TopTop

'ഇടതുപക്ഷ നയം മാറ്റിവെച്ച് കേന്ദ്ര വിധേയത്വം പ്രകടിപ്പിച്ചാൽ വലിയ വില നല്‍കേണ്ടി വരും'

അലന്‍ താഹമാര്‍ക്കു നീതി നല്‍കൂ എന്നതാണ് നമ്മുടെ പൗരത്വപ്രക്ഷോഭത്തിലെ മുഖ്യ മുദ്രാവാക്യം

**********************************

പിണറായി വിജയന്‍ സര്‍ക്കാറിന്റെ പ്രധാന സവിശേഷത, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രമായി ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിസഭയാണിത് എന്നതാണ്. മുന്നണിയിലെ ഇതര ജനാധിപത്യ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടതില്ലാത്ത അവസ്ഥ. അപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാതെ പോകുന്നു എന്ന വിമര്‍ശനം ശ്രദ്ധിക്കേണ്ടതുണ്ട്.

ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണപരമായ കാര്യനിര്‍വ്വഹണത്തിന് പൂര്‍ണ അധികാരവും പരിമിത അധികാരവും ഉള്ള വിഷയങ്ങള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. (പൂര്‍ണ അധികാരം എന്നത് കേന്ദ്രനിയന്ത്രണം തീരെ ഇല്ലാത്തത് എന്ന അര്‍ത്ഥത്തിലല്ല). ക്രമ സമാധാനം സംസ്ഥാന ഉത്തരവാദിത്തമാണ്. അക്കാര്യത്തില്‍ ഭരിക്കുന്നവരുടെ നയം പ്രകടമാവാറുമുണ്ട്.

സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്നത് നായനാര്‍ സര്‍ക്കാറിന്റെ കാലത്തെ നയമാണ്. കാമ്പസുകളില്‍ അതിക്രമിച്ചു കയറരുത് എന്നതും. അതു നടപ്പാക്കാന്‍ ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടായിട്ടില്ല. പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നയമാണ് യു എ പി എ കേസുകള്‍ എടുക്കുകയില്ല എന്നത്. ഏറ്റവും ഭീകരമായ നിയമമെന്നാണ് സി പിഎം നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടു പാര്‍ലമെന്റില്‍ പറഞ്ഞത്.

യു എ പി എ കേരളത്തില്‍ ചുമത്തില്ല എന്നു സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ കേരള പൊലീസ് അതനുസരിക്കാന്‍ ബാധ്യസ്ഥമാണ്. ഒരു കുറ്റ കൃത്യത്തെ തുടര്‍ന്നു പൊലീസ് എഫ് ഐ ആര്‍ എഴുതുമ്പോള്‍ കുറ്റകൃത്യത്തിനു യോജിച്ച പ്രസക്തമായ വകുപ്പുകളാണ് ചേര്‍ക്കേണ്ടത്. യു എ പി എ എന്നത് ഒരു വകുപ്പും പറയാനില്ലാതെ വരുമ്പോള്‍ ചാര്‍ത്തേണ്ട ഒന്നായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കാമോ?

ഫെഡറല്‍ സംസ്ഥാനത്തിന് ഉണ്ടെന്നു പറയുന്ന പരിമിതികളൊന്നും യു എ പി എ വിഷയത്തില്‍ ബാധകമല്ല. സംസ്ഥാന പൊലീസ് അതു ചാര്‍ജ് ചെയ്യേണ്ട എന്നു തീരുമാനിച്ചാല്‍ അതു നടപ്പാവും. അതിനാലാണ് പാര്‍ലമെന്റില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് യു എ പി എ ചുമത്താം എന്ന ഭേദഗതി കൊണ്ടുവരേണ്ടി വന്നത്. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ ക്രമസമാധാനത്തില്‍ ഇടപെടാനുള്ള നിയമ തടസ്സമാണ് എന്‍ ഐ എനിയമ ഭേദഗതിയില്‍ കേന്‌ദ്ര സര്‍ക്കാര്‍ വരുത്തിയത്. എന്നാല്‍, നിയമ ഭേദഗതി വരുത്തിയിരുന്നില്ലെങ്കിലും കേന്ദ്ര ഭരണത്തിനു ഞങ്ങള്‍ വിധേയപ്പെടുമായിരുന്നു എന്ന സന്ദേശമാണ് അലന്‍ താഹമാരുടെ കേസു വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതു വിധേയത്വ പ്രഖ്യാപനമല്ലാതെ മറ്റൊന്നുമല്ല.

ജസ്റ്റിസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിക്കു മുന്നിലെത്തുമ്പോള്‍ യു എ പി എ ഒഴിവാക്കാമെന്നു ഗവണ്‍മെന്റ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ഒരഭിപ്രായം കേട്ടു. അതെങ്ങനെ എന്നു മാത്രം മനസ്സിലായില്ല. മുഖ്യമന്ത്രിക്കു തന്റെ കീഴിലുള്ള പൊലീസ് സംവിധാനത്തെ തന്റെ ഗവണ്‍മെന്റിന്റെ നയം ബോധ്യപ്പെടുത്താനും അനുസരിപ്പിക്കാനും കഴിയുന്നില്ല. (അവര്‍ തന്നിഷ്ടം കാണിക്കുന്നതാണെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കാമല്ലോ). ജസ്റ്റിസ് അദ്ധ്യക്ഷനായ സ്വതന്ത്ര സമിതി തന്റെയും മുന്നണിയുടെയും അഭിപ്രായത്തിനു താഴെ ഒപ്പു വെക്കണമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ശഠിക്കാനാവും? കേസ് എന്‍ ഐ എ ക്കു വിട്ട ശേഷം അങ്ങനെയൊരു സമ്മര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നുമില്ല.

മുമ്പ് ഏതു ഇടതുപക്ഷ ഗവണ്‍മെന്റിനു സാധ്യമാവുന്നതിലുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയേണ്ട സര്‍ക്കാറാണ് പിണറായിയുടെ നേതൃത്വത്തിലുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മാത്രമായി ഭൂരിപക്ഷമുണ്ട് എന്നതു നിസ്സാര കാര്യമല്ല. അങ്ങനെയൊരു ഘട്ടത്തിലും, ഇടതുപക്ഷ നയം മാറ്റിവെച്ചു കേന്ദ്ര വിധേയത്വം പ്രകടിപ്പിക്കുന്നുവെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടി വരും.

മുഖ്യമന്ത്രിയും സര്‍ക്കാറും ഇടതുപക്ഷത്തിനു വരുത്തിവെച്ച കോട്ടം ചെറുതല്ല. പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടു എന്നു ബോധ്യപ്പെടുത്തുന്ന പ്രതികരണമാണ് ഇന്നലെ സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയത്. പാര്‍ട്ടിനയമല്ല സര്‍ക്കാറും മുഖ്യമന്ത്രിയും പറയുന്നതെന്ന് അദ്ദേഹത്തിനു പറയേണ്ടിവന്നു.

മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ നിര്‍ദ്ദേശിക്കുന്ന നയസമീപനത്തിനു പിറകില്‍ നില്‍ക്കണം സംസ്ഥാനത്തെ പൊലീസ് സേന. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ പൊലീസ് സേനയുടെ ഏറ്റവും പിറകില്‍ വിനീത വിധേയനായി നില്‍ക്കുകയാണ് മുഖ്യമന്ത്രി. പൊലീസ് പറയുന്നതാണ് അദ്ദേഹത്തിന്റെ ശരി. പാര്‍ട്ടിയുടെ ഉന്നത സമിതിയിലിരിക്കുന്ന ഒരാളാണ് താനെന്നതും ഇടതുപക്ഷ നയം നടപ്പാക്കാന്‍ നിയുക്തനാണ് താനെന്നതും അദ്ദേഹം മറന്നിരിക്കുന്നു. പി മോഹനന്‍ മറ്റൊരു ഭാഷയില്‍ അതാണ് ഓര്‍മ്മിപ്പിച്ചത്.

അലനും താഹയും മാവോയിസ്റ്റുകളാണ് സി പി എമ്മല്ല എന്ന് എത്ര ആധികാരികമായാണ് മുഖ്യമന്ത്രി പറഞ്ഞത്! പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നു അതു ശരിയല്ല അവരിപ്പോഴും സി പി എം പ്രവര്‍ത്തകരാണ് എന്ന്. അന്വേഷണ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് താന്‍ പറയുന്നതെന്ന് മുഖ്യമന്ത്രി. അന്വേഷണം പൂര്‍ത്തിയായിട്ടില്ല, അലന്റെയും താഹയുടെയും ഭാഗം കേട്ടശേഷമേ പൂര്‍ത്തിയാവൂ എന്നു ജില്ലാ സെക്രട്ടറി. ഇവിടെ പൊലീസ് റിപ്പോര്‍ട്ടല്ല ജില്ലാ സെക്രട്ടറിയുടെ സത്യവാങ്മൂലമാണ് പാര്‍ട്ടി അംഗത്വത്തെക്കുറിച്ചു കൂടുതല്‍ സ്വീകാര്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭ അധികാരത്തിലുള്ളപ്പോള്‍ രണ്ടു പാര്‍ട്ടി അംഗങ്ങള്‍ ബലിയാടുകളായിത്തീര്‍ന്നത് എങ്ങനെയെന്ന് പാര്‍ട്ടി അംഗങ്ങള്‍ ആലോചിക്കണം. രണ്ടു പാര്‍ട്ടി അംഗങ്ങള്‍ യു എ പി എ ചുമത്തപ്പെട്ടു തടവിലായപ്പോള്‍ അനീതിക്കെതിരെ അലറിവിളിക്കേണ്ട തങ്ങളുടെ നാവുകള്‍ എങ്ങനെ ശേഷിയറ്റു നിശബ്ദമായി എന്ന് അവരാലോചിക്കണം. പാര്‍ട്ടി അംഗത്വം ഏതെങ്കിലും തരത്തിലുള്ള വിധേയത്വം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതു പാര്‍ട്ടി പരിപാടിക്കും ഭരണഘടനക്കും മാത്രമാണെന്ന് അവരെന്തുകൊണ്ടാണ് മറന്നു പോകുന്നത്? നേതൃത്വത്തിന്റെ അടിമകളല്ല, അടിമകളാവേണ്ടവരല്ല കമ്യൂണിസ്റ്റുകാര്‍.

അലന്‍ താഹമാരെ മാവോയിസ്റ്റുകളാക്കാനും ഇസ്ലാമിക തീവ്രവാദികളോടു ബന്ധമുള്ളവര്‍ എന്നു തെരുവില്‍ ചിത്രീകരിക്കാനും ശ്രമിച്ചത് എതിരാളികളല്ല, സി പി എം നേതൃത്വം തന്നെയാണ്. അതാണിപ്പോള്‍ മോഹനന്‍ തിരുത്തുന്നത്. കടിച്ച പാമ്പുതന്നെ വിഷമൂറ്റുന്ന നിസ്സഹായതയാണിത്. ആദ്യം പറഞ്ഞ ആരോപണങ്ങള്‍ പാര്‍ട്ടിയെ തിരിഞ്ഞു കൊത്തുകയാണ്. മാവോയിസ്റ്റുകളായും ഇസ്ലാമിക തീവ്രവാദികളായും ചാപ്പ കുത്തിയാല്‍ പൊതുസമൂഹം അവരെ അകറ്റുമെന്നും അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ പിന്നീട് ആ വിഭാഗങ്ങളേ ഉണ്ടാവുകയുള്ളു എന്നുമുള്ള ധാരണയാണ് തകര്‍ന്നത്. അങ്ങനെയൊരു ധ്രുവീകരണം സ്വപ്നം കണ്ട പാര്‍ട്ടി നേതൃത്വത്തിനു നിരാശപ്പെടേണ്ടി വന്നു. ബലിയാടുകളാക്കാന്‍ തട്ടിക്കൊണ്ടുപോയ കുട്ടികളെ നിരുപാധികം മോചിപ്പിക്കാതെ നില്‍ക്കക്കള്ളിയില്ലെന്ന നിലയായി.

ഭയന്നു മാറി നില്‍ക്കാതെ ഈ വിഷയത്തില്‍ ഇടപെടാന്‍ എഴുത്തുകാരും കലാകാരന്മാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും രംഗത്തു വന്നതാണ് അലന്‍ താഹമാരോടു ഭരണകൂടം കാണിച്ച അനീതി ഇങ്ങനെ ചര്‍ച്ച ചെയ്യാനിടയാക്കിയത്. അവര്‍ തടവിലായി മാസങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കിയത്. വീണ്ടു വിചാരത്തിന് സി പി എമ്മിനെ നിര്‍ബന്ധിക്കുന്നത്. ഭരണ മുന്നണിയില്‍ സി പി ഐ മാത്രമാണ് (പുറത്തുള്ള ആര്‍ എംപി ഐ, സി പി ഐ എംഎല്‍ റെഡ്സ്റ്റാര്‍, റെഡ്ഫ്ലാഗ് തുടങ്ങിയ ഇടതു പാര്‍ട്ടികള്‍ക്കൊപ്പം) നീതിയുക്തമായ നിലപാട് തുടക്കം മുതല്‍ സ്വീകരിച്ചത്.

ഇപ്പോള്‍ കേസ് എന്‍ ഐ എയുടെ കൈകളിലാണ്. അലനും താഹയും അവരുടെ കസ്റ്റഡിയിലും. തങ്ങളുടെ അനുവാദമില്ലാതെയാണ് കേസ് എന്‍ ഐ എ കൊണ്ടുപോയതെന്നും അതു ഫെഡറല്‍ ഘടനയിലെ കൈയേറ്റമാണെന്നും സി പി എം വിലപിക്കുന്നു. ഈ വിലാപത്തിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കില്‍ എന്‍ ഐ എ നിയമത്തിലെ 7(b) വകുപ്പു പ്രകാരം കേസ് സംസ്ഥനത്തിനു വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍അഭ്യര്‍ത്ഥിക്കട്ടെ.

ബി ജെ പിക്കും മോദി ഗവണ്‍മെന്റിനും ഈ കേസില്‍ താല്‍പ്പര്യമുണ്ടാവാം. അതിന് വിധേയമായാവും അവരുടെയും നിലപാട്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂട സംവിധാനങ്ങളും രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവിതം പന്താടുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം അലന്‍ താഹമാരുടെ വിമോചനത്തിനുള്ള പോരാട്ടംകൂടി ആവേണ്ടതുണ്ട്. സി എ എയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ അവിഭാജ്യ ഭാഗമാണ് യു എ പി എയ്ക്കെതിരെയുള്ള പോരാട്ടം. ആ മുദ്രാവാക്യം പിറകില്‍ ഒളിപ്പിക്കുന്നവര്‍ നീതിയുടെ പക്ഷമല്ല.

ആസാദ്

24 ജനുവരി 2020


Next Story

Related Stories