TopTop
Begin typing your search above and press return to search.

'ഗോവിന്ദന്‍ മാസ്റ്ററെ പോലുള്ളവര്‍ വൈരുദ്ധ്യാത്മിക ഭൗതിക വാദത്തെ തള്ളിപ്പറയുന്നത് സ്വാഗതാര്‍ഹം തന്നെ; മാര്‍ക്‌സിസ്റ്റുകള്‍ ഇനി ഗാന്ധിജിയെ കൂടി അംഗീകരിക്കേണ്ടതുണ്ട്'

ഗോവിന്ദന്‍ മാസ്റ്ററെ പോലുള്ളവര്‍ വൈരുദ്ധ്യാത്മിക ഭൗതിക വാദത്തെ തള്ളിപ്പറയുന്നത് സ്വാഗതാര്‍ഹം തന്നെ; മാര്‍ക്‌സിസ്റ്റുകള്‍ ഇനി ഗാന്ധിജിയെ കൂടി അംഗീകരിക്കേണ്ടതുണ്ട്

ഇന്ത്യന്‍ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മിക ഭൗതിക വാദവുമായി മുന്നോട്ട് പോകാനാവില്ല എന്നുള്ള എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഇപ്പോഴെങ്കിലും ഈ തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായല്ലോ. ഇ.എം.എസ്. അടക്കം ഇന്ത്യയിലെ മിക്ക മാര്‍ക്സിസ്റ്റുകളുടേയും വീക്ഷണം യാന്ത്രിക ഭൗതികവാദം മാത്രമാണ്. കാറല്‍ മാര്‍ക്‌സ് അദ്ദേഹത്തിന്റെ ജിവിത കാലത്ത് ഒരിക്കലും ഇന്ത്യയില്‍ വന്നിട്ടില്ല. പുരാതന കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്ന മതത്തേയും, ആരാധനാ ക്രമങ്ങളേയും, സംസ്‌കൃതിയേയും അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മനസിലാക്കാന്‍ സാധിച്ചിട്ടുമില്ല. പലപ്പോഴും ബ്രട്ടീഷുകാര്‍ ഇന്ത്യയെ ചിത്രീകരിച്ച രീതിയില്‍ നിന്നാണ് 'ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍' മാറ്റി ഇന്ത്യയെ ബ്രിട്ടീഷുകാര്‍ ഒരു വ്യവസായിക യുഗത്തിലേക്ക് കൊണ്ടുപോകും എന്ന് കാറല്‍ മാര്‍ക്‌സ് വിലയിരുത്തിയത്. ബ്രട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയെ ചൂഷണം ചെയ്യുമ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫ്യുഡല്‍ വ്യവസ്ഥിതിയെ തകര്‍ത്ത് ആധുനിക വ്യവസായിക കാലഘട്ടത്തിലേക്ക് ഇന്ത്യ നീങ്ങും എന്ന് അദ്ദേഹം സ്വപ്നം കണ്ടു. കമ്യുണിസ്റ്റുകാര്‍ അടിസ്ഥാനപരമായി ജാതിയിലും, ഫ്യുഡല്‍ വ്യവസ്ഥിതിയിലുമുള്ള ഒരു രാജ്യമായി മാത്രമാണ് കാറല്‍ മാര്‍ക്സ്സിന്റെ ഈ നിഗമനം വെച്ച് ഇന്ത്യയെ എപ്പോഴും നോക്കി കണ്ടിരുന്നത്. അവര്‍ ഇന്ത്യയിലെ നന്മകള്‍ കാണാന്‍ എപ്പോഴും വിമുഖത കാട്ടുന്നവരാണ്.

ഒരു തിയറി എന്ന നിലയില്‍ മാര്‍ക്‌സിസം അടിസ്ഥാനപരമായി പ്രയോഗികതക്കാണ് മുന്‍ഗണന കൊടുത്തത്. 'ഡിറ്റര്‍മിനിസം' അതല്ലെങ്കില്‍ നിര്‍ണയവാദത്തിനെതിരായിരുന്നു മാര്‍ക്‌സിന്റെ പല പ്രഖ്യാപനങ്ങളും. ഒടുവില്‍ മാര്‍ക്സ്സിസം മറ്റ് ഫിലോസഫികളെക്കാള്‍ പ്രയോഗത്തില്‍ പിന്തിരിപ്പന്‍ ആയിപ്പോയി എന്നുള്ളത് ചരിത്രത്തിന്റെ വേറൊരു വശം. പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍, പത്തൊമ്പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് മാര്‍ക്‌സിസത്തെ വിലയിരുത്തന്നതില്‍ ഒരു കാര്യവുമില്ല എന്നുള്ളതാണ്. എല്ലാ പാശ്ചാത്യ ദര്‍ശനങ്ങളുടേയും തുടക്കം തേടിപോയാല്‍ നമ്മള്‍ എത്തുക അരിസ്റ്റോട്ടിലിലും അദ്ദേഹത്തിന്റെ ഗുരുവായ പ്‌ളേറ്റോയിലും, പ്‌ളേറ്റോയുടെ ഗുരുവായിരുന്ന സോക്രട്ടീസിലും ഒക്കെ തന്നെയാവും. വേണമെങ്കില്‍ അതിനും മുമ്പത്തെ ഗ്രീക്ക് ഫിലോസഫേഴ്‌സിലേക്ക് പോകാം. മാര്‍ക്‌സിസ്റ്റ് ചിന്താധാരകളുടെ ആശയപരമായ തുടര്‍ച്ച ഹെഗലില്‍ നിന്നും ഇമ്മാനുവേല്‍ കാന്റില്‍ നിന്നുമൊക്കെയാണ്. ചിലപ്പോള്‍ അതിനും പിന്നിലേക്ക് പോയി അരിസ്റ്റോട്ടിലിലും പ്‌ളേറ്റോയിലും വരെയെത്തുന്നതും കാണാം. ഹെഗല്‍ മുതല്‍ മുകളിലേക്ക് ഉള്ളവരെ ആശയവാദികള്‍ എന്നും മാര്‍ക്‌സിനെ തത്വശാസ്ത്രത്തിലെ സമ്പൂര്‍ണ്ണ ഭൗതികവാദി എന്നുമാണ് പലരും വിശേഷിപ്പിക്കുന്നത്. വൈരുധ്യങ്ങളുടെ പരസ്പര സമ്മേളനത്തെ മാര്‍ക്‌സിസം എങ്ങിനെയാണ് വിശദീകരിക്കുന്നത്? ഓരോ പ്രക്രിയയിലും രണ്ടു വിപരീത താല്പര്യങ്ങള്‍ അടങ്ങിയിരിക്കുന്നു; ഇവ തമ്മില്‍ നിരന്തര സംഘര്‍ഷത്തിലുമാണ്. ഈ സംഘര്‍ഷം ഒരു പ്രത്യേക ഘട്ടത്തില്‍ (അളവുപരവും ഗുണപരവുമായ മാറ്റത്തിന്റെ ഘട്ടത്തില്‍) മൂര്‍ച്ഛിക്കുകയും അതില്‍നിന്ന് പുതിയ ഒന്ന് രൂപംകൊള്ളുകയും ചെയ്യുന്നു (തീസിസ് × ആന്റിതീസിസ് = സിന്തസിസ് ). ഉദാഹരണമായി അടിമയുടമ വ്യവസ്ഥ. ഫ്യുഡല്‍ വ്യവസ്ഥിതിയില്‍ അടിമയും ഉടമയും നിരന്തര സംഘര്‍ഷത്തിലാണ്. അവര്‍ വിരുദ്ധ സാമ്പത്തിക താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു.

മുതലാളിത്ത വ്യവസ്ഥിതിയില്‍ തൊഴിലാളിയും മുതലാളിയുമാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ തൊഴിലാളി കൂടുതല്‍ സ്വതന്ത്രനാണ്. അടിമയുടമ വ്യവസ്ഥയിലെ ഉടമയെ പോലെ തൊഴിലാളി മുതലാളിത്ത വ്യവസ്തിതിയില്‍ ഒരു 'ബോണ്ടട് ലേബറര്‍' അല്ലാ. മുതലാളിത്തത്തിനുള്ളിലെ തൊഴിലാളി-മുതലാളി താല്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒടുവില്‍ മൂര്‍ച്ഛിച്ചു അത് പുതിയൊരു സാമൂഹ്യ വികാസത്തിലേക്കു നയിക്കുമെന്നും, അടിമയുടമ വ്യവസ്ഥിതിയില്‍ നിന്നും മെച്ചപ്പെട്ടതായിരിക്കും എന്ന് മാര്‍ക്‌സ് ചൂണ്ടികാട്ടി. പുതിയൊരു സാമൂഹ്യ വികാസത്തിലേക്കു നയിക്കുമ്പോള്‍ അത് നേരത്തെ ഉള്ളതിനേക്കാള്‍ പുരോഗമനപരമായിരിക്കുമെന്നും മാര്‍ക്‌സ് പറയുന്നു. മുതലാളി Vs തൊഴിലാളി എന്ന സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് സോഷ്യലിസം. സോഷ്യലിസത്തില്‍ ഉല്‍പ്പാദന വ്യവസ്ഥയിന്മേലുള്ള മുതലാളിയുടെ അതല്ലെങ്കില്‍ ഉടമയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അത് സ്റ്റേറ്റിന്റെ കീഴില്‍ ആകുകയും ചെയ്യുന്നു. വീണ്ടും തുടരുന്ന സംഘര്‍ഷം ഒടുവില്‍ സ്റ്റേറ്റിനെ തന്നെ ഇല്ലാതാക്കുമെന്നും മനുഷ്യന്‍ പരിപൂര്‍ണ്ണ സ്വതന്ത്രനായ ഒരു സാമൂഹ്യവ്യവസ്ഥ രൂപമെടുക്കുമെന്നും മാര്‍ക്‌സ് വിഭാവനം ചെയ്യുന്നു. ചുരുക്കം പറഞ്ഞാല്‍ നിരന്തരമായ വര്‍ഗ സമരത്തിലൂടെ തൊഴിലാളിക്ക് അധികാരം കിട്ടുന്ന പുരോഗമനകരമായ ഒരു വ്യവസ്ഥിതി ആയിരുന്നു മാര്‍ക്‌സിന്റെ ലക്ഷ്യം. അങ്ങനെയൊന്നും സംഭവിച്ചില്ല എന്നത് വേറെ കാര്യം.

മാര്‍ക്‌സിസം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു ചോദിക്കുമ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത് യൂറോപ്പിലും ആധുനികവല്‍ക്കരണം സംഭവിച്ച മറ്റു സമ്പദ് വ്യവസ്ഥകളിലും ഉയര്‍ന്നുവന്ന മധ്യ വര്‍ഗത്തെയാണ്. ഈ മധ്യവര്‍ഗം കാരണം മാര്‍ക്‌സ് വിഭാവനം ചെയ്ത മുതലാളി Vs തൊഴിലാളി എന്ന സംഘര്‍ഷം ഉണ്ടായില്ല. മധ്യ വര്‍ഗം വലിയ തൊഴിലാളി വര്‍ഗ്ഗമായി യൂറോപ്പിലും അമേരിക്കയിലുമൊക്ക ഉയര്‍ന്നു; അവരുടെ ഉപഭോഗവും വര്‍ധിച്ചു; അവര്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. പക്ഷെ വൈരുദ്ധ്യാത്മിക ഭൗതിക വാദം പരാജയപ്പെടുന്നതില്‍ വലിയൊരു ദാര്‍ശനികമായ സമസ്യ കൂടി ഉണ്ട്. പലര്‍ക്കും അത് മനസിലാവില്ല എന്നു മാത്രം. വൈരുദ്ധ്യാധിഷ്ഠിതം ഭൗതികം മാത്രമാണെന്ന് ശഠിച്ചതില്‍ മാര്‍ക്‌സിന് വലിയ തെറ്റു പറ്റി. 'Man is primarily material because he has to eat to live' എന്ന് പറഞ്ഞാണല്ലോ കാറല്‍ മാര്‍ക്‌സ് തന്റെ പ്രസിദ്ധമായ 'മെറ്റീരിയലിസ്റ്റ് അനാലിസിസ്' അല്ലെങ്കില്‍ ഭൗതിക വാദം തുടങ്ങുന്നത് തന്നെ. 'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല; പ്രത്യുത ദൈവത്തിന്റെ വചനം കൊണ്ട് കൂടിയാണ് ജീവിക്കുന്നത്' എന്ന് അരുളിചെയ്തപ്പോള്‍ മനുഷ്യജീവിതത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം ക്രിസ്തു പോലും നിഷേധിച്ചില്ല. പക്ഷെ ഭക്ഷണത്തോടൊപ്പം ക്രിസ്തു പറഞ്ഞ ദൈവികമായ റോള്‍ മാര്‍ക്‌സിന് ഉള്‍ക്കൊള്ളാനായില്ല. ചുരുക്കം പറഞ്ഞാല്‍, മനുഷ്യ ജീവിതത്തില്‍ ജഡത്തിനുള്ള പ്രാധാന്യം ചിത്തിനുമുണ്ട്. വിഷയങ്ങളുടെ ലോകത്തെ വിവേചിച്ച് അറിയാനുള്ള കാര്യക്ഷമത ബുദ്ധിക്ക് ലഭിക്കുന്നത് ആത്മാവില്‍ നിന്നാണെന്നാണ് ശങ്കരാചാര്യര്‍ ഒക്കെ പറയുന്നത്. ഈ ആത്മാവ് അനന്തവും അനാദിയുമാണ്. ജീവത്മാവും പരമാത്മാവും പ്രപഞ്ചത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നൂ. മനുഷ്യന്‍ അതുകൊണ്ട് എന്നും പരിണാമ വിധേയനും ആയികൊണ്ടേയിരിക്കുന്നൂ.

പ്രപഞ്ചത്തില്‍ ഭൗതിക തലം പോലെ ഭക്തിയുടേയും, ആത്മീയതയുടേയും തലം കൂടി ഉണ്ടെന്നുള്ള കാര്യം ഭൗതിക വാദികള്‍ തിരിച്ചറിയുന്നില്ല. ഭൗതിക 'പ്രോപ്പഗാണ്ട' നടത്തുന്നവര്‍ക്ക് എല്ലാം ഭൗതികതയുടെ കണ്ണില്‍ കൂടി അല്ലെങ്കില്‍ 'മോഡ് ഓഫ് പ്രൊഡക്ഷന്‍' ആയി എല്ലാം നോക്കി കാണണം. മതത്തെയും, ആത്മീയതയെയും അവര്‍ക്കു കണ്ടു കൂടാ. പി. ജയരാജന്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്ര സമ്മേളനത്തില്‍ 'ഭൗതിക തലം പോലെ പ്രപഞ്ചത്തില്‍ ആത്മീയ തലം കൂടി ഉണ്ട്' എന്നു പറഞ്ഞു. ആത്മീയാചാര്യനായ ശ്രീ എം. - മായി ജോണ്‍ ബ്രിട്ടാസ് കൈരളി ടി. വി. - യില്‍ ഇന്റ്റര്‍വ്യൂവും നടത്തി. ഇപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററും വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിന്റെ പരിമിതികള്‍ അംഗീകരിക്കുന്നു. എല്ലാം നല്ല കാര്യമാണ്. 2 + 2 = 4 എന്ന രീതിയിലുള്ള യുക്തിവാദം കൊണ്ട് സമഗ്രമായി ഏതെങ്കിലും ഒരു വിഷയത്തെ ഉള്‍ക്കൊള്ളാനാവില്ല. ഇപ്പോള്‍ രവി ചന്ദ്രനെ പോലുള്ള യാന്ത്രിക ഭൗതികവാദികള്‍ എല്ലാത്തിനെയും കേവല യുക്തി കൊണ്ട് അളക്കുന്നു. പണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് പറ്റിയ തെറ്റാണിത്. പ്രപഞ്ചത്തില്‍ ഭൗതിക തലം പോലെ തന്നെ ആത്മീയ തലം കൂടി ഉണ്ടെന്നുള്ളത് ഈ യുക്തിവാദികള്‍ മനസിലാക്കണം. കേരളത്തിലെയോ, ഇന്ത്യാമഹാരാജ്യത്തിലേയോ മഹാ ഭൂരിപക്ഷം വരുന്ന ജനത യുക്തിവാദികളോ, കമ്യുണിസ്റ്റുകാരോ, യാന്ത്രിക ഭൗതികവാദികളോ അല്ല. ഒരു കാലത്തും ആയിരുന്നില്ല താനും. ഭക്തിക്കും, ആധ്യാത്മികതക്കും വളരെയധികം പ്രാധാന്യമുള്ള ഒരു പൊതു സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള അനവധി മതങ്ങളെയും, ആധ്യാത്മിക പാരമ്പര്യങ്ങളേയും ശരിയായി മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകാര്‍ക്കോ, യുക്തിവാദികള്‍ക്കോ ഇന്ത്യയെ കണ്ടെത്താനാവുകയില്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കിടയിലുള്ള ഭക്തിയുടേയും, ആധ്യാത്മികതയുടെയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഗാന്ധിജി പ്രാര്‍ഥനാ സമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. ഇന്ത്യന്‍ ദേശീയതയെ കമ്യൂണിസ്റ്റുകാര്‍ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യവും കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുന്‍ നക്‌സലയിറ്റ് നേതാവ് കെ. വേണു ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നു. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാള്‍ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരന്റ്റെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍' എന്ന പുസ്തകത്തില്‍ കെ. വേണു തുറന്നു സമ്മതിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല. 1947-ല്‍ കമ്യുണിസ്റ്റുകാര്‍ക്കോ, അംബേദ്കറിസ്റ്റുകള്‍ക്കോ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ ഒരു പരിഹാരവും നിര്‍ദേശിക്കാനില്ലായിരുന്നു എന്ന കാര്യവും കൂടി ഓര്‍ക്കേണ്ടതുണ്ട്. തന്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡല്‍ഹിയിലും, കല്‍ക്കട്ടയിലും സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിച്ചത്. താന്‍ പട്ടിണി കിടക്കുന്നത് കൊണ്ട് നിങ്ങള്‍ മത സൗഹാര്‍ദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മത സൗഹാര്‍ദം എന്നും നിലനിന്നിരുന്നു എന്ന് തന്റെ സഹന സമരത്തിലൂടെ ജനത്തെ ഓര്‍മപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്.

മത സൗഹാര്‍ദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ ബീഫ് ഫെസ്റ്റിവല്‍ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാന്‍ നമുക്ക് വേണ്ടത്. അവസാന കാലത്ത് തന്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൗഹാര്‍ദപരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തന്റെ രക്തസാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താന്‍ ജീവിച്ചിരുന്നപ്പോള്‍ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുക്കാന്‍ സാധിച്ചു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒരു വലിയ വര്‍ഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാനില്‍ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൗഹാര്‍ദം പുലര്‍ത്തണമെന്നും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാര്‍ദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവന് വേണ്ടി മോസ്‌കുകളില്‍ പോലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പാക്കിസ്ഥാനില്‍ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകള്‍ വളകള്‍ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു. ഗാന്ധിയെ കൂടുതല്‍ കൂടുതല്‍ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതല്‍ പഠിപ്പിക്കേണ്ടതും വര്‍ഗീയത കണ്ടമാനം നടമാടുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

യാന്ത്രിക ഭൗതിക വാദികളായ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് മാഹാത്മാ ഗാന്ധിയുടെ രീതികള്‍ മനസിലാക്കാന്‍ സാധിക്കാതെ പോയതാണ് ഒരു പരിധി വരെ ഗാന്ധിജിയെ അവര്‍ അംഗീകരിക്കാതിരിക്കാന്‍ കാരണം. സത്യത്തില്‍, മഹാത്മാ ഗാന്ധിയെ ഭൗതിക വാദികള്‍ക്ക് എന്നെങ്കിലും മനസിലാക്കുവാന്‍ സാധിക്കുമോ? ഇല്ലെന്നാണ് തോന്നുന്നത്. ഗാന്ധിയുടെ സമയത്തു ജീവിച്ചിരുന്ന മൂന്ന് ആധ്യാത്മിക ആചാര്യന്മാര്‍ ഗാന്ധിയുടെ പ്രാധാന്യം വളരെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി ഗാന്ധിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണമെങ്കില്‍ 'Sivananda - Biography of a Modern Sage' എന്ന പുസ്തകം വായിച്ചാല്‍ മാത്രം മതി. ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് മറ്റാരേക്കാളും ഉപരിയായി ഇന്ത്യക്കു ബ്രട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് എന്ന് സ്വാമി ശിവാനന്ദ കൃത്യമായി പറയുന്നുണ്ട്. ഋഷികേശിലെ ഡിവൈന്‍ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണം ആണ് ഈ പുസ്തകം.

അത് പോലെ തന്നെ ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു മഹായോഗിയായിരുന്നു സ്വാമി പരമഹംസ യോഗാനന്ദ. പരമഹംസ യോഗാനന്ദയുടെ 'Autobiography of a Yogi' ലക്ഷ കണക്കിന് കോപ്പികള്‍ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും 'ഒരു യോഗിയുടെ ആത്മകഥ' എന്ന ടൈറ്റിലില്‍ തര്‍ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തില്‍ ഒരു അദ്ധ്യായം തന്നെ ഗാന്ധിയുടെ ആശ്രമത്തില്‍ സന്ദര്‍ശനത്തിന് പോയതിനെ കുറിച്ചാണ്. സ്വാമി പരമഹംസ യോഗാനന്ദയും ഗാന്ധിയും കൂടി ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ഉണ്ടതില്‍. ഇനി ഗാന്ധിയുടെ കാലത്ത് തന്നെ ജീവിച്ച വിശുദ്ധയായിരുന്നു ബംഗാളില്‍ നിന്നുള്ള ആനന്ദമയി മാ. നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ പിന്നീട് പല തവണ സന്ദര്‍ശിച്ച വ്യക്തി. ബിതിക മുഖര്‍ജിയുടെ 'മൈ ഡേയ്‌സ് വിത്ത് ശ്രീ മാ ആനന്ദമയി' എന്ന പുസ്തകം വായിച്ചാല്‍ ആനന്ദമയി മായും ഗാന്ധിയെ നന്നായി അനുസ്മരിക്കുന്നത് കാണാം. അതില്‍ ആനന്ദമയി മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. 'Just like Jesus Christ! Just as Jesus Christ had appropriated the violence of his people totally and so had forgiven them'- എന്നാണ് വിശുദ്ധയായ ആനന്ദമയി മാ ഗാന്ധിയുടെ രക്തസാക്ഷിതത്വത്തെ കുറിച്ച് പറഞ്ഞത് ('മൈ ഡേയ്‌സ് വിത്ത് ശ്രീ മാ ആനന്ദമയി' - പേജ് 165). ഇങ്ങനെ സത്യത്തെ അനുഭവിച്ചറിഞ്ഞവര്‍ ഗാന്ധിയുടെ മഹത്ത്വം ഉല്‍ഘോഷിക്കുമ്പോള്‍ പിന്നെ കേവലം വായനാനുഭവത്തിലൂടെ ഗാന്ധിയെ വിലയിരുത്തുന്ന ഭൗതിക വാദികള്‍ക്ക് എന്താണ് പ്രസക്തി?

യാന്ത്രിക ഭൗതിക വാദികളുടേയും, യുക്തി വാദികളുടേയും ആശയങ്ങള്‍ വെറും കേവല യുക്തി ആയി പരിണമിക്കുമ്പോഴും അവര്‍ ശാസ്ത്രീയതയുടെ മുഴുവന്‍ കുത്തക അവര്‍ക്കു മാത്രം അവകാശപ്പെടുമ്പോഴും ആധ്യാത്മിക മൂല്യങ്ങളില്‍ ഊന്നിയ ഗാന്ധിയെ പോലുള്ളവരുടെ വാക്കും പ്രവര്‍ത്തിയും അങ്ങനെയുള്ളവര്‍ക്ക് മനസിലാക്കുവാന്‍ പറ്റില്ലെന്നാണ് തോന്നുന്നത്. ഇന്നും ഭൗതിക വാദികളും, ഹിന്ദു വാദികളും അംഗീകരിക്കുന്നില്ലെങ്കിലും മൗണ്ട്ബാറ്റന്‍ പ്രഭു തന്നെ അംഗീകരിച്ച കാര്യമായിരുന്നു ഗാന്ധിയുടെ അക്രമ രഹിത സമരമാണ് ബ്രിട്ടന്‍ ഇന്ത്യ വിടാനുള്ള കാരണമെന്നുള്ളത്. അത് കേവലം ഭംഗി വാക്കല്ലായിരുന്നു. 'Gandhi will go down in history along with Buddha and the Jesus Christ' എന്നാണ് ഗാന്ധിയുടെ മരണസമയത്ത് ഇന്ത്യയുടെ അവസാന വൈസ്‌റോയി ആയിരുന്ന മൗണ്ട്ബാറ്റന്‍ പ്രഭു പറഞ്ഞത്.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories