങ്ങളിൽ യാത്ര ചെയ്തുള്ള അനുഭവങ്ങൾ എന്റെ ഓർമ്മയിലുണ്ട്. ലാറ്റിൻ അമേരിക്കൻ യാത്രകളാണ് മനസ്സിൽ ഇപ്പോഴും വേറിട്ട അനുഭവങ്ങളായി തങ്ങിനിൽക്കുന്നത്.

ചെ ഗുവരെയുടെ ആദ്യ യാത്ര അദ്ദേഹത്തിന്റെ ജന്മ നാടായ അർജന്റീനയിൽ ആയിരുന്നു. ഒരു മോട്ടർ ഘടിപ്പിച്ച സൈക്കിളിൽ യാത്ര ചെയ്തത് 4500 കിലോമീറ്ററാണ്. ഈ യാത്രയിൽ എല്ലാം ചെ ചെയ്ത ഒരു പ്രധാന കാര്യം എല്ലാവരും തള്ളിയ സമൂഹത്തിന് പുറത്തു താമസിക്കുന്ന കുഷ്ഠരോഗികളുടെ കോളനികൾ സന്ദർശിക്കുക എന്നതായിരുന്നു. മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ അങ്ങനെയുള്ളിടത്തു വോളണ്ടിയറായി അവരോടൊപ്പം ജോലി ചെയ്തു. അദ്ദേഹത്തിന്റെ സഹയാത്രികൻ ആൽബർട്ടോ നേരത്തെ തന്നെ അര്‍ജന്‍റീനയിലെ കൊർഡോബാക്ക്‌ അടുത്തു കുഷ്ഠരോഗികൾക്ക് വേണ്ടി ഒരു ഡിസ്‌പെൻസറി നടത്തിയിരുന്നു.

മോട്ടർസൈക്കിൾ ഡയറിയിൽ എനിക്ക് മനസ്സിൽ തൊട്ടതു അവർ പെറുവിലെ സാൻപാബ്ലോയിൽ ആമസോൺ നദിക്കരയിലുള്ള കുഷ്ഠരോഗ കോളനിയിൽ ചില ആഴ്ചകൾ വോളണ്ടിയർ ജോലി ചെയ്തതിനു ഇടയിലെ സംഭവമാണ്. സാധാരണ രാവിലെ ബോട്ടിൽ നദി കടന്ന് വൈകുന്നേരം ഇക്കരക്ക് തിരിച്ചുവരികയാണ് അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാർ ചെയ്തിരുന്നത്. ഒരു ദിവസം വൈകുന്നേരം ചെ യുടെ ഇരുപത്തി നാലാം പിറന്നാൾ ആഘോഷിക്കുവാനുള്ള പാർട്ടിയിൽ വച്ച് അദ്ദേഹത്തിന് പെട്ടെന്ന് ഉൾവിളിയുണ്ടായി. കുഷ്ഠരോഗികളോടൊപ്പം അത്താഴം കഴിച്ചു അവിടെ രാത്രി കഴിക്കണമെന്ന്.

എല്ലാവരുടെയും ഉപദേശങ്ങളെ വകവയ്ക്കാതെ നിലാവുള്ള ആ രാത്രിയിൽ ഊക്കോടെ ഒഴുകുന്ന ആമസോൺ നദിയിലെക്ക് ചെ എടുത്ത് ചാടി അക്കരെയുള്ള കുഷ്ഠരോഗ കോളനിയെ ലക്ഷ്യമാക്കി നീന്തി. ലോകത്തെ ഏറ്റവും വലിയ നദികളിൽ ഒന്നായ ആമസോണിലെ ഒഴുക്ക് മുറിച്ചു നാലു കിലോമീറ്റർ നീന്തി അക്കരെ പുറന്തള്ളപ്പെട്ടവരെ ആശ്ലേഷിച്ചു ചെ. ഇരുപതാം നൂറ്റാണ്ടിൽ ചെറുപ്പക്കാരുടെ ഐക്കൺ ആയത് ഒഴുക്ക് മുറിച്ചു നീന്തി തിരസ്കരിക്കപ്പെട്ട ആളുകളെ സ്നേഹത്തോടെ ആശ്ലേഷിക്കുന്ന വിപ്ലവം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാണ്. അത് കൊണ്ടാണ് ചെ പറഞ്ഞത് വിപ്ലവം സ്നേഹത്തിന്റ പര്യായമാണെന്ന്. ഉപരി മധ്യവർഗത്തിൽ ജനിച്ച ചെ യാത്രകളിലൂടെയാണ് ദാരിദ്ര്യവും, അനീതിയും, രാഷ്ട്രീയവും ഫിലോസഫിയും വിപ്ലവവും കണ്ടത്തിയത്. അത് ഭൂമിയിൽ കൂടി മാത്രമല്ല മനുഷ്യരിൽ കൂടി മനുഷ്യനാകുവാനുള്ള ഒരു ഇരുപത്തി രണ്ടുകാരന്റെ സ്വപ്നമായിരുന്നു. അത്‌ ചരിത്രത്തിലൂടെ കഥകളിലൂടെ കവിതയിലൂടെ നടത്തിയ സാഹസിക യാത്രകളുടെ, കവിത ജീവിതമാക്കിയ, യുവ സ്വപ്നാടകന്റ് യാത്രയായിരുന്നു. ചെഗുവേര, യാത്രകളിൽ ജീവിതം കണ്ടെത്തി, ജീവിതം ഒരു വിപ്ലവ യാത്രയാക്കിയ ആളായിരുന്നു. മോട്ടോർ സൈക്കിൾ ഡയറി വായിച്ചത് ഇരുപത്തി രണ്ടാം വയസ്സിലാണ്. ഒരു പക്ഷെ വേറിട്ട ജീവിതത്തിൽ ഉടനീളം യാത്രകൾ നടത്തുവാൻ പ്രേരണയായ പുസ്തകം. യാത്ര ജീവിതവും ജീവിതം യാത്രയാക്കാനും പ്രേരിപ്പിച്ച പുസ്തകം.

അതുകൊണ്ടാകണം ഇരുപത്തി മൂന്നാം വയസ്സിൽ വടക്കു കിഴെക്കെ ഇന്ത്യയാകെ രണ്ടു കൊല്ലത്തോളം യാത്ര ചെയ്ത് ഗവേഷണം ചെയ്യുവാൻ പ്രചോദനമായത്. ട്രെയിനിലും, ബസിലും, ലോറികളിലും, കാറിലും, ജീപ്പിലും മോട്ടർ സൈക്കിളിലും; ആസ്സാമിലും, മേഘാലയയിലും, മണിപ്പൂരിലും, നാഗാലാന്റിലും, മിസോറാമിലും; പട്ടണങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിളിലും ഒറ്റക്ക് നടത്തിയ യാത്രകൾ. റെയിൽവെ സ്റ്റേഷനിലും ചെറിയ ലോഡ്ജുകളിലും, വഴിയരികിലെ വീടുകളുടെ വരാന്തയിലും, ടയർ റെട്രേഡിങ്‌ കടകളിലുമൊക്കെ അന്തിയുറങ്ങി. വായിച്ചും എഴുതിയും പഠിച്ചും പഠിപ്പിച്ചും യാത്രകൾ ചെയ്ത് ഗ്രാമങ്ങളിൽ രാപാർത്തു. അങ്ങനെയുള്ള യൗവന യാത്രകളാണ് ജീവിത വീക്ഷണവും ലക്ഷ്യവും ജീവിത രീതിയും മാറ്റി മറിച്ചത്.

ചെ മോട്ടോർ സൈക്കിൾ ഡയറി കഴിഞ്ഞും ലാറ്റിൻ അമേരിക്കയിൽ യാത്ര ചെയ്തു. അർജന്റീനയിലെ ബ്യുനെസ്ഐയേഴ്സിലെ ഉപരി മധ്യവർഗ്ഗത്തിൽ ജനിച്ച ചെ ലാറ്റിൻ അമേരിക്കയിലെ യുവാക്കളുടെ പ്രചോദനമായി മാറി. യാത്രകൾക്കിടയിൽ മെഡിക്കൽ ബിരുദം നേടിയ ചെ മെക്സിക്കോ സിറ്റിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുമ്പൊഴാണ് റാവുൾ കാസ്ട്രോയെ പരിചയപ്പെട്ടത്. റാവുൾ കാസ്ട്രോയാണ് അദ്ദേഹത്തത്തിന്റ സഹോദരൻ ഫിദലിനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് ക്യൂബയിലെ ബറ്റിസ്റ്റാ ഏകാധിപത്യ പട്ടാള ഭരണത്തിനെതിരായ ഗറില്ല യുദ്ധത്തിൽ ഒരു ഡോക്ടറായി അവരെ സഹായിക്കുവാൻ കൂടിയത്. ക്യൂബൻ പട്ടാളത്തിനെതിരായ ഒളിയുദ്ധത്തിനൊടുവിൽ ചെ ഗുവേര ക്യൂബയിലെ ജനങ്ങളുടെ ഹൃദയ നായകനായി. ഡോക്ടറിൽ നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത ഗറില്ല യുദ്ധ കമാണ്ടറിലേക്കും വിപ്ലകാരിയിലേക്കും ഭരണാധികാരിയിലേക്കും അന്താരാഷ്ട്ര ഡിപ്ലോമാറ്റിലേക്കും നിരന്തരം പരിണമിച്ച ചെ നിരന്തരമായി ചെയ്തയൊന്നു യാത്രകളാണ്. വിപ്ളവാനന്തര ക്യൂബയിൽ ഫിദലിന്റ വലകൈയ്യായി മാറിയ ചെ 1959 മുതൽ ക്യൂബയുടെ അന്തരാഷ്ട്ര വക്താവായി ലോകമെങ്ങും സഞ്ചരിച്ചു. അങ്ങനെയുള്ള യാത്രകളിലാണ് അതിൽ നിന്നുണ്ടായ ലോക കാഴ്ചപ്പാടുകളാണ് അദ്ദേഹത്ത അന്നും ഇന്നും വേറിട്ട് നിർത്തുന്നത്. ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും, ഇപ്പോഴും ലോകത്തു അനശ്വരമായ ചെയുടെ ഫോട്ടോ എടുത്തത് ആൽബർട്ടോ കോർഡേയാണ്. അത് 1961ൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയുള്ള അനുശോചനയോഗത്തിൽ പങ്കെടുത്തപ്പോൾ യാദൃശ്ചികമായി എടുത്ത ചിത്രമാണ്. ആർദ്രതയും നിശ്ചയദാർഢ്യവും ബുദ്ധിയുടെ തെളിമയും ഉള്‍ക്കാഴ്ചകളുടെ കടലും സ്വപ്‌നങ്ങളും കണ്ണുകളിലെ തീഷ്ണതയിൽ കാണിക്കുന്ന ചിത്രം. തിളക്കുന്ന യൗവനവുമായി മുപ്പത്തി ഒന്ന് വയസ്സുള്ള ചെ യുടെ ആ ചിത്രം മനസ്സിൽ പെട്ടന്ന് പതിയുന്ന ഒന്നാണ്. ഓരോ ഇഞ്ചും മനുഷ്യൻ ആയൊരു മനുഷ്യൻ. അതുകൊണ്ടാണ് സാർത്ര് പറഞ്ഞത് ' ചെ പൂർണ അർത്ഥത്തിൽ ഒരു മനുഷ്യ'നാണെന്ന്. നിരന്തര യാത്രകളാണ് അദ്ദേഹത്തെ അനീതിക്കെതിരെ പോരാടുന്നവരുടെയും സ്വതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുവാക്കളുടെയും അന്തരാഷ്ട്ര ഐക്കണാക്കിയത്.

ഈ യാത്രകളിൽ എല്ലാം അദ്ദേഹം തള്ളിപ്പറഞ്ഞത് അധികാരത്തിന്റ അഹങ്കാരങ്ങളെയും സാമ്രാജ്യവൽക്കരണത്തിന്റ അമാനവികതകളെയുമാണ്. വിയറ്റ്നാമിൽ അമേരിക്ക ചെയ്ത നിഷ്ഠൂര യുദ്ധത്തിനെതിരെ, സൗത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ. സൗത്ത് -സൗത്ത് അന്തരാഷ്ട്ര സോളിഡാരിറ്റിയുടെ വക്താവായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ആദ്യകാലത്തു തന്നെ ഇന്ത്യയിൽ വന്നു നെഹൃവിനേയും, ഇന്തോനേഷ്യയിൽ സുകാർണോയെയും, ഈജിപ്റ്റിൽ നാസറേയും കണ്ടത്. ലാറ്റിൻ അമേരിക്കയിലെ യാത്രകൾക്കൊപ്പം കൂടുതൽ യാത്ര ചെയ്തത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഇന്ന് ക്യൂബ അറിയപ്പെടുന്നത് അവർ അന്തരാഷ്ട്ര തലത്തിൽ പബ്ലിക് ഹെൽത്ത് അംബാസഡർമാരായതുകൊണ്ടാണ്. ക്യൂബയിലെ ഡോക്ടർമാർ ആഫ്രിക്കയിലും ഏഷ്യയിലും ലോകത്തും ഏറ്റവും കഷ്ട്ടതയനുഭവിക്കുന്ന ജനങ്ങൾക്കോപ്പമുണ്ടാകണം എന്ന യുവാവിന്റ സ്വപ്നം. ക്യൂബയിൽ സർക്കാർ അധികാര സന്നാഹങ്ങളിൽ ജീവിതം സെറ്റിലാകുവാൻ തയ്യാറായില്ല. അതിനോട് വിടപറഞ്ഞു ചെ വിപ്ലവ സ്വപ്നങ്ങളുമായി ലോകമെങ്ങും സഞ്ചരിച്ചു. ആഫ്രിക്കയിൽ വിപ്ലവം സ്വപ്നം കണ്ട ചെ, ബൊളീവിയൻ കാടുകളിൽ 39 വയസ്സിൽ സി ഐ എ നിയോഗിച്ച ബൊളീവിയൻ സൈനികരാൽ കൊല്ലപ്പെട്ടപ്പോൾ ഇരുപതാം നൂറ്റാണ്ടിലെ ചെറുപ്പക്കാർക്ക് ഇടയിലെ ഏറ്റവും വലിയ കൾട്ടുകളിൽ ഒന്നായി പുനർജനിക്കുകയായിരുന്നു. കുഷ്ഠരോഗികൾക്ക് ആശ്വാസമാകാനാണ് ചെ അർജന്റീനയിലും പിന്നീട് ലാറ്റിനമേരിക്കയിലും നടത്തിയ യാത്രകൾ. ആസ്തമ രോഗം അലട്ടിയപ്പോഴും ചെ യാത്ര തുടർന്നു. എന്തോ ഒരു നിയോഗം പോലെ. അതുപോലെ ഇപ്പോഴും ലോകം കൊറോണ വൈറസിനെ ഭയക്കുമ്പോൾ ചെയുടെയും ഫിദലിന്റെയും പൊതുജനാരോഗ്യ ഡോക്ടര്‍മാർ നിർഭയമായി പല രാജ്യങ്ങളിലേക്ക്‌ സഞ്ചരിക്കുകയാണ്. സാഹസികമായി യാത്ര ചെയ്ത ജീവിതം തന്നെ സാഹസിക യാത്രയാക്കിയൊരാൾ. അതുകൊണ്ടാണ് ബൊളീവിയയിലെ കുഗ്രാമത്തിലെ ഒരു സ്‌കൂളിൽവച്ച് വെടിവച്ച് വധശിക്ഷ നടപ്പാക്കുവാൻ വന്നയാളോട് പറഞ്ഞത്, " ഭീരൂ, നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത് ". ആശയങ്ങളെയും സ്വപ്ങ്ങളെയും ആർക്കും വെടിവച്ച് കൊല്ലുവാൻ സാധിക്കില്ല. മരിച്ചു കഴിഞ്ഞ ചെ പിന്നീട് കാലദേശ അതിർവരമ്പുകൾ വിട്ടു നിത്യ യൗവ്വന യാത്രികനായി. അതുകൊണ്ടാണ് ഹവാനയിലും ബ്യൂനസ് അയേഴ്സിലും മെക്സിക്കോ സിറ്റിയിലുമൊക്കെ ചെ ഗുവേരെയെ അറിയുവാൻ ഞാനും യാത്രചെയ്തത്. യാത്രാ വിപ്ലവവും, വിപ്ലവം യാത്രയുമാക്കിയ ചെ. അത് ജോൻ ലീ ആൻഡേഴ്‌സൺ എഴുതിയ ' ചെ ഗുവേര: എ റെവലുഷനറി ലൈഫ് ' എന്ന ബൃഹത്തായ രണ്ടു വോളിയം ജീവചരിത്രം വായിച്ചാൽ കൂടുതലറിയാം. യാത്രകൾ പലപ്പോഴും നമ്മളെ കൂടുതൽ മനുഷ്യരെ അറിഞ്ഞു, അവരുടെ ജീവിതം തൊട്ട് മനുഷ്യരാക്കും. മനുഷ്യരേ അറിയുവാൻ. മനുഷ്യർ അറിയുവാൻ. മനുഷ്യനായി.

* ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories