TopTop
Begin typing your search above and press return to search.

ആശുപത്രി മാത്രമാണ് ഉത്തരവാദി; ചട്ടങ്ങള്‍ പാലിക്കാതെ റഫര്‍ ചെയ്തതിനും ആ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചതിനും

ആശുപത്രി മാത്രമാണ് ഉത്തരവാദി; ചട്ടങ്ങള്‍ പാലിക്കാതെ റഫര്‍ ചെയ്തതിനും ആ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചതിനും

എനിക്ക് പ്രസവവേദനവരുന്നു എന്ന് വിചാരിക്കുക. സഹിക്കാൻ പറ്റുന്നില്ല. മാത്രമല്ല ഉള്ളിൽ ഉള്ളത് ഒന്നല്ല, രണ്ട് കുഞ്ഞുങ്ങൾ. അത്രയും നാൾ കാണിച്ച ആശുപത്രി എത്താൻ കുറേ പോകണം എന്നുള്ളത് കൊണ്ട് കണ്ണിൽ കണ്ട, എന്നാൽ ഏത് തരം പ്രസവവും എടുക്കാൻ സജ്ജമായ മറ്റൊരു ആശുപത്രിയിൽ കയറുന്നു. എന്നാൽ ഇതുവരെ അവിടെ കാണാത്ത എന്നെ ചികിത്സക്ക് എടുക്കില്ല എന്ന് ആശുപത്രി പറയുന്നു.

ഇത് ന്യായമാണോ? ന്യായം അല്ലെന്ന് മാത്രമല്ല എന്തെങ്കിലും അപകടം വന്നാൽ വൻ നഷ്ടപരിഹാരം എനിക്ക് അവർ തരേണ്ടിവരും. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾ ആണെങ്കിൽ കുടുംബത്തിന്റെ നഷ്ടം കണക്കിലെടുക്കുന്നത് കൊണ്ടുതന്നെയാണ് നഷ്ടപരിഹാരവും ഉയരുന്നത്. കാരണം, എമർജൻസി സമയത്ത് രോഗിക്ക് ചികിത്സാനിഷേധം പാടില്ല എന്ന് സുപ്രീം കോടതിയുടെ പ്രത്യേക വിധിയുണ്ട്. പരാതി പോലീസിൽ മാത്രം നൽകിയാൽ പോരാ. സ്റ്റേറ്റ് മെഡിക്കൽ കൌൺസിൽനും ഉപഭോക്തൃകോടതിയിലും നൽകണം.

ഇനി, ഞാൻ എന്റെ ഗർഭകാലം മുഴുവൻ കാണിച്ച ആശുപത്രിയിൽ കേറി എന്ന് വിചാരിക്കുക. എനിക്കോ എന്റെ കൂടെയുള്ളവർക്കോ അല്ലെങ്കിൽ ആശുപത്രിജീവനക്കാരിൽ ആർക്കെങ്കിലുമോ കോവിഡ് ആയതിനാൽ 'ചികിത്സ തരില്ല' എന്ന അവസ്ഥ വരുന്നു എന്ന് വിചാരിക്കുക. നേരത്തേതിനേക്കാൾ ഉത്തരവാദിത്തം കൂടുതൽ ഈ ആശുപത്രിക്ക് എന്നോട് ഉണ്ട്. കാരണം ഗർഭത്തിന്റെ ആദ്യകാലം മുതൽ എന്നോട് ആശുപത്രിക്ക് നിലനിൽക്കുന്ന ഡ്യൂട്ടിയും അതിന്റെ പുറമേ എന്റെ അവസ്ഥകൊണ്ടുള്ള എമർജൻസിയും കൂടിയാണ് ഉള്ളത്. അവിടെ മറ്റുള്ളവർക്ക് രോഗം ഉണ്ടെങ്കിൽ പോലും സ്കില്‍ഡ് ആയ ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എങ്കിൽ എമർജൻസി സമയത്ത് എന്നെ സ്വീകരിച്ചേ മതിയാകൂ. പകരം എന്നെ റെഫർ ചെയ്ത് എനിക്കോ കുട്ടികൾക്കോ എന്തെങ്കിലും പറ്റുകയാണെങ്കിൽ അപ്പോഴും ആശുപത്രി വൻനഷ്ടപരിഹാരം തരേണ്ടിവരും.

കോവിഡ് സമയത്തിന്റെ സ്ട്രെസ്സിൽ മുട്ടിനിൽക്കുന്ന ഡോക്ടറേക്കാൾ സ്ട്രെസ് മറ്റാർക്കും ഉണ്ടാകില്ല എന്ന അവസ്ഥയും ഉണ്ട്. എങ്കിൽ പോലും മെഡിക്കൽ സയൻസ് അറിയാത്ത ആളുകൾ എന്ന നിലയിൽ സാധാരണ മനുഷ്യരുടെ സ്ട്രെസ്സിനു കൂടുതൽ വില കല്‍പ്പിക്കപ്പെടണം. എന്റെ വിഷയം ഫോറൻസിക് മെഡിസിൻ ആണ്; ക്ലിനിക്കൽ ഡോക്ടർ അല്ലാത്തവർക്ക് എന്തും പറയാം എന്ന് തോന്നുന്നുണ്ടോ? ഇവിടെ ക്ലിനിക്കൽ അല്ലെങ്കിൽ നോൺ ക്ലിനിക്കൽ എന്ന മാനദണ്ഡം എടുക്കരുത്. മനുഷ്യാവകാശം മാത്രമാണ് കോടതിയിൽ പരിഗണിക്കപ്പെടുക.

"കുഞ്ഞിനും അമ്മയ്ക്കും അണുബാധ ഏൽക്കാതിരിക്കാൻ നല്ലത് മറ്റൊരു ആശുപത്രിയിലേക്കു പോകുകയാണ്" എന്ന ഉപദേശം കേട്ട് രോഗി വേറെ ആശുപത്രിയിലേക്ക് പോയാൽ പോലും ആ നേരത്തെ രോഗിയുടെ അവസ്ഥ മോശമാണെങ്കിൽ (പ്രത്യേകിച്ച് പ്രസവം പോലെ സങ്കീർണമായ അവസ്ഥയിൽ, അതും ഇരട്ടക്കുട്ടികളുള്ള അവസ്ഥ) ചികിത്സ നൽകാൻ പറ്റുന്ന ആശുപത്രിയിൽ നിന്ന് വേറെയിടത്തേക്ക് റെഫർ ചെയ്താൽ അത് ചികിത്സാനിഷേധമായി മാറും.

കോവിഡ് അല്ല അതിനേക്കാൾ മാരകവ്യാധി വന്നാലും ആശുപത്രികൾ അടച്ചിടുന്ന അവസ്ഥ ഉണ്ടാകരുത്. ഇപ്പോൾ ഒരു സുഹൃത്ത് വിളിച്ചു പറയുകയാണ്; ഇതു വരെ ഗർഭചികിത്സ എടുത്ത ആശുപത്രി അറിയിച്ചത്രെ, "ഡേറ്റ്ന് കുറച്ച് ദിവസങ്ങൾ മുന്നേ കോവിഡ് ടെസ്റ്റ്‌ ചെയ്ത് നെഗറ്റീവ് ആയാലേ അവിടെ പ്രസവമെടുക്കു" എന്ന്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. നിങ്ങൾ ചികിത്സ തുടർന്ന ആശുപത്രിയും ഡോക്ടറും നിങ്ങൾക്ക് ചികിത്സ നൽകാൻ ബാധ്യസ്ഥരാണ്.

"അടിയുണ്ടാക്കി അവിടെ തന്നെ പ്രസവിച്ചാൽ പ്രസവറൂമിൽ വേണ്ടത്ര ശ്രദ്ധ കിട്ടില്ല, മോശം പെരുമാറ്റം" എന്നൊക്കെ അനുഭവസ്ഥർ പറയുന്നുണ്ട്. പലയിടത്തും ഇന്നും സത്യമാണ് അത് എന്ന് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ പലതവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്ത്രീസംരക്ഷണത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പുരുഷകേസരികൾക്ക് ഇതുവരെ ഇക്കാര്യം മാറ്റാൻ പറ്റിയിട്ടില്ല എന്ന കാര്യം സ്മരിക്കാനുള്ള ഉഗ്രൻ അവസ്ഥയുമാണിത്.

Last but not the least, കോവിഡ് രോഗം കുഞ്ഞുങ്ങൾക്ക് അതിമാരകം ആകാറില്ല, പോസിറ്റീവ് ആയ അമ്മയ്ക്ക് അതീവശ്രദ്ധ ചെലുത്തി കുഞ്ഞിനെ മുലയൂട്ടുക പോലും ചെയ്യാം എന്നതാണ് മുതിർന്ന ഡോക്ടർസ് പോലും പറഞ്ഞ് കേട്ടിട്ടുള്ളത്. (Amuseum Art Science പേജിൽ വന്ന ചർച്ച കേൾക്കുക). അതിനാൽ തന്നെ, പ്രസവവുമായി ബന്ധപ്പെട്ട എമർജൻസി അവസ്ഥകളിൽ ഒരു കാരണവശാലും ഇതുപോലെയുള്ള റെഫറൽ കോവിഡ് പോസിറ്റീവ് കേസുകളിലും നടക്കരുത്, ആശുപത്രികൾ പൂട്ടിയിടരുത്.

ജനങ്ങളോട് പറയാൻ ഉള്ളത്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. സമ്പർക്കം പരമാവധി കുറയ്ക്കുക. ഓരോ മനുഷ്യന്റെയും പെരുമാറ്റം മറ്റനേകം പേരുടെ ജീവനുകളെ ബാധിക്കുന്നുണ്ട് എന്നോർക്കുക. ആരോഗ്യപ്രവർത്തകർക്ക് അണുബാധ ഏൽക്കാനുള്ള സാഹചര്യം കുറയ്ക്കുക എന്നത് മറ്റുള്ളവരുടെ ഉത്തരവാദിത്തം കൂടിയാണ്. അവരില്ലെങ്കിൽ പിന്നെ ഇന്നത്തെ അവസ്ഥയിൽ ലോകം നിലനിൽക്കില്ല എന്നുകൂടിയൊന്ന് മനസിലാക്കുക.

എന്‍ബി: പ്രസവവേദനയിൽ എത്തിയ ഗർഭിണിയെ അവിടെ ചികിത്സയില്ല എന്ന് പറഞ്ഞു റെഫർ ചെയ്യുന്നെങ്കിൽ എങ്ങനെ റെഫർ ചെയ്യണം.

നിർബന്ധമായും ട്രെയിന്‍ഡ് ആയ ഒരു സ്റ്റാഫ്‌ റെഫർ ചെയ്ത ആശുപത്രിയിലേക്ക് കൂടെ പോകണം. കാരണം വഴിമദ്ധ്യേ പ്രസവം നടക്കുകയാണെങ്കിൽ വന്നേക്കാവുന്ന രക്തസ്രാവം നിർത്താനുള്ള ജീവൻരക്ഷാമരുന്ന് ഉൾപ്പെടെ അവർക്ക് നൽകാൻ അവരുടെ കൂടെ ഒരു മെഡിക്കൽ പേഴ്സൺ ഉണ്ടായേ തീരൂ. ഗർഭപാത്രം ചുരുങ്ങുന്നില്ല എങ്കിൽ ഗർഭപാത്രത്തിന് മസാജിങ് എങ്കിലും നൽകാൻ പറ്റണം. എല്ലാ പ്രസവത്തിലും പ്രതീക്ഷിക്കുന്ന രക്തസ്രാവത്തെ മുൻനിർത്തി ഫ്ലൂയിഡ് റീപ്ലേസ്‌മെന്റ് (IV fluid) നൽകണം.

ഇരട്ടക്കുട്ടികൾ ഉള്ള ഒരു അമ്മ ശരീരത്തിൽ പ്രസവശേഷമുള്ള എല്ലാ സങ്കീർണതകളും കൂടുതലാണ് എന്നുകൂടി കണക്കിൽ എടുക്കുമ്പോൾ കൂടെ മെഡിക്കൽ പേഴ്സൺ ഇല്ലാതെ റെഫർ ചെയ്തതെങ്കിൽ അതീവ ഗുരുതരവീഴ്‌ചയാകുന്നു.

(ഡോ. വീണ ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories