TopTop
Begin typing your search above and press return to search.

'ഉത്തരവില്ലാതെ ശമ്പളം സംഭാവന ചെയ്യാനാവില്ലെന്നു നിര്‍ബന്ധമുള്ള അദ്ധ്യാപകരും ഉത്തരവു കത്തിക്കുന്നവരും തമ്മില്‍ എന്തു വ്യത്യാസമുണ്ട്?'

ഉത്തരവില്ലാതെ ശമ്പളം സംഭാവന ചെയ്യാനാവില്ലെന്നു നിര്‍ബന്ധമുള്ള അദ്ധ്യാപകരും ഉത്തരവു കത്തിക്കുന്നവരും തമ്മില്‍ എന്തു വ്യത്യാസമുണ്ട്?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ഒരു മാസത്തെ ശംബളം ചോദിക്കുന്നത് ആദ്യമല്ല. വരുമാനത്തില്‍ തൊടുമ്പോള്‍ പൊള്ളുന്നവര്‍ക്ക് സംഘടനാഭേദമില്ലെന്ന് അതു തെളിയിച്ചിട്ടുണ്ട്. പ്രളയം ദുരിതത്തിലാഴ്ത്തിയ നേരത്ത് എത്ര അദ്ധ്യാപകര്‍ (പ്രത്യേകിച്ചും കോളേജ് അദ്ധ്യാപകര്‍) ഒരു മാസത്തെ ശംബളം സന്തോഷത്തോടെ നല്‍കിയിട്ടുണ്ട്?

ഉത്തരവു കത്തിക്കാതെ തന്നെ നിര്‍ദ്ദയം നിസ്സഹകരിക്കാനാവും. അതിനു ഭരണ പ്രതിപക്ഷ കക്ഷിഭേദമില്ല. സര്‍ക്കാര്‍ ശംബളം വാങ്ങുന്നവരില്‍ ഏറ്റവുമേറെ നിസ്സഹകരിച്ച വിഭാഗം അന്ന് അദ്ധ്യാപകരായിരുന്നു. നാം ഏറ്റവുമേറെ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിക്കുന്ന കൂട്ടര്‍!

ഇത്തവണ ഒരു അദ്ധ്യാപക സംഘടന ഉത്തരവു കത്തിക്കുകകൂടി ചെയ്തു. പ്രതിപക്ഷ സംഘടന അങ്ങനെ ചെയ്യണമെന്നാവും അവര്‍ ധരിച്ചുവെച്ചത്! പണമുണ്ടാകുമ്പോള്‍ മടക്കിത്തരും എന്ന ധനമന്ത്രിയുടെ വാഗ്ദാനം ഉത്തരവില്‍ കാണാത്തതിലുള്ള പ്രതിഷേധമാണെന്നാണ് അവരുടെ ഭാഷ്യം. എന്നാല്‍, ശംബളം കൊടുക്കാനുള്ള വിസമ്മതംതന്നെയാണ് ശക്തമായ അടിയൊഴുക്ക്. ഉത്തരവു കത്തിച്ചാലും സര്‍ക്കാര്‍ തീരുമാനം നടക്കുമെന്ന് അവര്‍ അറിയാതിരിക്കാനും വഴിയില്ല.

പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ ഒരു ഉത്തരവുമില്ലാതെ സഹായമെത്തിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടവരായിരുന്നു അദ്ധ്യാപകര്‍. അന്നേ നാം ആ മേഖലയിലുണ്ടായ മൂല്യച്യുതി അറിഞ്ഞതാണ്. പ്രളയം സഹജീവികളുടെ ജീവനും സ്വത്തും കവര്‍ന്നപ്പോള്‍ ശംബളം സംഭാവന ചെയ്യാത്തവര്‍ ഞങ്ങളെ പഠിപ്പിക്കേണ്ട എന്ന് ഒരു കുട്ടിയും പറഞ്ഞില്ല. ഒരു നാട്ടുകാരും ബാനര്‍ കെട്ടിയില്ല. പക്ഷെ സര്‍ക്കാര്‍ ഉത്തരവു കത്തിച്ചു പ്രതിഷേധിച്ചാല്‍ അക്കൂട്ടരൊക്കെ ഉണരും! പ്രശ്നം ഭൂതദയയല്ല.

സര്‍ക്കാര്‍ ആറു ദിവസത്തെവീതം അഞ്ചു മാസമായി ശംബളം പിടിക്കുമെന്നു വന്നതോടെ എല്ലാവരും കാരുണ്യവാന്മാരാവുന്നു! ഒഴുക്കില്‍ കിടക്കുന്നതാണ്, എതിരെ നീന്തുന്നതല്ല സുഖം! കൊടുക്കാതിരിക്കാന്‍ പഴുതുണ്ടെങ്കില്‍ അതു നോക്കുന്നവരൊക്കെ ഇപ്പോള്‍ അതീവ ദയാലുക്കളായിരിക്കുന്നു! തൊഴിലിനു വേതനം നല്‍കണം എന്നതുപോലെ പ്രധാനമാണ് സമൂഹം കരുണയാവശ്യപ്പെടുമ്പോള്‍ അതു നല്‍കുക എന്നതും.

ഉത്തരവില്ലാതെ ശംബളം സംഭാവന ചെയ്യാനാവില്ലെന്നു നിര്‍ബന്ധമുള്ള അദ്ധ്യാപകരും ഉത്തരവു കത്തിക്കുന്ന അദ്ധ്യാപകരും തമ്മില്‍ എന്തു വ്യത്യാസമുണ്ട്?

ആസാദ്

27 ഏപ്രില്‍ 2020

(ഡോ. ആസാദ് ഫേസ്ബുക്കില്‍ എഴുതിയത്)


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories