TopTop
Begin typing your search above and press return to search.

'പ്രേമലേഖന'മെഴുതിയതിന് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ ബഷീറിന്റെ ഓര്‍മ്മയില്‍, ഇമ്മിണി ബലിയ വാലന്റൈയിൻസ് ഡേ!

പ്രേമലേഖനമെഴുതിയതിന് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ ബഷീറിന്റെ ഓര്‍മ്മയില്‍, ഇമ്മിണി ബലിയ വാലന്റൈയിൻസ് ഡേ!

ഒപ്പം നിൽക്കുന്ന ഷാഹിനത്തായുടെ ബാപ്പയാണ് പ്രേമത്തെക്കുറിച്ചെഴുതിയതിന്റെ പേരിൽ കേരളത്തിലാദ്യം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്. മാത്രമല്ല 1942 ലെഴുതിയ ആ 'ലേഖനം' ആറു വർഷത്തേക്ക് നിരോധിക്കുകയും ചെയ്തു.! ങ്ങേ... സത്യമോ... എങ്കിൽ ആരത്? രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തപ്പെട്ട ഷാഹിനത്തായുടെ ബാപ്പ വേദഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ ആവർത്തിച്ചു മടുത്ത തടവുകാർക്ക് കഥകൾ പറഞ്ഞു കൊടുത്തു. അതിൽ ഒരു പ്രണയകഥയുമുണ്ടായിരുന്നു. പിന്നീടദ്ദേഹം ജയിലിൽ നിന്നു പുറത്തുവന്നത് ആ കഥയുടെ കയ്യെഴുത്തു പ്രതിയുമായിട്ടായിരുന്നു. ആ കയ്യെഴുത്തുപ്രതി 'പ്രതി'യാക്കിയതിന്റെ ചരിത്രം കൂടിയാണ് ആ ബാപ്പയുടെ ജീവിതകഥ. അതെ; സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണത്. മലയാളത്തിന്റെ കഥന കൗതുകം! ഓർമ്മയില്ലേ... ബഷീറെഴുതിയ, അല്ല കേശവൻ നായരെഴുതിയ ആ പ്രേമലേഖനം. ഇങ്ങനെയാണ് തുടങ്ങുന്നത്, 'പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രണയത്തിൽ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് സാറാമ്മയുടെ കേശവൻ നായർ ' എന്നാൽ സാറാമ്മയ്ക്കു സമർപ്പിച്ച ഈ പ്രേമലേഖനം അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി സദാചാര സംരക്ഷണത്തിന്റെ പേരിൽ നിരോധിച്ചുകളഞ്ഞു. മതസ്പർദ്ധയുണ്ടാക്കുന്നത്രെ! നായർ സമുദായത്തെ അപമാനിച്ചത്രെ.! ക്രിസ്ത്യാനിപ്പെണ്ണും നായർ യുവാവും പ്രേമിക്കുകയോ? ഭൂമിമലയാളത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്തത്. യഥാർത്ഥത്തിൽ സംഭവിച്ചതല്ല കേട്ടോ. ഭാവനയിൽ.! ഭാവനയിൽ മാത്രം. ഭാവന ഇത്രമേൽ മാരകവും ഭീഷണവുമാണോ എന്നോർത്ത് ചിലരെങ്കിലും ഇപ്പോൾ ഞെട്ടിത്തരിച്ചേക്കാം. പക്ഷെ പ്രണയദിനത്തിന്റെ സമീപകാല ആക്രമണങ്ങളെ നേരിട്ടവർക്ക് ഇതൊരത്ഭുതമല്ല. കാരണം സർ സി.പി എന്ന കാവൽ ഭൂതം ചരിത്രത്തിൽ എല്ലാക്കാലത്തും നിലനിൽക്കുന്നെന്ന് മറ്റൊരു ചരിത്രം.! സംശയമുള്ളവർ രണ്ടു വർഷം മുമ്പുള്ള മറൈൻ ഡ്രൈവ് ചിത്രവും സംഘപരിവാർ നേതാക്കൻമാരുടെ ആക്രമണാഹ്വാനവും ഓർത്താൽ മതി. പുതിയ പൗരത്വബിൽ ഭാവിയിലെ ഈ ദിവസത്തെ എങ്ങനെയാവും ആവിഷ്കരിക്കുക. അറിയില്ല. എന്തായാലും പുതിയ പൗരത്വത്തെ എതിരിടാൻ നാം ബഷീറിലേക്കു കൂടി മടങ്ങേണ്ടതുണ്ട്. കാരണം എല്ലാ മതങ്ങളെയും ഒന്നായിക്കണ്ട ഒരാളായിരുന്നല്ലോ ബഷീർ. ബഷീറിന്റെ പ്രപഞ്ച ദർശനം തന്നെ 'ഇമ്മിണി ബല്യ ഒന്ന് ' എന്നാണല്ലോ. രണ്ടാക്കിത്തീർക്കുന്ന എല്ലാറ്റിനും ബഷീർ എതിരായിരുന്നു.അതുകൊണ്ടാണ് കവി വിഷ്ണുനാരായണൻ നമ്പൂതിരി ബഷീറിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്. 'ഒന്നൊടൊന്നു ചേരുമ്പോൾ രണ്ടാകുമെന്നേ ഞായം, ഹിന്ദുവും മുസൽമാനും ആചരിപ്പതീ ദ്വൈതം./ ഉൺമയുണ്മയിൽ ചേർന്നാൽ ഇമ്മിണി വലുതായി ട്ടൊന്നുളവാകും; താങ്ക- ളോരുമീയദ്വൈതത്താൽ' ബഷീർ ഒരു അദ്വൈതവാദിയായിരുന്നു എന്ന് കവി ഒന്നുകൂടി വിടർത്തി.ഭൂമിയിലെ എല്ലാറ്റിലും സ്നേഹപ്പൊരുൾ തേടിയ എഴുത്തിലെ സുൽത്താനെപ്പിന്നെ മറ്റെന്തു വിളിക്കണം.! ബഷീർ തന്നെ ഒരിക്കൽ ഇങ്ങനെ എഴുതിയിരുന്നു. 'ദൈവം തമ്പുരാന്റെ ഭൂഗോളത്തിലെ പ്രതിനിധികളാകുന്നു സ്ത്രീകളും പുരുഷൻമാരും അടങ്ങിയ മാനുഷകുലം. സാഹോദര്യം, സ്നേഹം, ഔദാര്യം, അനുകമ്പ,സഹാനുഭൂതി, അലിവ്, കാരുണ്യം എന്നിവകളുടെ സൗരഭ്യം ഈ ഭൂഗോളം നിറഞ്ഞു കവിഞ്ഞ് പ്രപഞ്ചങ്ങളിലെങ്ങും വ്യാപിക്കട്ടെ.' ഈ ലോകബോധമുണ്ടാക്കാനാണ് ബഷീർ എഴുതിയത്. മനുഷ്യനെ നിർമ്മിക്കാനുള്ള സ്തുതിഗീതമായിരുന്നു ബഷീർ സാഹിത്യം മുഴുവനും. പക്ഷെ നിങ്ങൾ എത്ര സ്നേഹത്തോടെ പെരുമാറിയാലും രോഷത്തോടെ പൊട്ടിത്തെറിക്കുന്ന ഒരു ഭരണകൂടം, അതിനെ നിലനിർത്തുന്ന സദാചാര പോലീസുകാർ നമുക്കിടയിലിപ്പോഴുമുണ്ട്. അവർ രാജ്യം മുഴുവനുമുണ്ട്. അതുകൊണ്ടാണ് വാലന്റയിൻസ് ദിനത്തിന് സമാന്തരമായി രാജ്യത്ത് കരിദിനവും ആചരിക്കുന്നത്. എല്ലാ തിൻമയും നന്മയായി രൂപാന്തരപ്പെടുന്ന ഒരു മാന്ത്രികതയുണ്ട് ഏത് പ്രണയത്തിലും. എല്ലാത്തരം തടവുകളുടെയും ചങ്ങലകൾ തകർക്കാൻ പ്രണയത്തിനാവും. അതുകൊണ്ടാവും എല്ലാക്കാലത്തും പ്രണയം ആരുടെയെങ്കിലുമൊക്കെ നിരീക്ഷണത്തിലായിരിക്കുന്നത്. അങ്ങനെ നോക്കിയാൽ പ്രേമലേഖനത്തിന്റെ നിരോധനം ഇപ്പോഴും തുടരുന്നുണ്ട്.! 'പ്രേമലേഖന'ത്തെക്കുറിച്ച് ഒരൊറ്റക്കാര്യം കൂടി.രണ്ട് മതത്തിൽപ്പെട്ട കേശവൻ നായരും സാറാമ്മയും കൂടി പ്രണയിച്ച് വിലക്കുകളെല്ലാം ലംഘിച്ച് ഒടുവിൽ മറ്റൊരിടത്തേക്ക് തീവണ്ടിയിൽ കയറിപ്പോകുകയാണല്ലോ. അവർ തൊട്ടു തൊട്ടിരിക്കുമ്പോൾ ആഹ്ലാദകരമായ ഒരുഗ്രൻ ചൂളം വിളിയോടെ വണ്ടി പായുന്നു.ശേഷം, 'വണ്ടി സ്റ്റേഷനിൽ നിന്നു.കേശവൻ നായർ ചായയ്ക്ക് ആർഡർ ചെയ്തു. രണ്ടു പേർക്കും കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടുപേർക്കും ചായ മതിയെന്ന് കേശവൻ നായർ പറഞ്ഞു. രണ്ടു പേർക്കും ദേഷ്യം വന്നു. ഒടുവിൽ കേശവൻ നായർ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു ' വായനക്കാർ ശ്രദ്ധിച്ചോ.ഇതിനുശേഷം ബഷീർ ഒരു വാക്യമെഴുതിയിട്ടുണ്ട്. പ്രേമലേഖനത്തിന്റെ പൊരുൾ അതുകൂടിയാണ്. ആ വാക്യമിങ്ങനെയാണ്. 'സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു ' എന്ന്. നോക്കൂ ആണിനും പെണ്ണിനും അവരുടെ ഇഷ്ടങ്ങൾക്ക് ,ആഗ്രഹങ്ങൾക്ക് തുല്യനില കൈവരുമ്പോൾ ഒരു വലിയ വെളിച്ചത്തിന്റെ സാന്നിധ്യത്തോടു ചേർത്തു നിർത്തുകയാണ് ബഷീർ. ലിംഗസമത്വത്തെക്കുറിച്ചുള്ള വെളിച്ചം നിങ്ങളുടെ ഉള്ളിലുദിക്കുമ്പോൾ ഈ ലോകം മുഴുവൻ വെളിച്ചം പരക്കുന്നു എന്ന്. രണ്ടായിരത്തി ഇരുപതിലും നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരിലും അകത്തു കടക്കാത്ത വെളിച്ചത്തെക്കുറിച്ചുതന്നെ. വെളിച്ചത്തിന് എന്തൊരു വെളിച്ചമെന്ന് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നിലും! ഈ ദിനം പ്രണയദിനമാണ്.

ഭൂമിയിൽ മൊട്ടിട്ട എല്ലാ പ്രണയവും, പെണ്ണ് അവളുടെ ജീവിതം ആണിനു വേണ്ടി മാത്രം, അവന്റെ ഇഷ്ടങ്ങൾക്കു വേണ്ടി മാത്രം ഒഴിഞ്ഞു കൊടുക്കുന്ന ഇടമാക്കി മാറ്റാതിരിക്കട്ടെ എന്നാശംസിക്കുന്നു. ഇനി അവനുവേണ്ടി മാത്രമായി ജീവിതം മാറുന്നു എന്നു തോന്നുന്നെങ്കിൽ രണ്ടുപേരുംകൂടി, ബഷീർ കഴിഞ്ഞ നൂറ്റാണ്ടിലെഴുതിയ ആ പ്രേമലേഖനം എടുത്തു വായിക്കൂ. തീർച്ചയായും വായിച്ചു / ജീവിച്ചു തുടങ്ങിയ സ്ഥലത്തു നിന്ന് അത് നിങ്ങളെ ഏറെദൂരം മുന്നോട്ടു നടത്തും.

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories