TopTop
Begin typing your search above and press return to search.

ഒരു മുസ്ലിം അധ്യാപകന്റെ മഹാഭാരത പര്യടനം

ഒരു മുസ്ലിം അധ്യാപകന്റെ മഹാഭാരത പര്യടനം

ബനാറസ് സർവകലാശാലയിലെ സംസ്കൃത പ്രൊഫസർക്കെതിരെ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങിയ വാർത്ത കേട്ടപ്പോൾ മുതൽ ഞാനോർത്തത് ബി.എഡ് പഠനകാലത്തെ ടീച്ചിങ് പ്രാക്ടീസിനെ കുറിച്ചായിരുന്നു. കൊങ്ങിണി ബ്രാഹ്മണരുടെ മാനേജ്മെൻറിലുള്ള എയ്ഡഡ് സ്കൂളിലായിരുന്നു ഞാനടക്കം 12 പേരുടെ ടീമിന് ടീച്ചിങ് പ്രാക്ടീസ്. യൂണിയൻ ചെയർമാൻ കൂടിയായ ഞാനായിരുന്നു ടീം ലീഡർ.

ഡയറക്ടർ തന്നു വിട്ട കത്തുമായി ടീച്ചിങ് പ്രാക്ടീസ് തുടങ്ങുന്നതിന് തലേദിവസം ഞങ്ങൾ സ്കൂളിലെത്തി.. ടീച്ചർമാരിൽ ഭൂരിപക്ഷവും ട്രെയിനിങ്ങിന് പോയിരിക്കുവായിരുന്നു ... കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള മലയാളം അധ്യാപിക എന്നോടൊരു ചോദ്യം ... 'കുട്ടിയുടെ സബ്ജക്ട് അറബി ആയിരിക്കുമല്ലേ ....?' സൈഫുദ്ദീൻ എന്ന എന്റെ പേര് കേട്ടപ്പോൾ ടീച്ചർ എന്റെ സബ്ജക്ട് ഉറപ്പിച്ചിരുന്നു ... 'അല്ല, മലയാളം ... ' ഉടൻ അവരൊന്നു ചിരിച്ചു... എനിക്കറിയാത്തൊരു ഭാഷയിൽ തൊട്ടപ്പുറത്തിരുന്ന ടീച്ചറിനോട് എന്തോ പറഞ്ഞ് ആ ചിരി രണ്ടു പേരും പങ്കിട്ടെടുത്തു.... എന്റെ കൂടെ ഒരു കൊങ്കിണി പെൺകുട്ടിയുണ്ടായിരുന്നു. സന്ധ്യ. മലയാളം തന്നെ സബ്ജക്ട്.. സ്കൂളിന് പുറത്തു വന്നപ്പോൾ അവൾ ആ ചിരിയുടെ സന്ദർഭം വ്യക്തമാക്കി ആശയം വിശദീകരിച്ചു... 'നിന്നെക്കുറിച്ച് പറഞ്ഞാ അവര് ചിരിച്ചത്, മഹാഭാരതവും രാമായണവുമൊന്നും അറിയാത്തവരെങ്ങനെയാ മലയാളം പഠിപ്പിക്കുക. കാലം പോയ പോക്കേ...' എന്നാണവർ പറഞ്ഞത് ... അടുത്ത ദിവസം ടീച്ചിങ് പ്രാക്ടീസ് തുടങ്ങി .. ഒരു ഒമ്പതാം ക്ലാസിന്റെ ചുമതലയായിരുന്നു എനിക്ക് ... അവിടെ മലയാളം പഠിപ്പിച്ചിരുന്നത് ഇന്നലെ എന്നെ ട്രോളി ചിരിച്ച അതേ ടീച്ചറും... ടീച്ചിങ് ലെസണും ചാർട്ടും കുന്തവും കൊടച്ചക്രവുമൊക്കെ ഉണ്ടെങ്കിലും എന്റെ ജീവിതം പോലെ തന്നെ ഒരു കൃത്യമായ വൃത്തത്തിനകത്തു നിന്ന് പഠിക്കാനും പഠിപ്പിക്കാനും എനിക്കറിയില്ലായിരുന്നു.... 30 വർഷത്തിലേറെ അധ്യാപന പരിചയമുളള ആ ടീച്ചറിനെ സാക്ഷിയാക്കി വേണമായിരുന്നു എനിക്ക് ക്ലാസെടുക്കാൻ ... ആദ്യക്ഷരം പഠിപ്പിച്ച യശോധരൻ സാറിനെ മനസ്സിലോർത്ത് രണ്ടും കൽപ്പിച്ച് നമ്മൾ പണി തുടങ്ങുന്നു ... ഔപചാരികതകളുടെ ഓരോ ആണികളും പറിച്ചെറിഞ്ഞ് ... കണ്ട കാടുകളിലൊക്കെ കയറിയിറങ്ങി ... ചരിത്രവും വർത്തമാനവും സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെ കൂട്ടി കൊഴച്ചൊരു സദ്യ .... കുട്ടികൾക്കത് രസിക്കുന്നു എന്നായപ്പോൾ നമ്മളും 110 ഡിഗ്രിയിലായി... ആദ്യത്തെ രണ്ട് ദിവസത്തിനു ശേഷം ടീച്ചർ ക്ലാസിൽ ഒബ്സർവ് ചെയ്യൽ വേണ്ടെന്നു വെച്ചു ... 'കുട്ടി പാരലൽ കോളജിലോ ട്യൂഷൻ സെന്ററിലോ പഠിപ്പിച്ചിട്ടുണ്ടോ..?.' ടീച്ചർ ഒരു ദിവസം ചോദിച്ചു... 'ഇല്ല, ആദ്യമായാണ് പഠിപ്പിക്കുന്നത്... ' ഞാൻ സത്യം പറഞ്ഞു ... കൂടുതൽ അധ്യാപകർ ട്രെയിനിങ്ങിന് പോയതോടെ ആ സ്കൂൾ ശരിക്കും ഞങ്ങൾ 12 പേരുടെ കൈയിലായി.. ഞങ്ങളുടെ നിർദിഷ്ട ക്ലാസിനുമപ്പുറം മറ്റ് ഡിവിഷനുകളിലും ക്ലാസെടുക്കണമെന്നായി.. അങ്ങനെയാണ് സ്റ്റാഫ് റൂമിനോട് ചേർന്ന ഒരു എട്ടാം ക്ലാസുകാരെ എന്തെങ്കിലും കഥകൾ പറഞ്ഞ് അടക്കിയിരുത്താൻ എന്നെയേൽപ്പിച്ചത് ... ഞങ്ങൾ കുട്ടികളായിരിക്കുമ്പോഴേ എന്റെ ഉമ്മയ്ക്ക് കേൾവി കുറവുണ്ട്. ഉമ്മയോട് സംസാരിച്ച് വീട്ടിൽ എല്ലാവർക്കും നല്ല ശബ്ദമാണ് ... ആ ഡോൾബി ഡിജിറ്റൽ അറ്റ്മോസിൽ ഞാനാ ക്ലാസിൽ മഹാഭാരത പര്യടനം തുടങ്ങി ... ആദിപർവം മുതൽ 18 കട്ടക്കൊരു പിടി... വൈശമ്പായനനും ജനമേജയനും മുതൽ... പരാശരനും സത്യവതിയും വ്യാസനയും തൊട്ട് തുടങ്ങി ... അഷ്ടാവസുക്കൾ ശാപമോക്ഷത്തിനായി ഭൂമിയിൽ പിറക്കേണ്ടി വന്നതിനെക്കുറിച്ച്, ശന്തനുവും ഗംഗയും അവർക്ക് പിറന്ന മകൻ ദേവവ്രതൻ ഭീഷ്മാരായി മാറിയതിനെക്കുറിച്ച് .. അംബയെയും അംബികയെയും അംബാലികയെയും കുറിച്ച് .. ചിത്രാംഗദനും വിചിത്രവീര്യനും മരണപ്പെട്ടത് .. ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും വിദുരരുടെയും ജനനത്തെക്കുറിച്ച് ... ഗാന്ധാരി, കുന്തിമാരെപ്പറ്റി.. കർണൻ, കൗരവർ പാണ്ഡവർ, ഹിഡിംബി, ദ്രൗപതി, ദുശ്ശള എന്നീ സ്ത്രീകളെ... ദ്രോണരെ, ഘടോൽകചൻ, അഭിമന്യു തുടങ്ങിയ വീരന്മാരെ, .. 18 ദിവസത്തെ യുദ്ധത്തെ .. ശ്രീകൃഷ്ണന്റെ മരണത്തെ .... അങ്ങനെയങ്ങനെ വാനപ്രസ്ഥവും സ്വർഗാരോഹണവും കഴിഞ്ഞപ്പോൾ ടീച്ചിങ്ങ് പ്രാക്ടീസിനും സമാപനമായി ... കുട്ടികൃഷ്ണ മാരാരും പി കെ ബാലകൃഷ്ണനും എം.ടിയും ശിവാജി സാവന്തുമൊക്കെ അതിനിടയിൽ കുട്ടികൾക്ക് പരിചിതമാക്കി ... അർജുനനെയും അഭിമന്യുവിനെയും കർണനെയുംകാൾ എന്തുകൊണ്ട് ഘടോൽകചനെ ഞാനിഷ്ടപ്പെടുന്നു എന്ന് പറഞ്ഞു കൊടുത്തു... പൊടിപിടിച്ചു കിടന്ന ലൈബ്രറിയിൽ ആളനക്കമൊരുക്കി ... കണ്ണീരോടെയും സ്നേഹാലിംഗനങ്ങളോടെയും കുഞ്ഞുകുഞ്ഞു സമ്മാനങ്ങളിലൂടെയുമായിരുന്നു ആ വിദ്യാർത്ഥികൾ ഞങ്ങളെ യാത്രയാക്കിയത് ... ആ സ്കൂളിലെ അധ്യാപകരുടെ വക ഒരു യാത്രയയപ്പുമുണ്ടായിരുന്നു ... ആ ടീച്ചർ സംസാരിക്കാൻ എഴുന്നേറ്റു ... 'നിങ്ങളുടെ കൂട്ടത്തിൽ ഒരാളോട് എനിക്ക് മാപ്പ് ചോദിക്കാനുണ്ട്.. നിങ്ങളിവിടെ വന്ന ആദ്യ ദിവസം മഹാഭാരതവും രാമായണവും അറിയാത്തവരെങ്ങനെയാണ് മലയാളം പഠിപ്പിക്കുക എന്ന് ഞാൻ കളിയാക്കിയിരുന്നു...' എന്നെ ചൂണ്ടി ടീച്ചർ തുടർന്നു '..... അയാൾക്ക് എന്നെക്കാൾ നന്നായി മഹാഭാരതവും രാമായണവും അറിയാം .. ഇയാൾ നല്ലൊരു അധ്യാപകനാകും... എനിക്കുറപ്പുണ്ട് ...' അവരുടെ കണ്ണുകളിൽ ചെറിയൊരു നനവുണ്ടായിരുന്നു ... പുരാണങ്ങൾക്കും ഇതിഹാസങ്ങളും എല്ലാവരുടെതുമാണെന്ന വാക്കിൽ എന്റെ മറുവാക്കൊതുക്കി ... ആ ടീച്ചറുടേത് ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു ... അത് മാറിയപ്പോൾ ഒരു പ്രാർത്ഥന കൊണ്ട് അവരെന്നെ അനുഗ്രഹിക്കുകയായിരുന്നു ... സംസ്കൃതത്തിൽ പി.എച്.ഡിയുള്ള ഫിറോസ് ഖാന്റെ വിദ്യാർത്ഥികളുടെത് തെറ്റിദ്ധാരണയല്ല.. ഈ രാജ്യവും അതിലെ സർവതും നിങ്ങൾ മുസ്ലിംങ്ങളുടെതല്ല എന്ന ഈ കാലത്തിന്റെ ഇരുൾ കെട്ടിയ മന്ത്രോച്ചാരണമാണ്. അതുകൊണ്ട് അവരത് തിരുത്തില്ല .. ആ ജോലി രാജിവെക്കാനേ ഫിറോസ് ഖാന് കഴിയുമായിരുന്നുള്ളു ... കാരണം, ജീവനുള്ള വിദ്യാർത്ഥികൾക്കു മുന്നിലേ അധ്യാപകന് നിൽക്കാനാവൂ .. ശവക്കല്ലറകൾക്കു മുന്നിൽ അധ്യാപകന് സ്ഥാനമില്ല ... അത് പുരോഹിതന്റെ ഇടമാണ് ... മുറിവാൽ ...: ആ ടീച്ചർ പറഞ്ഞതുപോലെ ഞാനൊരു മോശമല്ലാത്ത അധ്യാപകനായിരുന്നു എന്ന് എന്റെ വിദ്യാർത്ഥികൾ പറഞ്ഞിട്ടുണ്ട് ... അതുകൊണ്ടാണ് 16 വർഷം മുമ്പ് ഞാനാ പണി നിർത്തിയിട്ടും സന്തോഷത്തിലും സങ്കടത്തിലും എന്റെ കുട്ടികൾ എന്നെയോർക്കുന്നത് ... എന്നെത്തേടി ഇപ്പോഴും വരുന്നത് ... എന്റെ സഹപ്രവർത്തകരായി എനിക്കൊപ്പം ജോലി ചെയ്യുന്നത് ... ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories