ദേവികയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ പുതിയ അധ്യയന രീതിയുടെ തുടക്കത്തില്‍ നമ്മളെ വിമര്‍ശനാത്മകമായി ചിന്തിപ്പിക്കുന്ന ഒന്നാണ്. വേദനിപ്പിക്കുന്ന ഒന്നാണ്. പക്ഷേ അത് സര്‍ക്കാരിന്റെ മൊത്തം ഉത്തരവാദിത്തമില്ലായ്മയായി വിലയിരുത്തപ്പെടേണ്ട ഒന്നല്ല. ഈ പുതിയ കാലഘട്ടത്തെ നേരിടുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും ദളിത് - ആദിവാസി സംഘടനകള്‍ക്കും ഉള്ള...
അവളെ ആത്മഹത്യ ചെയ്യിച്ച അരക്ഷിത അപമാനബോധത്തില്‍ ഒരു സമൂഹത്തിനു മുഴുവന്‍ പങ്കുണ്ട്

ദേവികയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ പുതിയ അധ്യയന രീതിയുടെ തുടക്കത്തില്‍ നമ്മളെ വിമര്‍ശനാത്മകമായി ചിന്തിപ്പിക്കുന്ന ഒന്നാണ്. വേദനിപ്പിക്കുന്ന ഒന്നാണ്. പക്ഷേ അത് സര്‍ക്കാരിന്റെ മൊത്തം ഉത്തരവാദിത്തമില്ലായ്മയായി വിലയിരുത്തപ്പെടേണ്ട ഒന്നല്ല. ഈ പുതിയ കാലഘട്ടത്തെ നേരിടുന്നതില്‍ സാമൂഹ്യ സംഘടനകള്‍ക്കും ദളിത് - ആദിവാസി സംഘടനകള്‍ക്കും ഉള്ള പങ്കിനെക്കുറിച്ചുള്ള സ്വയ വിമര്‍ശനപരമായ ചര്ച്ചയായിക്കൂടി അത് മാറണം.
മെയ് ആദ്യ വാരത്തില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അറിയിക്കുന്നതിനുളള സര്‍ക്കുലര്‍ എല്ലാ സ്കൂളുകളിലും എത്തിയിട്ടുണ്ട്. എന്റെ സ്കൂളില്‍ കിട്ടിയത് മെയ് 5 ന്. പ്രിന്‍സിപ്പല്‍ കളക്റ്റ് ചെയ്ത് തിരിച്ചയച്ച ഡാറ്റ ഇന്നു രാവിലെ ഒന്നുകൂടി ബന്ധപ്പെട്ട് പരിശോധിച്ചു. 13, 14 തീയതികളില്എല്ലാ ടീച്ചര്‍മാരും കൂടി ഇക്കാര്യത്തില്‍ ഉണ്ടായ അവസാന ഘട്ട ചര്‍ച്ചകളും ഗ്രൂപ്പില്‍ കിടക്കുന്നുണ്ട്. കുട്ടികളുടെ പേരുവിവരങ്ങള്‍, ഫോണ്‍ നമ്ബര്‍ ഉള്ള ലിസ്റ്റ് അതിലുണ്ട്.
പല കുട്ടികളേയും ഇപ്പോള്‍ വിളിച്ചു ചോദിച്ചു. പഞ്ചായത്തില്‍ നിന്നും കോര്‍പ്പറേഷനില്‍ നിന്നും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. ചാനല്‍ കണക്ഷന് പ്രശ്നം ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരം കിട്ടിയിട്ടുണ്ട്. വായനശാലകളും മറ്റും വഴിയായുള്ള ബദല്‍ പഠന സ്ഥലങ്ങള്‍ ലഭ്യമായിട്ടുണ്ട്. കറന്റ് കണക്ഷന് , ടി.വി, കൂടുതല്‍ മെച്ചപ്പെട്ട ഫോണ്‍ എന്നിങ്ങനെ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ക്കായുള്ള തുടര്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അയല്‍ക്കൂട്ട പഠന കേന്ദ്രങ്ങള്‍, കുടുംബശ്രീ വഴിയായുള്ള ലാപ് ടോപ് എന്നിങ്ങനെ. സര്‍ക്കാര്‍ തുടങ്ങി , തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പിഴവുകളുണ്ടാവും , ചിലയിടങ്ങളിലെങ്കിലും ഏറ്റവും അര്‍ഹരായ ചിലര്‍ വിട്ടു പോയിട്ടുണ്ടാവും.
പഞ്ചായത്തില്‍ നിന്ന് വന്ന ആദ്യ ഫോണ്‍ എടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല എങ്കില്‍? വീണ്ടും അന്വേഷിക്കുന്നതിന് കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും അത്യാഹിതങ്ങള്‍ വഴി അയാള്‍ക്ക് സാധിച്ചില്ല എങ്കില്‍? എല്ലാവര്ക്കും ക്ലാസ് കാണാന്‍ പറ്റില്ലേ മക്കളേ എന്ന് അന്വേഷിക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് ഒരു ക്ലാസ് ടീച്ചര്‍ക്ക് പറ്റിയില്ല എങ്കില്‍?
ഓരോ ഇടത്തേയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും കോവിഡ് സന്നദ്ധ സഹായ കൂട്ടായ്മകളുടേയും എല്ലാ പാര്‍ട്ടിയിലും പെട്ട അധ്യാപക സംഘടനകളുടെയും ഒക്കെ കണ്ണു പതിയേണ്ട വിഷയം തന്നെയാണിതും.
പക്ഷേ ഈ പുറം സംവിധാനങ്ങളോടെല്ലാം ചോദിക്കുന്നതിനു മുമ്ബ് നാം, ഞാനുള്‍പ്പെടെയുള്ള കീഴാള ജാതികള്‍ ചോദിക്കേണ്ട ഒന്നുണ്ട് - നമ്മള് എന്താണ് ഈ കാലയളവില്‍ ചെയ്തത്? കൃത്യമായ സംഘടനാ രൂപവും ശാഖകളായുള്ള പ്രവര്‍ത്തനവും വിദ്യാഭ്യാസ അവാര്‍ഡ് ദാന, വാര്‍ഷിക സമ്മേളനങ്ങളും ഉള്ള നാം മെയ് ആദ്യവാരം ഓണ്‍ലൈന്‍ ക്ലാസ് ആസൂത്രണങ്ങള്‍ തുടങ്ങിയപ്പോള്‍ സൗകര്യമില്ലാത്ത കുട്ടികളിലേക്ക് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നോ? സര്‍ക്കാര്‍ സഹായ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാന്‍ ഉറപ്പു വരുത്താന്‍ ഉള്ള ഇടക്കണ്ണിയായി ഏറ്റവും സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍?
പുറത്തു പറയാന്‍ പറ്റാത്ത അപകര്‍ഷതയുള്ള നിസ്സഹായതകളുണ്ട്. മേല്‍ ജാതി / വര്‍ഗ്ഗക്കാരനോ കാരിയോ ആയ ടീച്ചറോടോ തദ്ദേശ സ്വയം ഭരണ പ്രതിനിധിയോടോ സ്ഥലത്തെ ഇടതുപക്ഷവും അല്ലാത്തതുമായ രാഷ്ട്രീയ പ്രവര്‍ത്തകരോടോ അറിയിക്കാന്‍ സാധിക്കാത്തത്. പുതിയ തലമുറയിലെ ഒരു കുട്ടിയ്ക്ക് അത്യാവശ്യ ഫങ്ഷനുകള്‍ ഉള്ള ഒരു ഫോണിന്റെ ഇല്ലായ്മയും അതുകൊണ്ടു മുടങ്ങിയ ക്ലാസും അത്തരമൊന്നു തന്നെയാണ്. പക്ഷേ അവളുടെ ജാതി വര്‍ഗ സ്വത്വങ്ങള്‍ക്ക് ഉള്ളിലുള്ള മനുഷ്യരുടെ നിലവിലുള്ള ശാക്തീകരണങ്ങള്ക്കെങ്കിലും (അതെത്ര പരിമിതമാണെങ്കിലും ) പുതിയ തലമുറയെ തൊട്ടു നില്ക്കാന് കഴിയുമായിരുന്നു - കഴിയണമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയോ എന്ന് സ്കൂള്‍ / ക്ലാസ് തലത്തിലുള്ള അന്വേഷണങ്ങളിലൂടെ നൂറു ശതമാനവും ഉറപ്പു വരുത്താന്‍ തീര്‍ച്ചയായും ഇനി ശ്രദ്ധിക്കണം. രണ്ടു ദിവസം ക്ലാസ് നിര്‍ത്തി വെച്ചാലും കുഴപ്പമില്ല. പക്ഷേ ദളിത് - ആദിവാസി വിഭാഗങ്ങളുടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊലകളില്‍ ആ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റ് രാഷ്ടീയ - സൈദ്ധാന്തിക കൂട്ടായ്മകളും കൂടി സ്വയം ചോദിച്ചു തുടങ്ങേണ്ട ചോദ്യങ്ങളും ഉണ്ട്. - സമയം വളരെ വൈകിപ്പോയവ. ദളിത് - ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന ആഭ്യന്തര ജീവിത വളര്‍ച്ചയില്‍ നമ്മള് വസ്തുനിഷ്ഠമായി എന്തു നിലപാട് എടുത്തു എന്ന്. കക്കൂസിനും കറന്റിനും ചോര്‍ന്നൊലിക്കാത്ത കൂരയ്ക്കും ശേഷമേ മറ്റേതു സ്വത്വവും വരൂ എന്ന്.
വിദ്യാഭ്യാസ തൊഴില്‍ പദവികളില്‍ എത്തിയ കീഴാള വിഭാഗക്കാര്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ പുലര്‍ത്തുന്ന "ജാതീയ അദൃശ്യത " കൂടി പരിശോധിക്കപ്പെടണം. മറികടക്കണം. അധ്യാപകര്‍, ഡോക്ടര്‍മാര്‍ , സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ ഇവര്‍ മാറിയ വര്‍ഗത്തില്‍ നിന്ന് ബോധപൂര്‍വം ജാതിയെ അടര്ത്തുകയല്ല വേണ്ടത്. സംവരണമെന്ന സാമൂഹ്യനീതിയുടെ ഭാഗമായുള്ള സ്വാഭാവിക തുടര്‍ച്ചയായി അഭിമാനത്തോടെ ജാതിയെ ജീവിക്കുകയാണ്.
എപ്പോഴെങ്കിലും പത്രത്തില്‍ വരുന്ന വലിയ പദവികള്‍ക്കപ്പുറത്ത് കേരളീയ സാമൂഹ്യ ജീവിതത്തില്‍ നാം കൈവരിച്ച സാധാരണ സ്ഥാന നിലകളെ ബാക്കിയുള്ളവര്‍ക്കും അടുത്ത തലമുറയ്ക്കും പ്രത്യക്ഷത്തില്‍ അനുഭവിപ്പിക്കുകയാണ് വേണ്ടത്. തുടക്കത്തില്‍ ഇത്തിരി ബുദ്ധിമുട്ടിയാലും .
ഐ എ എസു കിട്ടിയ സമാന വിഭാഗ വ്യക്തിയുടെ വാര്‍ത്ത ഒരു കുട്ടിയില്‍ നിത്യജീവിതപരമായി പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാക്കില്ല. പക്ഷേ സാന്ദര്‍ഭികമായി ഞാനും ഇന്ന ജാതിയാണ് എന്ന് ക്ലാസില്‍ പറയുന്ന ഒരധ്യാപിക അവരെ ജാതി വര്‍ഗ അപകര്ഷതയില് നിന്ന് ഉയര്‍ത്തും, ഒറ്റ ദിവസമേ ടീച്ചര്‍ ക്ലാസിലതു പറഞ്ഞിട്ടുള്ളൂ എങ്കില്‍പ്പോലും പല കാലങ്ങളില്‍ അതവിടെ അവരില്‍ പടരും.
സ്റ്റൈപ്പന്‍ഡിന് പേരു വിളിച്ചു പറഞ്ഞാലും പണ്ടേപ്പോലെ അവളുടെ തല കുനിയില്ല. ചണ്ഡാലഭിക്ഷുകി പഠിക്കുമ്ബോള്‍ ജാതി ചോദിച്ചാലും കുഴപ്പമുണ്ടാവില്ല. "ഞങ്ങടെ കൂട്ടക്കാരന്‍" ആയ ഡോക്ടര്‍മാരുള്ള സര്‍ക്കാരാശുപത്രി വേറെ ഗതിയില്ലാത്തവരുടേത് ആവില്ല. ജാതി സര്‍ട്ടിഫിക്കറ്റിനായി ചെല്ലുന്ന വില്ലേജോഫീസര്‍ മറ്റൊരു അധികാര രൂപമായി മാറില്ല.
ദേവികയുടെ കയ്യില്‍ എത്താതെ പോയ ഫോണ്‍ സര്‍ക്കാര്‍ എത്തിക്കേണ്ടതു തന്നെയായിരിക്കാം. പക്ഷേ അവളെ ആത്മഹത്യ ചെയ്യിച്ച അരക്ഷിത അപമാനബോധത്തില്‍ ഒരു സമൂഹത്തിനു മുഴുവന്‍ പങ്കുണ്ട്.
അയ്യങ്കാളിയുടെ വില്ലുവണ്ടി തൊഴില്‍ കുടുംബ സാമൂഹ്യ ജീവിത സ്ഥലികളില്‍ വീണ്ടുമോടിക്കാതെ മരണ സിംഹാസനം വീണ്ടും വീണ്ടും വായിച്ചിരുന്ന നമുക്കും.