ഞാൻ ഗുരുതുല്യനായി കരുതുന്ന ചങ്ങനാശേരിക്കാരുടെ പ്രിയങ്കരനായ എം എൽ എ സി എഫ് തോമസ് സാർ അന്തരിച്ചു. 1963ൽ ഞാൻ എസ് ബി ഹൈസ്കൂളിൽ എസ് എസ് എൽ സി പാസ്സായി പോകുന്ന അവസരത്തിലാണ് സാർ എസ് ബി യിൽ അധ്യാപകനായി ചേരുന്നത്. എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എസ് ബി യിലെ അധ്യാപകനെന്ന നിലയിൽ ഞാൻ സാറിനെ എപ്പോഴും ഗുരുവായി കരുതി ബഹുമാനിച്ചിരുന്നു. 2011 ലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി സാറിനെതിരെ വലിയ മാനസിക സംഘർത്തോടെയാണ് ഞാൻ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സാറിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കാൻ ഞാൻ പ്രതേകം ശ്രദ്ധിച്ചിരുന്നു. ഇടത് മുന്നണി നയങ്ങളിൽ മാത്രം ഊന്നിയാണ് പ്രസംഗമെല്ലാം നടത്തിയിരുന്നത്.
ചങ്ങനാശേരിയിൽ നിന്നും സി പി എം ന്റെ ഒരു സ്ഥാനാർത്ഥി ജയിക്കേണ്ടത് ചരിത്രപരമായ ഒരു ആവശ്യമായി ഞാൻ കരുതിയിരുന്നു. എന്നാൽ വ്യക്തിപരമായി സി എഫ് സാറിനെ തോല്പിച്ച് എം എൽ എ ആവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല
വ്യക്തിജീവിതത്തിൽ പുലർത്തിയിരുന്ന ലാളിത്യവും അഴിമതിയുടെ കറപുരളാത്ത പൊതു പ്രവർത്തന പാരമ്പര്യവ്വും മതേതര സമീപനങ്ങളും സാറിനെ ചങ്ങനാശേരിയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാക്കി മാറ്റി. 1980 ൽ കേരള കോൺഗ്രസ്സ് (എം) ഇടത് മുന്നണിയിലായിരുന്നത് കൊണ്ട് സാർ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് ആദ്യമായി എം എൽ എ ആവുന്നത്. പിന്നീട് ഇതുവരെ 40 വർഷം സാർ ചങ്ങനാശേരിയുടെ അനിഷേധ്യ ജനപ്രതിനിധിയായി തുടർന്നു. കൂപ്പു കൈകളോടെ എന്റെ പ്രിയപ്പെട്ട ഗുരുവിന് ആദരാഞ്ജലികൾ അർപ്പിക്കട്ടെ.