TopTop
Begin typing your search above and press return to search.

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധം; വര്‍ധിക്കുന്ന മദ്യപാനാസക്തിയെക്കുറിച്ച് പുരോഗമനം നടിക്കുന്നവര്‍ പോലും മിണ്ടുന്നില്ല

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധം;  വര്‍ധിക്കുന്ന മദ്യപാനാസക്തിയെക്കുറിച്ച് പുരോഗമനം നടിക്കുന്നവര്‍ പോലും മിണ്ടുന്നില്ല

എ. കെ. ആന്റണിയുടെ പല പ്രവര്‍ത്തികളേയും അംഗീകരിക്കുന്നില്ലെങ്കിലും ആന്റണിയുടെ ആദര്‍ശം കൊണ്ട് കേരളത്തിന് ഉണ്ടായ ഗുണങ്ങളില്‍ ഒന്നാണ് ചാരായ നിരോധനം. മാധ്യമ പ്രവര്‍ത്തകര്‍ക്കും ബുദ്ധി ജീവികളില്‍ പലര്‍ക്കും ഈ ചാരായ നിരോധനത്തിന്റെ ഗുണഫലങ്ങള്‍ ഇന്നും മനസിലായിട്ടില്ല. ചാരായം നിരോധിക്കുന്നതിന് മുമ്പുള്ള കാലത്തെ പോലെ ഇപ്പോഴും കേരളത്തിന്റെ മുക്കിലും മൂലയിലും ചാരായക്കടകളുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചാല്‍ മനസ്സിലാകും ചാരായം നിരോധിച്ചതിന്റെ ഗുണം. മുറുക്കാന്‍ കടകളിലും, പെട്ടി കടകളിലും, തട്ടു കടകളിലും പണ്ട് ചാരായം സുലഭമായി കിട്ടിയിരുന്നു. വളരെ എളുപ്പത്തില്‍ കിട്ടുകയാണെങ്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് പ്രലോഭനം വരും; അവര്‍ അപ്പോള്‍ കുടിക്കും. സാധാരണക്കാര്‍ വളരെ എളുപ്പത്തില്‍ സാഹചര്യ സമ്മര്‍ദത്തിന് അടിമപ്പെടുന്നവര്‍ ആണ്.

എത്രയോ വിഷമദ്യ ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ചാരായമായിരുന്നു വില്ലന്‍. അതൊക്കെയാണ് ചാരായ നിരോധനത്തിലൂടെ ഇല്ലാതായത്. ആളുകള്‍ ചാരായ നിരോധനത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് മുന്‍ DGP സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി ഒന്നു വായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. സെന്‍കുമാര്‍ തന്റെ സര്‍വീസ് സ്റ്റോറിയില്‍ വളരെ സെന്‍സിബിള്‍ ആയി ചാരായ നിരോധനത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

കേരളത്തിലെ മദ്യപാനാസക്തി ഇന്നും നമ്മുടെ ഗവേഷകരും, എഴുത്തുകാരും അധികം കൈവെക്കാത്ത മേഖലയാണ്. വളരെ ചുരുക്കം ചില നല്ല ഗവേഷണങ്ങള്‍ മാത്രമേ കേരളത്തിന്റെ മദ്യപാനാസക്തിയെ കുറിച്ച് ഉണ്ടായിട്ടുള്ളൂ. എസ്. സനന്ദകുമാര്‍ 1987-ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എഴുതിയിട്ടുള്ള എം.ഫില്‍. പ്രബന്ധം - 'Liquor Cunsumption in Kerala - A Study with Special Reference to the Decline of Toddy' ഇത്തരത്തില്‍ ഉള്ള ഒരു നല്ല സ്റ്റഡിയാണ്. കള്ളില്‍ നിന്ന് ചാരായത്തിലേക്കും, പിന്നീട് ഗള്‍ഫ് പണത്തിന്റെ വരവോടെ 'ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍' - ലേക്കും ഒക്കെ പോകുന്നത് പ്രബന്ധകാരന്‍ നന്നായി ചൂണ്ടികാണിക്കുന്നുണ്ട്. മദ്യപാനാസക്തി മൂലമുള്ള കരള്‍ വീക്കം പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ കൂടുന്നതിനെ കുറിച്ചും പ്രബന്ധകാരന്‍ പറയുന്നുണ്ട്. കേരളത്തിലെ 'ലിക്വര്‍ കണ്‍സംപ്ഷന്റെ' ട്രെന്‍ഡ് പുള്ളി നന്നായി പറയുന്നുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവോടെയാണല്ലോ 'ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍' - ലേക്ക് മലയാളി മാറിയത്. അതില്‍ നിന്ന് വലിയ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഫോറിന്‍ ലിക്കറിലേക്ക് മാറിയതിന്റെ പ്രധാന കാരണം, ചാരായ ഷാപ്പുകള്‍ക്ക് പകരം ബിവറേജസ് ഔട്ട്‌ലറ്റില്‍ വിദേശമദ്യം മാത്രമേ കിട്ടുകയുള്ളു എന്നതാണ്. ചാരയത്തിന്റെ നിരോധനവും ഫോറിന്‍ ലിക്കറിലേക്കുള്ള കുടിയന്‍മാരുടെ ഒഴുക്കിനെ സ്വാധീനിച്ചിട്ടുണ്ട്. 1990-കളില്‍ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയും ഗള്‍ഫ് പണം നല്‍കിയ പര്‍ച്ചേസിംഗ് പവറും കേരളത്തില്‍ ഫോറിന്‍ ലിക്കറിന്റെ ഉപഭോഗം വ്യാപകമാക്കി. ഈ കൊറോണക്കാലത്തും കേരളത്തില്‍ മനുഷ്യന് കുടിക്കാതിരിക്കാന്‍ ആവുന്നില്ല. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും കൊറോണ കാലത്ത് മദ്യത്തിന് ഭയങ്കര ഡിമാന്‍ഡാണ്.

സത്യത്തില്‍, ഇന്ത്യയിലെ ലോവര്‍ ക്ലാസ്സില്‍ മദ്യപാനാസക്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. പാന്‍, പുകവലി, മദ്യം - ഇതൊക്കെ ഇന്ത്യയിലെമ്പാടും പാവപ്പെട്ടവരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കാണ് തള്ളിവിടുന്നത്. തനിക്ക് സമ്പൂര്‍ണ അധികാരം കിട്ടുകയാണെങ്കില്‍, ആദ്യം ചെയ്യുന്നത് മദ്യം പൂര്‍ണമായി നിരോധിക്കുക എന്ന പ്രവര്‍ത്തിയായിരിക്കും എന്ന് മഹാത്മാഗാന്ധി പറഞ്ഞത് മദ്യം ഇന്ത്യയില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ കണ്ടതിനാലാണ്. എന്തായാലും സ്വാതന്ത്ര ഇന്ത്യയില്‍ നേതാക്കള്‍ സ്ത്രീകളുടെ വോട്ട് കിട്ടാനായി മദ്യനിരോധനം നടപ്പില്‍ വരുത്തി. എ.കെ. ആന്റണിയുടെ ചാരായ നിരോധനവും, ബീഹാറില്‍ നിതീഷ് കുമാറിന്റെ മദ്യനിരോധനവും അങ്ങനെ ഉണ്ടായതാണ്. എ.കെ. ആന്റണി ചാരായം നിരോധിച്ചതില്‍ പിന്നെ കേരളത്തില്‍ കുറ്റകൃത്യങ്ങളില്‍ വളരെ കുറവുണ്ടായി എന്ന് മുന്‍ DGP സെന്‍കുമാര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ബീഹാറില്‍ നിതീഷ് കുമാറിനും സ്ത്രീകളുടെ പിന്തുണ മദ്യ നിരോധനത്തിലൂടെ കിട്ടുന്നുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകുന്ന ബീഹാറില്‍ മദ്യനിരോധനം നിതീഷ് കുമാറിന്റെ തീരുമാനത്തിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്തുന്നു. മദ്യ നിരോധനത്തിന്റെ ഉദ്ദേശം രാഷ്ട്രീയ നേട്ടമാണെങ്കിലും, ആണുങ്ങളെ നന്നാക്കാനായി സ്ത്രീകളെ കൂട്ടുപിടിക്കുന്ന ഈ രീതി ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.

ദളിത് പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം പുരുഷന്‍മാരുടെ മാദ്യപാനാസക്തിയാണ്. ദളിത് കോളനികളില്‍ മദ്യപാനം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സെലീന പ്രാക്കാനത്തെ പോലുള്ളവര്‍ ചൂണ്ടി കാട്ടുന്നുണ്ട്. കേരളത്തിലെന്നല്ല; ഇന്ത്യയിലെ തന്നെ മിക്ക ചേരികളിലേയും, പുനരധിവാസ കോളനികളിലേയും, വരുമാനം കുറഞ്ഞ ഗ്രാമങ്ങളിലേയും ഏറ്റവും വലിയ പ്രശ്‌നം അമിത മദ്യപാനാസക്തിയാണ്. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച കന്യാസ്ത്രീ മിഷനറിമാരൊക്കെ ഈ മദ്യപാനാസക്തിക്കെതിരെ നിരന്തരം പൊരുതിയാണ് മത്സ്യത്തൊഴിലാളികളുടെ 'ക്വാളിറ്റി ഓഫ് ലൈഫിന്' പുരോഗതി ഉണ്ടാക്കിയത്.

പുരുഷന്‍മാരുടെ മാദ്യപാനാസക്തി കുടുംബം തകര്‍ക്കുക മാത്രമല്ല; ആരോഗ്യവും ജീവനും താറുമാറാകും. സ്ത്രീ വിരുദ്ധമായ കേരളത്തിലേയും ഇന്ത്യയിലെ തന്നെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കുടുംബങ്ങളില്‍ പുലരേണ്ട ശാന്തത ഇല്ലാതാക്കുന്ന അമിത മദ്യപാനാസക്തി എന്ന ദുഷ്പ്രവണത കാണുന്നതേ ഇല്ല. കേരളത്തിലെന്നല്ല; ഇന്ത്യയിലെ തന്നെ മിക്ക ചേരികളിലേയും, പുനരധിവാസ കോളനികളിലേയും, വരുമാനം കുറഞ്ഞ ഗ്രാമങ്ങളിലേയും ഏറ്റവും വലിയ പ്രശ്‌നം അമിത മദ്യപാനാസക്തിയാണ്.

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. അതുകൊണ്ടാണ് വര്‍ധിച്ചു വരുന്ന മദ്യപാനാസക്തിയെ കുറിച്ച് വലിയ പുരോഗമനം നടിക്കുന്നവര്‍ പോലും ഒന്നും മിണ്ടാത്തത്. വര്‍ധിച്ചു വരുന്ന മദ്യപാനാസക്തിയൊക്കെയാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. കുടുംബങ്ങളിലെ സ്ത്രീകളോ കുട്ടികളോ പുരുഷന്മാരുടെ മദ്യപാനാസക്തി എന്നെങ്കിലും സ്വാഗതം ചെയ്യുമോ? എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പനശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിക്കുന്നതിനെക്കുറിച്ച് ഇവിടെ ആരും ചര്‍ച്ച ചെയ്യുന്നില്ല. മദ്യത്തിന്റെ ലഹരി പോരാത്തവര്‍ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടേയും ബസ്സ്റ്റാന്റ്റുകളുടേയും പിന്നാമ്പുറങ്ങള്‍ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചര്‍ച്ച ചെയ്യുന്നില്ല. പല ദളിത് കോളനിയില്‍ ഉള്ളവരുടേയും ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശൊക്കെ പോകുന്നത് കള്ളിനാണ്. കരള്‍ വീക്കവും, മദ്യപിച്ചതിനെ തുടര്‍ന്നുള്ള വാഹനാപകടങ്ങളും കേരളത്തില്‍ സര്‍വ സാധാരണമാണ്. 7-8 വര്‍ഷം മുമ്പ് ഞങ്ങളുടെ വീട്ടുമുറ്റത്ത് മെറ്റല്‍ ഇട്ടവര്‍ക്ക് ഇതെഴുതുന്ന ആള്‍ കൊടുത്ത കൂലി 700 രൂപ ആയിരുന്നു. 5-6 വര്‍ഷം മുമ്പ് അത് 800 രൂപ ആയി മാറി. മൂന്നു മണിക്കൂറോളം മാത്രം ജോലി ചെയ്ത രണ്ടു മരം വെട്ടുകാര്‍ക്ക് കേരളത്തില്‍ ഇതെഴുതുന്ന ആള്‍ കൊടുത്ത കൂലി 3600 രൂപ ആയിരുന്നു. അതായത് ഒരാള്‍ക്ക് മൂന്നര മണിക്കൂര്‍ ജോലിയുടെ കൂലി 1800 രൂപ! ഈ കാശൊക്കെ കുടുംബത്ത് എത്തുന്നുണ്ടെങ്കില്‍ കുഴപ്പമില്ല; പക്ഷെ ഈ കാശെല്ലാം പോകുന്നത് കള്ളിനാണെന്നുള്ളതാണ് വാസ്തവം.

ദിവസക്കൂലി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂടിയിട്ടുള്ളത് കേരളത്തിലാണ്. പക്ഷെ തദനുസൃതമായി കുടുംബങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരത്തിന്റെ അളവ് - ഇവയൊന്നും കൂടിയിട്ടില്ല. ഇത്തരം 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടാത്തതിന് പുറകിലുള്ള വില്ലന്‍ മദ്യം തന്നെ. ദളിത് കോളനികളിലും, മത്സ്യ ത്തൊഴിലാളികളുടെ ഇടയിലും വരുമാനം കൂട്ടുന്നതിനനുസരിച്ച് 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടുന്നില്ല. അതിനു പ്രധാനമായ കാരണം കള്ളാണ്. മലയാളികള്‍ അച്ചടക്കം പാലിക്കുന്നത് ബിവറേജസ് ഔട്‌ലെറ്റുകളുടെ മുമ്പില്‍ മാത്രമാണെന്ന് പറയുന്നത് തമാശയായിട്ട് തള്ളി കളയേണ്ട കാര്യമല്ല. അമിത മദ്യപാനാസക്തി എന്ന വിഷയം അഭിമുഖീകരിക്കാത്തിടത്തോളം കാലം മലയാളികളായ നാം യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയാണ്.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories