TopTop
Begin typing your search above and press return to search.

Blog | ഉത്തർപ്രദേശ് എന്ന പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം

Blog | ഉത്തർപ്രദേശ് എന്ന പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം


ഭ്രാന്താലയമെന്ന് സ്വാമിവിവേകാനന്ദൻ കേരളത്തെ കുറ്റപ്പെടുത്തിയിട്ട് 128 വർഷം കഴിഞ്ഞു. എന്നാൽ നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച് പുതുമണ്ണ് തീർത്ത കേരളം ഏതൊരു ഇന്ത്യൻ സംസ്ഥാനത്തിനും മാതൃകയാണ് ഇന്ന്. ഉച്ചനീചത്വങ്ങളുടെ ഒരു ഭൂതകാലം പാഠപുസ്തകങ്ങളിലെ അറിവ് മാത്രമാണ് ഇവിടുത്തെ പുതുതലമുറയ്ക്ക്. ജീവിതസാഹചര്യങ്ങളിൽ, സാമൂഹ്യസുരക്ഷിതത്വത്തിൽ, ആരോഗ്യസംവിധാനത്തിൽ, വിദ്യാഭ്യാസരംഗത്ത് ഒക്കെ ഏറെ മുന്നോട്ടുപോയിരിക്കുന്നു നാം. എന്നാൽ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് സംഘപരിവാർ സംഘടനകളുടെ ഭരണനേതൃത്വമുള്ള സംസ്ഥാനങ്ങൾ, ഏറെ പിറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാലസംഭവങ്ങൾ തെളിയിക്കുന്നുണ്ട്.

ഉത്തർപ്രദേശിലെ ഹത്‌റാസ് ജില്ലയിൽ പത്തൊൻപതുകാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും തുടർന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പോലീസിന് വിവരം നൽകാതിരിക്കാൻ നാവ് പിഴുതെടുത്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് രണ്ടാഴ്ചക്ക് ശേഷം കുട്ടി മരിച്ചു. ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് നിരീക്ഷിച്ചു. എല്ലാ സ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സ്ത്രീകളെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെപ്പോലും വെറുതെവിടില്ലെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. ഹാത്റാസ്‌ ജില്ലാ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പക്ഷേ, ദളിതർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് പിന്നീട് ആ കേസിൽ നടക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയി കത്തിക്കുന്നു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ സെർവിക്കൽ സ്‌പൈനിലെ പരുക്കിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ബലാത്സംഗത്തെക്കുറിച്ച് സൂചനയൊന്നുമില്ല. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ കുടുംബാംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ല.

യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്തശേഷം ഉത്തർപ്രദേശിലെ ജാതി ആക്രമണങ്ങളിൽ വൻ വർദ്ധനവുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം ദളിത് - ന്യൂനപക്ഷങ്ങൾക്ക് നേരെ 'സവർണ്ണർ' നടത്തുന്ന ആക്രമണങ്ങളിൽ യു.പി. മുന്നിലാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ പ്രാദേശിക പത്രങ്ങൾക്ക് പോലും വാർത്തയാകാറില്ല. ഭരണകൂടം അത്രമേൽ ഭയം വിതച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്തിലൂടെയാണ് ആ നാട് കടന്നുപോകുന്നത്. ജനങ്ങളെ ജാതീയമായി വേർതിരിച്ച് ഭരിച്ച പഴയ നാട്ടുരാജാക്കന്മാരുടെ ഭരണമാണ് ഓർത്തെടുക്കാനാവുന്ന ഏക മാതൃക. ജനാധിപത്യം തുടർച്ചയായി കൂട്ടക്കുരുതിക്കിരയാവുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾക്കനുസരിച്ചാവണം ജനങ്ങൾ ജീവിക്കേണ്ടതെന്ന് ഭരണകൂടം നിരന്തരം ജനങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റംഗം വരെയുള്ള 'ജനപ്രതിനിധികൾ' ശിരസാവഹിക്കുന്നു. തൊട്ടുകൂടായ്മകൾ, തീണ്ടാപ്പാടുകൾ എല്ലാം കൃത്യമായി നടപ്പാക്കപ്പെടുന്നു.

തങ്ങൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞാൽ, വസ്തുനിഷ്ഠമായ ഒരന്വേഷണത്തിനും മുതിരാത്ത വലതുപക്ഷ മാധ്യമയുക്തിയും ഇത്തരം അധികാരദുർവ്വിനിയോഗങ്ങൾക്ക് ചൂട്ടുപിടിക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ആ വഴിയിൽ തന്നെയാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയവും നീങ്ങുന്നത്. യഥാർത്ഥകാരണം കണ്ടെത്തി അതിനെ ചികിത്സിക്കാതെ 'റോഡ്‌ഷോ'കൾ നടത്തി സായൂജ്യമടയുകയാണ് പലരും. ഫാസിസം ജനതയെ ഭയപ്പെടുത്തി ഭരിക്കുമ്പോൾ, അതിനെതിരെ ഒരക്ഷരം പോലും നാവിൽ നിന്ന് വീഴരുതെന്ന വാശിയാണ് ഇവിടുത്തെ പല പ്രമുഖരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നയിക്കുന്നത്. ജനതയെ അലോസരപ്പെടുത്തുന്ന ഒന്നിനെയും അഭിമുഖീകരിക്കാൻ അവർ ഒരിക്കലും തയ്യാറായിട്ടില്ല, സ്വന്തം അണികളെ അതിന് പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ ജനാധിപത്യസംവിധാനങ്ങളെ ഏതുമാർഗത്തിലൂടെയും അട്ടിമറിക്കാൻ അവർക്കൊരു മടിയുമില്ല. മാറ്റേണ്ടത്, ആ നയം തന്നെയാണ്. ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്. ഇല്ലെങ്കിൽ ഉന്നാവും ഹത്രാസും ആവർത്തിച്ചുകൊണ്ടേയിരിക്കും.

(ഫേസ്ബുക്ക് പോസ്റ്റ്)

കെ കെ രാഗേഷ്

കെ കെ രാഗേഷ്

രാജ്യസഭ എം പി, സി പി എം നേതാവ്

Next Story

Related Stories