TopTop
Begin typing your search above and press return to search.

മനുഷ്യരായി ജീവിക്കാനുള്ള ധാർമ്മികാധികാരം നഷ്ടപ്പെടാതിരിക്കാനാണ് ഇക്കാണായ മനുഷ്യരെല്ലാം തെരുവിൽ ഇറങ്ങുന്നത്, ചിലർ വെടികൊണ്ട് മരിക്കുന്നത്

മനുഷ്യരായി ജീവിക്കാനുള്ള ധാർമ്മികാധികാരം നഷ്ടപ്പെടാതിരിക്കാനാണ് ഇക്കാണായ മനുഷ്യരെല്ലാം തെരുവിൽ ഇറങ്ങുന്നത്, ചിലർ വെടികൊണ്ട് മരിക്കുന്നത്

ഈ ഉണ്ടാക്കിവച്ചിരിക്കുന്ന സാധനം; പൗരത്വ ഭേദഗതി നിയമം, എങ്ങിനെയാണ് ഒരു സാധാരണ ഭാരതീയന്റെ യുക്തിബോധത്തെ തലകീഴില്‍ നിർത്തുന്നു എന്ന് ഏറ്റവും ചുരുക്കി പറയാനാണ് ഈ പോസ്റ്റ്. കാരണം ഇന്ത്യൻ പൗരന്മാരായ മുസ്ലിങ്ങൾക്ക് കുഴപ്പമില്ലല്ലോ, അവരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കുന്നത് എന്നാണ് പുതിയ ഭാഷ്യം. അത് വിട്; അല്ലെങ്കിലും ഇന്ത്യൻ പൗരൻമാർക്കിട്ടു നിങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ല, അതിനു ശ്രമിച്ചാൽ വിവരമറിയും. ചർച്ച പൗരൻമാരെക്കുറിച്ചല്ല, പൗരത്വം കൊടുക്കാൻ പോകുന്നവരെക്കുറിച്ചാണ്; അതിനു വേണ്ടിയുണ്ടാക്കിയ നിയമത്തെക്കുറിച്ചാണ്. ഈ നിയമം അനുസരിച്ച് 2014 ഡിസംബർ 31 നു മുൻപ് ബംഗ്ലാദേശ്, പാകിസ്‌ഥാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിനിന്നു അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതക്കാർക്ക് പൗരത്വം ലഭിക്കും. ഇക്കൂട്ടരിൽ 1971 മാർച്ച് 24 വരെ കുടിയേറിയവർക്കു പൗരത്വംകൊടുക്കാമെന്നു ആസാം കരാറിൽ പറഞ്ഞിട്ടുണ്ട്. 1971 മാർച്ച് 25 നു ആണ് ബംഗ്ലാദേശിൽ വിമോചന പ്രക്ഷോഭം തുടങ്ങുന്നതും അവിടെനിന്നു വൻതോതിൽ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് വന്നു തുടങ്ങുന്നതും. (അവരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. പത്തൊൻപതു ലക്ഷം പേര് ആസാം എൻ ആർ സി യ്ക്ക് പുറത്തായി. അവരിൽ 12 ലക്ഷത്തോളം ഹിന്ദുക്കളാണ് എന്നാണ് റിപ്പോർട്ടുകൾ) അപ്പോൾ ഈ തിയതി മുതൽ 2014 വരെ ഇവിടെ കുടിയേറിയവരുടെ കാര്യമാണ് പ്രധാനമായും ഈ നിയമം അഡ്രസ് ചെയ്യുന്നത്.

ഇനി നമുക്ക് മൂന്നു ബംഗ്ലാദേശ് അഭയാർത്ഥികളെ എടുക്കാം. രാം റഹിം തോമ്മാ മൂന്നുപേരും അഭയാർഥികളായി 1971 മെയ് മാസം ഇന്ത്യയിലെത്തി. മൂന്നു പേർക്കും വയസ്സ് 30 . അവർ മൂന്നു പേരും അവരവരുടെ സമുദായത്തിൽപ്പെട്ട അഭയാർത്ഥികളെ രണ്ടുകൊല്ലത്തിനകം വിവാഹം കഴിച്ചു. അവർക്കു മൂന്നുപേർക്കും കുട്ടികളുണ്ടായി. രാം: കൃഷ്ണൻ (മകൻ) റഹിം: മുഹമ്മദ് തോമ്മാ: ചാക്കോ ഈ കുട്ടികൾക്ക് 2005 ആകുമ്പോൾ മുപ്പതു വയസാകുന്നു. അവർ കല്യാണം കഴിക്കുന്നു. 2007 ഇൽ അവർക്കു കുട്ടികളുണ്ടാകുന്നു. രാം: കൃഷ്ണൻ: ശിവൻ റഹിം: മുഹമ്മദ്: അഷ്‌റഫ് തോമ്മാ: ചാക്കോ: മത്തായി. ഇപ്പോൾ നിലവിലുള്ള നിയമമനുസരിച്ച് ഈ ഒൻപതു പേരും അനധികൃത കുടിയേറ്റക്കാരാണ്. ഇവരിൽ കൃഷ്ണൻ, ശിവൻ, മുഹമ്മദ്, അഷ്‌റഫ്, ചാക്കോ, മത്തായി എന്നിവർ ഇന്ത്യയിൽ ഉണ്ടായ മനുഷ്യരാണ്*. (അവർ ഇൻഡ്യൻ ഭരണഘടന അനുസരിച്ചു പൗരന്മാരാണ്. പക്ഷെ നമ്മുടെ സാമൂഹ്യ സാഹചര്യമനുസരിച്ച് അത് തെളിയിക്കാൻ അവരുടെ കൈയിൽ ഒന്നും കാണില്ല. അപ്പോൾ അവരും അനധികൃത പൗരന്മാർ.) അപ്പോഴാണ് പൗരത്വ ഭേദഗതി നിയമം വരുന്നത്. ഈ നിയമം അനുസരിച്ച് രാം, കൃഷ്ണൻ, ശിവൻ, തോമ്മാ, ചാക്കോ, മത്തായി എന്നിവർക്ക് പൗരത്വം കിട്ടും. കാരണം അവർ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവരാണ്. റഹിം, മുഹമ്മദ്, അഷ്‌റഫ് എന്നിവർക്ക് പൗരത്വം കിട്ടില്ല. അവരെ തടവിലേക്കു മാറ്റും. (ഇവരിൽ മുഹമ്മദും അഷ്റഫും ഭരണഘടനാ അനുസരിച്ച് ഇന്ത്യൻ പൗരന്മാർ ആണ്; അവരുടെ പൗരത്വം എടുത്തുകളയുകയാണ് ചെയ്യുന്നത്; അത് വേറെ വിഷയം) എന്തുകൊണ്ട്? അവർ മുസ്ലിങ്ങളായതുകൊണ്ട്. അത് ഇന്ത്യൻ ഭരണഘടനയുടെ 14-ആം ആർട്ടിക്കിളിനു വിരുദ്ധമാണ് എന്നാണ് തെരുവുകളിൽ കിടന്നു ഈ മനുഷ്യരെല്ലാം നിലവിളിക്കുന്നത്. കാരണം ഇന്ത്യയുടെ ഭൂപരിധിയിലുള്ള എല്ലാ മനുഷ്യർക്കും, അവർ പൗരന്മാരാകണമെന്നില്ല, നിയമത്തിനു മുൻപിൽ തുല്യതയുണ്ടാകും. എന്ന് മാത്രമല്ല എല്ലാവർക്കും നിയമത്തിന്റെ തുല്യമായ പരിരക്ഷ ഉറപ്പാക്കാൻ ഈ വകുപ്പ് പ്രകാരം സർക്കാരിന് ബാധ്യതയുണ്ട്. എന്നുവച്ചാൽ മതവിശ്വാസം കൊണ്ടുമാത്രം മനുഷ്യരെ വിഭജിക്കുന്നത് പാകിസ്‌ഥാൻ, ബംഗ്ലാദേശ ഭരണഘടന അനുവദിക്കുമായിരിക്കും, ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല എന്നാണ് നമ്മൾ പറയുന്നത്. എന്നുവച്ചാൽ, ഇന്ത്യൻ പൗരന്മാരായ മുസ്ലിങ്ങളുടെ കാര്യമല്ല നമ്മൾ പറയുന്നത്. ഇന്ത്യയിൽ കാണപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ കാര്യമാണ്. അതിൽ ഇന്ത്യയിൽ ജനിച്ചുവളർന്ന മനുഷ്യരുമുണ്ട്. അവരെ മതത്തിന്റെ പേരിൽ മാറ്റിനിർത്തിയാൽ മനുഷ്യർ എന്ന നിലയിൽ ജീവിക്കാനുള്ള ധാർമ്മികാധികാരം ഇന്ത്യക്കാർക്ക് നഷ്ടപ്പെടും. അത് നഷ്ടപ്പെടാതിരിക്കാനാണ് ഇക്കാണായ മനുഷ്യരെല്ലാം തെരുവിൽ ഇറങ്ങുന്നത്. അവരിൽ ചിലർ വെടികൊണ്ട് മരിക്കുന്നത് അതുകൊണ്ട് ആദ്യം ഇതിന്റെ കാര്യം പറയ്: മതത്തിന്റെമാത്രം അടിസ്‌ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്നത്; ബാക്കി എല്ലാവര്‍ക്കും പൗരത്വം കൊടുക്കുന്നതും മുസ്ലിങ്ങളെ തടവ്കേന്ദ്രങ്ങളിലേക്കു മാറ്റുന്നതും, നിങ്ങൾ എങ്ങിനെ ന്യായീകരിക്കും? അത് പറഞ്ഞാൽ മതി പൗരന്മാരായ ഇന്ത്യൻ മുസ്ലിങ്ങളുടെ കാര്യം വിട്. ആ കളി നമുക്ക് വേറെ കളിക്കാം. ആദ്യം ഇത് പറയ്.


Next Story

Related Stories