TopTop

അസാധാരണമാം വിധം ജൈവികമായ സര്‍ഗാത്മകത പ്രസരിപ്പിക്കുന്ന എഴുത്തുകാരനായിരുന്നു ബേബി തോമസ്-വിനു എബ്രഹാം എഴുതുന്നു

അസാധാരണമാം വിധം ജൈവികമായ സര്‍ഗാത്മകത പ്രസരിപ്പിക്കുന്ന എഴുത്തുകാരനായിരുന്നു ബേബി തോമസ്-വിനു എബ്രഹാം എഴുതുന്നു

കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്ര സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ബേബി തോമസ് നമുക്ക് ഒപ്പം ഇനിയില്ല. ഒരു പക്ഷെ ഇങ്ങനെ ഒരു എഴുത്തു കാരനെ ഈ വരികള്‍ വായിക്കുന്നവരില്‍ തന്നെ പലരും കേട്ടിട്ടുണ്ടാവില്ല.കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോട് ഗ്രാമത്തില്‍ വളരെ നിര്‍ധനവും പ്രതികൂലവും ആയ സാഹചര്യങ്ങളില്‍ നിന്നു സ്വപരിശ്രമത്താല്‍ എഴുത്തിന്റെയും കലയുടെയും ലോകത്തേക്ക് ഉയര്‍ന്നു വന്നയാളാണ് ബേബി. പലവിധമായ കാരണങ്ങളാല്‍ പെരുമ ലഭിക്കുന്ന മുഖ്യധാരയില്‍ പ്രവേശനം കിട്ടാതെ പോയ ഒരു പ്രതിഭയാണ് ബേബി. സത്യത്തില്‍ തന്റെ സര്‍ഗ്ഗ പ്രതിഭയുടെ വളരെ കുറച്ചു ഭാഗത്തിന് മാത്രമേ സഫലീകരണം നല്‍കാന്‍ ബേബി തോമസിന് കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തില്‍ നിന്നു നമുക്ക് ലഭിച്ചിട്ടുള്ള വിശപ്പ് ഒരു പുസ്തകം എഴുതുന്നു, ആകാശമേ കേള്‍ക്ക എന്നീ കഥാസമാഹാരങ്ങളും ഷഡ്പദങ്ങളുടെ സെമിത്തേരി എന്ന നോവലും അസാധാരണമാം വിധം ജൈവികമായ സര്‍ഗാത്മകത പ്രസരിപ്പിക്കുന്ന ഒരു എഴുത്തുകാരനെ കാട്ടിത്തരുന്നുണ്ട്. ഇവ കൂടാതെ മരംകൊത്തി എന്നൊരു സിനിമയും ഇതേ പേരിലുള്ള തന്റെ കഥയെ ആധാരമാക്കി അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ സര്‍ഗജീവിതത്തിലെ ഏറ്റവും വലിയ സുകൃതങ്ങളില്‍ ഒന്നായ നഷ്ടനായിക എന്ന നോവലിന്റെ ബീജാവാപം നടക്കാന്‍ നിമിത്തം ആയത് ബേബിയിലൂടെയാണ്. 2005ലെ ഐ എഫ് എഫ് കെ ചലച്ചിത്രോത്സവം നടക്കവേ,കൈരളി തീയറ്ററിന്റെ പരിസരത്ത് ബേബിയുടെ നേത്വതത്തില്‍ ഉള്ള ഒരു കൂട്ടായ്മ പുറത്തിറക്കിയ പ്രതിഷേധ ലഘുലേഖയില്‍ നിന്നാണ് ഞാന്‍ ആദ്യമായി പി കെ റോസിയെക്കുറിച്ചും വിഗതകുമാരന്‍ സിനിമയുടെയും ജെ സി ദാനിയലിന്റെയും ദുരന്തങ്ങളെക്കുറിച്ചും അറിയുന്നത്. അങ്ങനെ ഞാന്‍ ആ നോവലിലേക്കു എത്തി. പിന്നെ നോവല്‍ സെല്ലുലോയ്ഡ് സിനിമയും മറ്റു അനേകം കലാവിഷ്‌ക്കാരങ്ങളും ആയി പരിണമിച്ചു. അതോടെ പി കെ റോസിയും ഡാനിയലും വിഗതകുമാരനും നമ്മുടെ ചരിത്രത്തില്‍ ലബ്ധ പ്രതിഷ്ഠര്‍ ആകുന്നു. ചുരുക്കത്തില്‍, വിസ്മൃതിയില്‍ ആണ്ടിരുന്ന മലയാള സംസ്‌കൃതിയുടെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു ഏടിന്റെ വീണ്ടെടുപ്പ് നടക്കാന്‍ കാരണഭൂതനായ വ്യക്തിയാണ് ബേബി തോമസ്. അതിനു കേരളം മുഴുവന്‍ ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.

ഈ കോവിഡ് അടച്ചുപൂട്ടല്‍ കാലത്ത്, ബേബിയുടെ മരണവും ആ ജീവിതം പോലെ തന്നെ വലിയ അപൂര്‍ണതകള്‍ തുറന്നിടുന്നു. പ്രിയ സ്‌നേഹിതന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കാനായി, വിട നല്‍കാനായി ഒന്നു ഒത്തു കൂടാന്‍ പോലും ആവാത്ത അവസ്ഥ. ബേബിയുടെ പ്രിയ കൂട്ടുകാരി ഗീതയുടെയും വളര്‍ന്നു വരുന്ന എഴുത്തുകാരിയും വിദ്യാര്‍ത്ഥിനിയും ആയ പ്രിയ പുത്രി കബനിയുടെയും സങ്കടത്തില്‍ അകലെയിരുന്നു പങ്കു ചേരാം. ബേബി തോമസിന്റെ രചനകള്‍ ഇനിയും കൂടുതലായി വായനക്കാരിലേക്കു എത്തിക്കാന്‍ ശ്രമിക്കാം... ആദരാഞ്ജലികള്‍ അര്‍പ്പിക്കാം...


വിനു എബ്രഹാം

വിനു എബ്രഹാം

എഴുത്തുകാരന്‍

Next Story

Related Stories