TopTop
Begin typing your search above and press return to search.

പതിനാലുകാരനെതിരെ ആക്രോശിച്ചാല്‍ മലയാളികളുടെ ലൈംഗിക വീക്ഷണത്തില്‍ മാറ്റം വരുമോ?

പതിനാലുകാരനെതിരെ ആക്രോശിച്ചാല്‍ മലയാളികളുടെ ലൈംഗിക വീക്ഷണത്തില്‍ മാറ്റം വരുമോ?

സ്‌കൂട്ടറില്‍ ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് 14-കാരന്‍ 'മാറിടത്തില്‍ ഒന്നു പിടിച്ചോട്ടെ' എന്ന് ചോദിക്കുന്നു. ഒരു ടീനേജുകാരന്റെ സ്വാഭാവികമായ ലൈംഗിക 'ക്യൂരിയോസിറ്റിയായി' അതിനെ കാണേണ്ടതിനു പകരം സ്‌കൂട്ടര്‍ യാത്രക്കാരി അതിനെ വലിയ സദാചാര പ്രശ്‌നവും, മാനസിക വൈകല്യവും ആയി കാണുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് പോസ്റ്റിട്ടതു കൂടാതെ ടീനേജുകാരന്റെ സ്‌കൂളിലും വീട്ടിലും ഈ സംഭവം അറിയിക്കാന്‍ തീരുമാനിക്കുന്നു. സത്യത്തില്‍ ഇന്ത്യന്‍ സാഹചര്യം അറിയാവുന്നവര്‍ ഇത്രയൊക്കെയല്ലേ ഇക്കാര്യത്തില്‍ സംഭവിക്കുന്നുള്ളൂ എന്നോര്‍ത്ത് സമാധാനപ്പെടുകയാണ് വേണ്ടത്. വല്ല ഉത്തര്‍ പ്രദേശിലോ ബീഹാറിലോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും ആ ചോദ്യത്തിന് തല്ലു കിട്ടിയേനെ; തല്ലില്‍ മാത്രം പോലും ഒതുങ്ങാറില്ല സാധാരണ ലൈംഗിക സംബന്ധമായ കാര്യങ്ങള്‍ ഉത്തരേന്ത്യയില്‍. തല്ലിക്കൊല്ലാനും, വലിയ ലഹള തന്നെ പൊട്ടിപുറപ്പെടാനും ഇത്തരത്തില്‍ ഒരു ചോദ്യം മതി. മുസാഫര്‍പൂര്‍ കലാപം തന്നെ തുടങ്ങിയത് ഒരു പെണ്‍കുട്ടിയെ കമന്റടിച്ചതില്‍ നിന്നുള്ള രൂക്ഷമായ പ്രതികരണത്തില്‍ നിന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ആ സംഭവം വര്‍ഗീയവല്‍കരിക്കപ്പെടുക ആയിരുന്നു എന്നാണ് അന്ന് പുറത്തുവന്ന പല മാധ്യമ റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നത്.

ഇനി ഇന്ത്യന്‍ സാഹചര്യത്തില്‍ അല്ലായിരുന്നു ഈ ചോദ്യം വന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അമേരിക്കയിലോ യൂറോപ്പിലോ ഒരു ടീനേജുകാരന്‍ ഒരു സ്ത്രീയോട് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അമേരിക്കയിലേയും യൂറോപ്പിലേയും സ്ത്രീകള്‍ ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ കൂള്‍ ആയി എടുക്കാനാണ് സാധ്യത. അവര്‍ ഇന്ത്യന്‍ സ്ത്രീകളെ പോലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ചോദ്യം ചോദിച്ചയാളെ നാറ്റിക്കാന്‍ ശ്രമിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. വളര്‍ന്നു വന്ന സാഹചര്യങ്ങളുടേയും സംസ്‌കാരത്തിന്റ്റേയും വ്യത്യാസമാണത് കാണിക്കുന്നത്. ഇന്ത്യയില്‍ സെക്‌സിനേയും, ലൈംഗിക സംബന്ധമായ എല്ലാ സംസാരത്തേയും എന്തോ വലിയ തെറ്റായി കാണുന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്ള ആളുകള്‍ അതിനെ കൂളായി കാണുന്നു. ആധുനിക ലിബറല്‍ കോസ്‌മോപോളിറ്റന്‍ സമൂഹവും പാരമ്പര്യ സമൂഹവും തമ്മിലുള്ള വിത്യാസമാണത്.

സെക്‌സ് ശരീരത്തിന്റേയും മനസിന്റേയും ഒരു ആവശ്യമായിട്ടാണ് ആധുനിക സമൂഹത്തിന്റെ വീക്ഷണം. സെക്‌സ് മനസിന്റേയും ശരീരത്തിന്റേയും ഉത്സവമായി കണക്കാക്കപ്പെടുമ്പോള്‍ അവിടെ കുറ്റബോധമില്ല. അതുകൊണ്ടുതന്നെ പാപ ബോധവും, സദാചാര ബോധവും സെക്‌സിനെ സംബന്ധിച്ച് ആധുനിക ലിബറല്‍ കോസ്‌മോപോളിറ്റന്‍ സമൂഹങ്ങളില്‍ ഇല്ല. ഇത് വെറുതെ പറയുന്നതും അല്ല. ലൈംഗിക സ്വാതന്ത്ര്യം പൊതുവേ ആധുനിക സമൂഹങ്ങളില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ പ്രേമിക്കുന്നതിനേയോ, സെക്‌സില്‍ ഏര്‍പ്പെടുന്നതിനേയോ ആധുനിക സമൂഹങ്ങളില്‍ ആരും ചോദ്യം ചെയ്യാറില്ല.

ആലിംഗനം ചെയ്യുന്നതും, ഉമ്മ വെക്കുന്നതുമായ സീനുകള്‍ ഇല്ലാത്ത പാശ്ചാത്യ സിനിമാ-സീരിയലുകളില്‍ പൊതുവേ കാണാന്‍ സാധിക്കാറില്ല. 'Shall we Kiss' എന്നുള്ളത് അവിടങ്ങളിലെ സാധാരണ ഒരു ചോദ്യം മാത്രമാണ്. ഇന്ത്യയില്‍ പ്രക്ഷേപണം ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ സീരിയലുകളായ 'ദി അഫയര്‍', 'ബോസ്റ്റണ്‍ ലീഗല്‍' - ഇവയിലൊക്കെ 'Interested in Sex' എന്ന് സ്ത്രീകളോട് ചോദിക്കുന്നുണ്ട്. അതൊന്നും അവിടെ വലിയ വിഷയമല്ല. പ്രശസ്തമായ ഹോളിവുഡ് ചിത്രമായ 'Forever Mine' - ല്‍ അഭിനയിച്ച സുന്ദരിയായ നായികയായ ഗ്രെച്ചണ്‍ മോലുമായുള്ള ഒരു അഭിമുഖം തുടങ്ങുന്നത് തന്നെ 'When did you first undress before a Man' എന്ന് ചോദിച്ചുകൊണ്ടാണ്. ഇന്ത്യയിലാണെങ്കില്‍ അത്തരമൊരു ചോദ്യം ചോദിച്ചാല്‍ ചെപ്പക്കുറ്റിക്ക് അടി തീര്‍ച്ചയാണ്. മറ്റൊരു പ്രശസ്തമായ 'My Mom's New Boyfriend' എന്ന ഹോളിവുഡ് ചിത്രത്തില്‍ ഫെഡറല്‍ ഏജന്റ് ആയ നായകന്‍ തന്റെ പ്രതിശ്രുത വധുവിനെ സുന്ദരിയും യുവതിയുമായ അമ്മക്ക് പരിചയപ്പെടുത്തുന്നു. പിന്നീട് അമ്മയും പ്രതിശ്രുത വധുവും തമ്മില്‍ സംഭാഷണം ആരംഭിക്കുമ്പോള്‍ ഭാവി മരുമകള്‍ ആവശ്യപ്പെടുന്നത് എന്താണ്? 'Tell me about your boyfriends' എന്നാണ്! ഇങ്ങനെ പറയാനാണെങ്കില്‍ സിനിമാനുഭവങ്ങള്‍ കണ്ടമാനം ഉണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവാത്തതാണ് ആ സിനിമാനുഭവങ്ങള്‍.

സിനിമാനുഭവങ്ങള്‍ക്കപ്പുറം പൊതുജീവിതത്തില്‍ പോലും ലൈംഗികത ആഘോഷമാക്കുന്നത് പാശ്ചാത്യ സമൂഹത്തില്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. പ്രണോയ് റോയ് അവതരിപ്പിച്ച 'വേള്‍ഡ് ദിസ് വീക്കില്‍' ആണെന്ന് തോന്നുന്നു, പണ്ട് മഡോണയുടെ ഒരു പുതിയ സംഗീത ആല്‍ബം പുറത്തിറക്കുന്നത് കാണിച്ചത്. ചടങ്ങിലേക്ക് മഡോണ തന്റെ ബോഡി ഗാര്‍ഡുകളാല്‍ വലയം ചെയ്യപ്പെട്ട് ഒരു വലിയ ബ്ലാങ്കറ്റും പുതച്ചാണ് വന്നത്. ചുറ്റും കൂടിയ ഫോട്ടോഗ്രാഫര്‍മാര്‍ മഡോണയോട് ആ ബ്ലാങ്കറ്റ് ഒന്ന് മാറ്റാമോ എന്നു ചോദിച്ചു. ചോദിക്കേണ്ട താമസം, മഡോണ ആ ബ്ലാങ്കറ്റ് ഊരിയെറിഞ്ഞു; ആയിരകണക്കിന് ഫ്‌ളാഷുകള്‍ ആ സമയത്ത് ഒരുമിച്ചു മിന്നുകയും ചെയ്തു. ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങിലും, ഗ്രാമി അവാര്‍ഡ് ചടങ്ങിലും, ക്യാന്‍ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഇത്തരത്തിലുള്ള ശരീര പ്രദര്‍ശനവും, ഫാഷന്‍ പ്രദര്‍ശനവുമൊക്കെയുണ്ട്. അതൊക്കെ ലൈവ് ടെലിക്കാസ്റ്റായി ഇന്ത്യയിലും ലോകത്തെമ്പാടും കാണുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ പതിനായിരകണക്കിന് പെണ്‍കുട്ടികള്‍ വര്‍ഷം തോറും പോക്കറ്റ് മണിക്കായി ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്നു. കേരളത്തിലേയോ ഇന്ത്യയിലേയോ കുലസ്ത്രീകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത കാര്യമാണിതൊക്കെ. നമ്മുടെ കുടുംബ വ്യവസ്ഥിതിയും, സമൂഹ വ്യവസ്ഥിതിയും അടിച്ചേല്പിച്ചിരിക്കുന്ന സദാചാര മൂല്യങ്ങള്‍ തന്നെ കാരണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടമാനം സദാചാര വിലക്കുകള്‍ ആണിവിടെ. ഈയിടെ സീനിയര്‍ സിറ്റീസണ്‍ ആയ ഒരു സ്ത്രീ ജീന്‍സിട്ടതിനെ ചൊല്ലിയുള്ള കോലാഹലം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കണ്ടു. സ്വന്തം കാശു മുടക്കി അവര്‍ ഏതു വസ്ത്രം വേണമെങ്കിലും ധരിക്കട്ടെ. മറ്റുള്ളവര്‍ക്ക് അതിലൊക്കെ എന്തുകാര്യം? സ്ത്രീകള്‍ ഇങ്ങനെയൊക്കെയേ പെരുമാറാകൂ; ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ; ഇങ്ങനെയൊക്കെയേ വസ്ത്രം ധരിക്കാവൂ എന്നൊക്കെ സമൂഹം വാശിപിടിക്കുന്നതിന്റെ യുക്തിഭദ്രത എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഇരുപതാം നൂറ്റാണ്ടില്‍ പല കമ്യുണിസ്റ്റ് പാര്‍ട്ടികളും സാമൂഹ്യമാറ്റം പോലെ തന്നെ പല പാരമ്പര്യ സമൂഹങ്ങളിലെ ലൈംഗിക വീക്ഷണങ്ങളിലും മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. 'ഇറോട്ടിക് ലിബര്‍ട്ടി' അല്ലെങ്കില്‍ ലൈംഗിക സ്വാതന്ത്ര്യം വിദേശ രാജ്യങ്ങളിലെ പല കമ്യുണിസ്റ്റ് പാര്‍ട്ടികളും യാഥാസ്ഥിതികമായ തങ്ങളുടെ സമൂഹത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യയിലേയും കേരളത്തിലേയും കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതൊക്കെ ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. അവരൊക്കെ വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു എന്നതാണ് കാരണം. അതുപോലെ തന്നെയാണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും. സ്ഥിരം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ പ്രഘോഷിക്കുന്ന പ്രസ്ഥാനങ്ങളെയാണ് നമുക്ക് ചുറ്റും കാണാനാവുന്നത്. അതുകൊണ്ട് ഇന്ത്യന്‍ സമൂഹത്തില്‍ ലൈംഗിക കാര്യങ്ങളില്‍ ഒരു വ്യത്യസ്തമായ സമീപനം വരുമെന്ന് അടുത്തെങ്ങും ആശിക്കാന്‍ നിര്‍വാഹമില്ല. വിപ്ലവ പാര്‍ട്ടികള്‍ സമൂഹത്തിലെ യാഥാസ്ഥിതികമായ ലൈംഗിക സദാചാരത്തിനും എതിരേ നിലകൊള്ളണമെന്നുള്ള തത്ത്വം ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ പോലും ഒട്ടുമേ ഉള്‍ക്കൊള്ളുന്നില്ല.

ഇന്നുള്ള ലൈംഗിക സദാചാരങ്ങളല്ലായിരുന്നു പണ്ട് ഇന്ത്യയില്‍ നിലനിന്നിരുന്നത് എന്നതാണ് ലൈംഗികതയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഏതെങ്കിലും ചരിത്ര മ്യുസിയത്തില്‍ പോയാല്‍ ഇന്നുള്ള വസ്ത്ര ധാരണമൊന്നുമല്ല പണ്ട് നമ്മുടെ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നതെന്ന് ആര്‍ക്കും കാണാം. പൗരാണിക ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഗന്ധര്‍വ വിവാഹങ്ങളേയും, സ്വയംവരങ്ങളേയും കുറിച്ചുള്ള കഥകള്‍ പുരാണങ്ങളില്‍ എത്ര വേണമെങ്കിലും ഉണ്ട്. ഉഷയുടേയും അനിരിദ്ധന്റേയും റൊമാന്‍സ്, നള ദമയന്തിമാരെ കോര്‍ത്തിണക്കുന്ന ഹംസം, ശകുന്തളയുടേയും ദുഷ്യന്തന്റേയും പ്രേമ വിവാഹം - ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത റൊമാന്‍സുകള്‍ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ ഉണ്ട്.

സ്ത്രീ ശില്‍പങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ സ്ഥാപിക്കപ്പെട്ടത് ഐശ്യര്യത്തിന്റ്റേയും സൗഭാഗ്യത്തിന്റേയും പ്രതീകമായിട്ടാണ്. അതുകൊണ്ട് സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശില്‍പങ്ങള്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ വിളങ്ങുന്നു.'സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും...' - എന്നാണല്ലോ വയലാറിന്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ ഗാനരചന തന്നെ. അര്‍ദ്ധ നഗ്‌നകളും, രതി ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആര്‍ക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാര്‍ക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങള്‍ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശില്‍പങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ ചിത്രീകരിക്കുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകള്‍ക്ക് മേല്‍ കണ്ടമാനം നിയന്ത്രണങ്ങള്‍ വരുന്നത്. പുരോഹിത വര്‍ഗത്തിന്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യന്‍ സമൂഹത്തെ മാറ്റി. കേരളത്തില്‍ ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകള്‍ നടന്നിരുന്നു. പക്ഷെ ഇന്ന് ഇതൊന്നും പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലാതായിരിക്കുന്നു. ഫെമിനിസ്റ്റുകള്‍ പോലും രതിയെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.

ഇന്നിപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പഴയ വിക്ടോറിയന്‍ സംസ്‌കാരത്തില്‍ നിന്ന് ഭിന്നമായി 'ന്യൂഡ് റാലിയും', 'ന്യൂഡ് ബീച്ചും', 'ന്യൂഡ് സൈക്കിള്‍ റാലിയും' ഒക്കെ ഉണ്ട്. പക്ഷെ കേരളത്തിലോ, ഇന്ത്യയിലോ ഇങ്ങനെയുള്ള ഒരു നഗ്‌നതാ പ്രതിഷേധത്തെ കുറിച്ച് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാനാകുമോ? രഹ്ന ഫാത്തിമ അത്തരത്തിലുള്ള ഒരു ചെറിയ പ്രതിഷേധം സംഘടിച്ചപ്പോള്‍ ഇവിടെ എന്തായിരുന്നു പുകില്? രഹ്ന ഫാത്തിമയുടെ ഫെയിസ് ബുക്ക് പോസ്റ്റുകള്‍ കണ്ട പലരും അവര്‍ ശബരിമല തകര്‍ക്കാന്‍ പോവുകയായിരുന്നു എന്ന് വിശ്വസിച്ചു പോയാല്‍ അവരെ ഇന്നത്തെ മൂല്യ ബോധത്തില്‍ നിന്നുകൊണ്ട് കുറ്റം പറയാന്‍ ആവില്ല.

സത്യത്തില്‍ നമ്മള്‍ നഗ്‌നതയെ എങ്ങനെ നോക്കികാണുന്നു എന്നനുസരിച്ചായിരിക്കും നമ്മുടെ വൈകാരികമായ റെസ്‌പോണ്‍സ്. അമേരിക്കയിലും പാശ്ചാത്യ നാടുകളിലും ന്യൂഡ് ബീച്ചസും, ന്യൂഡ് സൈക്കിള്‍ റാലികളും ഉണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയാവുന്നതാണ്. ന്യൂഡ് മാര്‍ച്ചുകളും അവിടെ സ്ഥിരം സംഘടിപ്പിക്കാറുണ്ട്. അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇന്ത്യക്കാരെ പോലെ ഞരമ്പ് രോഗികളല്ല അവിടങ്ങളില്‍ ഉള്ളതെന്ന് സാരം. നമ്മുടെ നാട്ടില്‍ ഞരമ്പ് രോഗികള്‍ കണ്ടമാനം ഉള്ളത് ഒളിച്ചുവെക്കുന്നതും, മൂടി വെക്കുന്നതും കൊണ്ടു മാത്രമാണ്. മാനസിക വൈകല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഒളിച്ചുവെക്കുന്നതിലൂടെ കൂടാന്‍ മാത്രമേ പോകുന്നുള്ളൂ.

ഉത്സവങ്ങളിലും, പെരുന്നാളുകളിലും, വലിയ ജനക്കൂട്ടങ്ങള്‍ക്കിടയിലും മലയാളി പുരുഷന്‍ അവന്റെ ഞരമ്പ് രോഗം പുറത്തു കാട്ടുന്നു. ആളുകള്‍ ഒരു പരിധിക്കപ്പുറം തടിച്ചു കൂടുന്ന ഇടങ്ങളിലെല്ലാം ഇത്തരം ലൈംഗിക ചേഷ്ടകള്‍ കാണാം. ജനക്കൂട്ടത്തിലുള്ള പുരുഷന്മാരുടെ ഒരു വല്ലാത്ത മാനസികാവസ്ഥയാണ് ഇത്. പലരും ഇതിനെക്കുറിച്ചൊന്നും തുറന്നു പറയാറില്ല എന്ന് മാത്രം. മലയാളി പുരുഷന്മാരുടെ ഈ ഞരമ്പു രോഗം മാറേണ്ടിയിരിക്കുന്നു. ഈ ഞരമ്പ് രോഗത്തിന് ജാതിയുമില്ല; മതവുമില്ല. കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രമാതീതമായ തിരക്കുണ്ടാവുന്ന ഏരിയകളിലെല്ലാം സ്ത്രീകള്‍ക്കെതിരെ 'ഞെക്കിനോക്കല്‍' ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. അടിച്ചമര്‍ത്തപ്പെട്ട പുരുഷകാമം മുതല്‍ പെരുമാറ്റ സംസ്‌ക്കാരത്തിന്റെ അഭാവം വരെ ഈ ലൈംഗിക ബോധത്തില്‍ നിഴലിച്ചു കാണാം. യാഥാര്‍ഥ്യബോധത്തോടെ ഈ സമൂഹത്തെ നിരീക്ഷിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് നിഷേധിക്കാനാവാത്ത വസ്തുതകളാണിത്.

ലൈംഗിക സദാചാരത്തിന്റെ കാര്യത്തില്‍, മൊത്തത്തില്‍ കപടതയാണ് ഇവിടെ. ഇന്ത്യക്കാര്‍ പൊതുവേ വളഞ്ഞ രീതിയിലാണ് സ്ത്രീകളെ 'സമീപിക്കുന്നത്'. ആ 'സമീപന രീതിയില്‍' നിന്ന് വ്യത്യസ്തരല്ല മലയാളികളും. ഈ വളഞ്ഞ രീതിയില്‍ 'കാര്യം നേടാന്‍' ശ്രമിക്കുമ്പോഴാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്. ഒരു സ്ത്രീയെ പ്രാപിക്കണം എന്നുണ്ടെങ്കില്‍ 'ഈ ഡ്രസ്സ് നന്നായി ചേരുന്നു' അതല്ലെങ്കില്‍ 'ഈ ഡ്രസില്‍ സുന്ദരിയാണ്' എന്നൊക്കെ പറഞ്ഞു തുടങ്ങും. സായിപ്പിന് ഇത്തരം വളഞ്ഞ വഴി അവലംബിക്കേണ്ട കാര്യമില്ല. കാരണം അവിടെ കാര്യങ്ങള്‍ 'സ്ട്രെയിറ്റായി' ആണ് കൂടുതലും നടക്കാറുള്ളത്. സായിപ്പിന്റെ നാട്ടില്‍ 'ക്യാന്‍ ഐ ഹാവ് സെക്‌സ് വിത്ത് യു?' എന്ന് മുഖത്ത് നോക്കി ചോദിച്ചാല്‍ കുഴപ്പമില്ല. ആദ്യം കാണുന്ന സ്ത്രീയോട് മാറിടത്തില്‍ പിടിച്ചോട്ടെ എന്ന് ചോദിക്കുന്നത് അനഭിലഷണീയമായ ഒരു പ്രവണതയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷെ 14-കാരനായ പയ്യന്‍ നേരെ ചൊവ്വേ ചോദിക്കുക മാത്രമാണു ചെയ്തതെന്നുള്ളതും കൂടി കാണണം. അതിത്ര പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. അപ്പോള്‍ പിന്നെ എവിടെയാണ് പ്രശ്‌നം മുഴുവനും? പ്രശ്‌നം നമ്മുടെ സദാചാര ബോധത്തിലാണ്.

കേരളത്തില്‍ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ കപട സദാചാരം കണ്ടമാനം വളര്‍ന്നു. 1980-കളിലും, 90-കളിലും ക്യാബറേ ഡാന്‍സ് കേരളത്തിലെ പല ഹോട്ടലുകളിലും ഉണ്ടായിരുന്നു; മുംബൈയിലാണെങ്കില്‍ ഡാന്‍സ് ബാറുകള്‍ നഗര ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. അന്നൊന്നുമില്ലായിരുന്ന സദാചാര ബോധം ഇന്നെന്തിനാണ്? തകഴിയുടെ 'കയറിലും', എസ്. കെ. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥയിലും, കേശവദേവിന്റെ 'അയല്‍ക്കാര്‍' എന്ന നോവലിലുമെല്ലാം ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ 'ലിബറല്‍' ആയ സമൂഹത്തെ ആണ് ലൈംഗിക സദാചാരത്തിന്റെ കാര്യത്തില്‍ കാണാന്‍ സാധിക്കുന്നത്. പക്ഷെ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും കപട സദാചാരവാദികളായി മാറിക്കഴിഞ്ഞു. പണ്ട് സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രരായി പുഴകളിലും തോടുകളിലും അമ്പല കുളങ്ങളിലും കുളിച്ചിരുന്നു. അപ്പോള്‍ സ്ത്രീയുടേയും പുരുഷന്റേയും നഗ്‌നത എത്രയോ പേര്‍ യാദൃശ്ചികമായി കണ്ടിട്ടുണ്ട്? അന്നത്തെ കേരളത്തില്‍ തോട്ടിലും പുഴയിലും കിണറ്റുകരയിലും മറ്റും ഒരു ചെറിയ തോര്‍ത്തുടുത്ത് സ്ത്രീകളും പുരുഷന്മാരും കുളിക്കുമായിരുന്നപ്പോള്‍ എന്ത് സദാചാര വിലക്കായിരുന്നു നിലനിന്നിരുന്നത്? മലയാളികള്‍ ചിന്തിക്കേണ്ട കാര്യമാണിത്.

ഡല്‍ഹിയില്‍ പണ്ട് കലാമണ്ഡലം രാമന്‍ കുട്ടി ആശാന്റെ കഥകളി 'സ്പിക്ക് മക്കേ' യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചപ്പോള്‍ കണ്ടിട്ടുണ്ട്. ശ്രീകൃഷ്ണന്‍ ഗോപസ്ത്രീകളുടെ തുണികള്‍ മോഷ്ടിക്കുന്നതും, അതിലൊരു ഗോപസ്ത്രീ കൃഷ്ണന്റെ ലീലാവിനോദത്തില്‍ ആകൃഷ്ടയായി കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ആയിരുന്നു അന്ന് ആ കഥകളിയിലെ പ്രമേയം. സ്‌ത്രൈണ ഭാവങ്ങള്‍; പ്രത്യേകിച്ച് ശൃംഗാരഭാവങ്ങള്‍ നന്നായി രാമന്‍ കുട്ടി ആശാന്‍ അവതരിപ്പിച്ചതുകൊണ്ട് എല്ലാവരും കഥകളി അവസാനിച്ചപ്പോള്‍ കൈയടിച്ചു; പ്രകടനം കണ്ട വിദേശികള്‍ പോലും കഥകളി ആചാര്യനെ മുക്തകണ്ഠം അഭിനന്ദിച്ചു. ഇന്നാണെങ്കില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നുപറഞ്ഞു രാമന്‍ കുട്ടി ആശാനെ ചിലപ്പോള്‍ ഓടിച്ചിട്ട് തല്ലിയേനെ; കാരണം അത്രക്കുണ്ട് ഇന്നത്തെ കപട സദാചാര ബോധം. സത്യത്തില്‍ തമാശ ആസ്വദിക്കാന്‍ പറ്റാത്ത ആളുകള്‍ പെരുകുന്നതാണ് സംസ്‌കാരത്തിന്റെ ഏറ്റവും വലിയ ഭീഷണി. സകലയിടത്തും ഇന്ന് വിവരദോഷികള്‍ കേറിയിറങ്ങി മേയുകയാണ്; മതനിന്ദ കണ്ടെത്തുകയാണ്. അതുകൊണ്ടാണ് പ്രഫ. ടി.ജെ. ജോസഫ് മതനിന്ദ നടത്തിയതെന്ന ആരോപണം തന്നെയുണ്ടായത്.

വയലാര്‍ രാമവര്‍മയുടെ 'സംഭോഗ ശൃംഗാരം' എന്ന ക്യാറ്റഗറിയില്‍ വരുന്ന അനേകം ഗാനങ്ങള്‍ നെഞ്ചേറ്റിയവരാണ് മലയാളികള്‍. 'വെണ്ണ തോല്‍ക്കുമുടലോടെ ഇളം

വെണ്ണിലാവിന്‍ തളിര്‍ പോലെ' - എന്നാണ് വയലാര്‍ രാമവര്‍മ്മ സുന്ദരിയെ വിശേഷിപ്പിച്ചത്. അവിടൊന്നും കൊണ്ട് പുള്ളി നിര്‍ത്തുന്നുമില്ല. 'മൂടി വന്ന കുളിരോടെ

പന്താടി വന്ന മദമോടെ

കാമുകനു മാത്രം നല്‍കും രോമഹര്‍ഷത്തോടെ

എന്റെ ദാഹം തീരും വരെ നീ

എന്നില്‍ വന്നു നിറയൂ നിറയൂ' - എന്ന് പറഞ്ഞാണ് വയലാര്‍ ആ സിനിമാഗാനം അവസാനിപ്പിക്കുന്നത്. 'രതിസുഖസാരമായി' ദേവിയെ വാര്‍ത്ത ദൈവത്തെ കലാകാരനായിട്ടാണ് യൂസഫലി കേച്ചേരി കാണുന്നത്. വയലാറിന്റെ 'ചെമ്പരത്തി'-യിലെ ഗാനരചന നോക്കൂ: 'കാമമോഹിനികള്‍ നിന്നെയെന്‍

ഹൃദയകാവ്യലോക സഖിയാക്കും...

മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍

ലജ്ജകൊണ്ടു ഞാന്‍ മൂടും....നിന്നേ മൂടും' - ഇതൊക്കെ നഗ്‌നമായ സംഭോഗ ശൃംഗാരം അല്ലാതെ മറ്റെന്തോന്നാണ്?

'ചാരുലതേ... ചന്ദ്രിക കൈയില്‍

കളഭംനല്‍കിയ ചൈത്രലതേ...

എന്റെ മുല്ലപ്പന്തലില്‍ നീ പടരൂ...

ഇന്നെല്ലാമെല്ലാം എനിക്കു തരൂ...' - എന്ന പാട്ടിലും വരുന്നത് സംഭോഗ ശൃംഗാരം തന്നെ. ആ പാട്ടില്‍ 'പ്രതിശ്രുതവധുവെ ദൈവങ്ങള്‍പോലും

പ്രാപിച്ചിട്ടില്ലേ' എന്ന ചോദ്യം ഇന്നു കേട്ടാല്‍ ചിലരുടെ ഒക്കെ വികാരം തിളക്കാന്‍ സാധ്യതയുണ്ട്.

'പ്രാണനാഥന്‍ എനിക്കു നല്‍കിയ പരമാനന്ദ രസത്തെ പറവതിനെളുതാമോ....' - എന്നൊക്കെയുള്ള കവിതകളിലാവട്ടെ പച്ചയായ സെക്‌സുണ്ട്. എന്തായാലും ഇതൊക്കെ എഴുതിയ കവികളും കലാകാരന്‍മാരും പണ്ടുകാലത്ത് ജീവിച്ചിരുന്നത് അവരുടെ ഭാഗ്യം. കുറഞ്ഞപക്ഷം അന്നൊക്കെ ജീവിച്ചിരുന്നതുകൊണ്ട് ഓടിച്ചിട്ടുള്ള തല്ലില്‍ നിന്നെങ്കിലും രക്ഷപെട്ടല്ലോ.

അപ്പോള്‍ നമ്മുടെ ഇന്നത്തെ ലൈംഗിക സമീപനങ്ങളില്‍ ഒരു മാറ്റം വരേണ്ടതല്ലേ? ഒരു 'ഗ്ലാസ്‌നോസ്ത്' അല്ലെങ്കില്‍ തുറന്നുപറച്ചില്‍ ഇക്കാര്യങ്ങളിലൊക്കെ വരേണ്ടതല്ലേ? ഒരു 14-കാരനെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം; അതല്ലെങ്കില്‍ പട്ടാളത്തെ കൊണ്ട് വെടിവെപ്പിക്കണം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കൂടി ആക്രോശിച്ചാല്‍ നമ്മുടെ ലൈംഗിക സമീപനങ്ങളില്‍ ഒരു മാറ്റം എന്നെങ്കിലും കൈവരുമോ?

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories