TopTop
Begin typing your search above and press return to search.

'കോവിഡാനന്തര ഇന്ത്യയില്‍ തൊഴിലില്ലായ്മ ആയിരിക്കും ഏറ്റവും വലിയ സാമൂഹ്യ വിപത്ത്'

കോവിഡാനന്തര ഇന്ത്യയില്‍ തൊഴിലില്ലായ്മ ആയിരിക്കും  ഏറ്റവും വലിയ സാമൂഹ്യ വിപത്ത്

കോവിഡാനന്തര ഇന്ത്യയില്‍ തൊഴിലില്ലായ്മ ആയിരിക്കും ഏറ്റവും വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത്. ഇന്ത്യയിലെ സര്‍വീസ് സെക്റ്റര്‍ മൊത്തം ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ്. തിയേറ്ററുകള്‍, സിനിമാ വ്യവസായം, ഹോട്ടലുകള്‍, റെസ്റ്റോറന്റ്റുകള്‍, ട്രാന്‍സ്പോര്‍ട്ട്, ടൂറിസം - ഇവയൊക്കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമ്പൂര്‍ണമായി പിന്‍വലിച്ചാലും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് വരാന്‍ ഇനിയും കാലതാമസം നേരിടും. ആളുകള്‍ കൂടുന്ന സ്ഥലങ്ങളെ ചൊല്ലിയുള്ള ഭയം ജനങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ സമയം കുറേയേറെ എടുക്കും.

30 കോടിയിലേറെ ആളുകള്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖക്ക് കീഴിലുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം 13.9 മില്യണ്‍ വീടുകളാണ് ചേരി പ്രദേശങ്ങളില്‍ ഉള്ളത്. ഇന്ത്യയിലെ മൊത്തം ചേരി നിവാസികളുടെ സംഖ്യ 2019-ല്‍ 104 മില്യണില്‍ എത്തി എന്നാണ് മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്ന കീര്‍ത്തി എസ്. പരീഖ് പറയുന്നത്. ഈ 10 കോടിയിലേറെ ചേരി നിവാസികളില്‍ കോവിഡ് 19 പടര്‍ന്നുപിടിക്കുമോ എന്നുള്ള ഭീതിയില്‍ നിന്നൊക്കെ മഹാരാഷ്ട്ര ഇന്ന് മുക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജയിലുകളില്‍ കൊറോണ വ്യാപിക്കുന്നതുകൊണ്ട് പല ജയില്‍ പുള്ളികള്‍ക്കും പരോള്‍ കൊടുക്കുന്നൂ. പട്ടാള ക്യാമ്പുകളിലും, പോലീസ് ക്യാമ്പുകളിലും കോവിഡ് പടര്‍ന്നുകഴിഞ്ഞാല്‍ മൊത്തം പട്ടാളക്കാരേയും പോലീസുകാരേയും അകറ്റി നിര്‍ത്താനോ, പിരിച്ചു വിടാനോ നമുക്ക് സാധിക്കുമോ? അതുകൊണ്ട് കോവിഡിനെ അധികം പേടിക്കാതിരിക്കുക എന്നത് മാത്രമാണ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക പോംവഴി.

സത്യത്തില്‍ ഈ കൊറോണയുടെ വ്യാപനത്തെ കുറിച്ചോര്‍ത്ത് നമ്മുടെ ഭരണ വര്‍ഗം ഇത്രയേറെ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ദാരിദ്ര്യവും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തെ അപര്യാപ്തതകളും മൂലം ലക്ഷകണക്കിന് ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ട്. ക്ഷയം നാലു ലക്ഷത്തിലേറെ ഇന്ത്യാക്കാരെ ഓരോ വര്‍ഷവും കൊല്ലുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മലേറിയ 20,000-ല്‍ മിച്ചം പേരെ കൊല്ലുന്നു. ആസ്ത്മയും ഹൃദ്രോഗവും അനേകായിരം ഇന്ത്യക്കാരുടെ ജീവന്‍ ഓരോ വര്‍ഷവും എടുക്കുന്നു. വയറിളക്കം കൊണ്ട് തന്നെ അനേകായിരം നവജാത ശിശുക്കള്‍ ഓരോ വര്‍ഷവും മരിക്കുന്ന രാജ്യമാണ് ഇന്ത്യ. പിന്നെന്തിനാണ് കൊറോണയുടെ കാര്യത്തില്‍ ഇത്രയേറെ ഉല്‍ക്കണ്ഠ കാണിച്ചത്? ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ലോക്ഡൗണ്‍ ഇന്ത്യയില്‍ ഭരണവര്‍ഗം അടിച്ചേല്‍പ്പിച്ചത് എന്തുകൊണ്ടാണ്? കാര്യങ്ങള്‍ വളരെ വ്യക്തം. ക്ഷയവും, മലേറിയയും, വയറിളക്കവും ഒക്കെ മൂലം മരിക്കുന്ന മിക്കവാറും പേരും പാവപ്പെട്ടവരാണ്. കോവിഡ് 19 എന്ന രോഗം മധ്യ വര്‍ഗ്ഗത്തേയും, വരേണ്യ വര്‍ഗ്ഗത്തേയും കൂടി ബാധിച്ചിരുന്നു.

മധ്യ വര്‍ഗ്ഗത്തേയും, വരേണ്യ വര്‍ഗ്ഗത്തേയും രക്ഷിക്കാനുള്ള ത്വരയില്‍ ലോകത്തെ ഏറ്റവും കര്‍ശനമായ ലോക്ഡൗണ്‍ ഇന്ത്യയുടെ ഭരണവര്‍ഗം അടിച്ചേല്‍പ്പിച്ചപ്പോള്‍ അവര്‍ മറന്ന ഒരു സംഗതിയുണ്ട്. ഇന്ത്യയില്‍ ലോക്ഡൗണ്‍ മൂലമുള്ള ദാരിദ്ര്യമായിരിക്കും കൊറോണയെക്കാള്‍ കൂടുതല്‍ ആളുകളെ കൊല്ലാന്‍ പോകുന്നതെന്നുള്ള കാര്യമാണ് അവര്‍ മറന്നത്. ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്ക് കോവിഡ് ബാധിക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വീട്ടു ജോലിക്കാരും, ഡ്രൈവര്‍മാരും, തേപ്പുകാരും മറ്റ് സഹായികളുമായി ഒരു വലിയ കൂട്ടം ആളുകളെ ആശ്രയിച്ചാണ് മധ്യ വര്‍ഗവും, വരേണ്യ വര്‍ഗവും ഇന്ത്യയില്‍ ജീവിക്കുന്നതെന്നുള്ള കാര്യം സമ്പൂര്‍ണ ലോക്ഡൗണ്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണ വര്‍ഗം മറന്നൂ.

22 ശതമാനം മാത്രമേ ഇന്ത്യയില്‍ 'സാലറീഡ് ക്ലാസ്' ഉള്ളൂവെന്നാണ് ഇന്റ്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. ബാക്കിയുള്ള 78 ശതമാനവും അസംഘടിത മേഖലയിലോ, കൃത്യമായുള്ള വരുമാനമില്ലാത്ത മേഖലകളിലോ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ഒക്കെ അന്നം മുട്ടിച്ചുകൊണ്ടായിരുന്നുവോ ലോക്ഡൗണ്‍ വരേണ്ടിയിരുന്നത്? ലോക്ഡൗണ്‍ തൊഴിലില്ലായ്മ മൂന്നിരട്ടിയാക്കി എന്നാണ് സെന്റ്റര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (CMIE) എന്ന സംഘടന പറയുന്നത്. അര്‍ബന്‍ മേഖലയിലുള്ള 30 ശതമാനം തൊഴില്‍ ഇല്ലാത്തവരായി കഴിഞ്ഞെന്നും സി.എം.ഐ.ഇ. - യുടെ പഠനത്തില്‍ പറയുന്നു. പാവപ്പെട്ടവരേയും പണക്കാരേയും ഒരുപോലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ബുദ്ധിമുട്ടിച്ചു. ഐ.ടി. രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതി കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആത്മഹത്യകള്‍ വരും ദിവസങ്ങളില്‍ കൂടാനേ പോകുന്നുള്ളൂ. ചുരുക്കം പറഞ്ഞാല്‍ വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ലോക്ഡൗണ്‍ കാരണം കൊറോണയെക്കാള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ആയിരിക്കും ആളുകളെ കൊല്ലുന്നത്.

സ്ത്രീകളെയാണ് ഈ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് തോന്നുന്നത്. റഷ്യയിലും ഇറാക്കിലും സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളേയും കുടുംബിനികളേയും ആയിരുന്നല്ലോ. ഇന്ത്യയിലെ തന്നെ സെക്‌സ് വര്‍ക്കേഴ്‌സിന് കോവിഡ് വന്നതില്‍ പിന്നെ വരുമാനമില്ല. മുംബൈയിലൊക്കെ ലോവര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട സ്ത്രീകള്‍ കുടുംബം പോറ്റാനായി ഈ തൊഴിലിലേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബി.ജെ.പി. കേറിയതില്‍ പിന്നെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും ജോലിക്ക് ഒരു ഗ്യാരണ്ടിയും ഇല്ല. ജോലിക്കും വരുമാനത്തിനും ഗ്യാരണ്ടി ഇല്ലാതാകുന്ന കാലമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളത്. ആര്‍.എസ്.എസ്സും, ബി.ജെ.പി.-യും തികഞ്ഞ ഏകാധിപത്യ ശൈലിയില്‍ ആണ് ഇപ്പോള്‍ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. ആളുകള്‍ ഇപ്പോള്‍ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിടുമെന്നുള്ള ഭീഷണിയില്‍ ആണ്. 2019 ഡിസംബറില്‍ രണ്ടു പേരെ ഇതെഴുതുന്ന ആള്‍ക്ക് അറിയാവുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 'പെര്‍ഫോമന്‍സ് അസസ്മെന്റ്റ്' എന്നു പറഞ്ഞുകൊണ്ട് പല കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 'കമ്പല്‍സറി റിട്ടയര്‍മെന്റ്റ്' കൊടുക്കുന്നുണ്ട് ഇപ്പോള്‍. പണ്ട് കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അഴിമതിയും മറ്റും ഉണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ മനുഷ്യന്റെ കഞ്ഞികുടി മുട്ടിക്കുന്ന പരിപാടി ഇല്ലായിരുന്നു.

ചെറുകിട കര്‍ഷകന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയാണ് കര്‍ഷക സമരത്തിന് കാരണം. ഒപ്പം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും കര്‍ഷക സമരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2019-ലെ ലേബര്‍ റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ്. 2019-ല്‍ തന്നെ സെന്റ്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (CMIE) 1.5 മില്യണ്‍ ആളുകള്‍ക്ക് അതല്ലെങ്കില്‍ 15 ലക്ഷത്തോളം പേര്‍ക്ക് ഇന്ത്യയില്‍ തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ആ തൊഴിലില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധി പുല്‍വാമ ബോംബ് സ്‌ഫോടനവും അതിനെ തുടര്‍ന്നുണ്ടായ ബാലക്കോട്ട് ആക്രമണവും കൊണ്ട് മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി. രാജ്യസ്‌നേഹം ഒരു വല്ലാത്ത തലത്തിലേക്ക് ഉയര്‍ത്തി തൊഴിലില്ലായ്മ പോലത്തെ മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളെയെല്ലാം ഒരു മൂലക്കിരുത്തുന്നതാണ് 2019-ലെ തെരഞ്ഞെടുപ്പില്‍ നാം കണ്ടത്.

സത്യത്തില്‍ 2019-ലെ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ ചിത്രം ഭീതിദമായിരുന്നു. അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും ഉത്തര്‍ പ്രദേശ് പൊലീസിലെ 'മെസഞ്ചര്‍' പോസ്റ്റിന് അപേക്ഷിച്ച വാര്‍ത്തയാണ് 2019-ലെ ന്യൂസില്‍ ഒരിക്കല്‍ പുറത്തുവന്നത്. 2018 മാര്‍ച്ച് 30 - ലെ 'ഇന്ത്യ ടി. വി.' റിപ്പോര്‍ട്ട് പ്രകാരം റെയില്‍വേയിലെ ഏതാണ്ട് ഒരു ലക്ഷം ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് 2.12 കോടി ആള്‍ക്കാരാണ്. 2 കോടി 12 ലക്ഷം ജനം ജോലിക്ക് അപേക്ഷിക്കണം എന്നുവെച്ചാല്‍ അത്രയധികം തൊഴിലില്ലായ്മ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നു സാരം. 2 കോടി 12 ലക്ഷം യുവാക്കള്‍ ജോലിക്ക് എന്തിന് അപേക്ഷിക്കണം, കേവലം 62 പ്യൂണ്‍ പോസ്റ്റിന് അമ്പതിനായിരം ഡിഗ്രിക്കാരും, ഇരുപത്തി എണ്ണായിരം ബിരുദാനന്തര ബിരുദ ധാരികളും, 3700 ഡോക്റ്ററേറ്റ് നേടിയവരും എന്തിന് അപേക്ഷിക്കണം - എന്നൊക്കെ ചോദിക്കുമ്പോഴാണ് നമ്മുടെ തൊഴില്‍ മേഖലയിലെ പല ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളും മനസിലാക്കേണ്ടത്.

ഇന്ന് നമ്മുടെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ യുവാക്കള്‍ ആണുള്ളത്. നമ്മുടെ രാജ്യത്തെ യുവത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു പല വികസിത രാജ്യങ്ങളും പിന്നിലാണ്. ഇന്ത്യന്‍ ജനസംഖ്യയിലെ ഈ യുവത്വത്തെയാണ് ഇംഗ്‌ളീഷില്‍ 'ഡെമോഗ്രാഫിക് ഡിവിഡന്റ്റ്' എന്ന് പറയുന്നത്. ചൈനയില്‍ പോലും ഇത്ര വലിയ ഒരു യുവജനങ്ങളുടെ നിര അവരുടെ ജനസംഖ്യയില്‍ കാണിച്ചു തരാനില്ല. അവിടെ ജോലി ചെയ്യുന്ന ആളുകള്‍ പ്രായമായി വരുന്നത് കൊണ്ട് അടുത്ത 15-20 വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച് നിര്‍ണായകമാണ്. പക്ഷെ യുവതീ-യുവാക്കളുടെ ഈ കര്‍മശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ നയിക്കാന്‍ ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉണ്ടാവണം. ഇന്ത്യക്ക് നിര്‍ഭാഗ്യവശാല്‍ അത്തരം നല്ല രാഷ്ട്ര ശില്‍പികള്‍ ഇപ്പോള്‍ ഇല്ല. അതാണ് ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നവും. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ആണെങ്കില്‍ നോട്ട് നിരോധനം, ജി.എസ്.ടി. - മുതലായ സെല്‍ഫ് ഗോളുകള്‍ അടിച്ച് ഒള്ള തൊഴിലും കൂടി നഷ്ടപ്പെടുത്തി. 'ജോബ് ക്രീയേഷന്‍' രംഗത്ത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ വലിയ പരാജയമാണ്. ആ പരാജയം മൂടി വെക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു കാലമായി ചെയ്യുന്നത്. ഇന്ത്യയില്‍ തൊഴിലിനെ കുറിച്ചുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ പൂര്‍ത്തിയായതായിരുന്നു. പക്ഷെ 2019 ജനുവരി അവസാനിക്കാറായിട്ടും കേന്ദ്ര സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പുറത്തിറക്കിയില്ല. അതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ ആക്റ്റിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍ രാജി വെച്ചതൊക്കെ ഓര്‍മിച്ചാല്‍ മാത്രമേ ഇന്ത്യയുടെ തൊഴില്‍ മേഖലയിലുള്ള പ്രതിസന്ധിയും, അതിനെ മൂടി വെക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങളും മനസിലാക്കാന്‍ സാധിക്കൂ.

ഇതെഴുതുന്ന ആള്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ളാറ്റില്‍ താഴെയുള്ള ഒന്നാം നിലയിലുള്ള ആളിന് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അയാളുടെ ഭാര്യ ഇപ്പോള്‍ ജോലിക്ക് അപേക്ഷിക്കുകയാണ്. രണ്ട് കൊച്ചു കുട്ടികളെ വളര്‍ത്തണം; അപ്പോള്‍ ജോലിക്ക് അപേക്ഷിക്കാതിരിക്കാന്‍ പറ്റുമോ? രണ്ടു കാറും, രണ്ട് ടു വീലറും ഒക്കെയായി നല്ല നിലയില്‍ കഴിഞ്ഞവര്‍ ആയിരുന്നു ആ വീട്ടുകാര്‍. പക്ഷെ കോവിഡ് അവരുടെ സാമ്പത്തിക ഭദ്രത തെറ്റിച്ചിരിക്കയാണ്. കുറച്ചു നാള്‍ മുമ്പ് ഞങ്ങളുടെ ഫ്ളാറ്റ് ഏരിയയില്‍ തന്നെയുള്ള ഒരാളുടെ മരുമകള്‍ വിഷം കുടിച്ചത് കേട്ടിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് വിഷം കുടിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ വന്നപ്പോഴാണ് പലരും അറിഞ്ഞത്. ഇനിയിപ്പോള്‍ അങ്ങനെയുള്ള അനേകം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories