TopTop
Begin typing your search above and press return to search.

'അനേകം വികസനങ്ങള്‍ സമ്മാനിച്ചിട്ടും ജനവിരുദ്ധ നിലപാടിന് സര്‍ സി പിയെ ശിക്ഷിച്ച സമൂഹമാണ് ഇവിടെയുള്ളത്'

അനേകം വികസനങ്ങള്‍ സമ്മാനിച്ചിട്ടും ജനവിരുദ്ധ നിലപാടിന് സര്‍ സി പിയെ ശിക്ഷിച്ച സമൂഹമാണ് ഇവിടെയുള്ളത്

തിരുവനന്തപുരത്തെ വികസനത്തിന്റെ തലസ്ഥാനമാക്കിയവരില്‍ പ്രമുഖനാണ് സര്‍ സി പി രാമസ്വാമി അയ്യര്‍. ഒരവിശ്വാസ പ്രമേയത്തെ നേരിട്ടിരുന്നുവെങ്കില്‍ എത്രയേറെ നേരം അദ്ദേഹത്തിനു വിശദീകരിക്കാന്‍ കാണുമായിരുന്നു! വികസനവാദികള്‍ക്കു കയ്യടി നിര്‍ത്താന്‍ കഴിയുമായിരുന്നോ? എന്നിട്ടും ഒരു കര്‍ഷക സമരത്തെ ചോരയില്‍ മുക്കിയ സിപിയോടു നാം ഇക്കാലംവരെ ക്ഷമിച്ചിട്ടില്ല.

കേരളം ഭരിച്ച സര്‍ക്കാറുകളൊക്കെ ആ വൈഭവത്തിനും അതിന്റെ സംവിധാന ക്രമത്തിനും സ്വാഭാവിക വികാസം നല്‍കുകയായിരുന്നു. അതു ജനാധിപത്യ ക്രമത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഓരോ വകുപ്പിലും നടക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങളുടെ രേഖാചിത്രം അവതരിപ്പിക്കുന്നതിലല്ല, അതില്‍ വരുത്തിയ പുതുമയും വീക്ഷണക്കുതിപ്പും അനുഭവിപ്പിക്കുന്നതിലാണ് കാര്യം. എണ്ണിപ്പറയാന്‍ എല്ലാവര്‍ക്കും വേണ്ട വിഭവങ്ങള്‍ നിലവിലുള്ള ഭരണസംവിധാനം നല്‍കുന്നുണ്ട്. ഏതു ദുര്‍ബ്ബല സര്‍ക്കാറിനും അതു സാധിക്കും.

ഇ എം എസ്, അച്യുതമേനോന്‍, കെ കരുണാകരന്‍, എകെ ആന്റണി, ഇ കെ നായനാര്‍, ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കൊക്കെ ഭരണനേട്ടങ്ങളെക്കുറിച്ച് മണിക്കൂറുകള്‍ നീണ്ട പ്രഭാഷണങ്ങള്‍ നടത്താനാവും. എന്നാല്‍ ചൂഷിതരും നിരാശ്രയരുമായ അടിത്തട്ടു സമൂഹത്തിന് പുരോഗതി നല്‍കുന്ന ഭരണ സമീപനവും നിയമ നിര്‍മ്മാണവും എത്രയുണ്ട്? അതല്ലേ പറയേണ്ടത്? അതില്‍ അഴിമതിയോ സ്വജന പക്ഷപാതമോ തീണ്ടിയിട്ടില്ല എന്നല്ലേ ഉറപ്പിക്കേണ്ടത്?

അധാര്‍മ്മിക വൃത്തികളില്‍ ചെന്നുപെട്ട് അഴുകുകയാണ് സര്‍ക്കാര്‍ എന്ന ആരോപണമുയരുമ്പോള്‍ മുതലാളിത്ത വികസനത്തിന്റെ വിജയങ്ങളും പാര്‍ശ്വ ഫലങ്ങളും കാണിച്ച് വിമര്‍ശകരുടെയും ജനങ്ങളുടെയും കണ്ണുകെട്ടാനാവുമോ? മുതലാളിത്ത വികസന മത്സരങ്ങളുടെ ആവേശം അതിന്റെതന്നെ പാര്‍ശ്വവിഴുപ്പുകള്‍ ചുമക്കാന്‍ ഇടയാക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്? ആ വിഴുപ്പുകള്‍ നിങ്ങളെ വികൃതമാക്കുന്നുവെന്ന് ജനങ്ങളും മാധ്യമങ്ങളും പറഞ്ഞാല്‍ കുറ്റപ്പെടുത്താമോ?

അനേകം വികസനങ്ങള്‍ സമ്മാനിച്ചിട്ടും ജനവിരുദ്ധ നിലപാടിന് സര്‍ സി പിയെ ശിക്ഷിച്ച സമൂഹമാണ് ഇവിടെയുള്ളത്. ജനാധിപത്യ ഭരണവ്യവഹാരത്തിന്റെ സ്വാഭാവിക വളര്‍ച്ച തങ്ങളുടെ പേരില്‍ ചാര്‍ത്തിയെടുക്കാനുള്ള വ്യഗ്രത ഓരോ സര്‍ക്കാറും കാണിക്കും. അതു മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ കൊള്ളക്കാരും കോഴക്കാരും അഴിഞ്ഞാടി വികൃതമാക്കിയ ഓഫീസില്‍ നിങ്ങളെങ്ങിനെ നിര്‍മമരായി ഇരിക്കുന്നു എന്ന ചോദ്യം സ്വയം ഒഴിഞ്ഞുപോവില്ല. ആ കളങ്കം നിങ്ങളുടെ സമസ്ത നേട്ടങ്ങളെയും നിസ്സാരമാക്കും.

വികസനം സര്‍ സി പിയില്‍നിന്ന് പിണറായി വിജയനിലേക്ക് എന്ന് ഈ കുറിപ്പിന് ശീര്‍ഷകം കാണാം. ഒരേ വികസന കാഴ്ച്ചപ്പാടിന്റെ രണ്ടറ്റമാണത്. എന്നാല്‍ ജനങ്ങളോടുള്ള പ്രതിബദ്ധത സര്‍ സിപിയോളമെങ്കിലും ഒരിടതുപക്ഷ നേതാവിനു പുലര്‍ത്താനായി എന്നു തെളിയിക്കേണ്ടിവരും. വലിയതോതില്‍ ഇരകളെ തള്ളുന്ന വികസനം സി പിയുടെ കാലത്തില്ല. നാടു കൊള്ളയടിച്ച പണം അദ്ദേഹം കൊണ്ടുപോയതായി ആരോപണവും കേട്ടിട്ടില്ല. എന്നാല്‍ സര്‍ പിണറായിയുടെ കാലത്ത് കൊള്ളയും കോഴയും നടക്കുന്നു എന്നാണ് ആരോപണം. നിയമ ലംഘനങ്ങളും ചട്ടലംഘനങ്ങളും ഉണ്ടാവുന്നു എന്നാണ് ആക്ഷേപം. അതിനു മറുപടി പറയാതെ എന്തൊക്കെ വിശദീകരിച്ചാലും ഫലമുണ്ടാവുമോ?

ആസാദ് 25 ആഗസ്ത് 2020
ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories