TopTop
Begin typing your search above and press return to search.

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന ഇന്ത്യന്‍ പൗരന് സന്തോഷിക്കാനാകുമോ?

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന  ഇന്ത്യന്‍ പൗരന് സന്തോഷിക്കാനാകുമോ?

ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന ഒരു ഇന്ത്യന്‍ പൗരന് സന്തോഷിക്കാനാവില്ല. കാരണം ഇന്നത്തെ ഇന്ത്യയിലെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശാസ്ത്രീയ ബോധത്തില്‍ അധിഷ്ഠിതമായ ആധുനിക മൂല്യങ്ങള്‍ക്ക് എതിരാണ്. ആധുനികതയുടെ മൂല്യങ്ങള്‍ എന്നു പറയുമ്പോള്‍ ഭക്തിക്കോ ആത്മീയതയ്‌ക്കോ എതിരാണെന്നല്ല അര്‍ത്ഥം. മത വിശ്വാസവും ഭക്തിയും ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണ് ആധുനിക സമൂഹത്തില്‍. 'പ്രൈവറ്റ് സ്പിയറില്‍' നടക്കേണ്ട കാര്യങ്ങള്‍ 'പബ്ലിക് സ്പിയറില്‍' അനുവദനീയമല്ല ആധുനിക സമൂഹങ്ങളില്‍. മനുഷ്യന്റെ സ്വകാര്യതയില്‍ നിന്ന് പൗരസമൂഹത്തിലേക്ക് വരുമ്പോള്‍ അവിടെ ഭരണഘടനയില്‍ ഊന്നിയ നിയമനുസൃതമായ പെരുമാറ്റം എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. അതല്ലെങ്കില്‍ നിയമനുസൃതമായ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

ആധുനികതയെ നിര്‍വചിക്കുന്നത് എപ്രകാരമാണ്? 'Efficient task formation is the only criterion of Modernity' എന്നാണ് ആധുനികതയെ കുറിച്ചുള്ള വളരെ നല്ല ഒരു നിര്‍വചനം. ജാതിക്കും, മതത്തിനും, വര്‍ണത്തിനും, സമുദായത്തിനും ഒക്കെ അപ്പുറത്ത് തൊഴിലിന്റെ മഹത്വമാണ് ഒരു ആധുനിക സമൂഹം ഉറ്റു നോക്കുന്നത്. അങ്ങനെയാണ് ലോകത്തെവിടെയും ആധുനിക സമൂഹങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളതും. നമ്മുടെ രാജ്യത്ത് ജോലിയുടെ മഹത്വത്തില്‍ ഊന്നി ഒരു ലിബറല്‍ കോസ്‌മോപോളിറ്റന്‍ സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട രാഷ്ട്രീയക്കാര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാരക്കുറവ്, പാര്‍പ്പിടപ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രശ്‌നങ്ങള്‍, കര്‍ഷക ആത്മഹത്യ - ഇവയൊക്കെ പരിഹരിക്കുവാന്‍ എന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും മുന്നോട്ടു വെക്കുന്നില്ല.

ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നില്ല. ഇപ്പോള്‍ ബിജെ.പിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നു തോന്നുന്നു, മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മതവും ആചാരങ്ങളും പറഞ്ഞു നീങ്ങുകയാണ്. തൊഴിലും, വിദ്യാഭ്യാസവും, സമ്പാദ്യ ശീലവും ഒക്കെയാണ് സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്നതെന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ അവരുടെ നേതാക്കള്‍ പഠിപ്പിക്കുന്നില്ല. ബി.ജെ.പി. നേരത്തേ 500 വര്‍ഷം പഴക്കമുള്ള ഒരു മോസ്‌ക്കിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തി മതത്തിന്റെ പേരില്‍ ജനത്തെ തമ്മില്‍ തല്ലിച്ചു. 500 വര്‍ഷം പഴക്കമുള്ള ഒരു ആരാധനാലയം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ? ചോദിച്ചിട്ട് കാര്യമില്ല. അത്തരം ഒരു വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാര്‍; വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ - അതിനുപിന്നാലെ നടക്കുന്ന കാഴ്ച മലയാളികള്‍ക്ക് പോലും കാണേണ്ടി വന്നു! മഹാരാഷ്ട്രയിലെ ദളിതരാണെങ്കില്‍ 200 വര്‍ഷം പഴക്കമുള്ള ഒരു യുദ്ധത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കി. ഇന്നത്തെ തലമുറയിലെ ഏതെങ്കിലും ദളിതരെ ബാധിക്കുന്നതാണോ കോറിഗോണില്‍ 200 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാരും, പേഷ്വയും തമ്മില്‍ നടന്ന യുദ്ധം? 200 വര്‍ഷം മുമ്പ് നടന്ന കാര്യത്തെ കുറിച്ച് ആ പ്രക്ഷോഭത്തില്‍ പങ്കെടുത്ത എത്ര ദളിതര്‍ക്കറിയാം? ഇവിടേയും ചോദിച്ചിട്ട് കാര്യമില്ല. തൊഴിലിനും, വിദ്യാഭ്യാസത്തിനും, സമ്പാദ്യ ശീലത്തിനുമാണ് സാമുദായിക ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ രാഷ്ട്രീയക്കാര്‍ മുന്‍ഗണന കൊടുക്കേണ്ടത്. പക്ഷെ അത്തരം 'സെന്‍സിബിള്‍' ആയ കാര്യങ്ങള്‍ക്കൊന്നും ഇന്ന് പ്രസക്തിയില്ല. 'നിരുത്തരവാദിത്തം' - ഇന്നത്തെ രാഷ്ട്രീയത്തിന് ആ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത്തരം അങ്ങേയറ്റത്തെ നിരുത്തരവാദപരമായ തരം താണ രാഷ്ട്രീയം ഈ രാജ്യത്ത് നിലനില്‍ക്കുന്നതുകൊണ്ട് എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന ഒരു ലിബറല്‍ കോസ്‌മോപൊളീറ്റന്‍ സമൂഹം സൃഷ്ടിക്കപ്പെടാന്‍ ഇന്ത്യക്കാര്‍ ഇനിയും അനേകം നാളുകള്‍ കാത്തിരിക്കേണ്ടതുണ്ട്.

ജനാധിപത്യ രീതിയില്‍ ഇന്ത്യ ഇന്നും ഒരുപാട് പിന്നിലാണ്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞത് 'കോണ്‍സ്റ്റിറ്റിയുഷണല്‍ മൊറാലിറ്റി' എന്നുള്ളത് 'റിലിജിയസ് മൊറാലിറ്റി' - ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പ സന്നിധിയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന 'ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍സ്' അനുസരിച്ച് സ്ത്രീകളെ തടയാന്‍ പാടില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി. പക്ഷെ ഇന്ത്യയുടെ ജനാധിപത്യ മര്യാദയില്‍ ഇനിയും ഇതൊന്നും പാലിക്കപ്പെട്ടില്ല. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. ബിന്ദു അമ്മിണിക്കെതിരെ ഉള്ള ആക്രമണം മൗനമായിട്ടെങ്കിലും പിന്താങ്ങുന്ന ഒത്തിരി പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളതും കാണാതിരിക്കാനാവില്ല. ബാബറി മസ്ജിദ് Vs രാമജന്മഭൂമി പ്രശ്‌നം ഇരു കൂട്ടര്‍ക്കും ചര്‍ച്ചയിലൂടെ പരിഹരിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതിയിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു ജനാധിപത്യ മര്യാദ. പക്ഷെ ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ അതിനു തയാറായില്ല.

മതവും രാഷ്ട്രീയവും അതിന്റെയൊക്കെ മുതലെടുപ്പുകാരും ഒക്കെ കൂടി ഒരു വല്ലാത്ത സാഹചര്യം ഈ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഒരു മതക്കാരും ഈ കാര്യത്തില്‍ മോശക്കാരുമല്ല. ബാബ്ബറി മസ്ജിദ് പൊളിച്ച 1992 നു ശേഷമാണ്, 1993 ഒക്ടോബറില്‍ കാശ്മീരിലെ ഹസ്രത്ത്ബാലില്‍ പ്രശ്‌നങ്ങളുണ്ടായത്. നാല്‍പ്പതോളം പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. 14,000 പട്ടാളക്കാര്‍ അവിടെ കാവല്‍ നില്‍ക്കേണ്ടി വന്നു എന്ന് പറയുമ്പോള്‍ കാര്യത്തിന്റെ ഗൗരവം ആര്‍ക്കും മനസിലാക്കാം. കുറെയൊക്കെ ലിബറല്‍ ആയി ചിന്തിക്കുന്ന ക്രിസ്ത്യാനികള്‍ പോലും മത മേലധ്യക്ഷന്‍മാരുടെ അഭ്യര്‍ത്ഥനയില്‍, പിറവം പള്ളിയുടെ കാര്യത്തിലും മറ്റ് പള്ളി തര്‍ക്കങ്ങളുടെ കാര്യങ്ങളിലും, വൈകാരികമായി പ്രതികരിക്കുന്നു എന്നുള്ളതും ഇതിന്റെയൊക്കെ കൂടെ ചേര്‍ത്ത് കാണണം. കുരുമുളക് സ്‌പ്രേക്കും, മുളക്‌പൊടി സ്‌പ്രേക്കും പകരം 'സ്‌പ്രേ കുപ്പിയില്‍ ആസിഡും നിറയ്ക്കാം' എന്നുവരെ സോഷ്യല്‍ മീഡിയയില്‍ കൂടി ചിലര്‍ പ്രതികരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും, ഭരണഘടനാ മൂല്യങ്ങളും എവിടെ ചെന്ന് നില്‍ക്കുന്നു? ഇത്തരമൊരു സാഹചര്യം ഈ രാജ്യത്ത് സംജാതമായതിനെ കുറിച്ച് വിവേകമുള്ളവര്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

ഇടതുപക്ഷത്തിനും വര്‍ഗീയ കോമരങ്ങള്‍ക്ക് കേരളത്തെ അടിമപ്പെടുത്തിയതില്‍ നിര്‍ണായകമായ പങ്കുണ്ട്. വര്‍ഗ്ഗീയത ഉയര്‍ത്തിവിട്ട് ബി.ജെ.പിയെ വളര്‍ത്തി യു.ഡി.എഫിനെ തകര്‍ത്ത് എല്‍.ഡി.എഫിനു കാലാകാലം തുടര്‍ഭരണവും, എന്‍.ഡി.എയ്ക്ക് പ്രതിപക്ഷസ്ഥാനവും ഉറപ്പിക്കാനുള്ള ഒത്തുകളിയുടെ ആരംഭമായിരുന്നു 2018-ല്‍ ശബരിമലയില്‍ അരങ്ങേറിയ സംഭവങ്ങള്‍. പിണറായി സര്‍ക്കാര്‍ വത്സന്‍ തില്ലങ്കേരിയെ പോലുള്ള സംഘ പരിവാര്‍ നേതാക്കളുമായി ശബരിമലയില്‍ 2018-ല്‍ ഒത്തുകളിച്ചു. പോലീസിനെ ശബരിമലയില്‍ ശക്തമായി വിന്യസിപ്പിച്ച് ആളുകളുടെ ഐഡന്റ്റിറ്റി വെരിഫൈ ചെയ്ത് സ്ത്രീകളെ പിന്തിരിപ്പിച്ചതൊക്കെ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' നിരക്കാത്ത ഒന്നായിരുന്നു. എന്നിട്ട് 'വനിതാ മതില്‍' ഉയര്‍ത്തി ഇടതുപക്ഷം വലിയ പുരോഗമനം പറയുന്നതാണ് വിരോധാഭാസം. എന്തായാലും ഈ തെരഞ്ഞെടുപ്പ് വേളയില്‍ വനിതാ മതിലിനെ കുറിച്ച് കേള്‍ക്കാനേ ഇല്ലാ എന്നുള്ളതാണ് ഏറ്റവും വലിയ തമാശ.

മതമോ ലിംഗമോ നോക്കി നീതി നിശ്ചയിക്കുന്നത് ഭരണഘടനക്കും ആധുനികതയുടെ മൂല്യങ്ങള്‍ക്കും എതിരാണ്. ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷന്‍', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷന്‍' - എന്ന രണ്ടു വിഷയങ്ങളുണ്ട്. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് മതത്തിന്റേയും ലിംഗത്തിന്റേയും പേരില്‍ ആരോടെങ്കിലും കാണിക്കുന്ന വിവേചനം. 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും' എതിരാണ് അത്തരം വിവേചനങ്ങള്‍.

ജെന്‍ഡര്‍ സെന്‍സിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണ് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റര്‍ ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും', 'സ്പിരിറ്റ് ഓഫ് ദ കോണ്‍സ്റ്റിറ്റിയുഷനും' എതിരാണ് അത്തരത്തില്‍ ഒരു വിവേചനം. അതാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്ന് വരാനുണ്ടായ കാരണം. ദീര്‍ഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശില്‍പികള്‍ കാരണം നമ്മുടെ ഭരണഘടന അടിസ്ഥാനപരമായി 'ജെന്‍ഡര്‍ സെന്‍സിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ്. ഇത്തരത്തിലുള്ള നമ്മുടെ നിയമവ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ കുറിച്ച് പൊതുജനത്തിന് ബോധ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവരെ അത്തരത്തില്‍ ബോധവല്‍ക്കരിക്കേണ്ട രാഷ്ട്രീയ നേതൃത്വമാകട്ടെ സാധാരണക്കാരുടെ വിശ്വാസം മുന്‍നിര്‍ത്തി ഈ തെരഞ്ഞെടുപ്പില്‍ കപട രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയിക്കണം.

സുപ്രീം കോടതിയില്‍ ശബരിമല വിഷയത്തില്‍ ഉയര്‍ത്തിയ ലീഗല്‍ പോയിന്റ്റ്‌സ് സാധാരണ വിശ്വാസികളുടെ തലയില്‍ കേറാന്‍ സാധ്യതയില്ല. ഇനി ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ തന്നെ അതിന്റെ ഭരണഘടനാ സാധുത മിക്കവാറും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഓര്‍ഡിനന്‍സ് തള്ളി പോകും. അതല്ലെങ്കില്‍ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്‌സഭയിലും, രാജ്യ സഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു സമര്‍പ്പിക്കണം. ഇത് വല്ലതും നടപ്പുള്ള കാര്യമാണോ? ചുരുക്കം പറഞ്ഞാല്‍ 12 വര്‍ഷവും, 24 കക്ഷികള്‍ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായം തിരുത്തുക ദുഷ്‌കരമാണ്. 411 പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991ന് മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരുന്നു എന്നതിന്റെ കൃത്യവും വ്യക്തവുമായ 'ഡോക്കുമെന്റ്ററി എവിഡന്‍സ്' പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരില്‍ ചോറൂണിന്റെ ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോള്‍ ആര്‍ക്കാണ് തെളിവുകള്‍ നിഷേധിക്കുവാന്‍ സാധിക്കുന്നത്?

അധികാരവും പണവും ഉള്ളവര്‍ മാത്രമായിരുന്നു പണ്ട് ശബരിമലയില്‍ ആചാരങ്ങള്‍ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ല. പണ്ട് ശബരിമല ക്ഷേത്രത്തില്‍ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവും ഉള്ളവര്‍ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരം ചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അവയൊക്കെ. ഇതുപോലെ മഹാരാഷ്ട്രയിലുള്ള ദര്‍ഗയുടെ കാര്യത്തിലും കോടതി വിധി വന്നത് നേരത്തേ സ്ത്രീകള്‍ അവിടെ കയറിയിരുന്നു എന്ന തെളിവുകള്‍ കണ്ടിട്ടാണ്. കോടതി നടപടികള്‍ അല്ലെങ്കിലും തെളിവുകളും, സാക്ഷി മൊഴികളും അനുസരിച്ചാണല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ച് ഒരു കോടതിക്കും പ്രവര്‍ത്തിക്കാന്‍ ആവില്ല. ആചാര സംരക്ഷകര്‍ എന്ന് മേനി പറഞ്ഞു നടക്കുന്ന ചിലര്‍ക്കും ഇതൊക്കെ അറിയാമെന്നാണ് തോന്നുന്നത്. പിന്നെ ഇവിടെ ശബരിമലയുടെ പേരില്‍ നടക്കുന്ന നാടകങ്ങളൊക്കെ വെറും രാഷ്ട്രീയ നേട്ടത്തിനായി മാത്രം. ശബരിമലയിലെ യുവതി പ്രവേശനത്തെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പില്‍ എതിര്‍ക്കുന്നതാണ് അത്ഭുതം. വോട്ടിനായി ആധുനിക മൂല്യങ്ങളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സര ബുദ്ധിയോടെ എതിര്‍ക്കുമ്പോള്‍ ശാസ്ത്ര ബോധം ചവറ്റു കുട്ടയിലേക്ക് എറിയപ്പെടുകയാണ് ഇവിടെ.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories