Top

ശരിക്കും ആരാണ് സൈക്കോ; ജോക്കറും ജോളിയും

ശരിക്കും ആരാണ് സൈക്കോ; ജോക്കറും ജോളിയും

ജോക്കറിനെ പറ്റി കേട്ടിട്ടില്ലേ..? ഹോളിവുഡ് സിനിമകളിലെ പകരം വെക്കാനില്ലാത്ത വില്ലനെ..?

സ്വന്തം കാര്യം സാധിക്കാന്‍ എന്തും ചെയ്യുന്ന, മറ്റുള്ളവരെ നശിപ്പിച്ചാണെങ്കിലും കാര്യം സാധിക്കുന്ന, മറ്റുള്ളവരുടെ പ്രശ്‌നങ്ങളേയോ വികാരങ്ങളെയോ പറ്റി ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യുന്ന, കളവു പറഞ്ഞും ചതിച്ചും മുന്നേറുന്ന വില്ലന്‍. നിയമങ്ങള്‍ തെറ്റിക്കല്‍ സ്ഥിരം സ്വഭാവമാക്കിയ അധികാരികളുടെ കണ്ണിലെ കരടായ ജോക്കര്‍.. ദി റിയല്‍ സൈക്കോ.

'സൈക്കോ' എന്ന വാക്ക് ഇന്ന് വളരെ ജനകീയമാണ്. പ്രത്യേകിച്ചു യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ഇടയില്‍... അബ്‌നോര്‍മല്‍ ആയി വസ്ത്രം ധരിക്കുകയോ, മറ്റുള്ളവരെ പരിഗണിക്കാതെ തോന്നിയത് പോലെ ചെയ്യുന്നവരെയോ, മയക്കുമരുന്നു ഉപയോഗിക്കുന്നവരെയോ, മാനസിക രോഗം ഉള്ളവരെയോ ഒക്കെയാണ് പുതിയതലമുറ സൈക്കോ എന്നു വിളിക്കുന്നത്.

എന്നാല്‍ ശരിക്കും ആരാണ് സൈക്കോ..?

സൈക്കോ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സൈക്കോപ്പാത്ത് എന്ന വാക്കിനെ ആണ്. സൈക്കോപ്പാത്ത്‌സ്(Psychopaths), സോഷ്യോപ്പാത്ത്(Sociopaths) എന്ന രണ്ട് പദങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ആന്റിസോഷ്യല്‍ പെര്‍സണാലിറ്റി ഡിസോര്‍ഡറിനെ( സാമൂഹ്യ വിരുദ്ധ വ്യെക്തത വൈകല്യം) ഉദ്ദേശിച്ചാണ്.

പല മനശാസ്ത്ര ലേഖനങ്ങളിലും ജോക്കറിന്റെ പെരുമാറ്റങ്ങളും സ്വഭാവങ്ങളും ആന്റി സോഷ്യല്‍ പെര്‍സണാലിറ്റി ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളുമായി ഒത്തു വരുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാവില്ല നമ്മള്‍ക്കിടയിലെ സൈക്കോപ്പാത്ത്‌സ് ജീവിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിക്ക് സാമൂഹ്യവിരുദ്ധ വ്യക്തിത്വമായിരിക്കാം എന്നു ചില മനശാസ്ത്രജ്ഞര്‍ അഭിപ്രായപെട്ടത് കണ്ടതിനാലാണ് ഇപ്പോള്‍ ഈ മാനസിക രോഗത്തെ കുറിച്ചു എഴുതാന്‍ തീരുമാനിച്ചത്

എന്താണ് സാമൂഹ്യ വിരുദ്ധ വ്യക്തിത വൈകല്യം?? അഥവാ ആന്റിസോഷ്യല്‍ പെര്‍സണാലിറ്റി ഡിസോര്‍ഡര്‍(ASPD)

തനിക്ക് ചുറ്റുമുള്ളവരുടെ അവകാശങ്ങളെയും വികാരങ്ങളെയും അവഗണിച്ചു കൊണ്ടും, ശരി തെറ്റുകളെ വകവെക്കാതെയുമുള്ള രൂഢമൂലമായാ പെരുമാറ്റങ്ങളെ ആണ് ആന്റിസോഷ്യല്‍ പെര്‍സണാലിറ്റി ഡിസോര്‍ഡര്‍ എന്നു പറയുന്നത്. കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഷം തോറും ഒരു മില്യണ്‍ എ എസ് പി ഡി ക്കാര്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍..?

1) നിരന്തരമായി നിയമങ്ങള്‍ തെറ്റിക്കുകയും, നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക.

നിയന്ത്രണങ്ങളും നിയമങ്ങളും എനിക് ബാധകമല്ലെന്നുള്ള രീതിയിലുള്ള പെരുമാറ്റം. ഇതിന്റെ പേരില്‍ അധികാരികളോടും നിയമപാലകരോടും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

2) സ്വന്തം കാര്യങ്ങള്‍ സാധിക്കാനും ലാഭത്തിനും സുഖത്തിനും വേണ്ടി നിരന്തരമായി കളവു പറയുകയോ വഞ്ചിക്കുകയോ അപരനാമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക.

ഇവര്‍ ചിലപ്പോള്‍ വളരെ മനോഹരമായി സംസാരിക്കുകയും, പെരുമാറുകയും ഉത്തരവാദിത്തബോധം പ്രകടപ്പിച്ചു അതിലൂടെ സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുക്കുകയും ചെയ്യും. ഇവര്‍ ഏറ്റവും അടുത്തവരെ പോലും ചതിക്കുന്നവര്‍ അയിരിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ചും ദൗര്‍ബല്യങ്ങളെ കുറിച്ചും നല്ല അറിവുണ്ടാവും. ഈ അറിവ് അവരെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

3) പെട്ടന്നുള്ള പെരുമാറ്റങ്ങള്‍

താല്‍ക്കാലിക നേട്ടം മാത്രം ആലോചിച്ചു കൊണ്ടുള്ള പെട്ടന്നുള്ള പെരുമാറ്റമായിരിക്കും ഇവരില്‍ നിന്നുണ്ടാവുക. ഭാവിയില്‍ ആ പെരുമാറ്റം കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ചു ആലോചിക്കുകയില്ല.

4)നിരന്തരമായ അടിപിടികളോ കൈയ്യേറ്റങ്ങളോ, അതിക്രമങ്ങളോ ഉണ്ടാവുക.

5) സ്വന്തത്തിന്റെയോ മറ്റുള്ളവരുടെയോ സുരക്ഷയെപറ്റി ബോധവാന്മാരല്ലാതിരിക്കുക.

6)ജോലിയിലും സാമ്പത്തിക കാര്യത്തിലും ഉത്തരവാദിത്വമില്ലായ്മയും അച്ചടക്കം ഇല്ലാതിരിക്കുകയും ചെയ്യുക.

ഏല്‍പ്പിക്കുന്ന ജോലികളില്‍ ഒട്ടും കര്‍ത്തവ്യനിഷ്ട ഇല്ലാതിരിക്കുന്നതോടൊപ്പം ഒരു ജോലിയിലും ഉറച്ചു നില്‍ക്കാതിരിക്കുക.

7) മറ്റുള്ളവരോട് തെറ്റുകുറ്റങ്ങള്‍ ചെയ്യുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോള്‍ കുറ്റബോധമോ മനസലിവോ സഹാനുഭൂതി(empathy)യോ ഇല്ലാതിരിക്കുക.

സാമൂഹ്യ വിരുദ്ധ വ്യക്തിത്വമുള്ളവര്‍ നിരന്തരം ചെയ്യുന്ന തെറ്റിനും കുറ്റത്തിനും അവര്‍ സ്വയം ന്യായങ്ങള്‍ കണ്ടെത്തുകയും ആശ്വസിക്കുകയും ചെയ്യും.

ഈ വ്യക്തിത്വ വൈകല്യമുള്ളവരുടെ കുട്ടിക്കലത്തോ കൗമാര കാലത്തോ, കളവു പറയുക, മോഷ്ടിക്കുക, അനാവശ്യമായ അടിപിടികളിലും അക്രമങ്ങളിലും ഏര്‍പ്പെടുക, അളവ് തൂക്കങ്ങളില്‍ കൃതൃമം കാണിക്കുക, തുടങ്ങിയ പ്രവണതകള്‍ ഉള്ളവരായിരിക്കും

ഇത്തരം സ്വഭാവം കൂടുതലായി കാണുന്നത് പുരുഷന്മാരിലാണ്. അപൂര്‍വ്വമായാണ് സ്ത്രീകളില്‍ സാമൂഹ്യ വിരുദ്ധ സ്വഭാവം കാണിക്കുന്നത്.

കാരണങ്ങള്‍.

സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് നിദാനമായി ബാല്യത്തിലെ അമിത ലാളന, ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍, ജനിതകഘടകം(പാരമ്പര്യം), കുട്ടിക്കാലത്തെ അവഗണനകള്‍, മദ്യപാന ശീലമുള്ള രക്ഷിതാക്കള്‍, മോശപ്പെട്ട സാമൂഹ്യ സാഹചര്യങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളുമുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.

10 വയസിനു മുന്നേ പെരുമാറ്റ വൈകല്യമോ (കണ്ടക്ട് ഡിസോര്‍ഡര്‍) ,അറ്റന്‍ഷന്‍ ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറോ ഉള്ള കുട്ടികളില്‍ ഒരുപക്ഷേ മുതിര്‍ന്നവരാവുമ്പോള്‍ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം ഉണ്ടാവാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ചും കണ്ടക്ട് ഡിസോര്‍ഡര്‍.

ചികിത്സ

സാമൂഹ്യ വിരുദ്ധ വ്യക്തിത്വത്തിനു ചികിത്സ അത്യാവശ്യമാണ്. മരുന്നുകളെക്കാള്‍ പ്രധാനം വ്യെക്തിത്വഘടനയുടെ അഴിച്ചു പണി(Personality Restructuring) ലക്ഷ്യം വെച്ചു കൊണ്ടുള്ള മനശാസ്ത്ര ചികിത്സയാണ്. സൈക്കോ തെറാപ്പി(ടോക് തെറാപ്പി), ഫാമിലി തെറാപ്പി( രോഗിയോടുള്ള നിലപാടുകളും, ലക്ഷണങ്ങളെ കുറിച്ചും കുടുംബത്തിന് അവബോധം ഉണ്ടാക്കുക) എന്നിവ നല്ലതാണ്.

ഈ രോഗത്തെ ചികില്‍സിക്കാനുള്ള പ്രത്യേക മരുന്നൊന്നും മനോരോഗ വിഭാഗം നിര്‍ദ്ദേശിക്കുന്നില്ല. എന്നാലും ഇതൊടനുബന്ധിച്ചു ഇവരില്‍ കാണുന്ന ദേഷ്യവും, പെട്ടന്നുള്ള പെരുമാറ്റങ്ങളും നിയന്ത്രിക്കാനുമുള്ള മരുന്നുകള്‍ ഉപയോഗപ്രദമാണ്.

പക്ഷെ, ചികിത്സയിലെ പ്രധാനപ്പെട്ട വെല്ലുവിളി എന്തെന്നാല്‍

രോഗി സ്വമേധയാ ചകിത്സക്ക് വരാത്തതും തുടര്‍ ചികിത്സ എടുക്കാത്തതുമാണ്.

ഈ 'രോഗി'കള്‍ക്ക് ശിക്ഷ ലഭിക്കുമോ?

സാമൂഹ്യ വിരുദ്ധവ്യെക്തത്വം മനോരോഗങ്ങളുടെ പട്ടികയില്‍ ആണെങ്കിലും ഈ രോഗികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ ഉത്തരവാദികള്‍(criminal responsibility) ആണ്. വളരെ ചുരുക്കം മനോരോഗങ്ങള്‍ക്ക് മാത്രമേ അവര്‍ ചെയ്തു പോകുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും കോടതി അവരെ വിമുക്തരാക്കുന്നുള്ളൂ. എന്നാല്‍ സാമൂഹ്യ വിരുദ്ധ വ്യക്തിത്വം ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടും

Ref:

1)Diagnostic manual of mental Disorders-Fifth Edition

2) Abnormal Psychology- 16th Ed

3) ഒരു മനശാസ്ത്രജ്ഞന്റെ അനുഭവ കുറിപ്പുകള്‍.


Next Story

Related Stories