TopTop
Begin typing your search above and press return to search.

പ്രതി പൂവന്‍കോഴി; കഥാപാത്രത്തില്‍ അടക്കിവെച്ച സ്ത്രീവിരുദ്ധത, വംശവിരുദ്ധത പുറത്തുചാടുന്നു

പ്രതി പൂവന്‍കോഴി; കഥാപാത്രത്തില്‍ അടക്കിവെച്ച സ്ത്രീവിരുദ്ധത, വംശവിരുദ്ധത പുറത്തുചാടുന്നു

ഇവിടെ എല്ലാവരും പറയുന്നത് കേട്ട് ഊര്‍ജം കൊണ്ട് 'പ്രതി പൂവന്‍കോഴി' കാണാന്‍ പോയി. പൊതു ഇടങ്ങളില്‍ സ്ത്രീ നേരിടുന്ന ശാരീരിക ആക്രമണത്തെ പ്രമേയമാക്കുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ സിനിമ അടിമുടി കൃത്രിമമായി അനുഭവിച്ചു. ഒരു സ്ത്രീയുടെ സ്വത്വ പ്രതിനിധാനം ആണിനെ പോലാവില്ല എന്ന് ആവര്‍ത്തിച്ച് പറയാന്‍ തോന്നുന്നു. മാധുരിയുടെ കഥാപാത്രത്തോട് മഞ്ജു വാര്യര്‍ നീതി പുലര്‍ത്തുന്നുണ്ടാകാം. എന്നാല്‍ ആ കഥാപാത്രത്തില്‍ അടക്കി വച്ച സ്ത്രീവിരുദ്ധത, വംശ വിരുദ്ധത ഒക്കെയും പുറത്തുചാടുന്നു. റോസമ്മ എന്ന റോസിലൂടെ (അനുശ്രീ)ബാക്കിയും!'സൗദിയില്‍ ചെന്നാല്‍ വയറു കാണിച്ച് സാരിയുടുക്കാന്‍ പറ്റോ?' എന്ന് ആകുലപ്പെടുന്ന റോസമ്മയൊക്കെ ഏത് കാണിയെ ചിരിപ്പിക്കാന്‍ വേണ്ടിയെന്ന് വ്യക്തം. കൂട്ടുകാരിക്ക് കല്യാണമാകുമ്പോള്‍ കാമുകനെ ഒഴിവാക്കാന്‍ ഉള്ള പോംവഴി പെണ്ണ് 'വാണിഭ 'ത്തിന്റെ ആളാണ് എന്നു പറയലും ചെല്ലാനം ദേശക്കാരനായ DJ കാമുകനെ ദേശ /നിറ തരംതാഴ്ത്തല്‍ നടത്തി തമാശ ഉല്പാദിപ്പിച്ച് ചിരിപ്പിക്കലും കണ്ട് അന്തം വിട്ടു പോയി.

മാധുരിയുടെ പ്രതികാരം നല്ല ആലോചനയാണ്.( മഹേഷിന്റെ പ്രതികാരം ഓര്‍ത്തു!) തന്റെ ചന്തിക്കുപിടിച്ചവനെ ഒരടി കൊടുക്കണം എന്ന മാധുരിയുടെ പെണ്‍മനസ്സിനും കയ്യടി കൊടുക്കാവുന്നതാണ്. പല തരം ആണുങ്ങളെയും ( പൂവന്‍കോഴി പ്രതികള്‍) അവരുടെ വ്യാപാരങ്ങളെയും സിനിമ കാണിക്കുന്നുണ്ട്. എന്നാല്‍ ആണ്‍ കഥാപാത്രങ്ങളെയെല്ലാം ന്യൂനതകളില്‍ കുടുക്കി (ഭാര്യ വാര്‍ക്ക പണിക്കാരനൊപ്പം ഒളിച്ചു പോയതിനാല്‍ ഒറ്റക്കായ സങ്കടം പേറി തയ്യല്‍ പണി വരെ വേണ്ടെന്നു വച്ച ഗോപിച്ചേട്ടന്‍, പെണ്ണുങ്ങളുടെ ശരീര ഭാഗങ്ങള്‍ മൊബൈലില്‍ കാണുന്ന ചന്തയിലെ ആണുങ്ങള്‍, ഭാര്യയെ കണ്ണുമടച്ച് വിശ്വസിക്കുന്ന, പാവം ഭാര്യക്ക് ടച്ച് ഫോണ്‍ വരെ അറിയില്ല എന്ന് മിക്ച്ചര്‍ തിന്ന് പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിഷ്‌കളങ്കനായ ഹാപ്പി മോന്‍, കക്ഷം കാണുന്ന ഉടുപ്പിട്ട് നടന്നോടീ... കുടുംബത്തിന്റെ മാനം കളയാന്‍! എന്ന് 10-12 വയസ്സുള്ള മകളോട് തുണിക്കടയില്‍ പരസ്യമായി ആക്രോശിക്കുന്ന അപ്പന്‍, എണീക്കാന്‍ വയ്യാഞ്ഞിട്ടും ഭാര്യയെ നിരന്തരം അസഭ്യം പറയുന്ന അയല്‍വക്കക്കാരന്‍.., സ്ത്രീലമ്പടനായ എസ്.ഐ, പറമ്പില്‍ അപ്പിയിടാന്‍ വരുന്ന ചേട്ടന്‍... ) - ഇവരെയെല്ലാം ഇപ്പുറത്ത് നിര്‍ത്തി , പെണ്‍സിനിമ ഉണ്ടാക്കാനിറങ്ങുമ്പോള്‍ ആ പെണ്ണിന്റെ കഥാപാത്ര നിര്‍മ്മിതിയില്‍ ആണത്തം നിറച്ചു വക്കരുത്. പ്രതികാരത്തിനിറങ്ങുന്ന സ്ത്രീകളുടെ കഥാപാത്രാവിഷ്‌കാരത്തിലും സംഭാഷണങ്ങളിലും പൂവന്‍കോഴികള്‍ തന്നെ കൂവുന്നത് സഹിക്കവയ! ആന്റപ്പന്റ വീട്ടിലേക്ക് വഴി ചോദിക്കുന്ന സ്ത്രീയെ (അവര്‍ കുട്ടിയുടെ മുടി ചീകണ്)'ചേച്ചി ' എന്ന് അഭിസംബോധന ചെയ്തതിന് ആ സ്ത്രീ, 'എനിക്ക് തന്റെയത്ര പ്രായമൊന്നുമില്ല' എന്ന് കെറുവിക്കുന്നതൊക്കെ എന്ത് തരം തമാശയാണെടൊ? പെണ്ണുങ്ങള്‍ തമ്മില്‍ കടുത്ത അസൂയയാണെന്ന് പണ്ടാരോ പറഞ്ഞത് കേട്ടുണ്ടാക്കിയ സീനുകള്‍! സമ്മതിക്കണം!

ബാലിശമായ നിര്‍വഹണം കൊണ്ട് നാടകമായിപ്പോയ രംഗങ്ങളും അസഹ്യമായ സംഗീതവും ബാങ്ക് മാനേജര്‍ അടക്കം ക്ലീഷേകളും വേറെ. ആ സൈക്കിള്‍ പാട്ട് വെറുപ്പിച്ചു കളഞ്ഞു.' എന്റെ ശരീരത്തില്‍ ആരു തൊടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് ' എന്ന മാധുരിയുടെ ശരി നിലപാടും തന്നോട് അതിക്രമം കാണിച്ചവനോടുള്ള നേരിടാനുള്ള അവളുടെ തീരുമാനവും. തിരക്കഥയിലെ ദൗര്‍ബല്യങ്ങളില്‍ ,മേക്കിംഗിലെ അവിശ്വസനീയതകളില്‍ തകര്‍ന്നുതരിപ്പണമായി. അവസാനം മാധുരി കാണിക്കുന്ന ശക്തിപ്രകടനം അതുവരെ പിന്തുടര്‍ന്ന ആഖ്യാനത്തില്‍ നിന്ന് മാറി മെലോഡ്രാമയാക്കിയതും മുഴച്ചു നില്ക്കുന്നു. ആണ്‍ ലിംഗാധികാരത്തിനെതിരെ വിരല്‍ ചൂണ്ടുന്ന ഒരു പെണ്ണ് എന്ന നിലയില്‍ മാധുരിയെ അനുകൂലിക്കുമ്പോഴും സിനിമ എന്ന നിലയിലുള്ള കടുത്ത അതൃപ്തി പങ്കുവെക്കുന്നു. *ഫേസ്ബുക്ക് പോസ്റ്റ്


അനു പാപ്പച്ചന്‍

അനു പാപ്പച്ചന്‍

എഴുത്തുകാരി, അസിസ്റ്റന്‍റ് പ്രൊഫസര്‍, വിമല കോളേജ് തൃശൂര്‍

Next Story

Related Stories