TopTop
Begin typing your search above and press return to search.

'തന്റെ പാര്‍ട്ടിയെ പരിചയപ്പെടുത്തിയ നേതാവിന്റെ വാക്കുകള്‍ ആപ്പീസ് ചുമരില്‍ മഹദ്‌വചനമോ പരിപാടിസാരമോ ആയി രേഖപ്പെടുത്തണം'

തന്റെ പാര്‍ട്ടിയെ പരിചയപ്പെടുത്തിയ നേതാവിന്റെ വാക്കുകള്‍ ആപ്പീസ് ചുമരില്‍ മഹദ്‌വചനമോ പരിപാടിസാരമോ ആയി രേഖപ്പെടുത്തണം

വിശ്വസിച്ചാല്‍ സംരക്ഷിക്കും. ചതിച്ചാല്‍ ദ്രോഹിക്കും. പാര്‍ട്ടിയുടെ നിലപാടതാണ്. പറയുന്നത് പാലക്കാട് ജില്ലയിലെ ജനനേതാവ്. നിയമസഭാംഗം. പറയുന്നതോ പാര്‍ട്ടിയിലേക്കു കടന്നു വരുന്ന ആളുകളോട്. കോവിഡ്കാല അച്ചടക്കമെല്ലാം മറന്ന് ആപ്പീസില്‍ ചേര്‍ന്ന കൂട്ടായ്മയുടെ വീഡിയോ ഫെയ്സ് ബുക്കില്‍ കണ്ടു. അസ്സലായിരിക്കുന്നു.

പാര്‍ട്ടി ആപ്പീസില്‍നിന്ന് നേതാവിന്റെ ഉദ്ബോധനം ചോര്‍ന്നു. അതു ചെയ്തത് പുതുതായി ചേരാന്‍ വന്നവരാണോ? എങ്കിലവര്‍ അത്ര മോശക്കാരല്ല. നേതാവിനു പറ്റിയ അനുയായി വൃന്ദം തന്നെ! 'വിശ്വസിച്ചാല്‍ സ്വര്‍ഗമാണ്. അവിശ്വാസിക്കു നരകവും'. വന്നു ചേര്‍ന്നവര്‍ക്ക് അതത്ര പുതുമയുള്ളതായി തോന്നിക്കാണില്ല. അതേ ഭാഷ പുറത്തും കേട്ടു കാണണം. ഈ ആവര്‍ത്തനത്തിന്റെ പൊരുളറിയാതെ പകച്ചുപോയവര്‍ക്ക് അതിന്റെ അര്‍ത്ഥം തേടാതെ വയ്യല്ലോ. അതിനാലവര്‍ പകര്‍ത്തി അറിയുന്നവരുടെ ഉത്തരത്തിനു വെച്ചു. നന്നായി.

നേതാവ് ഏതോ ചാനലില്‍ പറഞ്ഞു കേട്ടു, അതൊരു നാക്കുപിഴയായിരുന്നെന്ന്. സത്യമാവും. മുമ്പും നാക്കുപിഴയുണ്ടായതായി വാര്‍ത്തയുണ്ടായിരുന്നു. അതു ഫോണ്‍ വചനങ്ങളായിരുന്നു. അതില്‍ ആറുമാസത്തെ ഏതോ വ്രതത്തിനു ശിക്ഷിക്കപ്പെട്ടു. അതിനാല്‍ നിരപരാധിത്വം തെളിയിക്കാന്‍ ഇനിയൊരു കമ്മീഷന്റെ ആവശ്യമില്ല. ഇത്തവണയും ഉടല്‍പ്പിഴതന്നെ. ഉള്ളില്‍ ഭക്തി മൂക്കുമ്പോള്‍ വാക്കുകള്‍ തെറ്റും. വാസ്തവം പറഞ്ഞുപോവും!

വാസ്തവം പറഞ്ഞാല്‍ ശിക്ഷിക്കുന്നതെന്തിന്? വിശ്വാസത്തിന്റെ ശംബളമാണല്ലോ അദ്ദേഹം അനുഭവിക്കുന്നത്. ഒപ്പം നിന്നാല്‍ എന്തുമാവാം എന്നതിന്റെ ജീവരേഖയാണയാള്‍. ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് തന്റെ പാര്‍ട്ടിയെ പരിചയപ്പെടുത്തിയ വാക്കുകള്‍ ആപ്പീസ് ചുമരില്‍ മഹദ്വചനമോ പരിപാടിസാരമോ ആയി രേഖപ്പെടുത്തണം.

ഇതേ കാര്യമാണ് ഇടുക്കിയിലെ നേതാക്കള്‍ പൊലീസിനോടും പറഞ്ഞത്. ഞങ്ങളുടെ വിശ്വാസികള്‍ ഏതക്രമം കാണിച്ചാലും ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്. ഞങ്ങള്‍ ഭരിക്കുമ്പോള്‍ ഞങ്ങളുടെ പൊലീസും അവര്‍ക്കൊപ്പമാവണം. ഇല്ലെങ്കില്‍ അതു ചതി. ചതി ഞങ്ങള്‍ ക്ഷമിക്കില്ല. വീട്ടില്‍ വന്നു ദ്രോഹിക്കും.

ഇത്ര കൃത്യം കൃത്യമായ നിലപാടും അതു പ്രഖ്യാപിക്കാനുള്ള ശേഷിയും കാണാതെ പോവരുത്. വിശ്വാസികളും അവിശ്വാസികളും മാത്രമേ സത്യമായുള്ളു. ഞങ്ങളുടെ വിശ്വാസികള്‍ ഞങ്ങളുടെ സംഘം. ഞങ്ങളുടെ അവിശ്വാസികള്‍ എതിരാളികള്‍. സ്നേഹവും സുരക്ഷയും അര്‍ഹിക്കുന്നത് വിശ്വാസികളാണ്. 'എന്നെയും നിന്നെയും കൊറോണയെയും സൃഷ്ടിച്ചത് ദൈവമാണെ'ന്ന വചനത്തിന്റെയും പൊരുള്‍ അതുതന്നെ. ദൈവഹിതമാണ് നടക്കുക. പാപത്തിന്റെ ശംബളം മരണമത്രെ.

നമ്മുടെ രാഷ്ട്രീയവ്യവഹാരങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന് സ്പഷ്ടമാകുന്നു. ഇനി ജനങ്ങള്‍ക്കല്ലാതെ ഇവരെ തിരുത്താന്‍ മറ്റാര്‍ക്കും കഴിയുകയില്ല.


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories