TopTop
Begin typing your search above and press return to search.

Blog | മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന ദളിത്‌ പെണ്‍കുട്ടിയുടെ മൃതദേഹം പാതിരാത്രി കത്തിച്ചുകളഞ്ഞ സര്‍ക്കാരിന്റെ തലവന്‍ ഒരു യോഗിയാണ് എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം

Blog | മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന ദളിത്‌ പെണ്‍കുട്ടിയുടെ മൃതദേഹം പാതിരാത്രി കത്തിച്ചുകളഞ്ഞ സര്‍ക്കാരിന്റെ തലവന്‍ ഒരു യോഗിയാണ് എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം

ഒരു ഹിന്ദുത്വ ഭീകരവാദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യവും സംസ്ഥാനവും ഭരിച്ചാൽ എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യം താമരയായി പുഷ്പിക്കുക എന്ന് സംഘപരിവാർ ഭീകരവാദികളായ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നമുക്ക് മുന്നിൽ ആടിക്കാണിക്കുന്നുണ്ട്. സവർണഹിന്ദുക്കൾ ബലാത്സംഗം ചെയ്ത് കൊന്ന ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടുകാരെ പുറം ലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിക്കൊണ്ടാണ് ഉത്തർ പ്രദേശിലെ ബി ജെ പി സർക്കാർ സംഘപരിവാറിന്റെ ഭരണ മാതൃക വെളിച്ചപ്പെടുത്തുന്നത്. ഇന്നേ വരെ ഒരക്ഷരം മിണ്ടിയിട്ടില്ല നരേന്ദ്ര മോദി. ഹിന്ദുമതത്തിലെ ജാതിഭീകരതയുടെ ഉറഞ്ഞുതുള്ളലാണ് ഇത്. ഹത്രാസ് ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന താക്കൂർമാരും ബ്രാഹ്മണന്മാരുമാണ് പതിനഞ്ചോളം വരുന്ന ദളിത് കുടുംബങ്ങളെ അടിമകളെപ്പോലെ കൈകാര്യം ചെയ്യുന്നത്. ഹത്രാസിൽ നടന്ന പോലുള്ള ജാതിബലാത്ക്കാരങ്ങൾ, ഹിന്ദു ഉണരുമ്പോഴുള്ള ആഘോഷങ്ങൾ ഈ രാജ്യത്തിൽ നിരന്തരം നടക്കുന്നുമുണ്ട്. ഇത് ബലാത്സംഗം എന്ന കുറ്റകൃത്യം മാത്രമല്ല, ജാതിമേൽക്കോയ്മയുടെ ശരീരാധികാരമാണ്.

ഈ ബ്രാഹ്മണ്യ മേൽക്കോയ്മാ വ്യവസ്ഥയുടെ മൂല്യബോധത്തെയാണ് സംഘപരിവാർ രാജ്യമെങ്ങും നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെ കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ സമരം മാത്രമല്ല ഹിന്ദുമത ജാതിവ്യവസ്ഥാ വിരുദ്ധ സമരവുമായി കൂട്ടിച്ചേർത്തുവേണം ചെറുക്കാൻ. ഇത്തരം വിവേചനങ്ങൾ ഇന്ത്യയിൽ ഇപ്പോഴുണ്ടായതുമല്ല. ഈ സാമൂഹ്യബോധത്തെ, ജാതിമേൽക്കോയ്മയെ ഒന്ന് തൊട്ടുപോലും നോവിക്കാതെയാണ് കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ രാഷ്ട്രീയ കക്ഷികൾ പ്രവർത്തിച്ചതും. കേരളത്തിൽ അയ്യങ്കാളിയും, നാരായണ ഗുരുവും അതിൽ നിന്നും ഉള്ളടക്കത്തിലും സമരതീക്ഷ്‌ണതയിലും പുരോഗമിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളുമാണ് ജാതിഭീകരതയെ പ്രകടമായ ആക്രമണങ്ങൾ നടത്തുന്നതിൽ നിന്നും പരാജയപ്പെടുത്തിയത്. സാമൂഹ്യജീവിതത്തിൽ ആ ജാതിബോധം ഏറ്റവും സൂക്ഷ്മമായ തലത്തിൽപ്പോലും നിലനിൽക്കുന്നു എന്നത് മറ്റൊരു വിഷയമാണ്.

ഈ ജാതിബോധത്തെ നിലനിർത്തുന്ന രാഷ്ട്രീയ-സാമൂഹ്യബോധമാണ് സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജനിതകഘടന. ഒപ്പം മറ്റൊന്നുകൂടി വ്യക്തമായി പറയേണ്ടതുണ്ട്, ഈ സാമൂഹ്യഘടനയില്ലെങ്കിൽ ഹിന്ദുമതമില്ല. ജാതിവ്യവസ്ഥയാണ് ഹിന്ദുമതം. ഒരാൾ ഹിന്ദുവാണ് എന്നതിന്റെ സാമൂഹ്യാർത്ഥം അയാൾ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്നതാണ്. ഈ സാമൂഹ്യബോധത്തിന്റെ വീണ്ടെടുപ്പുകളാണ് ഓരോ ഹിന്ദുമത അനുഷ്ഠാനവും. അപ്പോഴാണ് രാമക്ഷേത്ര പൂജയ്ക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന കോൺഗ്രസ് പരാതിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബ്രാഹ്മണ പൂജാരിയുടെ അകമ്പടിയോടെ രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്ര സന്ദര്ശനങ്ങളുമെല്ലാം എന്നുകൂടി ഓർത്താൽ ഇപ്പോഴത്തെ ആവേശത്തിന് ഒരിത്തിരി കുറവ് വന്നേക്കാം.

കേരളത്തിൽ സംഘപരിവാറിന്റെ ബ്രാഹ്മണ്യ മേൽക്കോയ്മയുടെ സാമൂഹ്യബോധത്തിനു വഴിയൊരുക്കാൻ വേണ്ടി നടത്തിയ ശബരിമല സമരത്തിൽ ബ്രാഹ്മണ്യആചാര സംരക്ഷണത്തിന് യാത്ര നടത്തി വിഷം തുപ്പുന്ന ഹിന്ദുമത വർഗീയ പ്രഘോഷണം നടത്തിയ കോൺഗ്രസുകാരൊക്കെ ആനയിക്കാൻ ശ്രമിച്ചത് ജന്മിമാർ അടിവയറ്റിൽ ചവിട്ടി പാടവരമ്പിൽ പുലയരെ കുഴിച്ചിട്ട ആ നല്ല നാളുകളാണ് എന്നാണ് വാസ്തവം. സംഘപരിവാറിന്റെ ബ്രാഹ്മണ്യസാമൂഹ്യബോധത്തെ കോൺഗ്രസ് ചെറുക്കുമെന്നൊന്നും സ്വപ്നത്തിൽപ്പോലും കരുതാൻ ചരിത്രം ഒരിത്തിരിയെങ്കിലും തൊട്ടുനോക്കിയവർക്ക് കഴിയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രതിയോഗി എന്ന നിലയിലെങ്കിലും, സകലതരത്തിലുള്ള നിയമവാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് എന്ന സംഘപരിവാർ ഭീകരവാദിയുടെ നേത്യത്വത്തിലുള്ള സർക്കാർ നടത്തുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരതക്കെതിരെ കോൺഗ്രസ് അടക്കമുള്ള മദ്ധ്യ -വലതുപക്ഷ കക്ഷികൾ നിൽക്കേണ്ടതുണ്ട്.

അംബേദ്ക്കറൈറ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പല രാഷ്ട്രീയകക്ഷികളും എൻ ഡി എ പാളയത്തിലാണ്. ബി എസ് പി എന്ന ദളിത് ബഹുജൻ കക്ഷിക്ക് ശക്തമായ സാന്നിധ്യമുള്ള ഉത്തർപ്രദേശിൽ വഞ്ചനാപരമായ നിലപാടാണ് ആ കക്ഷി എത്രയോ നാളുകളായി ഇത്തരം പ്രശ്നങ്ങളിൽ എടുക്കുന്നത്. ഹിന്ദുത്വ ഭീകരതയല്ല മറിച്ച് "ബ്രാഹ്മിണിക് ഇടതാണ്" പ്രശ്നം എന്ന മട്ടിൽ സാമൂഹ്യസംവാദങ്ങളെ വഴിതിരിക്കുകയും അങ്ങനെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെ ചോദ്യം ചെയ്യാതെ വളർത്തുകയും ചെയ്യുന്ന പല ദളിത് സ്വത്വവാദ സംഘങ്ങളും ഇതേ വഞ്ചനയാണ് ആവർത്തിക്കുന്നത്.

മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് ക്രൂരമായി അംഗഭംഗം വരുത്തി കൊന്ന ഒരു ദളിത് പെൺകുട്ടിയെ ഒരു മൃതദേഹത്തോട് കാണിക്കേണ്ട സാമാന്യമായതും നിയമപരമായതുമായ മര്യാദ പോലും കാണിക്കാതെ പാതിരാത്രി വലിച്ചുകൂട്ടിയിട്ടു കത്തിച്ചുകളഞ്ഞ ഒരു സർക്കാരിന്റെ തലവൻ ഒരു യോഗിയാണ് എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം. നമ്മൾ കത്തിക്കേണ്ടത് ഹിന്ദുമതത്തിന്റെ, ജാതിവ്യവസ്ഥയുടെ മൂല്യബോധമാണ്.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)


പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories