TopTop
Begin typing your search above and press return to search.

തുല്യപങ്കാളിത്തമുള്ള പൗരജീവിതം ഒരു കലാസമൂഹത്തിനുള്ളില്‍ പുലരേണ്ടതുണ്ട്, മരണശേഷവും അത് ഒരു കവി അര്‍ഹിക്കുന്നു

തുല്യപങ്കാളിത്തമുള്ള പൗരജീവിതം ഒരു കലാസമൂഹത്തിനുള്ളില്‍ പുലരേണ്ടതുണ്ട്, മരണശേഷവും അത് ഒരു കവി അര്‍ഹിക്കുന്നു

1. മലയാളത്തിലെ കാല്പനികാധുനികത ഉണ്ടാക്കിയ 'കലാകാരന്റെ' ഇമേജ് അയാളെ അവധൂതപരിവേഷത്തില്‍ അവതരിപ്പിക്കുന്ന ഒന്നായിരുന്നു. കലയിലും സാഹിത്യത്തിലും ഇതിനു പകര്‍പ്പുകളനവധി. (ഈ അവധൂതതയ്ക്ക് പുതുകവിത പലമട്ടില്‍ എതിര്‍ഭാവനയായി ഉയര്‍ന്നുവന്നിട്ടുണ്ട്). കാല്പനികാധുനികത കലയില്‍ അവസാനിക്കാത്തതുപോലെ കവിതയിലും ഒഴിയാബാധ പോലെ കിടക്കുന്നു. (റഫീഖ് ഇബ്രാഹിം അത് കൃത്യമായി എഴുതി). അതിനാല്‍ അച്ചടിക്കുപുറത്തെ തെരുക്കൂട്ടങ്ങളില്‍ എപ്പോഴും വിമതം എന്ന് തോന്നിക്കുന്ന ഒച്ചകള്‍ രൂപപ്പെട്ടുവന്നു. അതില്‍ കവിതയും ലഹരിയും പെരുമാറ്റവൈരുദ്ധ്യങ്ങളും വൈകാരികവിക്ഷോഭങ്ങളും 'തോറ്റവന്റെ' കുപ്പായം തുന്നിക്കൊണ്ടിരുന്നു. 'പ്രൊഫഷണിലസ'ത്തോട് കലഹിക്കാന്‍ മതിയായ ഊറ്റം ഈ തോല്‍ക്കുപ്പായത്തിനുണ്ട്.

'തോറ്റവന്റെ കവിത' എന്ന പ്രമേയമണ്ഡലത്തില്‍ നിങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യേണ്ടതില്ല. നോവില്‍ ഇത്തിരികൂടി അമര്‍ന്നിരുന്നാല്‍ മതി. ഞാനെന്നെത്തന്നെ റദ്ദുചെയ്യുന്നതരം ആത്മപീഡയെ എഴുതിയാല്‍ മതി. കവിതയില്‍ അതേറ്റവുമെളുപ്പവുമാണ്. കവിതാസ്വാദനത്തിന്റെ പ്രൈമറി എലമെന്റില്‍ ഈ നോവാരാധനയുടെ കൊളുത്തുകളുണ്ട്. അതിനാല്‍ അവയുമായി സാത്മ്യപ്പെടാന്‍ കവിതയുടെ സൗന്ദര്യശാസ്ത്ര ആധികള്‍ ആവശ്യമില്ല, പകരം ഈ വൈകാരികതയെ തൊടാനായാല്‍ മതി. 'തെരുവുകവിതയ്ക്ക്' ആ കൊളുത്തുകളുണ്ട്.

2. ഇതെഴുതുന്ന ആള്‍ ഏസ്തെറ്റിക് ഈക്വാലിറ്റിയില്‍ വിശ്വസിക്കുന്നു. അതിനാല്‍ കവിതയുടെ പലവിധ പ്രയോഗങ്ങളെ അതിന്റെ സൈ്വര്യവിഹാരങ്ങളായി കണ്ടു വായിക്കേണ്ടതുണ്ട്. കവിത ഏകശരീരമുള്ള 'പ്രൊഫഷണലിസത്തിന്റേതു'മാത്രമല്ല എന്നതാണതിലെ പ്രധാനസംഗതി. മലയാളത്തിലെ പാട്ടുകവിതയുടെ മേഖല നോക്കുക, അത് ഏറേക്കുറെ കവിതയുടെ കാലഹരണപ്പെട്ട മാതൃകകളില്ത്തന്നെ അടയിരിക്കുന്ന ഭാവനാലോകങ്ങളാല്‍ സമ്ബുഷ്ടമാണ്. അതുകൊണ്ട് ആ കവിതകള്‍ സമൂഹത്തില്‍നിന്ന് കുടിയൊഴിഞ്ഞുപോകുന്നില്ല. അവ അവയ്ക്ക് സാധ്യമായ വായനാസമൂഹത്തിനിടയില്‍ പാര്‍ക്കുന്നു. ചിലപ്പോള്‍ കവിതയെന്ന മാധ്യമരൂപത്തിന്റെ വിദൂരച്ഛായകളാല്‍ അവ കാവ്യേതരമായ സ്ഥലങ്ങളെ കവിതയിലേക്ക് അടുപ്പിച്ചേക്കാം.

3. അച്ചടിക്കുപുറത്തെ ചെറുചെറുകാവ്യസമൂഹങ്ങളായി തെരുവുകവി(ത)യെ കാണേണ്ടതുണ്ട്. അവിടെ അയാള്‍ക്ക് കിട്ടുന്ന ഉടന്‍പ്രതികരണങ്ങളിലാണ് അത് പുലരുന്നത്. അതിന്റെ ഉല്പാദനവും വിനിമയവും ആ സമൂഹത്തിന്റെ പരിധിക്കുള്ളില്‍ത്തന്നെയാണ്. അതിനാല്‍ തന്നെ അവയ്ക്കുള്ള മൂലധനവും കവി തെരുവില്‍നിന്ന് തന്നെ കണ്ടെത്തുന്നു എന്നും കരുതാം. അതൊരു ബദല്‍ ഇക്കോണമി പ്രതീക്ഷിക്കുന്നു, എളുപ്പത്തില്‍ സാധൂകരിക്കാന്‍ പറ്റാത്ത ഒരു (അ)വ്യവസ്ഥ അത് മുന്നോട്ടുവെക്കുന്നു.

'തോറ്റ കവി'ക്കു കിട്ടുന്ന ബിംബാരാധനയില്‍നിന്നും 'വിജയിച്ച കവി'ക്കു കിട്ടുന്ന പുരസ്‌കാരാരാധനയില്‍ നിന്നും കവിതാവായന കുറേക്കൂടി കലാത്മകമായ ഒരേര്‍പ്പാടായി മാറേണ്ടതുണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞതരം കാറ്റഗറികളും പതുക്കെ മാഞ്ഞുപോയേക്കാം, അഥവാ കവിതയില്‍ പൗരത്വനിഷേധങ്ങള്‍ക്കിടമില്ല, പകരം തുല്യപങ്കാളിത്തമുള്ള പൗരജീവിതം ഒരു കലാസമൂഹത്തിനുള്ളില്‍ പുലരേണ്ടതുണ്ട്. മരണശേഷവും അത് ഒരു കവി അര്‍ഹിക്കുന്നുണ്ട്.


Next Story

Related Stories