TopTop
Begin typing your search above and press return to search.

എന്താണ് 'ഫാസ്റ്റാഗ്' എന്ന ഇലക്ട്രോണിക് ടോൾ പിരിവ് സമ്പ്രദായം?

എന്താണ് ഫാസ്റ്റാഗ് എന്ന ഇലക്ട്രോണിക് ടോൾ പിരിവ് സമ്പ്രദായം?

ഡിസംബർ ഒന്നാം തീയ്യതി മുതൽ 'ഫാസ്റ്റാഗ്' ഇലക്ട്രോണിക് ടോൾ പിരിവ് സമ്പ്രദായം നിലവിൽ വരുന്നതിന്റെ പശ്ചാത്തിൽ പ്രസ്തുത സാങ്കേതികതയെക്കുറിച്ച് വിവരിക്കുകയാണ്

സുജിത് കുമാർ

.

ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇന്ത്യയിൽ ഫാസ്റ്റാഗ് എന്ന ഇലക്ട്രോണിക് ടോൾ പിരിവു സമ്പ്രദായം നിർബന്ധമാക്കിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ ഫാസ്റ്റാഗ് സാങ്കേതികവിദ്യയെക്കുറിച്ച് ചില കാര്യങ്ങൾ.

Indian Highways Management Company Limited (IHMCL) നാഷണൽ ഇലക്ട്രോണിക് ‌ടോൾ കളൿഷൻ പദ്ധതിയുടെ ഭാഗമായി National Payment Corporation of India യുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവു സംവിധാനം ആണ്‌ ഫാസ്റ്റ്ടാഗ് (Fastag). ഫാസ്റ്റാഗ് എന്നത് കോൾഗേറ്റും ക്ലോസപ്പും ഉജാലയും പോലെയൊക്കെയുള്ള ഒരു ബ്രാൻഡ് നേം മാത്രം. ഇന്ത്യയിൽ ഇത്തരത്തിൽ ഇലക്ട്രൊണിക് ടോൾ ടാക്സ് കളൿഷൻ പദ്ധതി നിലവിൽ വന്നത് 2014 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു എങ്കിൽ വർഷങ്ങൾക്ക് മുൻപേ തന്നെ പല വിദേശ രാജ്യങ്ങളും ഇത് നിലവിൽ ഉള്ളതാണ്‌.

Radio Frequency Identification (RFID) സാങ്കേതിക വിദ്യയാണ്‌ ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് ഓഫീസുകളിൽ അറ്റൻഡൻസിനും മെട്രോ ട്രയിനുകളിൽ യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന RFID കാർഡുകളെ ഇവിടെ ഫാസ്റ്റാഗ് എന്ന പേരിട്ട് വിളിക്കുന്നു. വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ മുൻവശത്ത് ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റാഗ് കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും നിമിഷ നേരങ്ങൾ കൊണ്ട് തന്നെ കാർഡിലെ ബാലൻസും കാർഡിന്റെ ആധികാരികതയുമൊക്കെ വിലയിരുത്തി ടോൾ ടാക്സ് ഓട്ടോമാറ്റിക് ആയിത്തന്നെ കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുകയും ചെയ്യുന്നതാണ്‌ ഈ സാങ്കേതിക വിദ്യ. ഫാസ്റ്റാഗിനെക്കുറിച്ച് പറയുമ്പോൾ അതിലെ അടിസ്ഥാന സാങ്കേതിക വിദ്യയായ ആർ എഫ് ഐഡിയെക്കുറിച്ച് ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

"സാധനം കയ്യിലുണ്ടോ .." എന്ന് ചോദിക്കുമ്പോൾ മറു കോഡ് ആയി "സാധനം കയ്യിലുണ്ട്.." എന്ന് പറഞ്ഞുകൊണ്ട് മുൻ നിശ്ചയിക്കപ്പെട്ട കോഡുകളൂം മറു കോഡുകളും ഉപയോഗിച്ച് മുൻ പരിചയമില്ലാത്തവർക്ക് തിരിച്ചറിയാൻ സഹായകമാകുന്ന ഒരു സമ്പ്രദായം മോഹൻ ലാലും ശ്രീനിവാസനും ആവിഷ്കരിച്ചിരുന്നല്ലോ. അതുപോലെ റേഡിയോ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കോഡുകളും മറു കോഡുകളും ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യയ്ക്ക് പറയുന്ന പേരാണ്‌ Radio Frequency Identification അഥവാ RFID. രണ്ടാം ലോകമഹാ യുദ്ധകാലത്ത് തന്നെ ഈ സാങ്കേതിക വിദ്യ ശത്രുവിമാനങ്ങൾക്കിടയിൽ നിന്നും സ്വന്തം വിമാനങ്ങളെ റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് വേർതിരിച്ചറിയാനുള്ള Identification of freind or foe (IFF) സാങ്കേതിക വിദ്യ ബ്രിട്ടീഷ് എയർഫോഴ്സ് ആവിഷ്കരിച്ചിരുന്നു. അതിന്റെയൊക്കെ ഒരു ആധുനിക രൂപമാണ്‌ ഇത്.

തിരിച്ചറിയപ്പെടേണ്ട വസ്തുക്കളിൽ ഘടിപ്പിക്കാവുന്നതോ വ്യക്തികൾക്ക് കൊണ്ടു നടക്കാവുന്നതോ ആയ ടോക്കണുകളുടെയും സ്റ്റിക്കറുകളുടെയും കാർഡുകളുടെയുമൊക്കെ രൂപത്തിലുള്ള RFID ടാഗുകളും ഇവയെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന RFID റീഡറുകളും അടങ്ങിയതാണ്‌ RFID സിസ്റ്റത്തിന്റെ അടിസ്ഥാന ഘടന. ആക്റ്റീവ് RFID , പാസ്സിവ് RFID എന്നിങ്ങനെ രണ്ട് തരത്തിലുള്ള ടാഗുകൾ ആണ്‌ പൊതുവേ നിലവിലുള്ളത്. ഇവയിൽ തന്നെ രണ്ട് വിഭാഗങ്ങൾ വേറെയുമുണ്ട് പ്രോഗ്രാമബിളും നോൺ പ്രോഗ്രാമബിളും. ആക്റ്റിവ് ആർ എഫ് ഐഡി കാർഡുകൾ എന്നാൽ ബാറ്ററിയിലൂടെ പവർ ആവശ്യമായ കാർഡുകൾ ആണ്‌. ഇതേ സമയം പാസീവ് ആർ എഫ് ഐഡി ടാഗുകളിൽ സ്വന്തമായി ബാറ്ററി ഉണ്ടായിരിക്കുകയില്ല. മെട്രോകളിൽ ഉപയോഗിക്കുന്ന കാർഡ്, വൈഫൈ ചിഹ്നമുള്ള നിങ്ങളുടെ ക്രഡിറ്റ് കാർഡുകൾ തുടങ്ങിയവയൊക്കെ പാസീവ് ആർ എഫ് ഐഡി കാർഡുകൾക്ക് ഉദാഹരണമാണ്‌. അപ്പോൾ സ്വാഭാവികമായും ഒരു സംശയം ഉണ്ടാകും സ്വന്തമായി ബാറ്ററിയോ‌ പവർ സപ്ലെയോ ഇല്ലാതെ ഈ ടാഗ് കൊഡ് പറയുമ്പോൾ എങ്ങിനെ മറു കോഡ് പറയും? മറു കോഡ് ട്രാൻസ്മിറ്റ് ചെയ്യണമെങ്കിൽ പവർ വേണ്ടേ? ഇവിടെയാണ്‌ Energy Harvesting എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. പാസ്സീവ് RFID സിസ്റ്റത്തിൽ ടാഗുകൾക്ക് മറുകോഡ് ട്രാൻസ്മിറ്റി ചെയ്യാൻ ആവശ്യമായ പവർ കൂടി നൽകുന്നത് റീഡറുകൾ തന്നെയാണ്‌. ഒരു ആന്റിനയും ചെറിയൊരു ചിപ്പും ആ ചിപ്പിൽ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന കോഡും ചേർന്നതാണ്‌ പാസീവ് ആർ എഫ് ഐഡി ടാഗുകൾ. ആർ എഫ് ഐഡി റീഡറുകളൂടെ ശക്തമായ റേഡിയോ ഫീൽഡിൽ വരുമ്പോൾ അതിൽ നിന്നും ചിപ്പ് പ്രവർത്തിക്കാനാവശ്യമായ പവർ സപ്ലേ വയർ ലെസ് ആയിത്തന്നെ ലഭ്യമാകും. അപ്പോൾ മറ്റൊരു സംശയം വരാം ഇത്രയധികം പവർ ഒക്കെ ഇങ്ങനെ വയർ ലെസ് ആയി കിട്ടുമോ എന്ന്.. അത്രയധികം പവർ ഒന്നും ഇതിന്‌ ആവശ്യമില്ല. ഏതാനും മൈക്രോ ആമ്പിയർ /മില്ലി ആമ്പിയർ കറന്റ് മാത്രമേ ഇതിനായി ആവശ്യം വരുന്നുള്ളൂ. പിന്നെ ഇത്തരം കാർഡുകൾ കോഡുകൾ ട്രാൻസ്മിറ്റ് ചെയ്യുക അല്ല ചെയ്യുന്നത്. ട്രാൻസ്മിറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ പവർ വേണ്ടി വരും അതിനു പകരമായി റീഡറിന്റെ ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡിൽ പ്രോഗ്രാം ചെയ്യപ്പെട്ട കോഡുകൾക്കനുസരിച്ച് വ്യതിയാനങ്ങൾ വരുത്തി അത് റീഡറുകളെ മനസ്സിലാക്കിക്കൊടുക്കുന്ന 'ബാക് സ്കാറ്ററിംഗ്' എന്ന ഒരു സാങ്കേതിക വിദ്യയാണ്‌ പൊതുവേ പാസീവ് ആർ എഫ് ഐഡി ഉപയോഗിക്കുന്നത്. ഇതുകൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ട് അതായത് റീഡർക്കും ടാഗിനും ഇടയിലുള്ള ദൂരം ഒരു വിഷയമാണ്‌. എത്രത്തോളം ദൂരം കുറഞ്ഞിരിക്കുന്നുവോ അത്രത്തോളം കൃത്യമായും വേഗത്തിലും ഫലപ്രദമായും ടാഗുകൾ റീഡ് ചെയ്യാൻ കഴിയും. അതുകൊണ്ടാണ്‌ മെട്രോ കാർഡുകളും ടോക്കണുകളുമൊക്കെ റീഡറുകൾ തൊടേണ്ടി വരുന്നത്. ഈ ദൂരപരിധി കൂട്ടണമെങ്കിൽ ഒന്നുകിൽ കാർഡുകളിലും ടോക്കണുകളിലും ബാറ്ററികളും മറ്റുമുപയോഗിച്ച് അവയെ ആക്റ്റീവ് ആക്കേണ്ടി വരും. അല്ലെങ്കിൽ കൂടുതൽ ശക്തമായ ഇലക്ട്രിക് ഫീൽഡ് നൽകാൻ കഴിയുന്ന റീഡറുകൾ ഉപയോഗിക്കേണ്ടി വരും. അതോടൊപ്പം കൂടുതൽ ഊർജം കാർഡുകൾക്ക് ലഭിക്കാനായി അവയുടെ സെൻസിംഗ് ആന്റിനയിലെ കമ്പിച്ചുരുളുകളുടെ ഇണ്ണം കൂട്ടേണ്ടി വരും. പൊതുവെ ബാറ്ററിയൊക്കെ ഇത്തരം കാർഡുകളിൽ ഉപയോഗിക്കുന്ന അപ്രായോഗികമായതിനാൽ പാസീവ് ആർ എഫ് ഐഡി സിസ്റ്റങ്ങൾ തന്നെ അവയുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ട് ഉപയോഗിക്കുകയാണ്‌ പതിവ്. ഇത്തരത്തിലുള്ള പാസീവ് ആർ എഫ് ഐഡികൾ തന്നെ രണ്ടു തരത്തിലുള്ലവയുണ്ട്. ഒന്ന് നിർമ്മിക്കപ്പെടുന്ന അവസരത്തിൽ തന്നെ അതിൽ യുണീക് ആയ ഒരു കോഡ് പ്രോഗ്രാം ചെയ്ത് പിന്നീട് തിരുത്താൻ കഴിയാത്ത നോൺ പ്രോഗ്രാമബിൾ ടാഗുകളും ആവശ്യാനുസരണം പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന പ്രോഗ്രാമബിൾ ടാഗുകളും. വിസ്താരഭയത്താൽ ആർ എഫ് ഐഡികളെക്കുറിച്ച് കൂടുതൽ പറഞ്ഞ് വിഷയത്തിൽ നിന്നും മാറിപ്പോകുന്നില്ല.

ഫാസ്റ്റാഗിലേക്ക് തന്നെ തിരിച്ചു വരാം. ഫാസ്റ്റാഗും ഒരു പാസീവ് ആർ എഫ് ഐഡി തന്നെയാണ്‌. ഇതിൽ മുൻനിശ്ചയിക്കപ്പെട്ട ഒരു വൺ ടൈം പ്രോഗ്രാമബിൾ കോഡ് പ്രോഗ്രാം ചെയ്ത് കയറ്റിയിട്ടുണ്ടായിരിക്കും. HDFC, ICICI, PNB, SBI, Kotak തുടങ്ങിയ എല്ലാ പ്രമുഖ ബാങ്കുകൾ വഴിയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽക് ഫാസ്റ്റാഗ് വാങ്ങാൻ കഴിയുന്നതാണ് ( ഓൺ ലൈൻ അപ്ലിക്കേഷനായി ബാങ്കുകളുടെ വെബ് സൈറ്റ് സന്ദർശിക്കുക) ഫാസ്റ്റാഗിൽ ഈ പറയുന്ന വ്യക്തിവിവരങ്ങൾ ഒന്നും തന്നെ പ്രോഗ്രാം ചെയ്യപ്പെടുന്നില്ല മറിച്ച് ഒരു യുണീക് കോഡ് മാത്രമാണ്‌ ഇതിൽ ഉണ്ടാവുക. 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കാർഡ് ബാലൻസിൽ ബ്ലോക്ക് ആയി കിടക്കും. തുടർന്ന് പ്രത്യേകമായി റീചാർജ് ചെയ്യാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാലൻസ് തുക നിശ്ചിത പരിധിയിൽ കുറയുമ്പോൾ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യാനോ ഒക്കെയുള്ള സൗകര്യങ്ങൾ ഉണ്ട്. ഒരു വാഹനത്തിന് ഒരു ടാഗ് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അതുപോലെ ഒരു ടാഗ് ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കുവാനും അനുവാദമില്ല.

ഫാസ്റ്റാഗ് സിസ്റ്റത്തിൽ പ്രധാനമായും മൂന്നു ഭാഗങ്ങൾ ആണുള്ളത്.

1. ഫാസ്റ്റാഗ് എന്നറിയപ്പെടുന്ന വാഹനങ്ങളിലെ RFID സ്റ്റിക്കർ ടാഗ്.

2. ടോൾ പ്ലാസകളിലെ റീഡറുകളും മറ്റ് സെൻസറുകളും കാമറകളും അവയുമായി ബന്ധപ്പെടുത്തിയ സർവ്വറുകളും അടങ്ങിയ സംവിധാനം.

3. നാഷണൽ ഇലക്ട്രോണിക് ടോൾ കളൿഷൻ സെർവ്വറുകളൂം പേയ്മെന്റ് ഗേറ്റ് വേകളും.

ഓരോ വിഭാഗത്തിൽ പെടുന്ന വാഹങ്ങൾക്കും ടോൾ വ്യത്യസ്തമായതിനാലും കാറിന്റെ പേരിൽ വാങ്ങിയ ടാഗ് ലോറിയിൽ ഒട്ടിച്ച് വെട്ടിപ്പ് നടത്താതിരിക്കാനുമൊക്കെയായി ടോൾ പ്ലാസകളിൽ ടാഗ് റീഡറുകൾക്ക് പുറമേ വാഹങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു എന്ന് സ്വയം തിരിച്ചറിയാനുള്ള Automatic Vehicle Classification (AVC) എന്ന സംവിധാനം ഉണ്ടായിരിക്കും. ഇൻഫ്രാ റെഡ് സെൻസറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ സംവിധാനത്തിൽ വാഹനങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നവയാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്നു. ഭാര വാഹനങ്ങളുടെ ടോൾ ടാക്സിലും വ്യത്യാസമുള്ളതിനാൽ വാനങ്ങളുടെ ഭാരം അവ ചലിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്ന Weight-in-motion (WIM) സെൻസർ സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ട്. പിന്നെ വരുന്ന സി സി ടിവി ക്യാമറകൾ ആണ്‌. അതായത് നിങ്ങളുടെ വാഹനം ടോൾ ലൈനിൽ കയറുമ്പൊൾ തന്നെ ടാഗിലെ യുണീക് കോഡ് റീഡ് ചെയ്യപ്പെടുന്നു അതോടൊപ്പം AVC യും ‌WIM ഉം ഉപയോഗപ്പെടുത്തി ഇത് മൂന്നും തരതമ്യം ചെയ്ത് ഡേറ്റാബേസുമായി മാച്ച് ചെയ്ത് ടോൾ ടാക്സ് ബാലൻസിൽ നിന്നും ഈടാക്കുന്നു. ഇതേ സമയം തന്നെ ക്യാമറ വാഹനത്തിന്റെ ഒരു ഫോട്ടോകൾ കൂടി എടുത്ത് ടൈംസ്റ്റാമ്പോടുകൂടി കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കപ്പെടുന്നു. പിന്നീട് എന്തെങ്കിലും പരാതികളോ തട്ടിപ്പുകളോ മറ്റോ ഉണ്ടാകുമ്പോൾ അവ പരിശോധിക്കാൻ ഇത് സഹായകമാകുന്നു.

ഫാസ്റ്റാഗ് സുരക്ഷിതത്വം

വർഷങ്ങളായി വിദേശ രാജ്യങ്ങളിലൊക്കെ നിലനിന്നിരുന്ന അത്യാവശ്യം തഴക്കവും പഴക്കവുമൊക്കെയുള്ള ഒരു സാങ്കേതിക വിദ്യ ആയതിനാൽ ഇതിനു മുൻപ് ഉണ്ടായിരുന്ന തട്ടിപ്പുകളും വെട്ടിപ്പുകളുമൊക്കെ മനസ്സിലാക്കി അവ ഒഴിവാക്കാനുള്ള അടിസ്ഥാന മുൻകരുതലുകൾ ഫാസ്റ്റാഗിന്റെ കാര്യത്തിലും എടുത്തിട്ടുണ്ട് എന്നാണ്‌ അറിയുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ടാഗ് ക്ലോണിംഗ് ആണ്‌. അതായത് നിങ്ങളുടെ ഫാസ്റ്റാഗ് വണ്ടിയുടെ ഗ്ലാസിൽ ഒട്ടിച്ചു വച്ചത് ആയതിനാൽ അത് ഒരു റീഡർ ഉപയോഗിച്ച് പകർത്ത് ഡൂപ്ലിക്കേറ്റ് കാർഡ് ഉണ്ടാക്കി മറ്റൊരു വണ്ടിയിൽ ഉപയോഗിച്ചാൽ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നല്ലേ നഷ്ടപ്പെടുക. ഈ തരത്തിലുള്ല തട്ടിപ്പ് വിദേശ രാജ്യങ്ങളിൽ പരക്കെ ഉണ്ടായിരുന്നു. അത് ഒഴിവാക്കാനായി വാഹന ഉടമയുടേയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയുമൊക്കെ രേഖകൾ ഉറപ്പാക്കി കെ വൈ സിയിലൂടെയാണ്‌ ഫാസ്റ്റാഗുകൾ ഇഷ്യൂ ചെയ്യുന്നത്. അതോടൊപ്പം തന്നെ ക്ലോൺ ചെയ്യപ്പെട്ട ഫാസ്റ്റ് ടാഗുകളുടെ ഉപയോഗം തടയാനായി ക്ലോൺ ചെയ്യപ്പെട്ട കാർഡുകൾ വഴി നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ള ടോൾ ബൂത്തുകളിൽ കാർഡുകൾ ഒരേ സമയം ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ ടാഗ് ബ്ലോക്ക് ചെയ്യപ്പെടുന്നു. തുടർന്ന് പരാതികൾ ഉണ്ടാകുമ്പൊൾ ക്യാമറകളിലെ ദൃശ്യങ്ങളുടെ പ്രശ്നപരിഹാരത്തിനായി ഉപയോഗപ്പെടുത്തുന്നു.

ഫാസ്റ്റാഗുകൾ നിർബന്ധമാകുന്നതോടെ അതിനോടനുബന്ധിച്ച് വലിയ തോതിലുള്ള പരാതികളും പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് തീർച്ചയാണ്‌. കാരണം നിലവിൽ വളരെ ചെറിയൊരു ശതമാനം വാഹനങ്ങൾ മാത്രമേ ഇത് ഉപയോഗപ്പെടുത്തുന്നുള്ളൂ. ഡിസംബർ ഒന്നാം തീയ്യതി മുതൽ നിർബന്ധമാകുന്നതോടെ ഇന്ത്യ മൊത്തമുള്ല എല്ലാ ബൂത്തുകളിൽ നിന്നുമുള്ള പ്രോസസ്സ് റിക്വസ്റ്റുകൾ വരുന്നതോടെ പലയിടത്തും സർവ്വർ തരകരാറുകൾ ഉണ്ടാകാനുള്ള വലിയ സാദ്ധ്യതകൾ ഉണ്ട്. പൊതുവേ സർക്കാർ സംവിധാനങ്ങളിൽ ഇത്തരത്തിൽ നെറ്റ് വർക്ക് ട്രാഫിക്കിന്റെയും കമ്പ്യൂട്ടറുകളുടെ ശേഷിയെക്കുറിച്ചുമൊക്കെ വേണ്ട രീതിയിൽ വിലയിരുത്തലുകൾ നടത്താതെ ഇമ്പ്ലിമെന്റ് ചെയ്യുന്നതിനാൽ തുടക്കത്തിലെ കൂറച്ച് നാളുകൾ എങ്കിലും ഫാസ്റ്റാഗ് വഴി ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ ടോൾ ബൂത്തുകളിൽ പ്രതീക്ഷിക്കാവുന്നതാണ്‌.


Next Story

Related Stories