TopTop
Begin typing your search above and press return to search.

'എസി ബംഗ്ല ഉങ്കളുക്ക് പൊട്ടാലയങ്ങള്‍ നാങ്കള്ക്ക്'; തമിഴ് തോട്ടം തൊഴിലാളികള്‍ക്കിടയിലെ അടിമ-അഭയാര്‍ത്ഥി ജീവിതം

എസി ബംഗ്ല ഉങ്കളുക്ക് പൊട്ടാലയങ്ങള്‍ നാങ്കള്ക്ക്; തമിഴ് തോട്ടം തൊഴിലാളികള്‍ക്കിടയിലെ അടിമ-അഭയാര്‍ത്ഥി ജീവിതം

മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റില്‍ രാജമലയില്‍ ഉരുള്‍പ്പൊട്ടി മണ്ണിനടിയിലായത് നിരവധി ജീവനുകളാണ്. ഇത് പുറംലോകം അറിഞ്ഞത് സംഭവം നടന്ന് ഒന്‍പത് മണിക്കൂറിനുശേഷവും. മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ കാലങ്ങളായി തുടരുന്ന തമിഴ് തോട്ടം തൊഴിലാളികളുടെ അടിമ ജീവിതത്തിന്റെ ചരിത്രപരമായ കാരണങ്ങളെയും, കേരളത്തിലെ അവരുടെ നിലനില്‍പ്പ് സാഹചര്യങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍

കേരളത്തിന്റെ ചരിത്രഭൂതകാലങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിലും കൊളോണിയല്‍ അധീശ്വത്വം കേരളത്തില്‍ നിര്‍മ്മിച്ച വ്യവസ്ഥാപനങ്ങളെ കുറിച്ചുള്ള ആലോചനകളിലും മുഖ്യമാകേണ്ട ഒന്നാണ് ഇവിടുത്തെ അടിമ അഭയാര്‍ത്ഥി ജീവിതം. മൂന്നാറില്‍ കാലങ്ങളായി തുടരുന്ന തമിഴ് തോട്ടം തൊഴിലാളികളുടെ അടിമ ജീവിതത്തിന്റെ ചരിത്രപരമായ കാരണങ്ങളെയും, കേരളീയത്തിലെ അവരുടെ നിലനില്‍പ്പ് സാഹചര്യങ്ങളെയും അന്വേക്ഷിക്കുക എന്നത് ഇവിടെ പ്രസക്തമാകുന്നു.

വ്യാപാരാര്‍ത്ഥമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വരുന്നത്. സുഗന്ധനാണ്യങ്ങളുടെ ലഭ്യത, കാര്‍ഷിവൃത്തിയ്ക്ക് ഏറെ അനുയോജ്യമായ പരിതസ്ഥിതി, തുടങ്ങിയവ ഇവിടെ അവരെ കോളനി സ്ഥാപനത്തിന്റെ താല്‍പ്പര്യത്തിലേക്ക് നയിക്കുന്നു. കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ മേന്മകളാലും മറ്റും കൃഷി, വ്യാപാരം എന്നിവയ്ക്ക് കേരളം വൈദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. 1887ല്‍ പൂഞ്ഞാര്‍ രാജാവില്‍ നിന്നും മൂന്നാറിലെ കണ്ണന്‍ദേവന്‍ മലനിരകള്‍ ബ്രീട്ടീഷ് പ്ലാന്റര്‍ കൃഷിക്കായി പാട്ടത്തിനെടുക്കുന്നതിന്റെ ചരിത്രപശ്ചാത്തലം ഇത്തരത്തിലൊന്നാണ്. ഫസ്റ്റ് പൂനിയത്ത് കണ്‍സക്ഷന്‍ ഉടമ്പടി(Astroy of Munnar) എന്ന പേരില്‍ ഇതറിയപ്പെടുന്നു.

മൂന്നാറില്‍ ആദ്യത്തെ പ്ലാന്റേഷന്‍ നടക്കുന്നത് കാപ്പിക്കു വേണ്ടിയായിരുന്നു. സീസണുകളിലായുള്ള വിളവെടുപ്പേ കാപ്പിക്ക് ആവശ്യമായി വരുന്നുള്ളു. കൂടാതെ തൊഴിലാളികളുടെ ലഭ്യതപരിമിതി എന്ന നിലപ്പ് സാഹചര്യത്തെ മറികടക്കാനാവും എന്ന സംഗതികൂടി ഇത്തരം ഒരു കൃഷി ഇനത്തിന്റെ തിരഞ്ഞെടുപ്പില്‍ കാരണമാകുന്നുണ്ട്. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ആളുകളെയാണ് അന്ന് തൊഴിലാളികളായി മൂന്നാറിലേക്ക് കൊണ്ടുവന്നിരുന്നത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സാമൂഹ്യജീവിതത്തിന്റെ ഘടനയില്‍ മാറ്റങ്ങളും പ്രതിസന്ധികളും രൂപപ്പെട്ടു വരുന്നത് അവിടെ തേയിലകൃഷി പ്രചാരത്തിലാവുന്നതോട് കൂടിയാണ്. ആ പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ തേയിലകൃഷിക്ക് അനുയോജ്യമായിരുന്നു. മാത്രമല്ല കാപ്പിയെ അപേക്ഷിച്ച് തേയിലയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. സ്ഥിരപരിചരണം ആവശ്യമായ വിളയാണ് തേയില എന്നതുകൊണ്ട് തന്നെ നിലനിന്ന തൊഴില്‍ വ്യവസ്ഥയില്‍ നിന്നും ആളും, അവരുടെ താമസസ്ഥലവും കൂടി ഉള്‍പ്പെട്ടു നില്‍ക്കുന്ന തരത്തിലേക്ക് തോട്ടം തൊഴിലിന്റെ ഘടന മാറി. ലയങ്ങള്‍ എന്ന പേരില്‍ പാര്‍പ്പിടങ്ങള്‍ തോട്ടം മേഖകളില്‍ സ്ഥാപിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

തൊഴിലിന്റെ ഈയൊരു രീതിയിലേക്ക് വഴങ്ങാന്‍ തിരുംവിതാംകൂറിലെ 'ആളുകള്‍ തയ്യാറായില്ല. അതിനാല്‍ മദ്രാസ് റസിഡന്‍സിയില്‍ നിന്നും (തമിഴ്നാടിന്റെ ഭാഗം ') തമിഴ് ദളിതരെ മൂന്നാറിലേക്ക് കൊണ്ടുവന്നു. (2002 ലെ സെന്‍സസനുസരിച്ച് ഇവരില്‍ 70% പള്ളര്‍, പറയര്‍, 13% തേവര്‍, 7% ചകിളിയര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ്.) തൊഴിലാളികളുടെ എണ്ണത്തിലെ കുറവ് എന്ന പരിമിതി സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ വരുന്നവര്‍ പിന്നീട് മടങ്ങിപോകാതെ ആ തൊഴിലില്‍ തന്നെ തുടരുന്നതിന് ട്രാവന്‍കൂര്‍ ക്രിമിനല്‍ ബ്രീച്ച ആക്ട് പ്രകാരം ഒരു പ്രത്യേക കരാറടിസ്ഥാനത്തിലാണ് മൂന്നാറിലേക്ക് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. ഇതിലെ ഇടനിലക്കാര്‍ എന്ന അര്‍ത്ഥത്തിലാ

ണ് പിന്നീട് കങ്കാണി സിസ്റ്റം( നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്ന ആള്‍) ഉയര്‍ന്നു വരുന്നത്. കങ്കാണിമാരുടെ നേതൃത്വത്തിലുള്ള തൊഴില്‍ മേധാവിത്വം പി ന്നെ ശക്തമാകുന്നു '. തൊഴിലാളികള്‍ നിര്‍ബന്ധിത തൊഴിലടിമകളായി മാറുന്നു. മുന്‍കൂട്ടി നിശ്ചിതമായ ഒരു നിയമം ഈ തൊഴിലാളികള്‍ക്കുമേല്‍ നില്‍ക്കപ്പെടുന്നു എന്ന കാരണത്താല്‍ അവര്‍ക്ക് ന്ന അവിടെ തുടരേണ്ടതായി വരുന്നു.

മൂന്നാര്‍- ദേശവും കുടിയിറക്കലിന്റെ ചരിത്രകാലഘട്ടവും

18-ാം നൂറ്റാണ്ടോടുകൂടിയാണ് ഹൈറേഞ്ചിലേക്ക് ബ്രിട്ടീഷ് ആധിപത്യം കടുവരുന്നത്. അതിന് മുന്നേ തന്നെ മൂന്നാറിലെ മലനിരകളില്‍ താമസമുറപ്പിച്ചു വന്ന ആദിവാസിവിഭാഗമായിരുന്നു മുതുവാന്‍മാര്‍. ബ്രിട്ടീഷുകാര്‍ അവരുടെ ആധിപത്യ നയങ്ങള്‍ രൂപികരിക്കുനതിന് മുമ്പ് അവര്‍ക്ക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കാടിനുള്ളില്‍ കണ്ടെത്തുതിന് സഹായിച്ചത് ഇവരായിരുന്നു. തുടര്‍ന്നുള്ള കാലങ്ങളില്‍ ബ്രിട്ടീഷ് താല്‍പ്പര്യം ഇവരുടെ സ്ഥലങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കികൊണ്ട് തങ്ങളുടെ കൃഷിസ്ഥലത്തിന്റെ വ്യാപ്തിയെ വര്‍ദ്ധിപ്പിക്കുന്നു. 1920 ല്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ വനനിയമം ഈയൊരു കുടിയിറക്കല്‍ പ്രക്രിയയ്ക്ക് സഹായകരമാവുന്നുണ്ട്. വര്‍ദ്ധിച്ച മൃഗവേട്ടകള്‍, വനവിഭവങ്ങളുടെ ഗണ്യമായ മോഷണങ്ങള്‍ മുതലായവ ആദിവാസികളുടെ മേല്‍ ഗവണ്‍മെന്റ് ബോധപൂര്‍വം ആരോപിക്കുകയും ആ കാരണങ്ങളെ മുന്‍നിര്‍ത്തി ആദിവാസി വിഭാഗങ്ങളെ അവരുടെ കുടിയിറക്കല്‍ നയം പ്രയോഗത്തിലാക്കുകയും ചെയ്യുന്നു. മുന്നാറില്‍ തമിഴ് തോട്ടം തൊഴിലാളികളുടെ അടിമ ജിവിതം രൂപപ്പെടുതിന് മുന്നേ ഇത്തരമൊരു കുടിയിറക്കല്‍ പ്രക്രിയയുടെ കഥ ചരിത്ര വസ്തുതയായി നില്‍ക്കപ്പെടുന്നു.

അടിമജീവിതവും അഭയാര്‍ത്ഥിത്വത്തിന്റെ പ്രശ്നങ്ങളും

'എസി ബംഗ്ല ഉങ്കളുക്ക് പൊട്ടാലയങ്ങള്‍ നാങ്കള്ക്ക്

കൊളുന്തു കുട്ട എടുപ്പവത് നാങ്കളെ പണക്കുട്ട അമുക്കത് നീങ്കളെ

ചിക്കന്‍ ദോശ നീങ്കള്ക്ക് കാടി കഞ്ഞി നാങ്കള്ക്ക്..'

(2015 ലെ പെമ്പിളൈ ഒരുമൈ സമരം ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം)

2015 സെപ്തംബര്‍ മാസത്തിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചുകൊണ്ട് സമരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ തൊഴില്‍ മേഖലയില്‍ അരക്ഷിതത ഏറെയും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ് എന്നതുകൊണ്ട് ത നെ സ്ത്രീകളെ മുന്നണികളായി നിര്‍ത്തിയുള്ള ഒരു സമരമാതൃകയായിരുന്നു പെമ്പിളൈ ഒരുമയുടേത്. പൊതുസമൂഹവും മാധ്യമങ്ങളും ഒരു തൊഴിലാളി വര്‍ഗ്ഗ സമരമായും, സ്തീപക്ഷസമരമായും വിലയിരുത്തിയ ഈ സമരത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ നില്‍ക്കപ്പെടുന്നത് അഭയാര്‍ത്ഥിത്വത്തിന്റെ പ്രശ്നങ്ങളിലാണ്. തമിഴ്നാട്ടില്‍ നിന്നും ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരത്തിലും ഭൂമിയില്ലായ്മ, സാംസ്‌കാരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍, തുടങ്ങിയ കാരണങ്ങളാല്‍ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലനിന്നത്.

സ്വാതന്ത്യാനന്തരം 1964 ല്‍ ആണ് ബ്രീട്ടീഷ് നിര്‍മ്മിത കമ്പനിയായ ഫിന്‍ലാന്റ് കമ്പനിയുമായി തോട്ടം തൊഴിലില്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കമ്പനിയായ ടാറ്റ ഉല്‍പ്പാദന ഉടമസ്ഥതയില്‍ പങ്കാളിയാവുന്നത്. 1970 മുതല്‍ 1983 വരെ കാലങ്ങളിള്‍ക്കിടയില്‍ ഉടമസ്ഥാവകാശം പൂര്‍ണമായും ടാറ്റയിലേക്ക് കൈമാറ്റം ചെയ്ത് കിട്ടുന്നു. ടാറ്റയ്ക്ക് കീഴില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടരുക എന്ന വഴി മാത്രമേ തമിഴ്തൊഴിലാളികള്‍ക്ക് അന്ന് സ്വീകരിക്കാന്‍ ഉണ്ടായിരുന്നുള്ളു. കോര്‍പ്പറേറ്റ് മുതലാളിത്തം നിര്‍മ്മിക്കുന്ന അടിമത്തൊഴിലാളി അവസ്ഥയിലേക്ക് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം പിന്നീട് മാറുന്നു.

അധികതൊഴില്‍, വേതനവ്യവസ്ഥയിലെ നീതികേട്, 58 വയസ്സ് കഴിഞ്ഞാല്‍ ലയങ്ങളില്‍ നിന്നുള്ള പുറത്താക്കലുകള്‍ തുടങ്ങിയവ തോട്ടം തൊഴില്‍ മേഖയിലെ ജീവിതത്തെ സങ്കീര്‍ണമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗ അവകാശങ്ങളെ സംരക്ഷിക്കുക എന്ന താല്‍പ്പര്യാര്‍ഥം ഉണ്ടായി വന്ന ട്രേഡ് യൂണിയനുകള്‍ കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യ സംരക്ഷകരായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഒരു വിഭാഗം തൊഴിലാളികളുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ എന്നതില്‍ നിന്നും നാളുകളായി ഈ വിഭാഗം നയിച്ച് വരുന്ന അഭയാര്‍ത്ഥി ജീവിത അവസ്ഥയുടെ തലത്തില്‍ നിന്നുകൊണ്ട് ഈ പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യപ്പെടണം.പരിഹാര്യമാകുന്ന നയങ്ങളും നീതിവ്യവസ്ഥകളും രൂപികരിക്കപ്പെടേണ്ടതിന് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യതയാകുന്നു.


Next Story

Related Stories