TopTop
Begin typing your search above and press return to search.

ഒരു അഞ്ചാം ക്ലാസുകാരന്റെ 'തഗ് ലൈഫ്' ഷോ ഒരൊറ്റ പൊട്ടിത്തെറിയില്‍ തീര്‍ത്ത ഉമ്മച്ചി; അധ്യാപക ദിനത്തില്‍ ഒരു മകന്റെ മനോഹരമായ കുറിപ്പ്

ഒരു അഞ്ചാം ക്ലാസുകാരന്റെ തഗ് ലൈഫ് ഷോ ഒരൊറ്റ പൊട്ടിത്തെറിയില്‍ തീര്‍ത്ത ഉമ്മച്ചി; അധ്യാപക ദിനത്തില്‍ ഒരു മകന്റെ മനോഹരമായ കുറിപ്പ്

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം സദർ ഉസ്താദു (പ്രധാനാധ്യാപകൻ) പറഞ്ഞ എന്തോ ചീത്ത കേൾക്കാൻ മനസ്സില്ലാതെ "എനിക്ക് പോകാൻ സമയമായി, ഞാൻ പോവുകയാണ്", എന്ന് പറഞ്ഞു ഞാൻ പുളിച്ചാവിൻ ചോട്ടിലെ മദ്രസ എന്ന് വിളിച്ചിരുന്ന ആ കുന്നത്തെ പച്ചയും കറുപ്പും നിറമുള്ള കെട്ടിടത്തിൽ നിന്നിറങ്ങി റോഡിലേക്ക് നടന്നു. തിരിച്ചു വിളിക്കാൻ മറ്റൊരു യുവ അധ്യാപകൻ (മൊയ്ല്യാരുകുട്ടി എന്ന് പറയും) വന്നെങ്കിലും ഞാൻ വഴങ്ങിയില്ല.

അഞ്ചാം ക്ലാസ്സിൽ തോറ്റ് സ്വതവേ ഒരു കച്ചറക്കാരൻ എന്ന പേര് നേടിയെടുത്തതിന്റെ ബലത്തിലുള്ള എന്റെ തഗ് ലൈഫ് ഷോ ആയിരുന്നു അതെന്നു തോന്നുന്നു- ഇന്ന് ആലോചിക്കാൻ പോലും വയ്യ!.

എനിക്കെന്തോ അന്ന് മടങ്ങണമെന്ന് തോന്നിയതേ ഇല്ല. ഞാൻ താഴെ റോഡിൽ മരമില്ലുകാർ കൂട്ടിയിട്ട, തോലുപൊളിച്ച വലിയൊരു മരത്തിന്റെ മുകളിൽ പോയി ഇരുന്നു. സുഹൃത്ത് ശുകൂർ വിഷമിച്ചുകൊണ്ടു എന്റെ പിന്നാലെ വന്നു: "ഇയ്യ്‌ ഉസ്താദിനോട് ഒന്ന് പറഞ്ഞിട്ട് പോരെടാ". "ഇനിക്ക് ആവൂല" എന്ന് ഞാനും. കുറച്ചു കഴിഞ്ഞു ഞാൻ സ്കൂളിൽ പോയി ഒന്നും നടക്കാത്ത മട്ടിൽ മടങ്ങി വീട്ടിൽ ചെന്നു.

ഞങ്ങളുടെയൊക്കെ മദ്രസയിലെ അധ്യാപകർ ഏറ്റവും ദരിദ്രരാണ്. അന്ന് പ്രധാനാധ്യാപകന് 100 ഉം ബാക്കിയുള്ളവർക്ക് 75 ഉം രൂപയാണ് മാസശമ്പളം എന്ന് ഏതോ രെജിസ്റ്ററിൽ കണ്ടതായാണ് ഓർമ. താമസം പള്ളിയിൽ. ഭക്ഷണം പലവീടുകളിൽ (വീട്ടു ചോറ് എന്നാണു അതിന്റെ പേര്). ഇതിനു മുമ്പുണ്ടായിരുന്ന സദർ ഉസ്താദിന്റെ കുടിയിരിക്കലിന് ഞങ്ങൾ കുറച്ചു കുട്ടികളും പോയിരുന്നു- ഒരു ചെറിയ ഓലക്കുടിൽ. എല്ലാ നിലക്കും പരിഹസിക്കാൻ എളുപ്പമുള്ള വിഭാഗം. അങ്ങിനെയുള്ള പുച്ഛം കൂടി ആവണം ഞാൻ അന്ന് പ്രകടിപ്പിച്ചത്. കുട്ടിക്കാലത്താണല്ലോ നമ്മുടെ മനസ്സിലെ ചീത്തത്തങ്ങൾ ഒരു സങ്കോചവുമില്ലാതെ പ്രകടിപ്പിക്കാനാവുക...!

ഏതായാലും സംഗതി ചെറിയ മട്ടിൽ വർത്തമാനമായി. വൈകുന്നേരം പുഴയിൽ വെച്ച് ആരോ പറഞ്ഞു എന്റെ "കുരുത്തക്കേട്' ഉമ്മച്ചി അറിഞ്ഞു. അടിയായി, ചീത്തയായി, ആകെ പ്രശ്നമായി. (വായിച്ചി അന്ന് ഭാഗ്യത്തിന് എവിടെയോ പോയിരിക്കുകയായിരുന്നു). മദ്രസയിൽ നിന്ന് വിളിപ്പിച്ചൊന്നും ഇല്ലെങ്കിലും പിറ്റേന്ന് രാവിലെ ഉമ്മച്ചി പോസ്റ്റ് ഓഫിസിൽ പോകുന്നതിനു മുമ്പ് ഉടുത്ത വെള്ള സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചു മദ്രസയിൽ വന്നു. അന്നാദ്യമായാണ് ഉമ്മച്ചി തല മറക്കുന്നത് ഞാൻ കാണുന്നത്.

മരത്തിന്റെ ഉയരം കുറഞ്ഞ ചെറിയ സ്ക്രീനുകൾ കൊണ്ട് ഭാഗിച്ച ഒരു ഉൾഭാഗം ചെത്തിതേയ്ക്കാത്ത ഓടിട്ട ഹാൾ ആയിരുന്ന മദ്രസയിൽ ഞങ്ങൾ കയറിയപ്പോൾ താളാത്മകമായി ഓതിക്കൊണ്ടിരുന്ന സകലക്ലാസ്സുകളിലെ കുട്ടികളും വാക്കുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന അധ്യാപകരും മുഴുവൻ നിശബ്ദമായി. ബഹളമയമായിരുന്ന മദ്രസയിൽ പെട്ടെന്ന് വന്നിരുന്ന നിശബ്ദതയ കറന്റ് പോവുക എന്നാണു ഞങ്ങൾ പറഞ്ഞിരുന്നത്. അതുപോലത്തെ ഒരനുഭവം. എല്ലാവരും എന്നെയും ഉമ്മച്ചിയേയും നോക്കിക്കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾ അങ്ങിനെ അവിടേക്കു വരാറില്ല, പെണ്ണുങ്ങൾ പ്രത്യേകിച്ചും. തലേന്നത്തെ എന്റെ ഷോ കണ്ടവരും ആണല്ലോ ഇവർ. ആ കൗതുകവും ഉണ്ട് അവർക്കു.

ചായയിൽ വീണ ഈച്ചയെപ്പോലെ ആ ശ്രദ്ധ ഞാൻ ഒട്ടും ആസ്വദിച്ചില്ലെങ്കിലും ഉമ്മച്ചി എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഉള്ളിൽ പേടിയുണ്ടെങ്കിലും ഇതൊന്നും എന്നെ ബാധിക്കില്ല എന്നൊരു ഭാവത്തിൽ നിൽക്കാൻ ആയിരുന്നു എന്റെ പരിപാടി.

"ഇന്നലെ ഇവൻ ഉസ്താദിനെ അവമാനിച്ചു ഇവിടെ നിന്നിറങ്ങിപ്പോയി എന്നറിഞ്ഞിട്ടാണ് ഞാൻ വന്നത്. പഠിപ്പിച്ച മാഷായ നിങ്ങളെ വേദനിപ്പിച്ചാൽ എന്റെ മകൻ ഒരിക്കലും ഗുണം പിടിക്കില്ല. അവനു ഒരിക്കലും കുരുത്തം കിട്ടില്ല. ഇവൻ ഉസ്താദിനോട് മാപ്പുപറയും. ഉസ്താദ് അവനു പൊറുത്തുകൊടുക്കണം". ഉമ്മച്ചിയുടെ ശബ്ദം ഇടറുന്നുണ്ടോ?

പത്തിരുനൂറ്‌ കണ്ണുകൾ എന്നെ നോക്കിയിരിക്കുകയാണ്.

എന്റെ ഭാവം മാറ്റാതെ ഞാൻ മൂളി എത്തിച്ചു:

"ഞാൻ മാപ്പു പറയില്ല"

"നീ പറയും"- ഉമ്മച്ചി പൊട്ടിത്തെറിച്ചതാണോ ഭീഷണിപ്പെടുത്തിയതാണോ എന്ന് എനിക്ക് ഉറപ്പു പോരാ. പക്ഷെ ഞാൻ വിറച്ചു പോയി. എന്റെ ഉദാസീനഭാവം തികച്ചും ഉപയോഗശൂന്യമായിക്കഴിഞ്ഞെന്നു എനിക്ക് മനസ്സിലായി. "ഉസ്താദിനോട് മാപ്പു പറയെടാ", എന്ന ഉമ്മച്ചിയുടെ അടുത്ത ഓർഡറിൽ ഞാൻ കഷ്ടപ്പെട്ട് മാപ്പെന്ന രീതിയിൽ എന്തൊക്കെയോ പറഞ്ഞെത്തിച്ചു. അവസാനമെത്തുപ്പോഴേക്കും ഞാൻ വിതുമ്പികരഞ്ഞു പോയി. പിന്നെ ഒന്നും എനിക്കോര്മയില്ല.

ഒട്ടും ജനശ്രദ്ധ ഇഷ്ടപ്പെടാത്ത ഒരാളാണ് ഉമ്മച്ചി. അത് കൊണ്ട് ആളുകൂടുന്നിടത്തുനിന്നൊക്കെ മാറി നിൽക്കും. പക്ഷെ സ്വന്തം മകൻ ഇങ്ങനെ ഒരു ഉസ്താദിനെ നാണം കെടുത്തി എന്ന് കേട്ടറിഞ്ഞപ്പോൾ, അതിൽ വല്ലാത്ത ധാർഷ്ട്യം ഉണ്ട് എന്ന് കണ്ടപ്പോൾ പിന്നെ അവർക്കു ഒന്നും നോക്കാനുണ്ടായിരുന്നില്ല. അന്നവർ എത്ര ഉരുകിയിരിക്കണം!

ഇതൊക്കെ നോക്കിക്കൊണ്ടു പ്രത്യേകിച്ചൊന്നും സംസാരിക്കാതെ നിന്ന വൃദ്ധനും ദരിദ്രനായ ആ സദർ ഉസ്താദിന്റെ മുഖത്തുള്ള ഭാവം ആശ്വാസത്തിന്റേതായിരുന്നു എന്ന് പിന്നീട് ഓർക്കുമ്പോൾ എനിക്ക് തോന്നി. ആ മനുഷ്യൻ സഹിച്ച അപമാനം ആലോചിക്കുമ്പോൾ ആ വാക് ഔട്ട് എത്ര വലിയ തെറ്റായിരുന്നു എന്ന് എനിക്ക് കൂടെക്കൂടെത്തോന്നും. ആ മാപ്പു പറച്ചിൽ എത്ര വലിയ ഒരു തെറ്റിൽ നിന്നാണ് എന്നെ കരകയറ്റിയതെന്നും.

പോസ്റ്റ് ഓഫിസിലെ ആളുകൾ വിളിക്കുന്നത് പോലെ ഇടയ്ക്കു ഞാനും 'കദീജ മാഷ്' എന്ന് വിളിക്കുന്ന, അധ്യാപക ദിനത്തിൽ ജനിച്ച ആ ഉമ്മച്ചിയാണ് 'കുരുത്തം' എന്ന വാക്കിന്റെ മനോഹാരിത, ആഴം എനിക്ക് കാണിച്ചുതന്നത് - അധികാരത്തിന്റെയും സ്ഥാനത്തിന്റെയും അപ്പുറത്ത് ബഹുമാനത്തിന്റെയും വിനയത്തിന്റെയും ശ്രദ്ധയുടെയും ഒരു സൂക്ഷ്മലോകത്തിലേക്ക് ചൂണ്ടിയ ഒരു വിരൽ.

ഉമ്മച്ചിക്കു ജന്മദിനാശംസകൾ!


എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസര്‍

Next Story

Related Stories