TopTop
Begin typing your search above and press return to search.

നമ്മുടെ സ്വകാര്യതയുടെ അടിത്തറ മാന്തിയ ആധാര്‍ തുടങ്ങിവെച്ചവരാണ് ഇപ്പോള്‍ ഡാറ്റാ പ്രൈവസിക്ക് വേണ്ടി പോരടിക്കുന്നത്, വാ നമുക്ക് രാജസ്ഥാന്‍ വരെ ഒന്നു പോയിവരാം

നമ്മുടെ സ്വകാര്യതയുടെ അടിത്തറ മാന്തിയ ആധാര്‍ തുടങ്ങിവെച്ചവരാണ് ഇപ്പോള്‍ ഡാറ്റാ പ്രൈവസിക്ക് വേണ്ടി പോരടിക്കുന്നത്, വാ നമുക്ക് രാജസ്ഥാന്‍ വരെ ഒന്നു പോയിവരാം

കൊണ്ടോട്ടിയിൽ ഒരു ഏലാന്തി കുഞ്ഞാപ്പയുണ്ടായിരുന്നു. എല്ലാവരും തന്നെ ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാൽ കവലയിൽ വന്നിരുന്ന് എല്ലാവരും ബഹുമാനിക്കുന്ന കൊണ്ടോട്ടി തങ്ങളെ തെറി വിളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതോടെ എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങും. അപ്പോൾ കുഞ്ഞാപ്പയുടെ മട്ട് മാറും. താനും തങ്ങളും തമ്മിലുള്ള പ്രശ്നത്തിൽ നിങ്ങൾ എന്തിനാ ഇടപെടുന്നത് എന്നാകും അതോടെ ചോദ്യം. അഴീക്കോട് എം എൽ എ കെ എം ഷാജി സമീപകാലത്ത് ഉയർത്തുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഏലാന്തി കുഞ്ഞാപ്പയുടെ കഥ പറഞ്ഞത്. എന്നാൽ കോവിഡ് വ്യാപനത്തിന് ശേഷം പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന വിവാദങ്ങളെല്ലാം കാണുമ്പോൾ പ്രതിപക്ഷത്ത് ഷാജി മാത്രമല്ല രമേശ് ചെന്നിത്തല മുതൽ ഷാഫി പറമ്പിൽ വരെയുള്ളവരിൽ ഒരു ഏലാന്തി കുഞ്ഞാപ്പയുണ്ടെന്ന് തോന്നിപ്പോകും. കോവിഡ് പ്രതിരോധത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം കരാർ യു എസ് കമ്പനിയായ സ്പ്രിംഗ്ളറുമായി ഒപ്പിട്ടതാണ് പ്രതിപക്ഷം ഇപ്പോൾ ഉന്നയിക്കുന്ന ആരോപണം. രോഗ ബാധിതരെന്ന് സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതോടെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയിലെ കോര്‍പ്പറേറ്റ് കമ്പനിക്ക് കൈമാറുകയാണെന്നും ഇതിലൂടെ വൻ കച്ചവടമാണ് നടക്കുന്നതെന്നുമാണ് ആരോപണം. കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ വികസിത രാജ്യങ്ങൾ പോലും വിറങ്ങലിച്ച് നിന്നപ്പോൾ രോഗ വ്യാപനത്തെ ഫലപ്രദമായി നേരിട്ട പ്രദേശമാണ് കേരളം. അമേരിക്കയിൽ ഒരു ദിവസത്തെ ഇടവേളയിൽ മരണനിരക്ക് ഇരട്ടിയാകുമ്പോൾ കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. കേരള മോഡൽ എല്ലായിടത്തും പ്രകീർത്തിക്കപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണ് കയ്യടി നേടുന്നത്. ഈ വിജയത്തെ പിണറായിയും കൂട്ടരും ഒറ്റയ്ക്ക് കീശയിലാക്കുമ്പോൾ രാഷ്ട്രീയ സാധ്യതകളൊന്നും മുന്നിൽ തെളിയാതെ നിൽക്കുകയായിരുന്ന പ്രതിപക്ഷത്തിന് മുന്നിലേക്കാണ് സ്പ്രിൻക്ലർ കരാർ വീണുകിട്ടുന്നത്. കൊറോണ പ്രതിരോധം പിണറായി സർക്കാരിന് രാഷ്ട്രീയ നേട്ടമാകുമ്പോൾ ഇവിടെയൊരു പ്രതിപക്ഷം ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ചെന്നിത്തലയ്ക്കും കൂട്ടർക്കും ലഭിച്ച അവസരം. ശരിയ്ക്ക് പറഞ്ഞാൽ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കേണ്ട ഒരു ബാധ്യതയിലാണ് അവരെന്ന് തോന്നും തുടരെത്തുടരെ അവർ ഉതിർക്കുന്ന ഉണ്ടയില്ലാ വെടികൾ കാണുമ്പോൾ. അതിന് മഹാമാരിയെ നേരിട്ട കേരളസർക്കാരിന് പ്രതിപക്ഷം നൽകിയ സഹായങ്ങൾ പരിശോധിച്ചാൽ മതി. മിറ്റിഗേഷൻ മെത്തേഡ്, മീഡിയാ മാനിയ, ഇമ്യൂണിറ്റി അവകാശവാദം, ചൂടിൽ കൊറോണ ചാകും, സാമ്പത്തിക പാക്കേജ് തട്ടിപ്പാണ്, സൗജന്യ റേഷൻ തട്ടിപ്പാണ്, പഴംപൊരി ചൂടോടെ കഴിക്കരുത് വായ പൊള്ളും എന്ന് മുഖ്യമന്ത്രി പറയുന്നു, പലവ്യഞ്ജന കിറ്റിൽ കോടികളുടെ അഴിമതി, ഫോൺവിളി നാടകം, കേരളത്തിൽ കൊറോണ കൊണ്ടുവന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവിനെ സൈബർ ഗുണ്ടകൾ ആക്രമിക്കുന്നു, സാലറി ചാലഞ്ച് തട്ടിപ്പാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് വക്കീൽ ഫീസു കൊടുക്കുന്നത്, കേരള മോഡലിന്റെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടുന്നു, മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു, സമൂഹ വ്യാപനം മുന്നിൽക്കണ്ട് ഡിജിറ്റൽ കവറിംഗ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി SAAS സംവിധാനത്തിനു ശ്രമിച്ചത് ശരിയല്ല എന്നിങ്ങനെ പോകുന്നു ആരോപണ സഹായങ്ങൾ.ആരോഗ്യ മന്ത്രി പത്രസമ്മേളനങ്ങൾ വിളിച്ചു കൂട്ടി നടക്കുകയായിരുന്നെന്നായിരുന്നു കൊറോണക്കാലത്ത് ചെന്നിത്തലയുടെ ആദ്യ ആരോപണം. എന്നാൽ ചെന്നിത്തലയുടെ പത്രസമ്മേളനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടപ്പെട്ടതോടെ ആ ആരോപണം അവസാനിച്ചു. അരോഗ്യ മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി പത്രസമ്മേളനം ഏറ്റെടുത്തതോടെ അതിനു ലഭിച്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ലഭിക്കുന്ന ജനപ്രീതിയും പ്രതിപക്ഷത്തിന് തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് ജനങ്ങളുമായി നേരിട്ട് ഇടപെടുന്നുവെന്ന് തെളിയിക്കാൻ പ്രവാസികളുമായി നടത്തുന്ന ഫോൺ സംഭാഷണമായിരുന്നു പിന്നീട് പുറത്തുവന്നത്. പഴയകാല സിനിമകളെ ഓർമ്മപ്പെടുത്തുന്ന തിരക്കഥയിൽ തയ്യാറാക്കിയ ടെലഫോൺ സംഭാഷണമായിരുന്നു അതെന്ന് ട്രോളപ്പെട്ടതോടെ ആ പി ആർ പരിപാടി പൊളിയുക മാത്രമല്ല പ്രതിപക്ഷത്തിന് തിരിച്ചടിയുമായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഡാറ്റാ വിവാദം ഉയർത്തിയത്. മഹാമാരിയെ പ്രതിരോധിക്കാൻ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വരും നാളുകളിൽ ആരോഗ്യ പ്രവർത്തകർക്കും അധികൃതർക്കും മുൻകരുതലുകൾ എടുക്കേണ്ടതും. എന്നാൽ ഡാറ്റാ പ്ലാറ്റ്ഫോമിനായി സ്പ്രിംഗ്ളർ കമ്പനി ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കൻ കുത്തക കമ്പനികൾക്ക് ലഭിക്കുമെന്നും അത് ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ഏറ്റവും പുതിയ ആരോപണം. ഇതിനകം 200 കോടി രൂപ വിലമതിക്കുന്ന വിവരങ്ങൾ സ്പ്രിംഗ്ളറിന് ലഭിച്ചുവെന്നും ചെന്നിത്തല ആരോപിക്കുന്നു. ലോകോത്തര ഐടി കൺസൾട്ടന്റായ ഏണസ്റ്റ് ആൻഡ് യങ് നടത്തിയ പഠനത്തിൽ ഒരാളുടെ സെൻസിറ്റീവ് ഹെൽത്ത് ഡാറ്റയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 100 പൗണ്ട് അഥവ 10000 രൂപയാണ്. കേരളത്തിലെ 175 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ് 200 കോടി രൂപയുടെ ഇടപാട് നടന്നെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. കുടുംബാംഗങ്ങളുടെ കൂടി വിവരങ്ങൾ കൈക്കലാക്കിയെങ്കിൽ ഇത് 750 കോടിയിലേറെ വരുമെന്നും ചെന്നിത്തല പറയുന്നു. മലയാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ക്രിമിനൽ നടപടിയാണ് ഇത്. ഇതിൽ ഒന്നാം പ്രതി ഐ ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിക്കുന്നു. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ പുറത്തുവിടാനുള്ള സൗകര്യമൊരുക്കുന്നത് വൻകിട കമ്പനികളെ സഹായിക്കാനാണെന്നും അവർ ആരോപിക്കുന്നു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിലും അതിനെ മൾട്ടി നാഷണൽ കമ്പനികൾ ചൂഷണം ചെയ്യുന്നതിലും പ്രതിപക്ഷത്തിനുള്ള ആശങ്കയെ വിലകുറച്ചു കാണുന്നില്ല. എന്നാൽ അതിന് പിന്നിലെ രാഷ്ട്രീയ ചേതോവികാരം എന്തെന്ന് അറിഞ്ഞാൽ കൊള്ളാം.ഈ വിവരങ്ങൾ അമേരിക്കൻ കമ്പനി എന്ത് ചെയ്യുമെന്നിടത്താണ് അതിനുള്ള ഉത്തരം ഒളിഞ്ഞിരിക്കുന്നത്. വിവരങ്ങൾ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറിയാണ് ഇവ വിറ്റു കാശാക്കുക. ഈ വിവരങ്ങൾ വച്ച് ഇൻഷുറൻസ് കമ്പനികൾ കേരളത്തിലെ തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അങ്ങനെയാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ഗവേര്‍ണന്‍സുമായും പൊതുജനങ്ങളുമായും ബന്ധപ്പെട്ട ഡാറ്റാ കൈകാര്യം ചെയ്യാന്‍ ആരെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആലോചിക്കണം. മറ്റൊരു അമേരിക്കൻ കമ്പനിയായ ടാബ്ല്യു ആണ് അവിടെ ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. അതായത് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഏർപ്പെട്ടിരിക്കുന്ന അതേ കരാർ കേരളത്തിൽ ഇടതുപക്ഷ സർക്കാരാകുമ്പോൾ അഴിമതിയായി മാറുന്നു. ജനങ്ങളുടെ ഡാറ്റാ സ്വകാര്യതയാണ് പ്രശ്നമെങ്കിൽ രാജസ്ഥാനിലും ഇത് ബാധകമല്ലേയെന്നാണ് ചെന്നിത്തല വ്യക്തമാക്കേണ്ടത്.ഇനി അമേരിക്കൻ കമ്പനിയെ ഏൽപ്പിക്കാതെ ഇന്ത്യൻ കമ്പനികൾ തന്നെ ഈ വിവരശേഖരണം നടത്തിയാലും ഡാറ്റകൾ സുരക്ഷിതമായിരിക്കുമെന്നതിന് എന്താണ് ഉറപ്പ്? നിലവിൽ ആധാർ വഴി തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ബയോമെട്രിക് രേഖകൾ വിവിധ വെബ്സൈറ്റുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ആധാർ വിവരങ്ങൾ ശേഖരിച്ച അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് പോലും രേഖകൾ ചോർന്നതിന്റെ റിപ്പോർട്ടുകളും നമുക്ക് ലഭിച്ചു കഴിഞ്ഞു. പാൻ കാർഡുകൾ ആധാറുമായി ബന്ധപ്പെടുത്തിയതിലൂടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം പോലും ഈ രേഖകൾ എത്തിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന പ്രതിപക്ഷ നേതാവ് യുപിഎ സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കിയ ആധാറിനെ എന്തുകൊണ്ട് എതിർത്തില്ല? അദ്ദേഹവും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരും ആധാറും പാൻകാർഡുമെല്ലാം എടുത്തിട്ടുണ്ടല്ലോ. അപ്പോൾ ജനങ്ങളുടെ സുരക്ഷയെന്നത് ചെന്നിത്തലയ്ക്കും കൂട്ടർക്കും വെടിപൊട്ടിക്കാനുള്ള ആശങ്ക മാത്രമാണെന്ന് വരുന്നു.ഡാറ്റാ വിവാദം ഏറ്റവുമധികം ചർച്ചയാകുന്നത് സോഷ്യൽ മീഡിയയിലാണ്. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണെന്ന് കാണാം. ഗൂഗിളിൽ ഏതെങ്കിലും വിഷയം തെരഞ്ഞാൽ പിന്നീട് അതേ കമ്പ്യൂട്ടറിലോ മൊബൈലിലോ പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഫോൺ നമ്പരിലും ആ വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. തെരച്ചിൽ വിവരങ്ങൾ ഗൂഗിളും സോഷ്യൽ മീഡിയയും പരസ്യദാതാക്കൾക്ക് കൈമാറിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിൽ ഇൻഷുറൻസ് കമ്പനികളായ പരസ്യദാതാക്കളും ഉൾപ്പെടുന്നു. അപ്പോൾപ്പിന്നെ വ്യക്തി വിവരങ്ങൾ സുരക്ഷിതമാണെന്ന് എങ്ങനെ പറയാനാകും. ഈ കൊറോണക്കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് മാധ്യമങ്ങളാണ്. കൊറോണ വാർത്തകൾക്ക് അപ്പുറം വിവാദങ്ങളുണ്ടാക്കാവുന്ന വാർത്തകളുടെ ക്ഷാമം തന്നെ ഇതിന് കാരണം. ജനങ്ങളെ തങ്ങളുടെ സ്ക്രീനിൽ തന്നെ ഉറപ്പിച്ച് നിർത്താൻ അവർക്ക് വിവാദങ്ങൾ വേണം. വിദേശ മാധ്യമങ്ങൾ പോലും കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിക്കുമ്പോൾ സർക്കാരിനെതിരായ വിവാദ വാർത്തകൾക്ക് സാധ്യതകളില്ല. അത്തരം വാർത്തകൾക്കേ വിൽപ്പന സാധ്യതയുള്ളൂ. അതിനാലാണ് പ്രതിപക്ഷത്തിന്റെ ഈ വെടിപൊട്ടിക്കലും അവർ ഏറ്റെടുക്കുന്നത്.മുൻ സർക്കാർ നേരിട്ടത് രാഷ്ട്രീയ പ്രതിസന്ധികളായിരുന്നെങ്കിൽ ഈ സർക്കാർ നേരിട്ടത് സാമൂഹിക പ്രതിസന്ധികളെയാണ്. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളുമെല്ലാം അതിൽ ഉൾപ്പെടുന്നു. അവയെയെല്ലാം സർക്കാർ വിജയകരമായി തരണം ചെയ്യുകയും തങ്ങളുടെ രാഷ്ട്രീയ നേട്ടമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കുന്നതും കാമ്പുണ്ടോയെന്ന് പരിശോധിക്കാതെ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നതും. ഏതാനും ദിവസത്തെ ബഹളത്തിന് ശേഷം ഈ പുകയും അടങ്ങും. മുമ്പത്തേത് പോലെ ഇതുമൊരു ഉണ്ടയില്ലാ വെടിയാണെന്ന് വരും ദിവസങ്ങൾ തെളിയിക്കുകയും ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories